Image

35 സെന്റിനു വിറ്റ പഴം $6.2 മില്യണു വിൽക്കുന്ന അപൂർവ കലാസൃഷ്ടിയായി (പിപിഎം)

Published on 29 November, 2024
35 സെന്റിനു വിറ്റ പഴം $6.2 മില്യണു വിൽക്കുന്ന അപൂർവ കലാസൃഷ്ടിയായി (പിപിഎം)

ബംഗ്ലാദേശിൽ നിന്നുള്ള 74കാരൻ ഷാ ആലം ന്യൂ യോർക്ക് സിറ്റിയിലെ തെരുവിൽ പഴം വിറ്റത് 35 സെന്റിന്. അടുത്തുള്ള സോത്തെബി ആർട് ഗാലറിയിലെ ചുമരിൽ ഡക്ട് ടേപ്പൊട്ടിച്ചു പഴം വച്ചപ്പോൾ അത് $6.2 മില്യണു വിൽക്കുന്ന അപൂർവ കലാസൃഷ്ടിയായി.

ഏറെക്കുറെ അന്ധനായ ഷാ ആലമിനു പഴത്തിന്റെ മൂല്യം അറിയില്ലായിരുന്നു എന്ന് പലരും കളിയാക്കുമ്പോഴും അദ്ദേഹത്തെ സഹായിക്കാൻ പലരും മുന്നോട്ടു വന്നു.

ഇറ്റാലിയൻ ആർട്ടിസ്റ് മൗറിസിയോ കാറ്റെലന്റെ 'കൊമേഡിയൻ' എന്ന അബ്‌സേർഡിസ്റ് കലാസൃഷ്ടിയുടെ ഭാഗമായാണ് പഴം ഉപയോഗിച്ചത്. 2019ൽ ആര്ട്ട് ബാസൽ  മയാമി ബീച്ചിൽ അരങ്ങേറിയതാണു കലാസൃഷ്ടി. സോത്തെബിയിൽ അതു വാങ്ങിയത് ജസ്റ്റിൻ സുൺ  എന്ന ചൈനീസ് ശതകോടീശ്വരൻ.

‘ഞാനൊരു ദരിദ്രനാണ്’

പഴം കലാസൃഷ്ടിയായപ്പോൾ വൻ വിലയ്ക്കു വിറ്റു പോയ കഥ ആലം അറിയുന്നതു തന്നെ ഒരു ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടർ പറഞ്ഞപ്പോഴാണ്. "ഞാനൊരു ദരിദ്രനാണ്," കണ്ണീരടക്കാൻ പാടുപെട്ടു ആലം പറഞ്ഞു. "ഞാൻ അത്രയും പണമൊന്നും ജീവിതത്തിൽ കണ്ടിട്ടു പോലുമില്ല."

ധാക്കയിൽ സിവിൽ സർവന്റ് ആയിരുന്ന ആലം യുഎസിൽ എത്തിയത് 2007ലാണ്. ഭാര്യ മരിച്ച അദ്ദേഹത്തിന് ആശ്രയം ലോങ്ങ് ഐലൻഡിലുള്ള മകളാണ്. ബ്രോങ്ക്‌സിൽ പ്രതിമാസം $500 ഡോളർ കൊടുത്തു മറ്റു അഞ്ചു പേരുടെ കൂടെയാണ് താമസം.

മണിക്കൂറിൽ $12 വരുമാനമുണ്ടെന്ന് ആലം പറയുന്നു. ദിവസവും 12 മണിക്കൂർ കച്ചവടമുണ്ട്. പഴം വാങ്ങി കലാസൃഷ്ടി ആക്കിയവരെ കുറിച്ച് അദ്ദേഹം ചോദിക്കുന്നത് ഇങ്ങിനെ: "എന്ത് മനുഷ്യന്മാരാണ് അവർ? പഴം എന്താണെന്നു അവർക്കറിയാമോ?"

കാറ്റെലൻ ആലമിനോട് സഹതാപം പ്രകടിപ്പിച്ചു. സൃഷ്ടി വാങ്ങിയ ജസ്റ്റിൻ സുൺ പക്ഷെ സഹായിക്കാമെന്നു ഉറപ്പു പറയുന്നു. അദ്ദേഹത്തിന് $1.4 ബില്യൺ ആസ്തിയുണ്ട്.

ആലമിനെ സഹായിക്കാൻ അദ്ദേഹത്തിൽ നിന്ന് 100,000 പഴങ്ങൾ വാങ്ങാമെന്നു  സുൺ പറയുന്നു. അത്രയും പഴങ്ങൾ നൽകാൻ ആലമിനു കഴിയുമോ എന്നു വ്യക്തമല്ല. പഴങ്ങൾ സൗജന്യമായി ലോകമൊട്ടാകെ വിതരണം ചെയ്യുമെന്നാണ് സുൺ നൽകുന്ന വാഗ്‌ദാനം.

35 cent banana turns into $6.2 million art work 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക