Image

ജ്യോതിര്‍ഗമയ - പുസ്തക നിരൂപണം (നൈനാന്‍ മാത്തുള്ള)

Published on 25 November, 2024
ജ്യോതിര്‍ഗമയ - പുസ്തക നിരൂപണം (നൈനാന്‍ മാത്തുള്ള)

ശ്രീ. ജയന്‍ വറുഗീസിന്റെ'ജ്യോതിര്‍ഗമയ' (Towards the light) എന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നാടകരചന ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നതു ആദിയോടന്തം വായിച്ചു. വളരെ സന്തോഷം തോന്നി മൂല്യഛ്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ സാധാരണ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. അവര്‍ക്ക് വിമോചനമില്ല.'കാവല്‍ക്കാരാ രാത്രി എന്തായി' എന്ന് പ്രവാചകന്‍ ബൈബിളില്‍ വിളിച്ചു ചോദിക്കുന്നതുപോലെ നാടകത്തിലും ആചാര്യന്‍ എന്ന കഥാപാത്രം'പ്രഭാതമായോ' എന്നു വിളിച്ചു ചോദിക്കുന്നു. അവിടെ ഒരു ശുഭാപ്തി വിശ്വാസം തളം കെട്ടി നില്ക്കുന്നു. പ്രവാചകന്മാരായ എഴുത്തുകാര്‍ എല്ലാക്കാലത്തും പ്രതീക്ഷ നല്കുന്ന ഒരു പ്രഭാതത്തിന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്ന'ക്ലാരിയണ്‍ കോള്‍' അഥവാ ശംഖ് നാദമായിരുന്നു; ഇപ്പോഴും ആയിരിക്കുന്നു.

ആധുനിക സമൂഹത്തില്‍ മൂല്യങ്ങളെപ്പറ്റി സംസാരിക്കുന്നതു തന്നെ പലര്‍ക്കും വിരക്തി ഉളവാക്കുന്നതാണ്. മൂല്യങ്ങളെപ്പറ്റിയോ സനാതന ധര്‍മ്മത്തെപ്പറ്റിയോ സാമൂഹിക കൂടിവരവുകളില്‍ ചര്‍ച്ചാ വിഷയമാകുന്നത് ചുരുക്കമാണ്. പണമുണ്ടാക്കുന്നതിനെപ്പറ്റിയും ഓഹരി വിപണിയെപ്പറ്റിയുമായിരിക്കും കൂടുതല്‍ സംസാരങ്ങളും.

ശ്രീ ജയന്‍ വറുഗീസ് ദൈവത്തെപ്പറ്റിയും, മതത്തെപ്പറ്റിയും പ്രത്യേകിച്ച് ഹിന്ദു-ക്രിസ്ത്യന്‍ മതതത്വ ദര്‍ശനങ്ങളും, കരുതല്‍, സ്‌നേഹം, നന്മ, തിന്മ, ധര്‍മ്മം മുതലായ വിഷയങ്ങളെ തന്റെ നാടകത്തിലെ പേരില്ലാത്ത കഥാപാത്രങ്ങളില്‍ കൂടി അവതരിപ്പിക്കുന്നത് പഴഞ്ചന്‍ സമ്പ്രദായങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമാണെന്നും, ഈ കാലത്ത് അതിന് പ്രസക്തിയില്ലെന്നും ചിന്തിക്കുന്ന ഒരു വലിയ കൂട്ടം ഇന്ന് സമൂഹത്തിലുണ്ട്. അവര്‍ക്കു വേണ്ടിയത് ജീവിതം അടിച്ചു പൊളിക്കണം; അത്രമാത്രം. അതുകൊണ്ട് താത്വികമായി ജയന്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ഇവര്‍ക്കു സ്വീകാര്യമാകുമോ എന്നതില്‍ സംശയമുണ്ട്. എങ്കിലും കാര്‍മേഘങ്ങളുടെ ഇടയില്‍ ഒരു രജതരേഖ എന്നവണ്ണം, ചിന്തിക്കുന്ന, വായിക്കുന്ന, എഴുതുന്ന ഒരു ചെറിയ കൂട്ടം ഇന്നും അധികമാരും ശ്രദ്ധിക്കുന്നില്ല എങ്കിലും തങ്ങളുടെ സ്വരം കേള്‍പ്പിക്കുന്നുണ്ട്. അവരുടെ സ്വരത്തിന്, എഴുത്തിന് സ്വാധീനശക്തിയില്ല എന്ന് ആര്‍ക്കും പറയാന്‍ കഴികയില്ല. കാരണം ചരിത്രം അവരുടെ പക്ഷത്താണ്. അവര്‍ തുടര്‍ന്നും തങ്ങളുടെ സ്വരം കേള്‍പ്പിക്കട്ടെ; അഥവാ എഴുതട്ടെ. അവര്‍ സനാതന മൂല്യങ്ങളെയാണ് ഘോഷിക്കുന്നത്. അത് എന്നും പ്രസക്തമാണ് താനും. ആ നിലക്ക് ഇങ്ങനെയുള്ളവരുടെ എഴുത്തുകള്‍ കാലത്തെ അതിജീവിക്കുന്നവ എന്ന നിലക്ക്'ക്ലാസിക്കുകള്‍' ആകാം.

മതപുസ്തകങ്ങളും അതിലെ വിഷയങ്ങളും എന്നും ക്ലാസിക്കുകളുടെ കൂട്ടത്തില്‍ തന്നെയാണ്. ആദ്യകാലത്തെ സാഹിത്യസൃഷ്ടികളെല്ലാം തന്നെ മതപുസ്തകങ്ങളും അതിലെ വിഷയങ്ങളായ സനാതന മൂല്യങ്ങളും ആയിരുന്നു. സത്യം, ന്യായം, നീതി, സ്‌നേഹം, ധൈര്യം, ധര്‍മ്മം ആദിയായവ. ഉദാഹരണമായി, വേദങ്ങളും, ഗീതയും, ഖുറാനും, ബൈബിളും എല്ലാ ക്ലാസിക്കുകളുടെ കൂട്ടത്തിലായിരുന്നു. അവ ഇന്നും പ്രസക്തങ്ങളാണ്.

ദൈവത്തെയും മതങ്ങളെയും കൂടാതെ സനാതന മൂല്യങ്ങള്‍ക്ക് നിലനില്പില്ല. മതങ്ങളാണ് അതിന്റെ അടിസ്ഥാനം. കാരണം, ശാസ്ത്രത്തിന് മൂല്യങ്ങളെപ്പറ്റിയോ അവയുടെ ആവശ്യകതയെപ്പറ്റിയോ ഒന്നും പറയാനില്ല. മതങ്ങള്‍ മനുഷ്യര്‍ സൃഷ്ടിച്ചതാണെന്നും മതം ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തിയതെന്നും വലിയ പ്രചരണം നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് അതിനെ പ്രതിരോധിക്കേണ്ടതിയത് വളരെ ആവശ്യമാണ്. മതമില്ല എങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി അതു പ്രചരിപ്പിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടാവില്ല. അവര്‍ മിക്കവാറും ഉട്ടോപ്പിയന്‍(ഡീേുശമി) ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണ്. നിരീശ്വരന്മാര്‍ കെട്ടിപ്പൊക്കിയ ഒരു രാജ്യമോ, സമൂഹമോ, മനുഷ്യനു നന്മ ചെയ്ത ഒരു സംഘടനയോ, കാണാനില്ല. മതനിയമങ്ങളും മൂല്യങ്ങളുമില്ലാത്ത ഒരു സമൂഹത്തില്‍ എന്റെ കുട്ടികളെ വളര്‍ത്തുന്നതില്‍ ഞാന്‍ ഭയപ്പെടുന്നു. കാരണം വരുംവരാഴികളെപ്പറ്റി ഭയമില്ലെങ്കില്‍ മനുഷ്യര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. ഒരു ദൈവമുണ്ടെന്നും, സ്വര്‍ഗ്ഗമുണ്ടെന്നും, നരകമുണ്ടെന്നും, അതല്ലങ്കില്‍ കര്‍മ്മഫലവും പുനര്‍ജന്മവും ഉണ്ടെന്നുള്ള ഭയമുള്ളതുകൊണ്ടാണ് പലരും നല്ലപിള്ള ചമഞ്ഞു നടക്കുന്നത്. ഭയം കൊണ്ടാണെങ്കിലും അതുകൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.

ചിലതിനെയൊക്കെ ഭയപ്പെടുന്നതുനല്ലതു തന്നെയാണ്. മാതാപിതാക്കളോടുള്ള ഭയം അഥവാ ബഹുമാനം, വരുംവരാഴികളെക്കുറിച്ചുള്ള ഭയം, പോലീസിനെയും അധികാരികളെയും ബഹുമാനിക്കുക (ബഹുമാനിക്കുക എന്നതിന്റെ പര്യായമായി ഭയം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്). അതുകൊണ്ട് ദൈവഭയം അഥവാ മതം സമൂഹത്തില്‍ ദോഷത്തെക്കാളേറെ ഗുണമാണ് ചെയ്തിട്ടുള്ളത്. തെറ്റും ശരിയും പോലും മതപരമായ തത്വചിന്തയില്‍ അടിസ്ഥാനപ്പെട്ടുള്ളതാണ്. യേശു ന്യായപ്രമാണത്തിലെ ഘനമേറിയവയായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് സത്യം, ന്യായം, വിശ്വസ്തത തുടങ്ങിയവയാണ്. ശാസ്ത്രത്തിന് തെറ്റിനെപ്പറ്റിയും ശരിയെപ്പറ്റിയും ഒന്നും തന്നെ പറയാനില്ല. ഈ അടിസ്ഥാനത്തിലല്ലാതെ ഒരു സമൂഹവും രാജ്യവും കെട്ടിപ്പെടുക്കാനാവില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കൊണ്ടുവന്ന നിയമങ്ങളും അമേരിക്കന്‍ നിയമവ്യവസ്ഥയുടെയും ഭരണഘടനയുടെയും അടിസ്ഥാനവും ജൂഡോ-ക്രിസ്ത്യന്‍ പ്രമാണങ്ങളാണ്. മതമില്ലാത്ത ഒരു സമൂഹമെന്നത് ദിവാസ്വപ്നം മാത്രമാണ്. നിരീശ്വരവാദികള്‍ പോലും നല്ലപിള്ള ചമഞ്ഞു നടക്കുന്നത് ഭവനത്തില്‍ നിന്നും, സ്‌കൂളില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിച്ച മതപരമായ ബോധനം, തെറ്റിനെപ്പറ്റിയും ശരിയെപ്പറ്റിയുമുള്ള ബോധനം അവബോധ മനസ്സില്‍ നിന്ന് അവരെ നിയന്ത്രിക്കുന്നതുകൊണ്ടാണെന്നു പറയാം.

അതുകൊണ്ട് ശ്രീ. ജയന്‍ വിവക്ഷിക്കുന്നതായ ശോഭനമായ ഒരു ഭാവിയ്ക്ക് നാം മതധര്‍മ്മങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരും, അത് ജയന്‍ തന്റെ നാടകത്തില്‍ കൂടി അവതരിപ്പിച്ചിരിക്കുന്നതു പോലെ കുട്ടികള്‍ക്കും സമൂഹത്തിനും പറഞ്ഞുകൊടുക്കുന്നവരും ആയിരിക്കണം. ഒരു മലയാളി രചിച്ചതായ നാടകം ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചു എന്നുള്ളത് ഏതു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ആദ്യമായാണ് ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു സംരംഭം ഏറ്റെടുത്തതെന്നു കരുതുന്നു. എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.

 

Join WhatsApp News
Sudhir Panikkaveetil 2024-11-25 15:48:28
കാട്ടുകോഴിക്ക് എന്ത് കേട്ടുകേൾവി എന്ന് എല്ലാവരും കേട്ടിരിക്കും. രാഷ്ട്രീയവും മതവും മാത്രമറിയുന്ന ഒരു സമൂഹത്തിനു മുന്നിൽ സാഹിത്യമൂല്യങ്ങളുള്ള രചനകൾ വച്ചാൽ അവർ അത് അറിയുകപോലുമില്ല. ഇവിടെ എഴുത്തുകാരില്ല നിരൂപണമില്ലെന്നൊക്കെ വളരെ പരിമിതമായ അറിവുകളുള്ള ഒരു പരദൂഷണവീരന്റെ വാക്കുകൾ കേട്ട് മൊത്തം അമേരിക്കൻ സമൂഹം അയാളുടെ അടിമയായിരിക്കുന്നത് ദയനീയം.അമേരിക്കൻ യൂണിവേഴ്‌സിറ്റി നാട്ടിലെ ഏതെങ്കിലും എഴുത്തുകാരെ ആദരിച്ചെങ്കിൽ ഇവിടെ ഒച്ചയും ബഹളങ്ങളും കേൾക്കാമായിരുന്നു. ശ്രീ ജയന് അനുമോദനങ്ങൾ. പുസ്തകം നിരൂപണം ചെയ്ത അഭിവന്ദ്യ റെവ. മാത്തുള്ള സാറിനും നന്മകൾ നേരുന്നു.
നിരീശ്വരൻ 2024-11-25 17:25:12
ഇയാൾ നിരൂപണം നടത്തുന്ന വ്യക്തിയും ഇയാളും ശാസ്ത്രത്തെ ആവശ്യമില്ലാതെ വലിച്ചിഴച്ചുകൊണ്ടുവന്ന് വിമര്ശിക്കുന്നതിന്റെ പിന്നിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ശാസ്ത്രത്തിന്റെ ലഷ്യം ദൈവം ഉണ്ടോ ഇല്ലയോ എന്ന് തെളിയക്കലല്ല. നേരെ മറിച്ച് അന്വേഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും കണ്ടുപിടുത്തങ്ങൾ നടത്തി മനുഷ്യജീവിതത്തെ ഉല്കൃഷ്ടമാക്കുക എന്നതാണ്. അല്ലാതെ അറ്റം ഉണ്ടാക്കിയതാരാണ്, ഇലക്ട്രോൺ ഉണ്ടാക്കിയതരാണ്, അത് യേശുവാണോ, കൃഷ്‌ണനാണോ, അള്ളായാണോ, യഹോവയാണോ എന്നൊക്കെ ചിന്തിച്ചു ഭ്രാന്തു പിടിക്കലല്ല. ഒരു ശാസ്ത്രജ്ഞൻ വളർന്നു വന്ന സാഹചര്യത്തിൽ നിന്നുകൊണ്ട് വിശ്വാസത്തിൽ നിന്നുകൊണ്ട് ചിലർ സൃഷ്ടിയുടെ പിന്നിൽ, അയാൾക്ക് തന്നെ ശരിക്ക് മനസിലാക്കാൻ കഴിയാത്ത, അവരുടെ ദൈവത്തിന് ബഹുമതി കൊടുത്തെന്നിരിക്കും. അത് ശാസ്ത്രലോകത്തിന്റെ പൊതുവായ വിശ്വാസമല്ല. മതം എന്നും ശാസ്ത്രത്തെ ഭയന്നിരുന്നു. മതവും അതിന്റെ കാവൽ നായ്ക്കളും എന്നും തെളിയിയ്ക്കാൻ കഴിയാത്ത കഥകൾ പറഞ്ഞു പരത്തി ജനങ്ങളെ വഞ്ചിച്ച് സുഖ ജീവിതം നയിച്ചിരുന്നു. ന്യുട്ടനും ഗലീലിയും ദൈവ വിശ്വാസികളായിരുന്നു. സൂര്യനാണ് ഭൂമിയെ ചുറ്റിക്കറങ്ങുന്നതെന്ന കത്തോലിക്ക കര്ദിനാളുമാരുടെ കള്ള കഥ ഗലീലിയോ പൊളിച്ചപ്പോൾ, അയാളെ അവർ വീട്ടു തടങ്കലിൽ ആക്കി. ഇപ്പോളത്തെ മത നേതാക്കന്മാരുടെ ഭയം, ദൈവ കണികയിൽക്കൂടി , അവരുടെ എവിടെയോ ഒളിച്ചുവച്ചിരിക്കുന്ന ഈ ദൈവത്തെ പുറത്തു ചാടിക്കുമോ ഏന്നാണ് ? പക്ഷെ ട്രമ്പ് പ്രസിഡണ്ടായതുകൊണ്ട്, ഏത് കള്ളകഥകൾക്കും കൂട്ട് നിൽക്കുന്നതുമായതുകൊണ്ട്, പല ശാസ്ത്രഞ്ഞന്മാരും ജയിൽപോകാൻ സാധ്യതയുണ്ട്. അതിനുവേണ്ടി JFK പോലുള്ള വിവരംകെട്ടവനെ ഹെൽത്ത് സെക്രട്ടറി പഥത്തിലേക്കൊക്കെ നോമിനേറ്റ് ചെയ്യുന്നുണ്ട്. (ഒരു നല്ല ശതമാനം മതനേതാക്കളും, രാഷ്ട്രീയക്കാരും, പിന്നെ ചില എഴുത്തുകാരും ശാസ്ത്രബോധം തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് ) ഇന്നത്തെ സാഹചര്യങ്ങളെ ശരിക്ക് വിലയിരുത്തുന്ന ഒരാൾക്ക് മനസിലാകും, ധർമ്മവും , നീതിയും, സന്മാർഗ്ഗികതയുടെയും കാവൽക്കാർ എന്ന് പറയുന്ന പുരോഹിതവർഗ്ഗം അസാന്മാര്ഗികതയുടെ പിതാക്കന്മാരെ അധികാര കസേരകളിൽ പ്രതിഷ്ഠിക്കുകയാണ് . സ്‌റ്റേറ്റും ചർച്ചും രണ്ടാണെന്ന് പറഞ്ഞു നടന്ന ഇവർ ഇന്ന് പരസ്യമായി ഒരു കട്ടിലിൽ കിടന്നു കാമകേളികളിൽ ഏർപ്പെടുകയാണ്. നിരീശ്വരന്മാരും പ്രവാചകന്മാര് തന്നെയാണ്. നാട്ടിൽ അനാഥാലയങ്ങൾ പണിയ്ക്കിലും ഗര്ഭനിരോധനവും അല്ല അവരുടെ പരിപാടി. സാമൂഹത്തിൽ നടക്കുന്ന അഴുമതികൾക്കും, അതുപോലെ അതിനു കൂട്ട് നിൽക്കുന്നവരുടെയും മുഖംമൂടി വലിച്ചു കീറുകയെന്നതാണ് അവരുടെ ദൗത്യം. ഉരിയാവിനെ യുദ്ധക്കളത്തിൽ പറഞ്ഞു വിട്ടു കൊന്നിട്ട് ബെദ്ഷെപയെ പ്രാപിച്ച ദൈവത്തിന്റെ ഹൃദയസൂക്ഷിപ്പുകാരനായ ദാവീദ് കുമാരനെതിരെ ശബ്ധം ഉയർത്തിയ നാഥാൻ പ്രവാചകനെപ്പോലെ, പ്രവാചകരായ നിരീശ്വരൻമാരുടെ ശബ്ദം എന്നും മുഴങ്ങി കേട്ടുകൊണ്ടരിക്കും. നിങ്ങൾ ശതകോടി ദൂതന്മാരെ ഇറക്കി അവരെ ഒതുക്കാം എന്ന് വിചാരിക്കണ്ട. ഇവരെല്ലാം എന്നും ഏകാന്ത പഥികരായിരുന്നു.
American Mollakka 2024-11-25 19:13:59
പരദൂഷണത്തിൽ ഇങ്ങളും മോശമല്ലല്ലോ സാഹിബ്
Nainaan Mathullah 2024-11-28 20:39:09
Nereeswaran's reply is as usual, 'ariyethra ennathinu payar anghazi'. Didn't address the subject in the article. Atheists declare always in their meetings that there is no God in the name of science. Science never proved so. As usual criticize religious leaders here who are exceptions to mislead people. Atheists are a small minority in all the countries of the world. No country or community or people serving organization here built by atheists. Mainly talking only. Thanks Mr. Sudhir for the positive response. https://www.youtube.com/watch?v=OKK3gaHvlDo&t=458s www.bvpublishing.org
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക