ഒറ്റയ്ക്കൊരുവൾക്ക്
പൊള്ളുന്ന വെയിൽക്കീറും
പെയ്യാത്ത മഴമേഘവുമാകാം
കൈവഴികൾ ഇല്ലാത്ത
പുഴയായൊഴുകാം
നിദ്രയിലെ സ്വപ്നത്തിൽ
മാത്രം വിടരുന്ന
നീലശംഖുപുഷ്പമാകാം
അവൾ ആരിലും
വിശ്വാസഗോപുരങ്ങൾ
പണി തീർക്കരുത്.
ആര് മുകർന്നാലും
പെയ്യുന്ന മുകിലാകരുത്
ആര് തൊട്ടാലും
പൂക്കുന്ന വസന്തമാകരുത്.
അവൾ അവൾ
മാത്രമായിരിക്കണം
ആർക്കു മുന്നിലും
അടി പതറാതെ
മുന്നേറണം
ആരെയും നയിക്കാതെ
ആരാലും നയിക്കപ്പെടാതെ
ആരും കേൾക്കാത്ത
ജപമന്ത്രമാകണം
മണ്ണും
മരവും
ഇലയും തളിരും
പൂവും
കായുമാകണം .
ഒരു തിരയിലും
അലിയാത്ത
തടശിലയാകണം .
പ്രകൃതിയും
പ്രണയവുമാകണം.
ആരുമറിയാതെ
ഒരിക്കലും ഒരുമിക്കാതെ
ഒരേ ഒരാളുടെ മാത്രം
പ്രണയത്തിലെ
ഉന്മാദമാകണം