കോളജ് പ്രൊഫസറായി റിട്ടയർ ചെയ്ത സുജാ പയസ്സിനെ രാവിലത്തെ നടപ്പു വഴികളിൽ മിക്കപ്പൊഴും കാണാറുളളതാണ്.... കാറ്റുവീശുന്നതുപോലെ നിമിഷനേരംകൊണ്ടു പളളിമുറ്റമെത്തി തിരികെ നടക്കുന്ന സുജാ പയസ്സിന്റെ വർത്തമാനങ്ങൾക്കും കാറ്റിന്റെ സ്പീഡാണ്....
"എന്താടോ..തന്നെ കുറച്ചു ദിവസം കാണാതിരുന്നത്..?"
"ഇടുപ്പുവേദന, കഴുത്തുവേദന, റെസ്റ്റെടുക്കാമെന്നു കരുതി.."
"എന്നിട്ടു മാറിയോ?"
" കുറഞ്ഞുവരുന്നു.."
അവർക്കുമുണ്ടായിരുന്നത്രേ വർഷങ്ങൾക്കു
മുമ്പ് ഇതേപോലെ..
"കളരി മർമ്മചികിത്സ ഒന്നു പരീക്ഷിച്ചു..
ഒരു പതിന്നാലു ദിവസം... അതുകഴിഞ്ഞ് അത്രയും ദിവസം റസ്റ്റുമെടുത്തു..
നല്ല മാറ്റമുണ്ടായി..
തുടർന്നുളള രണ്ടു വർഷവും മുടങ്ങാതെ അതേ സമയത്തുപോയി ട്രീറ്റുമെന്റെടുത്തു..
എന്റെ പ്രശ്നം അങ്ങനെയങ്ങു സോൾവായി..
നമുക്കിവിടെയടുത്താണ് തോട്ടയ്ക്കാട് കളരി മർമ്മ ചികിത്സാലയം..
താനൊന്നു പോയിനോക്ക്..
ആശ്വാസം കിട്ടുമെന്ന കാര്യം ഞാൻ ഗ്യാരണ്ടിയാ..
എപ്പൊഴും നല്ല തിരക്കാണു കേട്ടോ അവിടെ..
ഫോണിൽ വിളിച്ച് അപ്പോയ്ന്റ്മെന്റെടുത്തിട്ടു വേണം ചെല്ലാൻ.."
ഒന്നു പോയി നോക്കാം.
വീട്ടിൽനിന്ന് അധികദൂരമില്ല.
ഒരിക്കലോമറ്റോ ഓട്ടോയിൽ അതുവഴി
കടന്നുപോകുമ്പോൾ ഉയരത്തിൽ
"തോട്ടയ്ക്കാട് കളരി മർമ്മ ചികിത്സാലയം"
ബോർഡു കണ്ടിട്ടുണ്ട്....
സുജ പറഞ്ഞ നമ്പറിൽ വിളിച്ചപ്പോൾ മറുതലയ്ക്കൽ ഒരു സ്ത്രീശബ്ദമായിരുന്നു..
സുഖമില്ലായ്മയുടെ
ഭൂതവും വർത്തമാനവും വിശദമായി ചോദിച്ചറിഞ്ഞതിനു ശേഷമാണ് വൈദ്യനെ കാണാൻ
അടുത്ത ദിവസത്തേക്കുളള
അപ്പോയിന്റ്മെന്റ് തന്നത്..
രാവിലെ പോരൂ..വന്നു ടോക്കണെടുക്കുന്ന മുറയ്ക്കായിരിക്കും വിളിക്കുന്നത്..
പാലം കഴിഞ്ഞ് വലതോട്ടുളള റോഡിലൂടെ അല്പം മുന്നോട്ടുപോയി
കയറ്റം കയറിച്ചെന്ന് ഇടതോട്ടു തിരിഞ്ഞാൽ, ഒരു കാറിനു കടന്നുപോകാൻ മാത്രം വീതിയുളള, പടക്കെട്ടിനു താഴെ അവസാനിക്കുന്ന മൺ റോഡായി..!
താഴത്തെ പറമ്പിൽ വാഹനം ഒതുക്കിയിട്ട്,
പടികൾ കയറിച്ചെല്ലുന്നത് ചരലുകൾ വിരിയിട്ട വിശാലമായ മുറ്റത്തേക്കാണ്..
പഴക്കം മതിക്കുന്ന പരിഷ്ക്കരിച്ച എട്ടുകെട്ടിലേക്ക്.!
പ്രാവിൻ കൂടുളള വീട്..
എരുത്തിലിൽ നിറയെ പശുക്കൾ.. !
കൃത്യമായ അകലം പാലിച്ച് സ്വർണ്ണവർണ്ണത്തിൽ നാലഞ്ചു കച്ചിത്തുറുകൾ.
ഏറക്കുറെ അന്യംതിന്നുപോയ ഗ്രാമകകാഴ്ചകൾതന്നെ..!
അപൂർവ്വങ്ങളും അല്ലാത്തതുമായ ഔഷധ സസ്യങ്ങളാണത്രേ പൂത്തും കായ്ചും..പടർന്നും, പന്തലിച്ചും കാണുന്നിടമെല്ലാം..!
എണ്ണയിൽ വേവുന്ന പച്ചമരുന്നുകളുടെ, ഔഷധക്കൂട്ടുകളുടെ,
നനുത്ത സുഗന്ധം...!
മകനെയും കൂട്ടി പോരാനിരുന്നതാണ്. നോക്കിയപ്പോൾ തലവഴി പുതപ്പുമൂടി അവൻ പൂണ്ടയുറക്കം...
വിളിക്കാൻ തോന്നിയില്ല..
രാത്രിമുഴുവൻ ഗയിം കളി ആയിരുന്നിരിക്കും.. വെട്ടം കണ്ടിരുന്നു... നേരം വെളുത്തിട്ടാവും ഉറങ്ങാൻ കിടന്നത്...!.അല്ലെങ്കിലും, എവിടെയും ഒറ്റയ്ക്കു പോയാണല്ലോ ശീലം..!
ഒരു കളരിയാശാന്റെ രൂപം
വെറതേയൊന്ന് സങ്കല്പിച്ചുനോക്കി..
ആജാനുബാഹു, ഉച്ചിയിൽ കുടുമ, നെറ്റിയിൽ കുറി, കഴുത്തിൽ രുദ്രാക്ഷമാല, കാവിമുണ്ട്... വടക്കൻപാട്ടു കഥകളിലെ തച്ചോളി ഒതേനനും, ചന്തുവും..
സത്യനും പ്രേംനസീറും, മമ്മുട്ടിയുമൊക്കെയായി മനസ്സിലൂടെ
ഒന്നു മിന്നി....കളരിയും വീടിനോടുചേർന്നുതന്നെയാവും.
അടിതടവഭ്യാസമുറകളുടെ
ശബ്ദ കോലാഹലങ്ങൾ..!
ബുക്കിൽ പേരെഴുതുന്ന മുറയ്ക്കാണ് വിളിക്കുന്നത്...
അകത്തേക്കു കയറിപ്പോകുന്നവർ കുറഞ്ഞത് അരമണിക്കൂറെങ്കിലും കഴിയുന്നുണ്ട് പുറത്തേക്കു വരാൻ..
സുജാ പയസ്സ് പറഞ്ഞ കുറച്ച് അറിവുകൾ മാത്രമേ
തോട്ടയ്ക്കാട് കളരിമർമ്മ ചികിത്സാലയത്തെക്കുറിച്ച്
എന്ളളു..
ഗൂഗിളിൽ തിരഞ്ഞ് കൂടുതലറിയാനുളള സാവകാശവുമുണ്ടായില്ല.
MRI, Xray
ഇത്യാദികൾ കയ്യിൽ കരുതിയാലും ഗുരുക്കൾ അതുവാങ്ങി നോക്കാറില്ലത്രേ..!
നാഡീ സ്പർശംകൊണ്ടുതന്നെ ശാരീരിക പ്രശ്നങ്ങൾ മനസ്സിലാക്കും പോലും..
അടുത്തത് തന്റെ ഊഴമാണ്..
ചെരുപ്പൂരിയിട്ട് അകത്തേക്കു കയറുമ്പോൾ നെഞ്ചിലൊരു പിടപ്പ്..
പകൽവെളിച്ചത്തിനു
പ്രഭകൂട്ടാനെന്നോണം
ഏഴുതിരിയിട്ട കെടാവിളക്ക്.. !
മേശയ്ക്കു പിന്നിലെ ഒറ്റക്കസേരയിൽ
കുടുമയില്ലാത്ത, സിന്ദൂരക്കുറിയില്ലാത്ത, കഴുത്തിൽ രുദ്രാക്ഷമില്ലാത്ത കളരിയാശാൻ. സാധാരണക്കാരൻ..
സൗമ്യൻ..!
അദ്ദേഹത്തിന്റെ വലിയ ഉണ്ടക്കണ്ണുകൾമാത്രമാണ് ഒരു പ്രത്യേകത.
സൂക്ഷ്മ നിരീക്ഷണം.
"എത്രനാളായി അസ്വസ്ഥതകൾ തുടങ്ങിയിട്ട്..."
"ആറുമാസത്തോളമായി...."
തല്ക്കാലം ഏഴു ദിവസമാണ് ചികിത്സയ്ക്കു വേണ്ടത്..
രാവിലെ പോന്നോളുക..
അദ്ദേഹം എഴുന്നേൽക്കുന്നു, പിന്നിൽ വന്നുനിന്ന്
അപ്രതീക്ഷിത
നിമിഷത്തിൽ കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും ഒറ്റത്തിരിക്കൽ...
കിടോ,..കിടോ ശബ്ദങ്ങൾ.. ഒരുനിമിഷം....കണ്ണിലൂടെ പൊന്നീച്ചകൾ പറന്നുപോകുന്നു..
തറയിൽ വിരിച്ചിട്ട പുല്പായയിൽ കമഴ്ത്തിയും മലർത്തിയും കിടത്തി
കാൽ കൈവിരലുകൾ നൂർത്തും വലിച്ചും കുടഞ്ഞും വേദനയുടെ നിമിഷങ്ങൾ..!
കൈതന്ന് പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ
ശരീരഭാരം ഒട്ടൊന്നു കുറഞ്ഞപോലെ..
ഇനി ട്രീറ്റുമെന്റു റൂമിലേക്ക്..
രണ്ടു സ്ത്രീകളാണു വന്നു കൂട്ടിക്കൊണ്ടു പോയത്..
"സർജറിയങ്ങു ചെയ്തേക്കാം.." തയ്യാറെടുത്തു നില്ക്കുന്ന ഡോക്ടർ..
" മാഡം..ഒരു കാരണവശാലും സർജറി ചെയ്യല്ലേ.."
സർജറി നടത്തിയിട്ടും, വേദനയും മരവിപ്പും, പെരുപ്പുമൊക്കെ പണ്ടത്തേതിന്റെ പിന്നത്തേതായി കൊണ്ടു നടക്കുന്ന സഹപ്രവർത്തകൻ വാഹിദിന്റെ താക്കീത്..!
കമ്പം വരെ ഒന്നുപോയിട്ടുവന്നാൽ
എല്ലാം സുഖമാവുമെന്നു വിശ്വസിക്കുന്ന
തന്റെ സഹായി ജിമിലി..!
എണ്ണത്തോണിയിലേക്കു കയറിക്കിടക്കുമ്പോൾ..
സുജാ പയസ്സിന്റെ വാക്കുകൾ
ചെവിയിൽ മുഴങ്ങി..
"ആശ്വാസം കിട്ടുമെന്നുളളതിന്
ഞാൻ ഗ്യാരണ്ടി..."