ദൈവമെ കൈ തൊഴാം
ക്ലേശത്താലിളകി മറിയും
ഭവസാഗരത്തിൻ മറുകര പറ്റാൻ
സർവ്വരേയും സഹായിക്കണേ
വരിയിലറ്റത്ത് നിൽക്കുമീ
എളിയോനെത്തന്നെയാദ്യം
ഉദാരമായ് സേവിക്കുകിൽ,
ഇരുളിലൊളിച്ചു കഴിയുമങ്ങേയ്ക്ക്
നേർന്നിടാം ഞാൻ
നെയ് വിളക്ക് രണ്ട് !
2
മതമേതായാലും നിറയണം കീശ
കൂടണം മനുജന്റെ മത്സരബുദ്ധിയും
തെരുവിൽ ആൾദൈവങ്ങളെയിറക്കി
കിടിലൻ മിമിക്രികളൊപ്പിക്കുവാൻ!
3
ഇതുണ്ട് അതുണ്ട്
അതുമിതുമുണ്ട്
ആരെങ്കിലും കണ്ണാൽ
മണ്ണിൽ കണ്ടവരുണ്ടോ
കഥയല്ലാതെ
കേട്ടവരുണ്ടോ
ഈശ്വരൻ ഉണ്ടോ?
ആര് കണ്ടു കഥ മറിമായമേ
നിരീശ്വരൻമാരെ
ഇല്ലാത്തൊരീശ്വരൻ
സദ്യയുണ്ണുന്നതെങ്ങനെ !
ഇല്ലാത്തതിനെക്കുറിച്ചെന്തിനീ
യുക്തിയും വാദവും തർക്കവും?
4
അന്നം പരബ്രഹ്മം
ദരിദ്രൻ അതിനായ് തെണ്ടുന്നു
അഹം അസ്മി സമ്പൂർണ്ണം
അപൂർണ്ണതയിൽ മഹാജനം
ആറാടിത്തിമിർക്കുന്നു
സർവ്വതും ഈശ്വരനെങ്കിൽ
അന്ത്യയത്താഴമൊരുക്കി
ആർ ആരെ തീറ്റും
ആർ ആരെയൊറ്റും
ആർ ആരെ കുരിശിലേറ്റും?
5
മനുഷ്യൻ തന്നെ ദൈവം
സാത്താനും അവൻ തന്നെ
സ്വയം തേടി കണ്ടെത്തുവോളം
അജ്ഞാനത്തിന്നരക്കില്ലത്തിൽ
എരിഞ്ഞൊടുങ്ങേണ്ടതുമവൻ തന്നെ.
6
പണ്ടൊരിക്കൽ യേശു
കാട്ടി ചാട്ടവാറെന്നിട്ട്
തുരത്തിയോടിച്ചില്ലയൊ തിരുദേവാലയാങ്കണത്തിലെ
കപോതക്കച്ചവടക്കാരെയും
ക്രിപ്റ്റോ-ബിറ്റ് കോയിൻ
കൈമാറ്റക്കാരെയും.
ലക്ഷ്യം പോലെ മാർഗ്ഗവും
പരിശുദ്ധമായാൽ മാർഗ്ഗം തന്നെ
ലക്ഷ്യമായ് പരിശോഭിച്ചിടും.
7
ഇറച്ചിക്കടയിൽ
ചീര വാങ്ങാൻ കയറി
നരനൊരുത്തൻ
വേറൊരുത്തൻ
പച്ചക്കറിക്കടയിൽ
കയറി മാട്ടിറച്ചിക്കായും;
സ്വഗാത്രക്ഷേത്രരഹസ്യം മറന്നവൻ
തിരയുന്നു ദൈവത്തെ നിഷ്ഫലം
കല്ലിലും മെഴുകിലും കണ്ഠനാദത്തിലും.
8
അവനവനിസത്തിന്റെ പ്രത്യയ- ശാസ്ത്രങ്ങൾ പരത്തുന്നു
അവനിയിലാഗോളതാപനം
ഉപഭോഗ മൂലധന സംസ്കൃതിയിൽ
മറക്കുന്നു പ്രകൃതിയുടെ
മൂലാധാരത്തെ മാനവൻ
സൈബറിടത്തിലെ കൃത്രിമ
സമാന്തരപ്രപഞ്ചത്തിൽപ്പെട്ടുഴലും
നരയന്ത്രത്തിനു വെളിവേകീടാൻ
അനിർമിതസുബുദ്ധിയേകണേ
അൽഗോറിതത്തിന്റെ
ആശാനായ സ്രഷ്ടാവേ!
യുദ്ധത്തിന്റെ നീരാളിക്കയ്യിൽ നിന്നും
നിരപരാധികളെ കാത്തു രക്ഷിക്ക നീ!
8
വിധിക്കുന്നു ജീവിതം
ട്രാജഡിയെന്നു ചിലർ
കഥിക്കുന്നു ജീവിതം
ശുദ്ധകോമഡിയെന്നു ചിലർ
ധ്യാനത്തിൻ വില്ല് കുലച്ചിടും വില്ലാളി
മേൽക്കുമേൽ കാട്ടുന്നു ഏകരസപാനത്തിൻ ശൗര്യം!