ഇത് മഞ്ഞുകാലം
ഇലയ്ക്കും മരത്തിനും
വിരിയുന്ന പൂവിനും
കിളികളുടെ കൂടിനും
മലമുകളിലെങ്ങോ
പനിച്ച് തുള്ളി പാട്ട്
തിരയുന്ന പക്ഷിക്ക്
മഴമേഘസന്ധ്യയ്ക്ക്
കടലിൻ്റെ ശ്രുതികൾക്ക്
ചക്രവാളത്തിൻ്റെ
നിറുകയിൽ നിൽക്കുന്ന
നക്ഷത്രമൊഴികൾക്ക്
ഇത് മഞ്ഞുകാലം..
ഇത് മഞ്ഞുകാലം
കൊഴിഞ്ഞു വീഴും
നിഴലിനൊഴിവുകാലത്തിനും
സായന്തനത്തിനും
ഗ്രഹതാരകങ്ങൾക്ക്
രാശിദോഷത്തിൻ്റെ
കദനത്തിനും വെറുപ്പിന്റെ-
ഗന്ധത്തിനും
മുറിവിനും മൂവന്തി
ഹോമിച്ച സൂര്യനും
മറവിയിൽ ചുറ്റിക്കൊഴിഞ്ഞ-
സ്വപ്നത്തിനും
കഥകളിൽ നിത്യം
കുടഞ്ഞിട്ട് പോകുന്ന
അഴലിനും,
ആത്മാവ് ഹോമിച്ച
വാക്കിനും
അറിയാതെ പൊഴിയുന്ന
പൂവുകൾക്കും
സന്ധ്യ പതിയെ തെളിച്ച-
ചെരാതുകൾക്കും
രാവ് കലഹിച്ച
വൻകൊടുങ്കാറ്റുകൾക്കും
പെയ്ത് പരിഭവം
തീരാത്ത മഴകൾക്ക്
ഭൂമിയുടെ തിരുഹൃദയ-
മുറിവിന്ന്,
മണ്ണിൻ്റെ നോവിന്ന്
ഇത് മഞ്ഞുകാലം..
ഇത് മഞ്ഞുകാലം
മണൽക്കാറ്റടിക്കുന്ന
മനസ്സിൽ നിന്നിറ്റിറ്റ്
വീഴുന്ന സ്മൃതികൾക്ക്
വരികൾക്ക് മേലേ പടർന്ന്
ശ്വാസത്തിൻ്റെ ലയമൊടുക്കും
കിനാവള്ളികൾക്കും
പോയ പകലിൻ്റെ
ദു:ഖം കുടിച്ച നീർച്ചോലയ്ക്ക്,
കരളിലെ തീപ്പന്തമെല്ലാം
കെടുത്തുന്ന കനലെഴുത്തിൻ
പുരാവൃത്തകാവ്യങ്ങൾക്ക്
മഴയൊച്ചകൾക്കും,
മടുപ്പിന്റെ നാളിനും
വെയിലിന്റെ തുമ്പിനും
നിഴലിന്റെ തണലിനും
അറിയാതെ പൊട്ടിപ്പടർന്ന
തീക്കാറ്റിനും
യമുനയ്ക്ക് മീതേ
പറന്ന മേഘത്തിനും
കരിയാതിരുന്ന
കദംബവൃക്ഷത്തിനും
ഇടവേളകൾക്കിടയിൽ
മാഞ്ഞ വർഷങ്ങൾക്ക്,
ഇടയിലെങ്ങോ പൊട്ടി-
വീണ ഗാനങ്ങൾക്ക്
ഇത് മഞ്ഞുകാലം
ഇതർദ്ധസത്യത്തിൻ്റെ
ചമയങ്ങൾ, ചായം-
പകർത്തുന്ന ദിക്കുകൾ-
ക്കരിക്കരികിൽ നിലയ്ക്കാത്ത
ഹൃദയതാളത്തിനും,
കലഹകാലത്തിൻ്റെ
ചുറ്റമ്പലങ്ങൾക്ക്
ഒളിവച്ച് നീങ്ങുന്ന
ഗോപുരങ്ങൾക്കതിര്
പണിയുന്ന പ്രാണൻ്റെ
പച്ചത്തുരുത്തിന്ന്
ഇത് മഞ്ഞുകാലം
ഇത് മഞ്ഞുകാലം
നനഞ്ഞ കൺപീലിയിൽ
കടലിനെ കാണുവാൻ
വന്ന കാവ്യങ്ങൾക്ക്
ഇരുളിൻ്റെ കോട്ടയിൽ
മിന്നാമിനുങ്ങിൻ്റെ
തിരിവച്ച വരികൾക്ക്,
ചന്ദനക്കാറ്റിന്ന്
ഇത് മഞ്ഞുകാലം..
ഇത് മഞ്ഞുകാലം
നനഞ്ഞ കൺപീലിയിൽ
കടലിനെ കാണുവാൻ
വന്ന കാവ്യങ്ങൾക്ക്
ഇരുളിൻ്റെ കോട്ടയിൽ
മിന്നാമിനുങ്ങിൻ്റെ
തിരിവച്ച വരികൾക്ക്,
ചന്ദനക്കാറ്റിന്ന്
ഇത് മഞ്ഞുകാലം
സ്വരങ്ങൾക്ക്, ജതികൾക്ക്
സ്മൃതികൾക്ക്, കൈതോല-
നിറമുള്ള വഴികൾക്ക്
നിരയറ്റ ചിന്തയ്ക്ക്
പറയുവാനാകാതെ
പകുതിയ്ക്ക് വച്ചേ
കൊഴിഞ്ഞ സത്യങ്ങൾക്ക്
ലയമറ്റ വെള്ളോട്ടുമണികൾക്ക്
നെറ്റിയിൽ തിരുമുദ്രചാർത്തുന്ന
പള്ളിവാൾമുനകൾക്ക്
ഒരു മുളങ്കാടിൻ്റെ
തന്ത്രിവാദ്യങ്ങൾക്ക്
മിഴിയിൽ തടഞ്ഞിട്ട
കാട്ടുനീർച്ചോലയ്ക്ക്
കൊഴിയാത്ത കവിതയ്ക്ക്
പ്രാണൻ്റെ വരികൾക്ക്
ലയമിട്ടൊരാകാശനാദവാദ്യത്തിനും
ഇത് മഞ്ഞുകാലം..