ന്യു യോർക്ക്: ഫോമായുടെ ചാരിറ്റി വർക്കിന് ധനസമരണത്തിനായി റാഫിൾ നറുക്കെടുപ്പ് നടത്തുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. ഇതാദ്യമായാണ് പുതുമയുള്ള ധനശേഖരണവുമായി ഫോമാ രംഗത്തിറങ്ങുന്നത്. എമ്പയർ റീജിയന്റെ പ്രവർത്തനോദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറു ഡോളറിന്റെ 15,000 ടിക്കറ്റുകളാണ് വിൽക്കുക . (ഒന്നര മില്യൻ ഡോളർ) ഇതിന്റെ 25 ശതമാനം റീജിയനുകളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകും. അടുത്ത വര്ഷം ഒക്ടോബർ 24 നു നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം ടെസ്ല കാർ, രണ്ടാം സമ്മാനം ഇന്ത്യയിലേക്ക് രണ്ടു പേർക്ക് ടിക്കറ്റ്, മൂന്നാം സമ്മാനം ലാപ്പ്ടോപ്പ്. സമ്മാനങ്ങൾ കൺവൻഷനിൽ വച്ച് നൽകും.
റാഫിളിന്റെ ഒരു ലക്ഷം ഡോളറിന്റെ ടിക്കറ്റ് എമ്പയർ റീജിയൻ ആർവിപി പി.റ്റി.തോമസിനെ ഏല്പിച്ചിട്ടുണ്ടെന്നു ബേബി മണക്കുന്നേൽ പറഞ്ഞു. അതിന്റെ 25 ശതമാനം റീജിയനു വേണ്ടി ആയിരിക്കും. ഈ പദ്ധതിയിൽ എല്ലാവരും പങ്ക് ചേർന്ന് ഇത് വൻ വിജയമാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പുന്റ കാനായിലെ വച്ച് നടന്ന ഫോമാ കൺവൻഷനിൽ 530-ഓളം ഡെലിഗേറ്റ്സ് പങ്കെടുത്തിരുന്നു. ഇലക്ഷനിൽ തങ്ങൾ വിജയിച്ചു. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്ന നിമിഷം മുതൽ ജയിച്ചവരെന്നോ തോറ്റവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 16 വർഷക്കാലം ഫോമായെ മുന്നോട്ടുകൊണ്ടുപോകാൻ പ്രയത്നിച്ച മഹാരഥന്മാർ പലരും സദസിലുണ്ട്. അവർ സംഘടനയുടെ വിവിധ കമ്മിറ്റികളിൽ ഉള്ളതുകൊണ്ടുതന്നെ പുതിയ എക്സിക്യൂട്ടീവിനു വരുന്ന രണ്ടുവർഷക്കാലം ഏറ്റവും മികച്ച രീതിയിൽ ഫോമായെ നയിക്കാൻ സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ഫോമായുടെ കേരള കൺവൻഷൻ 2026 ജനുവരിയിൽ നടത്തും. കോവിഡിന് ശേഷം വന്ന രണ്ടു കൺവൻഷനും ഡെസ്റ്റിനേഷൻ കൺവൻഷൻ ആയിരുന്നു. അതിനാൽ എല്ലാവരും ആഗ്രഹിക്കുന്നതാണ് ഒരു ലാൻഡ് കൺവൻഷൻ. അത് സഫലമാക്കി 2026-ൽ ജൂലൈ 30, 31, ഓഗസ്റ് 1, 2 തീയതികളിൽ ഹ്യൂസ്റ്റനിൽ കൺവൻഷൻ നടത്തും.
എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കൗൺസിലും ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായും കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കരുത്തുറ്റ വിമൻസ് ഫോറം ദേശീയ തലത്തിൽ രൂപീകരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. സീനിയർ സിറ്റിസൺസ് ക്ലബ്, യൂത്ത് ക്ലബ്, കിഡ്സ് ക്ലബ് എന്നിവ ശക്തിപ്പെടുത്തി ഫോമയെ വളർത്തിയെടുക്കാൻ ഓരോ റീജിയന്റെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ഇപ്പോൾ 85 സംഘടനകളുള്ള ഫോമാ 100 അംഗസംഘടനയുള്ള പ്രസ്ഥാനമായി വളരണമെന്നാണ് പ്രതീക്ഷ. എന്നാൽ മാനദന്ധമില്ലാതെ അംഗസംഘടനകളെ എടുക്കുന്ന പ്രസ്ഥാനമല്ല ഇത്. ഒരു വർഷമെങ്കിലും സജീവമായി പ്രവർത്തിക്കുകയും ക്രെഡൻഷ്യൽസ് കമ്മിറ്റി വിലയിരുത്തുകയും ചെയ്ത ശേഷമേ ഫോമായിൽ അംഗത്വം നൽകു.