രാവിലെ ജോലിക്കു പോകുവാൻ ട്രെയിനിൽ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ ബഹളംകേട്ടു ഞെട്ടി!!. അൽപ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവർഗ്ഗക്കാരൻ എഴുനേറ്റു നിന്നു ഉച്ചത്തിൽ പ്രസംഗിക്കുകയാണ്. ട്രെയിനിൽ തിങ്ങി നിറഞ്ഞുനിന്ന പല രാജ്യങ്ങളിൽനിന്നും കുടിയേറ്റക്കാരായ എത്തിയവരോടാണ് അയാളുടെ സന്ദേശം. നിങ്ങൾ ഒക്കെ നിങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകൂ, നിങ്ങൾ ഈ രാജ്യത്തിനു ഒരു ഭാരമാണ്. നിങ്ങൾ ഈ രാജ്യത്തെ കൊള്ളയടിച്ചു സമ്പത്തു നിങ്ങളുടെ രാജ്യത്തേക്കു കൊണ്ടുപോകയാണ്. ഞങ്ങൾക്ക് ഇവിടെ ജോലി ഇല്ല, ജീവിക്കാൻ നന്നേ കഷ്ടപ്പെടുകയാണ്. നികുതിയടച്ചു കയ്യിൽ കിട്ടാൻ പണം കുറവ് . ചിലവുകൾ കൂടുന്നു. സർക്കാർ ഉള്ള പണമെല്ലാം നിയമാനുസൃതമല്ലാതെ ഇവിടെ കടന്നു വന്നവർക്കായി ചിലവഴിക്കുകയാണ്.
അയാൾ നിരത്തുന്ന വാദങ്ങൾക്ക് അനുബന്ധമായുള്ള വിശദീകരണങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും അത് ശ്രദ്ധിക്കുന്നുമുണ്ട്. അയാളുടെ മുഖത്തു വല്ലാത്ത അസഹിഷ്ണുതയും വൈരാഗ്യവും നിഴലിക്കുന്നുണ്ട്. ആർക്കും അവകാശമായി കയ്യിൽ കൊണ്ട് നടക്കാവുന്ന തോക്കുകളുള്ള രാജ്യത്തു അടുത്ത നടപടി എന്താണെന്നു ആകുലപ്പെട്ടു ആളുകൾ ഭയന്ന് ഇരിക്കയാണ്. ഉള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന വർഗ്ഗിയ വിദ്വേഷം പരസ്യമായി പുറത്തു ഇറങ്ങുകയാണ്. അമേരിക്കയെ സാധാരണക്കാർക്ക് ജീവിക്കാൻ പ്രയാസമാക്കിയ എല്ലാ ഉത്തരവാദിത്വവും കുടിയേറ്റക്കാരിൽ അയാൾ ചുമത്തുകയാണ്.
രാഷ്‌ട്രീയ ലക്ഷ്യങ്ങൾവച്ചു ഇല്ലാത്ത "സത്യങ്ങൾ" പറഞ്ഞു ഭീതിപരത്തി ആളുകളെ തമ്മിൽ ഭിന്നിപ്പിക്കയും, ആൾക്കൂട്ടങ്ങൾ അവരുടെ സത്യങ്ങൾ മുദ്രാവാക്യങ്ങളായി നിരന്തരം മുഴക്കി ചെയ്യുന്ന അഭ്യാസങ്ങൾ ഇന്ന് ലോകത്തു പലയിടത്തും വ്യാപകമായി. ആരാണ് ഈ ജനങ്ങൾ ? അത് വെറും ആൾകൂട്ടമാണോ? തെറ്റായ മുദ്രാവാക്യങ്ങളുമായി തെരുവിൽ ഇറങ്ങുന്നവരല്ല ജനം. വലിയ പുരുഷാരം ചെറിയ മനുഷ്യർക്കുമേൽ നടത്തുന്ന അനീതി, അതാരാണ് ഏറ്റെടുക്കേണ്ടത്?.
ഏതാണ് സത്യം ആരാണ് ശരി എന്നു ഒരു സംശയം ഉണ്ടാക്കിയാൽ കാര്യം എളുപ്പമായി. ആദത്തിനും ഹവ്വാക്കും ഏദൻതോട്ടത്തിൽ വച്ചുണ്ടായ അനുഭവം ഇന്ന് നമ്മുടെ ഇടയിലും നടക്കുന്നു. കൽപ്പനകൾ ഒക്കെ ദൈവം പറഞ്ഞാലും അത് സംവിധാനത്തിന്റെ വ്യവസ്ഥിതി നിലനിറുത്താനുളള ചില നിർദേശങ്ങളാണ്, അതുകൊണ്ടു ആത്യന്തികമായ മരണം ഒന്നും സംഭവിക്കയില്ല; ചില താൽക്കാലിക ഒഴിവാക്കലുകൾ, വേലിക്കുപുറത്തു താമസം ഒക്കെയായി ചില ചില്ലറ നീക്കുപോക്കുകളിൽ നീതി തീർക്കാക്കപ്പെടും.
സത്യയുഗം, യുഗചക്രത്തിലെ നാല് യുഗങ്ങളിൽ ആദ്യത്തേതും ഏറ്റവും പൂർണ്ണവുമായ യുഗങ്ങളെ സൂചിപ്പിക്കുന്ന ഒരു ഹൈന്ദവ സങ്കൽപ്പമാണ്. ഇത് സത്യം, നീതി, ധർമ്മം, യോജിപ്പ് എന്നിവയാൽ സവിശേഷതയാണ്. ബുദ്ധിയുള്ളവരും പരിഷ്കൃതരുമായ മനുഷ്യർ സത്യയുഗത്തിൽ ആധിപത്യം പുലർത്തി. അവരുടെ സംസ്കാരം സാങ്കേതികവിദ്യയിലും വ്യവസായത്തിലും അധിഷ്ഠിതമല്ല, എല്ലാവരുടെയുമായ ഭൂമി സ്വാഭാവികമായി ആവശ്യങ്ങളുടെ സമൃദ്ധി ഉൽപ്പാദിപ്പിക്കുകയും വിഭവങ്ങളുടെയും പ്രദേശത്തിൻ്റെയും പേരിൽ യുദ്ധം ആവശ്യമില്ലാത്തതുമായ ഒരു കാലത്ത് ഉയർന്ന തത്വങ്ങളുള്ള ലളിതമായ ജീവിതമായിരുന്നു അത്. സത്യയുഗത്തിൽ, കുറ്റകൃത്യം, വഞ്ചന, അസത്യം എന്നിവയെക്കുറിച്ചുള്ള ഒരു ആശയവും ഉണ്ടായിരുന്നില്ല, മനുഷ്യർ ആത്മീയമായി മുന്നേറി, ദൈവത്തോട് ഏറ്റവും അടുത്തിരുന്നു, അവരുടെ ഹൃദയത്തിൽ വഞ്ചന ഇല്ലായിരുന്നു. അത് എന്നേ അവസാനിച്ചു.
നമ്മൾ ജീവിക്കുന്നത് സത്യാനന്തര കാലഘട്ടത്തിലാണെന്നാണ് പറയപ്പെടുന്നത് . "പോസ്റ്റ് ട്രൂത്ത്" എന്ന് നിർവചിച്ചിരിക്കുന്നത് "വികാരത്തെയും വ്യക്തിപരമായ വിശ്വാസത്തെയും ആകർഷിക്കുന്നതിനേക്കാൾ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വസ്തുനിഷ്ഠമായ വസ്തുതകൾക്ക് സ്വാധീനം കുറവുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതോ സൂചിപ്പിക്കുന്നതോ ആണ്" (lexico.com). നിലവിലെ രാഷ്ട്രീയ രംഗത്ത് എന്താണ് സംഭവിക്കുന്നതെന്ന് തോന്നുന്നതിൻ്റെ ഉചിതമായ വിവരണമായിരിക്കാം ഇത്, “സത്യാനന്തരം” എന്നത് നമ്മൾ യഥാർത്ഥത്തിൽ ജീവിക്കുന്ന ലോകത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പദമല്ല.
സത്യം, ദൈവത്തിൻ്റെ പര്യായമായി - തെറ്റുപറ്റാത്തതും മാറ്റമില്ലാത്തതും, പൂർണ്ണമായും നല്ലതും, പൂർണ്ണമായും ശുദ്ധവും; ആശ്രയിക്കാൻ കഴിയുന്ന ഒന്നായി; എതിർക്കപ്പെടുമ്പോൾ പോലും, എൻ്റെ ജീവിതത്തിൽ അതിൻ്റെ സാന്നിധ്യം അറിയിക്കാൻ ഒരു വഴി കണ്ടെത്തുന്നത് പോലെ. അതൊരു മൂലധനം, അതൊരു കേവല വാല്യൂ ആയി നിലനിൽക്കട്ടെ. അനന്തമായ നല്ലവനായി മനസ്സിലാക്കിയ ദൈവത്തെ വിശ്വസിക്കാൻ കഴിയാത്ത ഒരു ലോകത്തിലാണ് ഞാൻ ജീവിക്കുന്നത് എന്നു എനിക്ക് സമ്മതിക്കേണ്ടി വരുന്നു. എനിക്ക് മറ്റുള്ളവരെ വിശ്വസിക്കാൻ കഴിയാത്തിടത്ത്, അവിശ്വാസത്തിൻ്റെയും ഭയത്തിൻ്റെയും കടലിൽ മുങ്ങിത്താഴുന്നതായി തോന്നുന്ന ഒരു ലോകം. നാം കാര്യങ്ങളുടെ മർത്യബോധം ഉപേക്ഷിക്കുകയും തെറ്റായ വിശ്വാസത്തിൻ്റെ നുണയിൽ നിന്ന് സത്യത്തിലേക്ക് തിരിയുകയാണ് വേണ്ടത്. അതിനു നിരതരമായ അന്വേഷണവും വസ്തുതകൾ കണ്ടെത്തുകയുയും വേണം.
'മറ്റുള്ളവരോട്' ഭയവും വെറുപ്പും ഉണർത്താനും അതുവഴി വിവേചനപരമായ നയങ്ങളെ ന്യായീകരിക്കാനും ലക്ഷ്യമിട്ട് 'വ്യാജ വാർത്ത'കൾക്കും 'ബദൽ വസ്തുതകൾക്കും' സോഷ്യൽ മീഡിയയെ മുഖപത്രമായി ഉപയോഗിക്കുന്ന സത്യാനന്തര രാഷ്ട്രീയമാണ് ഈ പുതിയ ജനകീയതയ്ക്ക് അടിവരയിടുന്നത്. പോസ്റ്റ് ട്രൂത്ത് എന്നത് 21-ാം നൂറ്റാണ്ടിലെ പൊതുസത്യ ക്ലെയിമുകളുടെ വ്യാപകമായ ഡോക്യുമെൻ്റേഷനും ആശങ്കകളും സൂചിപ്പിക്കുന്ന ഒരു പദമാണ്. സത്യത്തിനു നാലു മുഖങ്ങളുണ്ട്. കഷ്ടതയുടെ സത്യം, കഷ്ടതയുടെ കാരണത്തിൻ്റെ സത്യം, കഷ്ടപ്പാടുകളുടെ അവസാനത്തിൻ്റെ സത്യം, കഷ്ടപ്പാടുകളുടെ അവസാനത്തിലേക്ക് നയിക്കുന്ന പാതയുടെ സത്യം. കൂടുതൽ ലളിതമായി പറഞ്ഞാൽ, കഷ്ടപ്പാടുകൾ നിലനിൽക്കുന്നു; അതിന് ഒരു കാരണമുണ്ട്; അതിന് അവസാനമുണ്ട്; അതിൻ്റെ അന്ത്യം വരുത്താൻ അതിന് കാരണമുണ്ട്.
ഇവിടെ സത്യങ്ങളില്ല, വ്യാഖ്യാനങ്ങളേയുള്ളൂ. ഫാക്ച്ചൽ ട്രൂത്ത് - വസ്തുത, (empirical truth) അനുഭവപരമായ സത്യം ഇത് തിരിച്ചറിയണം. കള്ളം പറയുന്നവന് ശരി എന്നൊരു വസ്തുത അപ്പുറത്തുണ്ട് എന്ന ബോധ്യം ഉണ്ട്. എന്നാൽ "ബുൾഷിറ്റ്" - വെറും തള്ളൽ മാത്രം കൊടുക്കുന്നവന് വ്യക്തമായ തെറ്റിദ്ധരിപ്പിക്കാനുള്ള ലക്‌ഷ്യം ഉണ്ട്. അവർ നിങ്ങളുടെ കെട്ടുതാലി പറിച്ചുകൊണ്ടുപോകും, അവർ നിങ്ങളുടെ വളർത്തുമൃഗങ്ങളെ പിടിച്ചു തിന്നും എന്നൊക്കെ തള്ളിവിടുമ്പോൾ അവർക്കു നിങ്ങളുടെ വിശ്വാസത്തിൽ പിടിച്ചുകയറി കള്ളങ്ങൾ സത്യങ്ങളെന്നു ബോധിപ്പിക്കാനാവും. ഇതൊക്കെ നമ്മൾ ചിരിച്ചു തള്ളിയേക്കാം, പക്ഷെ അപകടകരമായ ഒരു കാര്യം, വലിയകൂട്ടം ഇത് സത്യമാണോ എന്ന് ചിന്തിച്ചു തുടങ്ങുന്നു.
രാഷ്രീയ ശരികളും സത്യത്തിന്റെ നിഴലെഴുത്തും സത്യവുമായി അതിനു പുലബന്ധം ഉണ്ടാവില്ല. ശരികൾ വായിക്കാൻ ശ്രമിക്കുമ്പോൾ മാധ്യമങ്ങൾ നൽകുന്ന പൊളിറ്റിക്കലി കറക്ട് റിപ്പോർട്ടിങ് എല്ലാ കരുതൽ സന്നാഹങ്ങളും തകർക്കും. ഓരോ മനുഷ്യക്കൂട്ടങ്ങളെയും ബോധപൂർവം വിഘടിപ്പിച്ചു നിറുത്താൻ പാകത്തിൽ വിശ്വാസം ആണെന്നു ധരിപ്പിച്ചു മതം, നിരന്തരം വിഷം കലർന്ന സത്യം കുത്തിനിറക്കുമ്പോൾ നമ്മുടെ മനുഷ്യത്വം ഉരിഞ്ഞുകളയപ്പെടുകയാണ്. ശരി എന്താണെന്നു ഇടയ്ക്കു തെളിഞ്ഞുവരുമ്പോഴും, എന്താണ് സത്യമെന്നു ഇടയ്ക്കു ബോദ്ധ്യംവരുമ്പോഴും നുണകൾ നുണഞ്ഞു പോകാനാണ് ആൾക്കൂട്ടം നമ്മോടു ആവശ്യപ്പെടുന്നത്. ഒക്കെ കൂട്ടത്തിന്റെ ശരിക്കൾക്കുമുന്നിൽ അടിയറവു പറഞ്ഞു ഒറ്റപ്പെടാതിരിക്കാനാണ് താല്പര്യം.
"സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ നമ്മുടെ രക്തബന്ധങ്ങളെവിടെ?. നിത്യസ്നേഹങ്ങളെവിടെ? ഹിന്ദുവായി മുസല്‍മാനായി കൃസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി, ലോകം ഭ്രാന്താലയമായി" വയലാർ രാമവർമ്മയുടെ അനശ്വര വരികൾ വല്ലാണ്ട് ചൊടിപ്പിക്കാറുണ്ട്.