Image

കാത്തിരിപ്പ് (ഇ മലയാളി കഥാമത്സരം 2024: അശ്വതി എസ് ദേവി)

Published on 29 November, 2024
കാത്തിരിപ്പ് (ഇ മലയാളി കഥാമത്സരം 2024: അശ്വതി എസ് ദേവി)

ഹോണടിക്കുമ്പോഴുള്ള മുഴക്കം കേട്ടാണ് ഉറക്കത്തിൽ നിന്ന് തിരികെയെത്തിയത്. നിമിഷങ്ങളായിരുന്നെങ്കിലും ബസ്സിൻ്റെ തിക്കും തിരക്കും മറികടന്ന് ഒന്നുറങ്ങാൻ സാധിച്ചു. തുറന്നു കിടന്നിരുന്ന ജനലിലൂടെയുള്ള സുഖകരമായ കാറ്റു തന്നെയാണ് അതിനു സഹായിച്ചത്.

സ്വപ്നത്തിനിടയിലെവിടെയോ തുടരെത്തുടരെ കേട്ട ആ മുഴക്കം. ബ്ലോക്കാണോ എന്നറിയാൻ മുന്നിലിരുന്നവർ ഓരോരുത്തരായി തല വെളിയിലിട്ട് നോക്കുന്നുണ്ട്. എന്തു കൊണ്ടോ എനിക്കും ഒരു ആകാംക്ഷ എന്നാൽ എത്തി വലിഞ്ഞ് തല വെളിയിലിടുമ്പോൾ എതിരെയോ മറ്റോ വേറെ വണ്ടി വന്നാലോ സ്വതവേ ഭയമുള്ള ഞാൻ യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ അല്പം ഗൗരവത്തിൽ തന്നെ സീറ്റിലേക്ക് ചാരി ഇരുന്നു.

ചിന്തകൾക്ക് പൊതുവേ ഭാരം കൂടാറുണ്ട്. എന്നാൽ കണ്ണടച്ചിരുന്ന് ഉറങ്ങുന്നതിനു മുൻപുള്ള ആ നിമിഷങ്ങളായിരുന്നു ആദ്യം ചിന്തയിൽ കടന്നു വന്നത്. അപ്പോഴേക്കും വണ്ടി നീങ്ങാൻ തുടങ്ങി. പതിയെ പതിയെ കാറ്റു വീശാനൊരുങ്ങവേ ആസ്വദിച്ച് ചാരിയിരിക്കാൻ മനസ്സിൽ തോന്നിയെങ്കിലും ബുദ്ധി അതനുവദിച്ചില്ല കാരണം ഇറങ്ങാനുള്ള സ്ഥലമെത്തുമ്പോഴുള്ള ബെല്ലടിച്ചു. അങ്ങനെ മുഴുമിക്കാൻ കാത്തു നിൽക്കാതേ പാതി വഴിയിൽ അവൾ ഇറങ്ങി.

വണ്ടിയിലിരുന്നതിനേക്കാൾ ചൂടു കൂടുതലായി അനുഭവപ്പെടുന്നു. ആ ചിന്തകളും പകുതിയിൽ എവിടെയോ കുരുങ്ങി. നടത്തത്തിൻ്റെ വേഗത കുറയുന്നു.ആരോ കാലിൻ്റെ വേഗതയ്ക്ക് തടയിട്ടതു പോലെ അനുഭവപ്പെട്ടു. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങളും നിയന്ത്രണവുമെല്ലാം പണ്ട് ബയോളജി ക്ലാസിൽ സാർ പറഞ്ഞത് ഓർമ്മ വന്നപ്പോൾ ചിരിയും അറിയാതെ മുഖത്തു വന്നു. എതിരെ വന്ന സ്കൂൾ യൂണിഫോമിട്ട പെൺകുട്ടി ഏകദേശം നാലിലോ അഞ്ചിലോ ആകാനേ സാധ്യതയുള്ളൂ. ഇതു കണ്ട ആ കുട്ടിയും അറിയാതെ ചിരിച്ചു പോയി. അപ്പോഴും എൻ്റെ ചിരി തുടർന്നു. കറുത്ത ബോർഡിൽ വെള്ളവരകളിലൂടെ തെളിഞ്ഞു കിടക്കുന്ന സെറിബ്രം അതെങ്ങനെ മനസ്സിലായി എന്നൊക്കെ ചിന്തിച്ചാൽ ടെക്സ്റ്റ് ബുക്കിൽ ആ പടം പല പ്രാവശ്യം മറിച്ചു നോക്കി കണ്ടിട്ടുള്ളതാണ്. അതു കൊണ്ട് മാത്രമല്ല സാർ വേറെ കളർ ചോക്കിൽ പേര് താഴെ എഴുതിയിട്ടുമുണ്ട്. പറഞ്ഞതിൽ പലതും മറന്നു തുടങ്ങിയെങ്കിലും ചിലതൊക്കെ പൊടി തട്ടിയെടുത്തു. എന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ ഒരു മൂളലും നടത്തി.

പലപ്പോഴും തിരിച്ചറിയാത്ത രീതിയിൽ നാം കാണുന്നതും കേൾക്കുന്നതും ഏതെങ്കിലും സന്ദർഭത്തിൽ നമ്മെ പുതുമയിലും വ്യത്യസ്തതയിലും ചിന്തിക്കുവാൻ സഹായിക്കും എന്നത് എത്രത്തോളം ശരിയാണെന്ന് അവൾ ചിന്തിച്ചു. റോഡിൻ്റെ വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളിൽ പുറമെ ആരോ കുറിച്ചിട്ട ഇംഗ്ലീഷ് അക്ഷരങ്ങൾ ഒരു പക്ഷെ എഴുതിയവരുടെ പേരുകളോ അവർക്ക് പ്രിയപ്പെട്ടവരുടെ പേരോ ആകാം . നിന്ന് വായിക്കുവാനുള്ള സാവകാശം മനസ്സും ബുദ്ധിയും അനുവദിക്കുന്നില്ല. എങ്കിലും പൊടി കഴുകി തുടയ്ക്കാത്ത കാറുകൾ പലപ്പോഴും എഴുത്തുകാർക്ക് പുതിയ താളുകൾ കൊടുക്കുന്നുണ്ട്. പക്ഷെ ആ എഴുത്തുകൾ നമുക്ക് ആസ്വദിക്കാമെങ്കിലും കാറിൽ കോറിവരച്ച് നശിപ്പിക്കുന്ന തരം വരകൾ നമ്മെ വേറെ മനോഭാവത്തിലാണ് കൊണ്ടെത്തിക്കുന്നത്.

നടത്തത്തിൽ അല്പം വേഗത കൂടിയിട്ടുണ്ട് ചിന്തകൾ കൂടുന്നതു കൊണ്ടാകാം. അതോ വീട്ടിൽ ചെന്നാൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ ആലോചിച്ചതു കൊണ്ടോ ആകാം. എന്തായാലും വീടിനടുത്തുള്ള വളവിലെത്തി അടുത്ത കടകളിൽ പതിവു പോലെ തിരക്കുണ്ട്. അങ്ങോട്ട് നോക്കുന്നില്ലെങ്കിലും അവിടത്തെ കാഴ്ചകൾ വളരെ വ്യക്തതയോടെ മനസ്സിൽ തെളിയുന്നു. കണ്ണാടിക്കൂട്ടിൽ അടുക്കി വച്ചിട്ടുള്ള ഉള്ളിവടകളും ഉഴുന്നുവടകളും പഴംപൊരികളും നിറങ്ങൾ കൊണ്ട് മാത്രമല്ല അവയുടെ മണം കൊണ്ടും ആരെയും ആകർഷിക്കും. മാത്രമല്ല ആവി പറക്കുന്ന ചൂടു ചായയും കൊണ്ട് നിൽക്കുന്ന പതിവുകാരുമെല്ലാം നോക്കാതെ തന്നെ അവൾ കാണുന്നുണ്ടായിരുന്നു. വീട്ടിൽ ചായയ്ക്കുള്ള സമയമായി നടപ്പിൻ്റെ വേഗത കൂട്ടി അവൾ അവളുടെ വീട്ടിലേക്ക് കയറി പോകുന്നതു നോക്കി നിന്നു. കൂടെ കയറുവാൻ സാധിക്കില്ലല്ലോ എന്ന് വിഷമത്തോടെ തിരികെ നടന്നു. വീണ്ടും നാളേയ്ക്കുള്ള കാത്തിരിപ്പിനായി...

 

 

Join WhatsApp News
Thara chilamboli 2024-11-29 23:42:47
വളരെ നന്നായി മോളെ. അഭിനന്ദനങ്ങൾ 👏. ഇനിയും ഇനിയും എഴുതുക 👍👍👍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക