Image

കളിത്തോക്ക്‌ (കഥ: അര്‍ഷാദ്‌ ബത്തേരി)

Published on 13 September, 2012
കളിത്തോക്ക്‌ (കഥ: അര്‍ഷാദ്‌ ബത്തേരി)
മൂന്നോ നാലോ നിറങ്ങളുള്ള കളിത്തോക്ക്‌ നിരഞ്‌ജന്‍ എനിക്ക്‌ വെച്ചു നീട്ടി. അന്നേരം അവന്റെ ഇടുങ്ങിയ പൂച്ചക്കണ്ണുകള്‍ പരിസരമാകെ സൂക്ഷ്‌മനിരീക്ഷണത്തിലൂടെ പതുങ്ങിപ്പതുങ്ങി സഞ്ചരിക്കുന്നത്‌ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ക്രമേണ അത്‌ ചിരിയായി ഉള്ളിലൂറുകയും കണ്ണുകളില്‍ വെച്ച്‌ തുളുമ്പുമെന്നായപ്പോള്‍ ഞാന്‍ വാക്കുകളായി രൂപപ്പെടുത്തുകയും ചെയ്‌തു.

``എനിക്കെന്തിനാണ്‌ ഈ കളിത്തോക്ക്‌ ? നീ തന്നെ വെച്ചോ'' എന്നെ വകവെയ്‌ക്കാതെ തോക്ക്‌ എന്റെ നേരെ നീട്ടിപ്പിടിച്ച്‌ നില്‌ക്കുകയാണ്‌ നിരഞ്‌ജന്‍. ഞങ്ങള്‍ക്കിടയില്‍ ഒരു വണ്ട്‌ അതിന്റെ, ഗൂഢമായ മൂളല്‍ പെരുപ്പിച്ച്‌ പറന്നുകളിക്കുന്നുണ്ട്‌. ``വെച്ചോ.. എവിടെയെങ്കിലും ഉപയോഗം വരും. ഒരു തമാശയ്‌ക്കെങ്കിലും,'' നിരഞ്‌ജന്‍ പറഞ്ഞതിലൊന്നും കടിച്ചുതൂങ്ങിയില്ലെങ്കിലും ഹൃദയത്തിന്റെ കാഞ്ചി ആരോ വലിച്ചതുപോലെ അനുഭവപ്പെട്ടു. കേവലം ഒരു കളിത്തോക്ക്‌ വാങ്ങാന്‍ ഞാനെന്തിനാണ്‌ അകാരണമായി ഭയക്കുന്നത്‌. അതും എന്റെ നിരഞ്‌ജനില്‍ നിന്നും, അതിശീഘ്രം ഞാനത്‌ കൈക്കലാക്കിയപ്പോള്‍ ഞരമ്പിലൂടെ എന്തോ ഓടിക്കയറുന്നുണ്ടായിരുന്നു. നിരഞ്‌ജന്‍ യാത്രപറഞ്ഞ്‌ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിനിടയില്‍ അവന്റെ സെല്‍ഫോണ്‍ ശബ്‌ദിച്ചു.

``അതെ, വരികയാണ്‌ എത്താം.. ഓക്കെ'' നിരഞ്‌ജന്‍ മറഞ്ഞു . വീടിനകത്തേക്ക്‌ കയറിയതും പെങ്ങളുടെ കൂട്ടി ഓടിവന്ന്‌ കൈയില്‍ കയറിപ്പിടിച്ചു. ``ഹായ്‌ തോക്ക്‌.. അമ്മേ മാമന്‍ തോക്ക്‌ കൊണ്ടുവന്നിട്ടുണ്ട്‌,'' അവന്‍ ദ്രുതഗതിയില്‍ ചാടിപ്പിടിച്ച്‌ തിരിച്ചും മറിച്ചും നോക്കിയിട്ട്‌ പറഞ്ഞു. ``ഇതില്‌ വെള്ളം നെറയ്‌ക്കാലോ!'' അകത്തേക്ക്‌ പോയ അവന്‍ ഉടനെ തിരിച്ചുവന്ന്‌ എന്റെ നേരെ ഉന്നം പിടിച്ചു. ഞാനൊന്നു നടുങ്ങി. ഹൃദയത്തിന്റെ മിടിപ്പ്‌ തലച്ചോറില്‍ വന്നടിച്ചു. ``വേണ്ട മോനേ..വേണ്ട..'' പരിഭ്രമച്ചൂരുള്ള എന്റെ സ്വരം കേള്‍ക്കാതെ അവന്‍ അനായാസം കാഞ്ചിവലിച്ചു. തോക്കിന്‍ കുഴലിലൂടെ എന്റെ ദേഹത്തേക്ക്‌ വീണ വെള്ളം എന്നിലുണ്ടായിരുന്ന ആശങ്കകളെ പാടേ മായ്‌ച്ചുകളഞ്ഞു. ശ്വാസം നേരെ വീണതിന്റെ ആഹ്ലാദത്തില്‍ ഞാനവനെ കെട്ടിപ്പുണരവേ അവനെന്റെ മുഖത്തേക്കും വെള്ളം ചീറ്റി. ``കളിത്തോക്ക്‌.. വെള്ളത്തോക്ക്‌..'' ഞാനങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. എനിക്കുള്ളിലെ എന്നെ വിശ്വസിപ്പിക്കേണ്ടത്‌ എന്റെ മാത്രം ആവശ്യമാണല്ലോ. പുലര്‍ച്ചെയിലെ മയക്കത്തെ തകിടംമറിച്ച്‌ ടെലിഫോണ്‍ കരഞ്ഞു. റിസീവറില്‍ നിരഞ്‌ജന്റെ തിരക്കേറിയ ശബ്‌ദം. ``നീ വേഗം വരണം. പത്തുമണിക്ക്‌ മുന്‍പുതന്നെ.. ഞാന്‍ വായനശാലയുടെ മുന്നിലുണ്ടാകും. നമുക്കൊരിടംവരെ പോണം.''

``എങ്ങോട്ടാ?'' ഫോണ്‍ കട്ടുചെയ്‌തിരിക്കുന്നു. നിരഞ്‌ജന്‍ അങ്ങനെ യാണ്‌. എവിടെ, എങ്ങനെ എന്നൊന്നും പറയില്ല. വര്‍ഷങ്ങളായ ഞങ്ങളുടെ സമ്പര്‍ക്കത്തില്‍ വളരെയേറെ അടുക്കും ചിട്ടയുമുള്ള അവന്റെ ജീവിതത്തിന്‌ മുന്നില്‍ നിരവധി തവണ ഞാന്‍ ചൂളിപ്പോയിട്ടുണ്ട്‌, തിരിഞ്ഞുനടക്കുന്നതിനിടയില്‍ ടെലിഫോണ്‍ വീണ്ടും ഒച്ചയുണ്ടാക്കി. ``ഹലോ, ഞാനാ.. ഒരു കാര്യം വിട്ടുപോയി. ഇന്നലെ തന്ന തോക്കില്ലേ, അതെടുത്തോ?''

``അതെന്തിനാ?''

``ഒരു രസമല്ലേ..''

പതിവുപോലെ ഫോണ്‍ കട്ട്‌ ചെയ്‌തിരിക്കുന്നു. നിരഞ്‌ജന്റെ കൈയില്‍ എപ്പോഴും ഇങ്ങനെ ഓരോന്നും കാണും. കളിപ്പന്ത്‌, കരയുന്ന പാവ.. കുട്ടിവണ്ടികള്‍.. പ്ലാസ്റ്റിക്‌ പൂക്കള്‍.. അങ്ങനെ പലതും. തിരിഞ്ഞുനോക്കുമ്പോള്‍ ശരിയാണ്‌ കളിപ്പാട്ടങ്ങളുടെ ഒരാളാണ്‌ നിരഞ്‌ജന്‍. എപ്പോഴും കുട്ടികളുടെ മനസ്സാണവന്‌.

പതിവിലും വേഗതയില്‍ ബൈക്ക്‌ പായുകയാണ്‌.

``നീയെന്താ ഒന്നും മിണ്ടാത്തത്‌..''

``വേഗമെത്തണം, വേഗം.'' വണ്ടിയേക്കാള്‍ വേഗത അവനായിരുന്നു.

``നിരഞ്‌ജന്‍ ഒന്നുപതുക്കെ...'' എന്റെ ശബ്‌ദം കാറ്റിന്റെ ഊക്കില്‍ തകര്‍ന്നുപോയി.

ഇരുട്ട്‌ ചിറകു വിടര്‍ത്തുന്ന നേരത്താണ്‌ ഞങ്ങള്‍ ആ കവലയിലെത്തിയത്‌. നാലോ അഞ്ചോ കടകളും എണ്ണപ്പെട്ട ആളുകളുമൊഴിച്ചാല്‍ കാലം ചിട്ടപ്പെടുത്താന്‍ കഴിയാത്ത ഒരാല്‍മരവുമാണ്‌ അവിടെയുള്ളത്‌.

വേഗതയുടെ ആള്‍രൂപമായി മാറിയ നിരഞ്‌ജന്‍ പഴക്കമേറിയ മരക്കോണി കയറുമ്പോള്‍ എന്നിലെ രക്തം തിളച്ചു. മൂന്ന്‌ ബള്‍ബുകള്‍ കത്തിയൊലിക്കുന്ന മുറിയിലേക്ക്‌ കടന്നതും നിരഞ്‌ജന്‍ വാതില്‍ കുറ്റിയിട്ടു.

ഹലോ നിരഞ്‌ജന്‍, കാത്തിരുന്ന്‌ മടുത്തപ്പോള്‍ ഞങ്ങളങ്ങ്‌ തുടങ്ങി... ഒരോറ്റ റൗണ്ട്‌ കഴിഞ്ഞതേയുളളൂ. നിരഞ്‌ജന്‍ ഓരോരുത്തനെയും പരിചയപ്പെടുത്തി. കൂട്ടത്തില്‍ ഏറെ പ്രായം തോന്നിക്കുന്ന കുമാരേട്ടന്റെ കരുണാദ്രമായ മുഖത്ത്‌ ഞാന്‍ തങ്ങിക്കിടന്നു. അന്നേരം എനിക്ക്‌ മുന്നിലെ ഗ്ലാസ്സില്‍ ചുവന്ന ദ്രാവകം നിറഞ്ഞുപൊങ്ങി. നാവില്‍ തുളകള്‍ വീഴ്‌ത്തി കരളിലേക്കിറങ്ങിയ മദ്യത്തിന്റെ എരിച്ചിലില്‍ ശരീരമൊന്നിളകി നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു. പല്ലുകള്‍ക്കിടയില്‍ അമര്‍ന്ന പൊരിച്ച മുളകിന്റെ ചൂട്‌ കണ്ണുകളില്‍ തീപാറിച്ചു. ഗ്ലാസ്സുകള്‍ ആരോ ധൃതിയില്‍ നിറയ്‌ക്കുന്നുണ്ട്‌.

``ഫ... ട്ടികളെ!'' മുറിയില്‍ ആരുടെയോ അമര്‍ഷം കുഴഞ്ഞുമറിഞ്ഞു. പല്ലിനിടയില്‍ കുടുങ്ങിയ ഇറച്ചിക്കഷണം തോണ്ടിയെടുക്കുന്നതിനിടയില്‍ നിരഞ്‌ജന്റെ കസേരയുടെ താളം തെറ്റി. മുറിയാകെ നിറഞ്ഞ സിഗരറ്റ്‌പുക കറുത്ത മേഘച്ചുരുളുകളായി ഒഴുകി. ബള്‍ബുകളില്‍ നിന്നും കുത്തിയൊലിക്കുന്ന ചൂട്‌ വിയര്‍പ്പുകളായി ശരീരത്തെ വിങ്ങിച്ചുകൊണ്ടിരിക്കെ ഏലിയാസിന്റെ കുഴഞ്ഞ നാവിലൂടെ പഴയ ഗാനങ്ങളൊഴുകി. കുമാരേട്ടനും ശിവദാസനുമൊഴികെ ഞാനും നിരഞ്‌ജനും അനിലും താളം പിടിച്ചു. ഇടയ്‌ക്ക്‌ടയ്‌ക്ക്‌ ഞാന്‍ യാന്ത്രികമായി കുമാരേട്ടനിലേക്ക്‌ പോയ്‌ക്കൊണ്ടിരുന്നു. താളം മുറുകിയ ഏതോ നിമിഷത്തില്‍ കുമാരേട്ടന്റെ കനമില്ലാത്ത കൈ എന്റെ തോളില്‍ വീണു.

``മോനേതാ.. എങ്ങനെ ഇവിടെ?...'' കരച്ചിലോളമെത്തിയ കുമാരേട്ടന്‍ എന്നെത്തന്നെ നോക്കുകയാണ്‌. നിരഞ്‌ജന്‍ കുമാരേട്ടന്റെ നേരെനിന്ന്‌ ആടി.

``ഗു..ഫാരേട്ടാ.. ഫ്‌ളീസ്‌..സെന്റിമെന്റ്‌സ്‌ ഫ്‌ളേ ചെയ്യരുത്‌.''

പൊടുന്നനേ കുമാരേട്ടന്റെ കൈ നിരഞ്‌ജന്റെ കോളറില്‍ ചുറ്റിപ്പിടിച്ചു. ``പറയെടാ.. ഇവന്‍ നിന്റെ ഇരയോ.. ശിങ്കിടിയോ? '' പറഞ്ഞുതീരുമ്പോഴേക്കും ഏലിയാസിന്റെചവിട്ടേറ്റ്‌ കുമാരേട്ടന്‍ ഒരു പൂച്ചക്കുട്ടിയെ പോലെ തെറിച്ചു വീണു.

``കൊന്നുകളയും..'' ഏലിയാസിന്റെ ആക്രോശത്തിനു മരണത്തിന്റെ മണം. ശിവദാസന്‍ കുമാരേട്ടനെ താങ്ങിയെടുത്തു. ``ഇനി ഇയാളെ ഒന്നും ചെയ്യരുത്‌..'' അപേക്ഷയും വെറുപ്പും കലര്‍ന്നതായിരുന്നു ശിവദാസന്റെ സ്വരം. ഝടിതിയില്‍ മുറിയും ഞങ്ങളും മൗനത്തിലേക്ക്‌ താഴ്‌ന്നു.

ഓരോ റൗണ്ടുകൂടി ഏലിയാസ്‌ എല്ലാവര്‍ക്കും ഒഴിച്ചു. ചങ്ക്‌ കരിഞ്ഞിറങ്ങുന്ന വെള്ളം ബോധത്തെ കാര്‍ന്നുതിന്നു. സോഫയില്‍ കുമാരേട്ടനും ശിവദാസനും തലതാഴ്‌ത്തി ഇരിക്കുകയാണ്‌. അടയുന്ന കണ്ണുകളോടെ ഞാനവരെ സമീപിച്ചു. അപമാനിക്കപ്പെട്ട നിരഞ്‌ജന്റെ മുഖം എന്നിലെ അരിശത്തിന്റെ വായ തുറന്നു. ഞാന്‍ കുമാരേട്ടന്റെ നേരെ വിരല്‍ചൂണ്ടി ``എന്റെ നിരഞ്‌ജനെ തൊട്ടാലുണ്ടല്ലോ'' -അപ്രതീക്ഷിതമായി കുമാരേട്ടന്റെ കൈ എന്റെ മുഖത്ത്‌ പതിഞ്ഞു. അടിയേറ്റ്‌ പുളയുന്ന എന്റെ കഴുത്തില്‍ ശിവദാസന്‍ തൂങ്ങി.

``നിനക്കെന്തറിയാം. നിന്നെ...'' അനിലിന്റെ ആഞ്ഞുതള്ളലില്‍ ശിവദാസന്‍ മേശപ്പുറത്തേക്ക്‌ വീണു. ഗ്ലാസ്സുകളും കുപ്പികളും താഴെ വീണുചിതറി. ശിവദാസന്റെ ദേഹത്തേക്ക്‌ ഏലിയാസ്‌ കുമാരേട്ടനെ വലിച്ചിട്ടശേഷം അവര്‍ മൂന്നുപേരും കുമാരേട്ടന്റെയും ശിവദാസന്റെയും മേല്‍ കയറിനിന്ന്‌ ചവിട്ടിമെതിക്കാന്‍ തുടങ്ങി.

``കൊല്ല്‌...കൊല്ലടാ...'' ഇടയ്‌ക്ക്‌ കുമാരേട്ടന്റെ തളര്‍ന്ന ശബ്‌ദം. ``നീ എന്റെ ചങ്ങാതിയെ അടിക്കും. അല്ലേ?'' നിരഞ്‌ജന്റെ അട്ടഹാസം മുറിയില്‍ കിടന്നു പൊട്ടിത്തെറിച്ചു.

രാത്രിയുടെ ഏതോ യാമത്തില്‍ ബോധത്തിലേക്കു മടങ്ങി വരുന്ന ഞാന്‍ കണ്ണുകള്‍ തുറന്നു. നിരഞ്‌ജനും ഏലിയാസും അനിലും ചിരിച്ചു നില്‌ക്കുന്നു.

``എഴുന്നേല്‌ക്കേണ്ട, കിടന്നോ!'' നിലത്തു കിടക്കുന്ന എന്റെ കൈയില്‍ നിരഞ്‌ജന്‍ പിടിച്ചു.

``നിനക്കറിയോ എന്റെ അച്ഛനെപ്പോലെ കൊണ്ടുനടന്നതാണ്‌ ഈ മനുഷ്യനെ, എന്നിട്ടും?'' നിരഞ്‌ജന്റെ ദുഃഖാര്‍ദ്രമായ ഭാവം എന്നെ തളര്‍ത്തി. ``ഇവരെ ഇനി വിടരുത്‌.. ഞങ്ങളിപ്പം വരാം.'' അവര്‍ മൂന്നുപേരും എന്തോ തീരുമാനിച്ചുറച്ചതുപോലെ സ്ഥലം വിട്ടു. മുറിയില്‍ ഞാനും കുമാരേട്ടനും ശിവദാസനും മാത്രം. നിലത്തു കിടന്ന്‌ കുമാരേട്ടന്‍ എന്തെല്ലാമോ പറയുകയാണ്‌.

``നിരഞ്‌ജാ, മോനേ.. നീ കുമാരേട്ടനെ അടിച്ചു ല്ലേ, ന്റെ വീടെങ്കിലും എനിക്കു തന്നിരുന്നുവെങ്കില്‍ കുമാരേട്ടന്റെ ലീലയും മക്കളും വെഷം കുടിച്ചു മരിക്കുമായിരുന്നോ.. നെന്റെ കാല്‌ പിടിച്ച്‌ കരഞ്ഞില്ലേ കുമാരേട്ടന്‍..യെത്ര പലിശ തന്നിരുന്നു നെനക്ക്‌..'' കുമാരേട്ടന്റെ അസ്‌പഷ്‌ടമായ വാക്കുകളിലേക്ക്‌ എന്നെ ആരോ വലിച്ചിട്ടു. ഞാന്‍ അനങ്ങാതെ കിടന്നു. കുമാരേട്ടന്‍ വീണ്ടും കരയുകയാണ്‌. ``നിരഞ്‌ജാ കുടുംബത്തിലെ ഒരാളെപ്പോലെ കണ്ടില്ലേ നിന്നെ.. ലീലേടത്തി എത്ര തവണ നിനക്കു ചോറുവിളമ്പിത്തന്നടാ.. ന്ന്‌ട്ടും പലിശമ്മേ പലിശ ചേര്‍ത്തു ഞങ്ങളെ തെരുവിലിറക്കിയില്ലേ.. ഈ കുമാരേട്ടനെയും കൂടി ഒന്നു കൊന്നുതാടാ''

``കുമാരേട്ടാ.. കരയല്ലേ.. ഞാനന്നേ പറഞ്ഞതല്ലേ നിരഞ്‌ജന്‍ ഒരു ഉടുമ്പാണെന്ന്‌. പട്ടയം കൈവിട്ടുകൊടുക്കരുതെന്ന്‌. എല്ലാം അവന്‍ കൈക്കലാക്കിയില്ലേ.. ''ശിവദാസന്‍ തേങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ഇഴഞ്ഞിഴഞ്ഞ്‌ കുമാരേട്ടന്റെ അരികിലെത്തി.

``കുമാരേട്ടാ.. എന്തിനാണ്‌ എന്റെ നിരഞ്‌ജനെപ്പറ്റി ഇങ്ങനെയൊക്കെ പറയുന്നത്‌? തന്ന പണം തിരിച്ചു ചോദിക്കാത്ത ഒരു പാവമാണവന്‍. അവനൊരിക്കലും പലിശക്കാരനൊന്നും ആവാന്‍ കഴിയില്ല.കുമാരേട്ടാ..''

``കുമാരേട്ടാ!.. ഇവനെയെങ്കിലും വിടരുത്‌,'' ശിവദാസന്റെ സ്വരത്തിന്‌ കരിങ്കല്ലിന്റെ ഉറപ്പ്‌. പെട്ടെന്നുണ്ടായ ഒരു ഉള്‍പ്രേരണയില്‍ ഞാന്‍ പിടഞ്ഞെഴുന്നേറ്റ്‌ ചുമര്‌ ചാരി നിന്നു. ശിവദാസന്‍ മരസ്റ്റൂളുയര്‍ത്തിപ്പിടിച്ചു നില്‌ക്കുന്നു. കുപ്പിക്കഷണവുമായി കുമാരേട്ടനും.``കൊല്ലുമെടാ നിന്നെ..'' കുമാരേട്ടന്റെ കണ്ണുകള്‍ കൂര്‍ത്തു. നിരായുധനായ എന്റെ ചിന്തയിലേക്ക്‌ നിരഞ്‌ജന്‍ തന്ന കളിത്തോക്കു കടന്നുവന്നു. ഒരിക്കലും പൊട്ടാത്ത കളിത്തോക്കെടുത്തു ഞാന്‍ പറഞ്ഞു. ``കൊല്ലും ഞാന്‍ രണ്ടിനേയും-'' അശക്തമായ എന്റെ വാക്കുകള്‍ക്കൊപ്പം ഞാന്‍ വിറച്ചു. അതൊരു കളിത്തോക്കാണെന്നു തിരിച്ചറിഞ്ഞ ശിവദാസന്‍ എനിക്കുനേരെ സ്റ്റൂള്‍ ആഞ്ഞു വീശുന്നതിനിടയില്‍ വെറുതെയെങ്കിലും തോക്ക്‌ ഞാന്‍ അവര്‍ക്കു നേരെ പിടിച്ചതും അപ്രതീക്ഷിതമായി തോക്കു പൊട്ടി. പല തവണ. കുമാരേട്ടന്റേയും ശിവദാസന്റെയും ചോരത്തുള്ളിവീണ ശരീരം തറയില്‍ പിടയുന്നു. ആ കാഴ്‌ച കണ്ട്‌ എന്റെ കൃഷ്‌ണമണികള്‍ ഹൃദയം പൊട്ടി നിലവിളിച്ചുകൊണ്ടിരുന്നു. എന്നിലെ ശബ്‌ദം ശരീരത്തിന്റെ ഏതോ ഒരു ഭാഗത്തു പോയി ഒളിച്ചു. ശരീരത്തിലെ എല്ലാ വീര്യവും ചോര്‍ന്നുപോവുകയും ഞാന്‍ കാറ്റുപോയ ഒരു പ്ലാസ്റ്റിക്‌ കൂടുപോലെ..

ചിന്തയുടെ നാനാ അറകളിലും വെളിച്ചം തിരക്കിട്ടു തെളിയുകയാല്‍ ഗോപുരം പോലെ ഉയര്‍ന്ന ഏതാനും മുഖങ്ങള്‍ തകര്‍ന്നു വീഴുന്നത്‌ ഞാന്‍ കണ്ടു. ഭയാനകരമായ ഒരുതരം അമ്പരപ്പ്‌ എന്നെ വന്നുമൂടി. കനമില്ലാത്ത എന്തോ പോലെ ഞാന്‍ കാറ്റില്‍ ഉലയുന്നുണ്ടോ ? ശരീരത്തിലെ എല്ലാ അവയവങ്ങളും അറുത്തു മാറ്റപ്പെട്ടുവോ?

ഉള്ളിലെവിടെയോ പോയി അടിഞ്ഞുകിടക്കുന്ന ശബ്‌ദം വലിച്ചെടുത്ത്‌ ഞാന്‍ കുമാരേട്ടനെ തൊട്ടുവിളിച്ചു. ``കുമാരേട്ടാ.. കുമാരേട്ടാ.. എഴുന്നേല്‍ക്ക്‌... ഇതൊരു കളിത്തോക്കായിരുന്നു. എഴുന്നേല്‍ക്ക്‌'' ആ ശരീരം നിര്‍ജ്ജീവമായിരുന്നു. ശിവദാസനെ നോക്കാന്‍പോലും എനിക്കു കഴിയുന്നില്ല.

താഴെനിന്നും മോട്ടോര്‍ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യുകയും വേഗത്തില്‍ പാഞ്ഞുപോവുകയും ചെയ്യുന്നതു കേള്‍ക്കാം. വാതിലാരോ പുറത്തേക്കു കുറ്റിയിട്ടിരിക്കുന്നു.

``നിരഞ്‌ജാ.. നീ...'' പുറത്ത്‌ ആള്‍ക്കൂട്ടത്തിന്റെ ബഹളം.

``വിടരുതവനെ. പോലീസിനെ വിളിക്ക്‌. വാതില്‌ തൊറക്കണ്ട'' ശബ്‌ദം വന്നലച്ചു.

ഞാന്‍ തോക്ക്‌ എന്റെ നേരെ പിടിച്ചു. കാഞ്ചിയില്‍ വിരലമര്‍ത്തി തോക്കിന്‍കുഴലിലൂടെ നിരഞ്‌ജന്റെ അട്ടഹാസം പല ഭാവങ്ങളായി എന്റെ കണ്ണുകളിലേക്ക്‌..

ചങ്കിലേക്ക്‌..

നെഞ്ചിലേക്ക്‌..
കളിത്തോക്ക്‌ (കഥ: അര്‍ഷാദ്‌ ബത്തേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക