ഒരു ജോലികിട്ടി കിഴക്കൻ മലയിൽ നിന്നും ഉൾനാടൻ പട്ടണത്തിലേക്ക് വരുമ്പോൾ ആർക്കും തോന്നാവുന്ന പകപ്പ് അയാൾക്കും തോന്നിയിരുന്നു .ചേട്ടന്മാർ ആരും തന്നെപ്പോലെ കോളേജിൽ പഠിച്ചിരുന്നില്ല .
കാട്ടുരാജാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കോക്കി ച്ചേട്ടന്റെ ഇളയമകൻ ചെറുപ്പത്തിലെ പോസ്റ്റ്മാസ്റ്റർ ആയപ്പോൾ മാഷെ എന്ന വിളിക്കു അർഹനായി .അതയാളെ ചെറുതായൊന്ന് അലോസരപ്പെടുത്തി .
പുഴയിൽ നിന്നും അധികം അകലെയല്ലാതെ മരങ്ങളാൽ സമൃദ്ധമായ രണ്ടേക്കർ പുരയിടത്തിലായിരുന്നു പോസ്റ്റാഫീസും ,ക്വാട്ടേഴ്‌സും .എന്നും പുഴയിൽ രാവിലെ പോയി നീന്തികുളിച്ചിരുന്ന സാംകുട്ടിക്ക് വഴിയിൽ കാണുന്ന അമ്പലവും ബ്രാഹ്മണരുടെ കോളനിയും ,പരിചിതമായിരുന്നു .
കാറ്റിൽ മന്ത്രോച്ചാരണങ്ങളും ,കർപ്പൂരത്തിന്റെ മണവും തങ്ങി നിന്നു .
ഓഫീസും ,ജോലികര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളു .ഒരു ദിവസം ഉച്ചക്ക് ,പോസ്റ്റോഓഫീസിൽ ആളൊഴിഞ്ഞ സമയം,സാംകുട്ടി പുതുതായി വന്ന സർക്കുലറുകൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു .ചെവിയിൽ ലോലാക്കും ,പാദസരങ്ങളും
വലത്തോട്ട് സിൽക്‌സാരി ചുറ്റി അഷ്ടപദി പാട്ടിലെ ഈരടി പോലെ ഒരു പെൺകുട്ടി വന്നു .വാലിട്ടെഴുതിയ കണ്ണുകളിൽ നക്ഷത്ര തിളക്കം .
“ ഉം ,എന്തുവേണം “
“ ഒരു പാസ്ബുക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങവേണം .”
സംസാരത്തിൽ ഒരു തമിഴ് ചുവ .
“ ഞാൻ ഇങ്കെ പുഴക്കരയിലെ ആത്തിലെ താമസം .കിട്ടെ സ്‌കൂളിലെ പാട്ട് റ്റീച്ചർ ആക്കും .”
ആപ്ലിക്കേഷൻ ഫോം എടുത്തുകൊടുത്തപ്പോൾ പൂരിപ്പിക്കാൻ സഹായിക്കാൻ പറഞ്ഞു .
“ പേര് ? “
“ വൈക കൃഷ്ണമൂർത്തി .”
“ ഇടിവെട്ട് പേരാണല്ലോ .”
“ കളിയാക്കണ്ട .നാനൊരു പാവമാക്കും ! “
സാംകുട്ടിയുടെ മനസ്സിൽ ,അറിയാതെ ഒരു കൊള്ളിയാൻ മിന്നി. .സ്‌കൂളിലേക്കുള്ള യാത്രയിലെ വരവും ,പോക്കും ,വൈകാതെ ഒരടുപ്പത്തിൽ കൊണ്ടെത്തിച്ചു .തൻ്റെ പിറന്നാളിന് പാൽപായസവുമായി എത്തിയപ്പോൾ കാര്യങ്ങൾ ഒരു പടികൂടി മുന്നോട്ടുപോയി .എന്തിനേറെ പറയുന്നു വൈക എന്ന ബ്രാഹ്‌മണ പെൺകുട്ടി സാംകുട്ടിയുടെ മനസ്സിൽ കയറി വിസ്തരിച്ചിരുന്നു .
ആയിടക്ക് കിഴക്കൻ മലയിൽ ചെറിയൊരു പ്രശനമുണ്ടായി .രാജാവിൻറെ
ഭടന്മാർ വന്ന് വനം കയ്യേറി എന്ന കാരണം പറഞ്ഞു കോക്കിച്ചേട്ടനെ ആഞ്ഞിലിയിൽ പിടിച്ചുകെട്ടി പൊതിരെ തല്ലി .പുലയൻ ഉണ്ട ഔസേപ്പ് മക്കളെ വിളിച്ചുകൊണ്ടു വന്നപ്പോഴേക്കും ഭടന്മാർ സലം വിട്ടിരുന്നു. .മറ്റുജാതിക്കാരുമായി നമുക്കൊരു ബന്ധമുണ്ടായാൽ രാജാവിന്റെ ഭാഗത്തുനിന്ന് ചില വിട്ടുവീഴ്ചകൾ ഉണ്ടാകുമെന്ന് കൊക്കിച്ചേട്ടൻ വിശ്വസിച്ചു .
അറുപതേക്കർ ആണല്ലോ വളച്ചു എടുത്തിരിക്കുന്നത് .
അതുകൊണ്ടാണ് വിവാഹക്കാര്യം അപ്പനെ അറിയിച്ചപ്പോൾ പത്തുപേരെയും കൂട്ടി കോക്കിച്ചേട്ടൻ രെജിസ്ട്രാഫിസിൽ വന്നത് .വൈക അമ്മയെയും കൊണ്ട് അവിടെ എത്തിയിരുന്നു .ഒപ്പുവെക്കൽ ,മാലയിടീൽ അത്രമാത്രം .
പോസ്‌റ്റോഫീസിൻറെ ക്വാർട്ടേഴ്സിൽ എത്തിയ കാട്ടുരാജാവും കൂട്ടരും മകൻറെ വിവാഹം നാടൻ വാറ്റിൽ ,ഒന്നാഘോഷിച്ചാണ് മടങ്ങിയത് .പരിമിതമായ പരിചയങ്ങൾ കൊണ്ട്
അന്തംവിട്ടുനിന്ന വൈകയെ സാംകുട്ടി “ അവരൊക്കെ ഇപ്പോൾ പോകും “ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു .
ചില നേരങ്ങളിൽ ,സംഭവങ്ങൾ നമുക്ക് ഒട്ടും പിടിതരാതെ ,മറ്റാരുടെയോ ചൊല്പടിയിൽ നിൽക്കുന്നതുപോലെ മുന്നോട്ട് പോകും .പിറ്റേദിവസം രാവിലെ കാര്യങ്ങളെല്ലാം ശാന്തമായി എന്ന് വിചാരിച്ചിരിക്കുമ്പോൾ നൂറോളം ബ്രാഹ്മണർ വൈകയുടെ അമ്മാവൻ വിഷ്ണു വർദ്ധന്റെ നേതൃത്വത്തിൽ പോസ്റ്റാഫീസിന്റെ ,ഗെയ്റ്റും ,മതിലും വളഞ്ഞു .അമ്മാവനോടൊപ്പം വൈകയുടെ അച്ഛനും ഉണ്ടായിരുന്നു .സാംകുട്ടി ഷർട്ട് ഊരി എറിഞ്ഞു ,ഒരു മലപ്പുറം കത്തിയുമായി ചാടി ഇറങ്ങി . കത്തി തെങ്ങിൽ കുത്തിനിർത്തിയിട്ടു അലറി “ ആർക്കാടാ എൻ്റെ ഭാര്യയെ കൊണ്ടുപോകേണ്ടത് “
വൈക ഓടിച്ചെന്ന് അച്ഛനോട് പറഞ്ഞു ,
“ അവനൊരു പുലികുട്ടിയാക്കും .അവൻ്റെ അച്ഛൻ ഒരു കാട്ടുരാജാവ് .
ഏതാവത് നടന്നാൽ കാട് ഇളകി വരുവേൻ .മാമനെയും കൂട്ടി ആത്തുക്കു
പോപ്പാ !!”
ആ ഭാഷ വൈകയുടെ അച്ഛന് മനസ്സിലായി .അയാൾ ആളുകളെയും കൂട്ടി മടങ്ങി .
മണ്ണിൽ മാത്രം പണിയെടുത്തു തഴമ്പിച്ച സാംകുട്ടി ആ രണ്ടേക്കറിൽ നിറയെ പലതരം കൃഷിയിറക്കി .രാവിലെ പറമ്പിൽ പണിക്കിറങ്ങുമ്പോൾ ,വൈക ,രാഗങ്ങൾ മൂളി കൂടെയുണ്ടാകും .
“ ഇത് ഏതു രാഗമാണെന്ന് അറിയാമോ ? “
“ നീ പാടുന്ന എല്ലാരാഗങ്ങളും എനിക്ക് മോഹന രാഗമാണ് .നിനക്ക് വേണ്ടിയാണ്
ഈ പച്ചക്കറികളും ,കിഴങ്ങു വർഗ്ഗങ്ങളും ഒക്കെ കുഴിച്ചിടുന്നത് .എനിക്ക് കഴിക്കാൻ എന്താണ് ഇഷ്ടമെന്ന് നിനക്കറിയാം .അതൊന്നും നീ കഴിക്കണ്ട ,എനിക്ക് ഉണ്ടാക്കിത്തന്നാൽ മതി .
“ അന്ത മണം എനക്ക് പുടിക്കാത് .”
“ അതൊക്കെ സാവധാനം മാറിക്കൊള്ളും . ഈ ദാമ്പത്യം എന്നുപറയുന്നത് വിശ്വാസത്തിൻറെ നൂലിഴ പാകി കെട്ടിനിർത്തിയിരിക്കുന്ന ഒരു പാലം പോലെയാണ് .നിനക്കതറിയാം .അതുകൊണ്ടാണ് ബ്രാഹ്മണ കോളനി ഇളകി വന്നപ്പോൾ നീ അച്ഛനെ കാര്യം പറഞ്ഞു എളുപ്പത്തിൽ മനസ്സിലാക്കിയത് .”
“ അപ്പ ബുദ്ധിമാനാക്കും . കാര്യത്തിന്റെ കിടപ്പ് പൊടുന്നനെ പുടികിട്ടി .
നിങ്ങൾ കത്തിവച്ചു കുത്താൻ മടിക്കില്ല എന്ന് പറഞ്ഞപോതും , ശീക്രം കാര്യം പുടികിട്ടി . അപ്പാവുക്ക് നാൻ എവിടെ ആയിരുന്നാലും ,സുരക്ഷിത ആയിരിക്കണം എന്നേ ഉള്ളു . നീങ്കൾ മഹാ തന്റേടി ആൺപുളെ !!!! “
“ ഇത് തികച്ചും വ്യത്യസ്തമായ ഒരു കൂടിച്ചേരലാണ് .മീൻകറിയും ,ഹലുവയും പോലെ .എന്നിട്ടും നമ്മൾ സ്നേഹിച്ചു ,ഒന്നിച്ചു ജീവിക്കുന്നില്ലേ . ഞാനൊരു കാട്ടുജീവി .കാടും ,മലമ്പാമ്പും ,കാട്ടുപന്നിയും ,മലമ്പനിയും ഒക്കെക്കൂടി ചേർന്ന ഒരു മുരടൻ !! നിയാണെങ്കിൽ പാട്ടും ,രാഗങ്ങളും താളങ്ങളും ഒക്കെ ചേർന്ന വളരെ റിഫൈൻഡ് ആയ ഒരാൾ .പരസ്പര സമർപ്പണത്തിൽ നമ്മൾ ഒന്നിക്കുന്നു . അവിശ്വസനീയമായ ഒരു സത്യം പോലെ നമ്മൾ ജീവിക്കുന്നു .
നമുക്കതുമതി !!!!! “
ആയിടക്കാണ് പോസ്റ്മാസ്റർ ആയിരിക്കുന്നയാൾ മുർസ്‌കോഡ് തീർച്ചയായും പഠിക്കണം എന്ന സർക്യൂലർ വന്നത് .അടുത്തുള്ള പട്ടണത്തിൽ ട്രെയിനിംഗ് തുടങ്ങി .ക്ലാസ്സിനു അതിരാവിലെ പുറപ്പെടണം .ഒരു മാസം കൊണ്ട് കോഴ്സ് തീരുമ്പോഴേക്കും ,ലൈൻ ഒക്കെ വലിച്ചു മുർസ്‌കോഡ് സിസ്‌റ്റം ഓഫീസിൽ സ്ഥാപിച്ചു കഴിഞ്ഞിരുന്നു .
വൈക ഗർഭിണി ആയതോടെ ചലനങ്ങൾ കുറഞ്ഞു . 'അമ്മ വന്നു അടുക്കളയിൽ സഹായിക്കാൻ തുടങ്ങി . പോസ്റ്റാഫിസിന്റെ പടിഞ്ഞാറേ പറമ്പിന്റെ അറ്റത്തു ഒരാഞ്ഞിലി മരം നിന്നിരുന്നു ,വേനലായപ്പോൾ ആഞ്ഞിലി നിറയെ വവ്വാലുകൾ വന്നു തൂങ്ങാൻ തുടങ്ങി .സന്ധ്യ ആയാൽ വവ്വാലുകളുടെ ചില ആകാശത്തു ആരവമിടുന്നു .ചുറ്റിപ്പറന്ന് അവ ആധിപത്യം സ്ഥാപിക്കുന്നു . സാംകുട്ടിക്ക് അതൊരു ഹരമായി .ഒരു നാടൻ തോക്ക് സംഘടിപ്പിച്ചു വൈകുന്നേരം രണ്ടെണ്ണത്തിനെ അടിച്ചിടുന്നു .പുറത്തിട്ട് വറത്തു നാടൻ വാറ്റും ചേർത്ത് അടിക്കുന്നു .
വൈകക്ക് വവ്വാലുകളെ പേടിയാണ് !
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ,അവൾ സാംകുട്ടിയോടു മെല്ലെ പറഞ്ഞു , “ ഇന്ത പഴക്കമൊന്നും ഉടംബുക്ക് ശരിയല്ലെ ! നമുക്ക് ഒന്നിച്ചു ജീവിക്കാൻ കൊഞ്ചം സമയം ബാക്കിവെക്കണം .നാൻ പത്തം തികഞ്ഞ പെണ്ണ് .അന്ത ജീവിയെ പാക്കത് രംഭ കഷ്ടം .അതിനെ അവിടെന്നു തുരത്തണം .ചെകുത്താൻ മാതിരി ഇരിക്കെ .”
വൈക പറഞ്ഞതിൽ ഒരു സത്യം കിടപ്പുണ്ടെന്നു സാംകുട്ടിക്ക് തിരിഞ്ഞു . .രണ്ടുമാറു ഓലപ്പടക്കത്തിന് കാര്യം ശരിയാക്കി .
ബ്രാഹ്മണ കോളനിയിൽ നിന്ന് പലരും വൈകയെ കാണാൻ വന്നിരുന്നു .
അയാൾ അതിലൊന്നും പിടികൊടുക്കാതെ മാറി മാറി നിന്നു .തന്നെ പോലത്തെ ഒരു മുശടൻ ക്രിസ്ത്യാനിയെ അംഗീകരിക്കാൻ അവർക്കു വിഷമം ഉണ്ടാകും എന്ന തിരിച്ചറിവ് ,അയാൾ ഉൾക്കൊണ്ടു .
എന്തുകൊണ്ടാണെന്ന് അറിയില്ല ,അകലെയുള്ള 'അമ്മ വീട്ടിൽ
പ്രസവത്തിനു പോകണം എന്ന് വൈക വാശിപിടിച്ചു .അമ്മ കൂടെ ചെല്ലുകയും ,മുത്തച്ഛനും മുത്തശ്ശിയും കൂട്ടിന് ഉണ്ടാകുകയും ; ഇതൊക്കെ
ആയിരിക്കാം ആ തീരുമാനത്തിന് പുറകിൽ .അവിടെ നാനൂറ്റിച്ചില്ലാനും പ്രസവം എടുത്ത അത്തിമ്പാൾ എന്ന തള്ള ഉണ്ടെന്നും ,അധികം അകലെ
അല്ലാതെ ലേഡിഡോക്ടർ താമസിക്കുന്നുണ്ടെന്നും ഉള്ള വാർത്ത സാംകുട്ടിയുടെ മനസ്സടക്കി .
റെയിവേസ്റ്റേഷനിൽ വൈകയെ യാത്രയാക്കാൻ പോയപ്പോൾ അയാളുടെ മനസ്സിൽ ഒരു പിടച്ചിൽ തിങ്ങി .വിവാഹത്തിനു ശേഷം ഒരു ദിവസം പോലും മാറ്റിനിർത്തിയിട്ടില്ല .
പോസ്റ്റാഫിസായതുകൊണ്ട് ,എല്ലാ ദിവസവും വിവരങ്ങളും ,വിശേഷങ്ങളും ,മാറ്റങ്ങളുമായി ഫോൺ വന്നിരുന്നു .ബ്ലീഡിങ് ശക്തമായതുകൊണ്ട് ,ഹോസ്പിറ്റലിലേക്ക് മാറ്റി എന്നായിരുന്നു അവസാനത്തെ ഫോൺ .അയാൾ പോകാൻ ഒരുങ്ങിയതാണ് , പകരക്കാരൻ വരാൻ വൈകി .
പിന്നെ വന്നത് ഒരു ടെലിഗ്രാം ആണ് .ആ പോസ്റ്റോഫീസിലേക്കു ആദ്യമായി
വന്ന ടെലിഗ്രാം .ഇളം റോസ് നിറത്തിലുള്ള കടലാസ്സിൽ സാംകുട്ടി മോർസ്കോഡിൽ ഇങ്ങനെ എഴുതി .
“ vaika expired . baby alive . start immediately “
ലോകം അവസാനിച്ചുപോയപോലെയാണ് അയാൾക്ക് തോന്നിയത് .ട്രെയിൻ ഇറങ്ങി ബ്രാഹ്മണ കോളനിയിലേക്ക് നടന്നുകയറുമ്പോൾ ആളുകൾ അയാളെ തുറിച്ചു നോക്കി ,ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു .ആരും ഒന്നും ചോദിച്ചില്ല .ഒരാൾ വന്ന് കോളനിയുടെ അവസാന ഭാഗത്തുള്ള വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി .വീട് നിറയെ ആളുകൾ .]. ആരുടെയൊക്കെയോ ഉറക്കെയുള്ള കരച്ചിൽ കേൾക്കാമായിരുന്നു .വൈകയുടെ 'അമ്മ വന്ന് സാമിനെ കെട്ടിപിടിച്ചു ; അതയാൾ പ്രതീക്ഷിച്ചില്ല .
അവർ അകത്തേക്ക് ഓടിപ്പോയി ,ചിലമ്പിച്ചു കരയുന്ന ഒരു കുട്ടിയെ കൊണ്ടുവന്നു അയാളുടെ കൈയിൽ കൊടുത്തു .
സമയം നിശ്ച്ചലമായപോലെ വൈകരുടെ ജഡത്തിലേക്ക് നോക്കി അയാൾ
നിന്നു !!!