Image

ലോക സര്‍വമത സമ്മേളനം: അന്ന് ചിക്കോഗോയില്‍ സ്വാമി വിവേകാനന്ദന്‍; ഇന്ന് വത്തിക്കാനില്‍ മാര്‍പാപ്പ (എ.എസ് ശ്രീകുമാര്‍)

Published on 01 December, 2024
ലോക സര്‍വമത സമ്മേളനം: അന്ന് ചിക്കോഗോയില്‍ സ്വാമി വിവേകാനന്ദന്‍; ഇന്ന് വത്തിക്കാനില്‍ മാര്‍പാപ്പ (എ.എസ് ശ്രീകുമാര്‍)

ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മറ്റും കണ്ട ഒരു പരസ്യം തീര്‍ത്തും വിദ്വേഷം ജനിപ്പിക്കുന്നതും ഒപ്പം ആശങ്കകള്‍ ഉയര്‍ത്തുന്നതുമായിരുന്നു. മനുഷ്യന്റെ മനസ് എത്രത്തോളം സങ്കുചിതമാകാമെന്നതിന്റെ ഉദാഹരണമായിരുന്നു, ചില താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ആര്‍ഷ പുരി പൂജാ പ്രോഡക്ട്‌സിന്റെ ആ പരസ്യം. ''ഹന്ദു ഭവനങ്ങളില്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല. പവിത്രമായ മണ്ഡല കാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ...'' എന്നാണ് അതിലെ മതവിദ്വേഷത്തിന്റെ വിഷം പുരട്ടിയ വാക്കുകള്‍.

''ക്രിസ്മസ് സ്റ്റാറുകള്‍ക്കൊപ്പം മകര നക്ഷത്രങ്ങളും ഉപയോഗിക്കൂ...'' എന്നായിരുന്നു പ്രസ്തുത പരസ്യത്തിന്റെ ക്യാച്ച് വേഡ് എങ്കില്‍ അത് മത സൗഹാര്‍ദത്തിന്റെ സുന്ദരമായ അടയാള വാക്യമാകുമായിരുന്നു. അയ്യപ്പ ദര്‍ശനത്തിനുള്ള മണ്ഡല കാലത്തിന്റെയും യേശുക്രിസ്തുവിന്റെ പുണ്യ പിറവി ആഘോഷിക്കുന്ന കിസ്മസിന്റെയും മാസമാണ് ഡിസംബര്‍. ജാതി മത ഭേദമന്യേ മലയാളികള്‍ സൗഹാര്‍ദത്തോടെ ആഘോഷിക്കപ്പെടുന്നതാണ് ഓണവും ക്രിസ്മസുമുള്‍പ്പെടെയുള്ള ഓരോ ആഘോഷങ്ങളും.

എന്നാല്‍ ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും തീവ്രവും വിഭാഗീയവുമായ മതചിന്ത ചില വ്യക്തികളുടെ ഉള്ളില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടില്ലെന്നാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ നിലപാടുകള്‍ സൂചിപ്പിക്കുന്നത്. ഈ സന്നിഗ്ധ ഘട്ടത്തിലാണ് വര്‍ഗീയ കോമരങ്ങള്‍ തുള്ളിത്തിമിര്‍ത്ത കേരളത്തെ ഒരിക്കല്‍ ഭ്രാന്താലയമെന്ന് വശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്റെയും ''മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി...'' എന്ന് പ്രബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെയും, അസഹിഷ്ണുത വര്‍ധിച്ചുവരുന്ന കാലത്ത് ഗുരുസന്ദേശം ഏറെ പ്രസക്തമെന്ന് ഇപ്പോള്‍ പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പ്രസക്തി വര്‍ധിക്കുന്നത്.

''രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്കിടയിലും അസിഹിഷ്ണുതയും വിദ്വേഷവും വര്‍ധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം കാലാതിവര്‍ത്തിയാണ്. ഗുരു ലോകത്തിന് നല്‍കിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമര്‍പ്പിച്ച വ്യക്തിയാണ്...'' മാനവ സ്‌നേഹത്തിന്റെ ആത്മീയ കേന്ദ്രമായ വത്തിക്കാനില്‍ ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വമത സമ്മേളനത്തിലെ ആശീര്‍വാദ പ്രഭാഷണത്തില്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തില്‍ നൂറുവര്‍ഷം മുമ്പ് സംഘടിപ്പിച്ച, ഏഷ്യയിലെ ആദ്യത്തേതും ലോകത്തെ രണ്ടാമത്തേതുമായ സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്  വത്തിക്കാനിലെ ലോക സര്‍വമത സമ്മേളനം. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലോക സര്‍വമത സമ്മേളനത്തിന്റെയും ലേകപാര്‍ലമെന്റിന്റെയും ലക്ഷ്യം.

ശ്രീനാരായണ ഗുരു രചിച്ച, 'ദൈവമേ! കാത്തുകൊള്‍കങ്ങു, കൈവിടാതിങ്ങു ഞങ്ങളേ; നാവികന്‍ നീ ഭവാബ്ധിക്കോ- രാവിവന്‍തോണി നിന്‍പദം...' എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതമായ 'ദൈവദശകം' ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്.  അദ്വൈത ദര്‍ശനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങള്‍ ചേര്‍ന്ന ദൈവദശകം വത്തിക്കാന്‍ സ്‌ക്വയറിലെ അഗസ്റ്റരിയന്‍ ഹാളില്‍  മാറ്റൊലി കൊണ്ടപ്പോള്‍ പ്രപഞ്ചമുള്ളിടത്തോളം കാലം പ്രസക്തമാവുന്ന ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ കൂടിയാണ് ലോകം മുമ്പാകെ വിളംബരം ചെയ്യപ്പെട്ടത്.

''ആരോടും ഒരുതരത്തിലുള്ള വിരോധവും പാടില്ലെന്ന് ശ്രീനാരായണ ഗുരു നിര്‍ദേശിച്ചു. ഖേദകരമെന്നു പറയട്ടെ, മതം, വംശം, നിറം, ഭാഷ മുതലായ വിഭാഗീയ ചിന്താഗതികള്‍ മൂലം അക്രമങ്ങളുണ്ടാവുന്നത് ഇക്കാലത്ത് നിത്യ സംഭവങ്ങളാണ്. സ്വന്തം മതവിശ്വാസങ്ങളിലും ഉറച്ചുനിന്നുകൊണ്ടുതന്നെ നല്ല മനുഷ്യ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അതിനായി നുക്ക് ഒരുമുച്ചു പ്രവര്‍ത്തിക്കാം...'' മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച ലോക പാര്‍ലമെന്റില്‍ ഇന്ത്യയ്ക്ക് പുറമെ യു.എസ്.എ, ഇറ്റലി, ബെഹ്റൈന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, യു.എ.ഇ, ഇംഗ്ലണ്ട്  തുടങ്ങി പതിനഞ്ചില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. പലസ്തീന്‍, സിറിയ, ലെബനന്‍, ഉക്രൈന്‍, ബംഗ്ലീദേശ് എന്നിങ്ങനെ വിവിധ ലോക രാജ്യങ്ങളില്‍ മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ നീറിപ്പുകയുന്ന വേളയിലാണ് വത്തിക്കാനിലെ സര്‍വമത സമ്മേളനം സമാധാനത്തിന്റെ കാഹളം മുഴക്കിയത്.

ഇന്ത്യയുടെ ഹൃദയത്തില്‍ കൊളുത്തിയ വാക്കിന്റെ വിളക്കായ സ്വാമി വിവേകാനന്ദന്റെ ചരിച്ര പ്രസിദ്ധമായ പ്രസംഗം അലയടിച്ച ചിക്കാഗോയിലായിരുന്നു ലോകത്തെ ആദ്യത്തെ സര്‍വമത സമ്മേളനം. കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാര്‍വലൗകിക പ്രദര്‍ശനമായ ചിക്കാഗോ വിശ്വമേളയുടെ ഭാഗമായിരുന്നു മതമഹാ സമ്മേളനം.

1983 സെപ്റ്റംബര്‍ 11-ന് കൊളംബസ് ഹാളില്‍ ''അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരെ...'' എന്ന സ്‌നേഹോജ്വലമായ അഭിസംബോധനയോടെ തുടങ്ങിയ പ്രസംഗം കണ്ണും കാതും മനസും തുറന്നിരുന്ന ഏഴായിരത്തോളം വരുന്ന സദസിനെ സദസിനെ പിടിച്ചിരുത്തുന്നതായിരുന്നു. മറ്റ് മതപ്രഭാഷകര്‍ സ്വന്തം മതത്തിന്റെ മഹത്വം പറഞ്ഞപ്പോള്‍ ''എല്ലാ മതങ്ങളും സത്യമാണ്...'' എന്ന തത്വമാണ് വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ചത്.

''നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാന്‍ പറ്റാത്ത വിധം എന്റെ ഹൃദയം ആഹ്‌ളാദത്തിമിര്‍പ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരില്‍, ഞാന്‍ നന്ദി പറയട്ടെ. എല്ലാ മതങ്ങളുടെയും മാതാവിന്റെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ. വിവിധ വര്‍ഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ. എല്ലാ നദികളും ഒടുവില്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ മനുഷ്യന്‍, വേഷമേതായാലും, മറ്റെന്തായാലും, ദൈവത്തില്‍ ചേരുന്നു. ഇന്നത്തെ ഈ സമ്മേളനം തന്നെ ലോകത്തിന് നല്‍കുന്ന സന്ദേശമിതാണ്...'' സ്വാമി പറഞ്ഞു.

മാര്‍പാപ്പ ചൂണ്ടിക്കാട്ടിയതു പോലെ സഹിഷ്ണുതയിലൂടെ മാത്രമേ ലോകത്ത് സമാധാനം പുലരുകയുള്ളൂ.  എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നും അതുകൊണ്ട് ഒരേയൊരു മതമേ ലോകത്ത് നിലനില്‍ക്കുന്നുള്ളു എന്നായിരുന്നു ഗുരുദേവന്റെ കാഴ്ചപ്പാട്. അതുപോലെതന്നെ ജാതി സങ്കല്‍പ്പത്തെയും അദ്ദേഹം എതിര്‍ത്തു. ജന്മം കൊണ്ട് ഒരാളുടെ ജാതി നിര്‍ണയിക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മനുഷ്യനെ മനുഷ്യനായിക്കണ്ട് സഹജീവി സ്‌നേഹത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ് അവന്റെ വേദനകള്‍ക്കും വികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അടിത്തറയുണ്ടെന്ന് സ്ഥാപിച്ച മലയാള നാടിന്റെ സാമൂഹിക പരിഷ്‌കര്‍ത്താവ് ശ്രീനാരായണ ഗുരു, തന്റെ പ്രബോധനങ്ങളിലൂടെയും കൃതികളിലൂടെയും സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. മാര്‍പാപ്പയും വത്തിക്കാനിലെ സര്‍മവത സമ്മേളനവും നല്‍കുന്ന പാഠവും ഇതുതന്നെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക