വർണ്ണമേഘങ്ങളിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല ഡിസംബറിലെ ആകാശത്തെ
മൃത്യുവിന്റെ അവാച്യമായ
രതിമൂർച്‌ഛയിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല ഉയിർത്തെഴുന്നേൽപ്പിനെ
തിരുവത്താഴത്തിന്റെ
ജലച്ചായാചിത്രത്തിൽ അഭിരമിച്ചപ്പോൾ
കണ്ടില്ല ഒറ്റുന്ന ചുവരിനെ
മുഖത്തെ കലകളിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല എല്ലാം കാണിക്കുന്ന ചില്ലുകണ്ണാടിയെ
കല്ലെറിയാനുള്ള അഭിസാരികയിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല ആത്മാവിനെ
വെള്ളിത്തിരകളിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല കൽപ്പന
പാലിക്കുന്ന നീലക്കടലിനെ
അപ്പം പകുത്തതിന്റെ
പുണ്യത്തിൽ അഭിരമിച്ചപ്പോൾ
കണ്ടില്ല ഇന്ധനമില്ലാതെ കത്തുന്ന
സ്വന്തം ജഠരാഗ്നിയെ
ശബ്ദത്തിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല മലമുകളിലെ മൗനഹിമസാഗരത്തെ
വെളിച്ചത്തിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല കുരുടരെ
വഴിയുടെ നിമ്നോന്നതങ്ങളിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല മുടന്തരെ
വീഞ്ഞൂലഹരിയിൽ
അഭിരമിച്ചപ്പോൾ കണ്ടില്ല
പാർക്കാൻ മറന്നു പോയ മുന്തിരിത്തോട്ടങ്ങളെ
കുരിശിൽ
അഭിരമിച്ചപ്പോൾ
കണ്ടില്ല നിലവിളിക്കുന്ന
യേശുവിന്റെ ചോരയെ!
2
ഡിസംബറിൽ
ക്രിസ്മസ് മരം
ചോര പുരളാത്ത
ഒരു മുൾക്കിരീടവും പേറി
ഇന്നും കാത്തിരിക്കുന്നു
രക്താഭിഷിക്തനായ
യേശുവെ!