പാർശ്വവീക്ഷണത്തിൽ
ഒരു ചോദ്യചിഹ്നത്തിന്റെ
ആകൃതിയുണ്ടാകാം തലയ്ക്ക്.
ഉത്തരം വരിക
പക്ഷെ പ്രത്യേകിച്ചൊരു
ആകൃതിയും കാണിക്കാത്ത
വിശാലഹൃദയത്തിൽ നിന്നാകില്ലേ?
ശരീരത്തിന്റെ
ഘടന പ്രകാരം
സാമാന്യഹൃദയത്തിന്റെ സ്ഥിതി
തലയ്ക്കും താഴെ.
പ്രണയിക്കുന്നവരുടെ
കണ്ണിൽ ഹൃദയമാകട്ടെ
തലയ്ക്കു മീതെ
പ്രകാശം തൂവുന്ന ഒരു ചെന്താരകം!
തല തനിക്കെന്തു
കിട്ടുമെന്നു ചിന്തിച്ച്
സദാ തല പുണ്ണാക്കിക്കൊള്ളട്ടെ
ഹൃദയം തനിക്കെന്തു
കൊടുക്കാനാകുമെന്ന
നൊമ്പരത്തിൽ
അംബരത്തോളം ഉയർന്ന്
മേഘമാലയായി ഉപേക്ഷിതരുടെ
തോട്ടങ്ങളിൽ പെയ്ത് തിമിർക്കും.
ഭൂമി വരച്ചിടാൻ വിസമ്മതിച്ച
ഭൂപടങ്ങൾ കട്ടിയിൽ വരച്ചിട്ട് തല
അത്യാർത്തിയാടെ
അന്യന്റെ അതിർത്തികൾ
മാന്താൻ തുടങ്ങും
ഹൃദയം അതിരുകളില്ലാത്ത
വിശാലമായ ഒരു പുതിയ
ലോകത്തെക്കുറിച്ച്
സ്വപ്നം കാണും
അതിന്റെ അജണ്ടയിൽ
അധിനിവേശമില്ല
സ്നേഹാഭാനിവേശം മാത്രം!
മസ്തിഷ്ക്കം മരിച്ചാലും
ഹൃദയം അവസാനത്തെ
മിടിപ്പ് കൈ വിടാതെ
തപസ്സിരിക്കും
മരണമെന്ന ആരാച്ചാർക്കു വേണ്ടി.
ആരുടെയും മുന്നിൽ ഇനിയും
വാലാട്ടാതിരിക്കാനാണ്
എന്നന്നേക്കുമായി ഒരിക്കൽ വാലറ്റു പോയത്
ഹൃദയത്തിന്റെ അന്ത:സത്ത
ഉയർത്തിപ്പിടിപ്പിക്കാൻ
ഘടിപ്പിച്ച തലയുടെ നില
ശീർഷാസനത്തിൽ
ഹൃദയത്തിനും താഴെയാണ്
നഷ്ടപ്പെട്ട വാലിനു പകരം
തലയെ വാലാക്കുവാനാണ്
ചിലരുടെ ശ്രമം.
സ്വകാര്യ രക്തത്തിന്റെ
സഞ്ചാരം നിയന്ത്രിക്കുന്ന
വെറുമൊരു യന്ത്രമല്ല ഹൃദയം;
പ്രപഞ്ചത്തിന്റെ
ഉദയാസ്തമനങ്ങൾക്കതീതമായി
സദാ ജ്വലിച്ചു കൊണ്ടിരിക്കുന്ന
സത്ത.
മിടിപ്പിലൂടെ നമുക്ക് പരിചയമുള്ള ഹൃദയം - ആ സത്തയുടെ
അകന്ന ഒരു ഇണങ്ങനാകാം.
പ്രാഥമികമായി
ചുറ്റുവട്ടത്തെ മനസ്സിലാക്കാൻ
തല വേണം
മനസ്സിലാവാതെ
സമഗ്രമായി മനസ്സിലാക്കാൻ
ഹൃദയവും.
സ്രഷ്ടാവിന്റെ സന്തുലനം
സൃഷ്ടിയിലേക്കു
പകർത്തിയത്
ഉദാത്തമായ സർഗ്ഗശക്തിയുടെയും
അനുപമസൗന്ദര്യത്തിന്റെയും
മകുടോദാഹരണമല്ലയൊ!