ഓർക്കാപ്പുറത്തു ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വിയോഗം. സാമ്പത്തിക അരക്ഷിതത്വം, എന്നും കൂടെ ഉണ്ടാകുമെന്ന് പ്രത്യാശ നൽകിയ ഒരാളുടെ പെട്ടെന്നുള്ള പിൻവാങ്ങൽ, രോഗപീഡകൾ ഇവയെല്ലാം ഒരു മുന്നറിയിപ്പുമില്ലാതെയാകും വന്നു ചേരുക.
ജീവിതം പോലും നിശ്ചലമാകുമെന്ന് തോന്നി പോകുന്ന നിമിഷങ്ങൾ.. യഥാർത്ഥത്തിൽ അപ്പോഴാണ് "വരുന്നത് വരും പോലെ കാണാം" എന്നൊരു ആത്മബലം ഉണ്ടാകുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം പരിചയപ്പെട്ട നേരിൽ കണ്ടിട്ട് പോലുമില്ലാത്ത ഒരാൾ ഇനി പിരിയാം എന്ന് പറഞ്ഞു ചാറ്റ് നിർത്തിയപ്പോൾ തൂങ്ങി മരിച്ച ഒരു 20 വയസ്സുകാരിയെ കുറിച്ച് കഴിഞ്ഞ ദിവസം കേട്ടിരുന്നു. വാസ്തവത്തിൽ എന്തൊരു വിഡ്ഢിത്തമാണ് ആ കുട്ടി ചെയ്തത്... 20 വർഷം വളർത്തിയ അച്ഛനമ്മമാരെ വിട്ട്, ഇനിയും ഏറെ നാൾ തുടരേണ്ട ഒരു ജീവിതം എങ്ങുമെത്താതെ ഉപേക്ഷിച്ചു പോകുമ്പോൾ ഒരു നിമിഷം അവൾക്കു ചിന്തിക്കാമായിരുന്നു.. ലോകം ഇതോടെ അവസാനിക്കുന്നില്ല.. വേറൊരു വാതിൽ തുറന്ന് ഒരുപക്ഷെ വിട്ട് പോയതിലും നല്ലൊരാൾ അവളിലേക്ക് കടന്നു വരുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ എന്ത് കൊണ്ടോ ഇത്തരം ക്ഷണിക വിഭ്രാന്തികളിൽ പെട്ട് ഒരു കുരുക്കിൽ ജീവിതം അവസാനിപ്പിക്കുന്നു. ഒന്നോർക്കുക ഒരാൾ ഇല്ലാതായാൽ ഈ ലോകത്തിനു ഒന്നും സംഭവിക്കില്ല.. വേണ്ടപ്പെട്ടവർക്ക് അതൊരു വേദനയാകും എന്ന് മാത്രം.. അവർക്കു മാത്രം അതൊരു തീരാനഷ്ടമാകും. ജീവിതം ഏതു പ്രതിസന്ധിയിലും ജീവിച്ചു തീർക്കേണ്ട ഒന്നാണ്.. ഒരു രാവിനപ്പുറം ഒരു പകൽ ഉണ്ടാകും.. ഒരു ഇറക്കത്തിനപ്പുറം ഒരു കയറ്റവും ഉണ്ടാകും..
എന്ത് സംഭവിച്ചാലും പിടിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന അല്ലെങ്കിൽ വഴി കാണിക്കുന്ന ആ ശക്തിയെ ഈശ്വരവിശ്വാസികൾ "ദൈവം" എന്നും അല്ലാത്തവർ ഏതോ ഒരു അജ്ഞാത ശക്തി എന്നും വിളിക്കുമായിരിക്കാം. എന്തായാലും അങ്ങനെ ഒന്ന് ഇല്ലായിരുന്നു എങ്കിൽ പലർക്കും ജീവിതം ഉത്തരമില്ലാത്ത ചോദ്യചിഹ്നം ആകുമായിരുന്നില്ലേ?
തിരിച്ചടികളെ സമർത്ഥമായി അതിജീവിക്കേണ്ട ജീവിത പാഠശാലയിലെ വെറും വിദ്യാർഥികൾ അല്ലേ നമ്മൾ മനുഷ്യർ. അനുഭവങ്ങൾ അല്ലേ അധ്യാപകർ.
ലക്ഷ്യത്തിലേക്കെത്താനുള്ള മാർഗം തെറ്റാതിരുന്നാൽ എല്ലാം ശുഭം. ആരും ആർക്കൊപ്പവും ജീവിതാവസാനം വരെ ഉണ്ടാകില്ല... ഒരു തീവണ്ടി യാത്രയിൽ കാണുന്ന സഹയാ ത്രികരെ പോലെ ഓരോരുത്തരും അവരുടെ സ്റ്റേഷനിൽ ഇറങ്ങി പോകുന്നു. അവസാനം വരെ ആരും കൂടെ ഉണ്ടാകില്ല. അപൂർവ്വം ചിലർ കാണാത്ത ദൂരത്തു ഒരു തണലായി ഉണ്ടാകും. കടപ്പാട് ഉണ്ടാകേണ്ടത് പ്രതിസന്ധികളിൽ തുണയാകുന്ന അവരോട് മാത്രം.
നമ്മൾ വെറും സാധാരണക്കാരെങ്കിൽ കഷ്ടിച്ച് നമ്മുടെ മക്കളുടെ മക്കൾ വരെ ഉള്ള രണ്ടു തലമുറകൾ മാത്രം ഓർമ്മിക്കുന്ന, മറ്റാരാലും ഓർമ്മിക്കാൻ പോലും ഇട വരാത്ത വിധം ചുവരിലെ വെറും ചിത്രമായി മാറേണ്ടവർ....നമ്മുടെ മക്കൾക്ക് പോലും ഓർമ്മയുണ്ടാകില്ല നമ്മുടെ അമ്മുമ്മയെയും അപ്പൂപ്പനെയും. അപ്പോൾ ഒന്നാലോചിച്ചാൽ എത്രയോ നിസ്സാരം ഈ മർത്യജന്മം.
എന്നിട്ടും മരണം വരുമെന്ന് ഭയന്ന് ഓരോ നിമിഷവും നാം ജീവിതത്തെ എത്രയോ മുറുകെ പിടിക്കുന്നു, എത്രയേറെ സ്നേഹിക്കുന്നു...വാസ്തവത്തിൽ ഇന്നത്തെ ഈ നിമിഷം വരെ മാത്രമല്ലേ നമ്മുടെതായി കൂടെയുള്ളു...അടുത്ത നിമിഷം വെറും സങ്കല്പം മാത്രം... രണ്ടു നിമിഷങ്ങൾക്കിടയിൽ, രണ്ടു ഹൃദയ സ്പന്ദനങ്ങൾക്കിടയിൽ എന്ത് സംഭവിക്കും എന്നറിയാതെ വരുന്ന ഈ ജീവിതത്തിൽ പിന്നെ എന്തിനാണ് പരിഭവങ്ങൾ.. പിണക്കങ്ങൾ..