ട്രാഫിക്കിന്റെ ദുരിത പുഴ നീന്തി എയർപോർട്ടിൽ എത്തുമ്പോൾ അകെ വൈകി , സ്യൂട്കേസുകൾ തുക്കുമ്പോൾ നാലു കിലോ കൂടിയിട്ടും അയാൾ ഒന്നും പറഞ്ഞില്ല .ബോർഡിങ് പാസ് കൈയിൽ തന്നപ്പോഴാണ് പറഞ്ഞത് ഫ്ലൈറ്റ് അഞ്ചു മണിക്കൂർ ലേറ്റ് ആണ് .ഒരു മെസ്സേജ് ,അല്ലെങ്കിൽ ഇമെയിൽ ഒന്നും വന്നില്ല .ഏതെങ്കിലും മൂലക്ക് ചടഞ്ഞിരുന്നു വായിക്കാം എന്ന് ആദ്യം വിചാരിച്ചു .ശ്രദ്ധ കിട്ടുന്നില്ല .അടുത്തു കണ്ട ബാറിലേക്ക് നടന്നു .
അഞ്ചു മണിക്കൂർ തള്ളിനീക്കുന്നതിനെപ്പറ്റി ഓർത്തപ്പോൾ എന്ത് കുടിക്കണം എന്ന് ഒരുനിമിഷം കുഴങ്ങി . ബാർഗേൾ വന്ന് ടിപ്പിൽ പൊതിഞ്ഞു ചിരിച്ചു .
“ എന്ത് കുടിക്കണം സാർ . “
“ ഒരു ഷോട്ട് പെട്രോൺ ടെക്വില റെസ്പെസാഡോ “
ഷോട്ട് വിഴുങ്ങുമ്പോഴാണ് ,എതിർ വശത്തിരിക്കുന്ന പർദ്ദ ധരിച്ച പെണ്ണിനെ കണ്ടത് .ആദ്യമായാണ് പർദ്ദ ധരിച്ച ഒരു സ്ത്രീ ബാറിലിരുന്നു കുടിക്കുന്നതു കാണുന്നത് .ഞാനവളെ ശ്രദ്ധിക്കുന്നുവെന്നു അവൾക്കു മനസ്സിലായി .അവൾ കഴിക്കുന്നത് വൈനാണ് .കഴിച്ചു പരിചയമുള്ള പോലെ തോന്നിച്ചില്ല .കാരണം ഗ്ലാസ് പിടിച്ചിരിക്കുന്നത് സ്റ്റെമ്മിൽ അല്ല .അതുവരെ മുഖം മറച്ചു തൂക്കിയിട്ടിരുന്ന നെറ്റ് അവൾ ഉയർത്തിവച്ചു .
പിന്നെ സംഭവിച്ചതെല്ലാം കുറച്ചു വേഗത്തിലായിരുന്നു .അവൾ കുനിഞ്ഞു ഘനമുള്ളതെന്തോ എടുത്തു് എൻ്റെ അടുത്തു വന്നിരുന്നു .ഒരു കൈയിൽ ബേബികാരിയേജ് , മറ്റേ കൈയിൽ ക്യാരിഓൺ ബാഗ് .ബേബികാര്യജിൽ ഒരു കുട്ടി ഉറങ്ങുന്നു .
“ബാറിലിരുന്ന് കുടിക്കാൻ പറ്റിയ വേഷം ! “
“ അതിനു ഞാൻ മുസ്ലിം സ്ത്രീയൊന്നുമല്ല . ഈ കുട്ടിയെ ഒന്ന് നോക്കിക്കോളണം .ഇപ്പോൾ മടങ്ങി വരാം .”
അവൾ ആൾക്കൂട്ടത്തിൽ മറഞ്ഞു .ഷർട്ടും ,പാൻറ്സും ധരിച്ചു് വേഗം
മടങ്ങിവന്നു . തല മൂടി ,സ്കാർഫ് ചുറ്റിയിരുന്നു .
“ എങ്ങോട്ടാ കുറ്റിയും പറിച്ചു് ? “ എന്ന് ചോദിക്കാനുള്ള അവസ്ഥ .പക്ഷെ ചോദിച്ചില്ല .കൈപൊക്കി ബാർഗേളിന്റെ നേരെ ഒരു വട്ടം, കാണിച്ചു .
അവൾ രണ്ടാമത്തെ ഷോട്ട്മായി എത്തി .
വൈൻ ഗ്ലാസ് ചുണ്ടോട് അടുപ്പിക്കുന്നതിനിടയിൽ അവളുടെ ഒരു ചോദ്യം വന്നു .
“ എങ്ങോട്ടാ യാത്ര .? ആകെ അലോസരപ്പെട്ടപോലുണ്ടല്ലോ ! “
“ അബുദാബിക്കാ . ഫ്ലൈറ്റ് അഞ്ചു മണിക്കൂർ ലേറ്റ് ആണ് .”
“ ഞാനും , എങ്ങിനെ സമയം കളയും എന്ന് വിചാരിച്ചു ബാറിൽ കയറിയതാണ് .
ഏതെങ്കിലും ഒരൊഴിഞ്ഞ കോണിൽ ഇടം കിട്ടിയിരുന്നെങ്കിൽ ഒന്ന് മയങ്ങാമായിരുന്നു .തീരെ വയ്യ !! “
ഗേറ്റ് ഇരുപത്തൊമ്പതിന്റെ ,പല മൂലകളിലായി ,അഞ്ചു മണിക്കൂർ കൊല്ലാൻ കുടുംബങ്ങൾ ഒതുങ്ങുന്നു .തിരക്കൊഴിഞ്ഞ ഒരു മൂല കണ്ടുപിടിച്ചു നടക്കുമ്പോൾ അവളുടെ ബാഗ് എത്തിക്കാൻ ഞാനും സഹായിച്ചു .
“ മുഷിയുകില്ലെങ്കിൽ കുറച്ചു വ്യക്തിപരമായ കാര്യങ്ങൾ പറയട്ടെ ? “
“ കുറെ മണിക്കുറുകൾ കൊല്ലാനുള്ളതല്ലേ കഥ അങ്ങ് തുടങ്ങു് “
“ കഥയല്ല ജീവിതമാണ് . എൻ്റെ ഭർത്താവിന് നോർത്ത് കരോലിനയിൽ ചെറിയൊരു സൂപ്പർ മാർക്കറ്റ് ഉണ്ട് .ബ്രെസ്റ്റിൽ തുടങ്ങിയ അസുഖം മെല്ലെ പടരാൻ തുടങ്ങി .അറിഞ്ഞപ്പോൾ മുതൽ അയാൾക്ക് കുട്ടിയെ എടുത്തിട്ട് എന്നെ ഒഴിവാക്കണം .അബുദാബിയിലുള്ള അനിയത്തിയെ വിവരം അറിയിച്ചിട്ട് ഞാൻ മുങ്ങാൻ തീരുമാനിച്ചു .അങ്ങിനെയാണ് പർദ്ദ സംഘടിപ്പിച്ചത് .അയാളുടെ ആളുകൾ എല്ലായിടത്തും പരതുന്നുണ്ടാകും .”
“ കണ്ടപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാണ് .തൻ്റെ കുട്ടിയെന്താ ഉണരാത്തത്?”
“ അൽപ്പം ഓപിയം പാലിൽ ചേർത്ത് കൊടുത്തിരുന്നു . യാത്ര തുടരുമ്പോൾ ഉണർന്നു കരഞ്ഞാൽ പ്ലാനുകൾ പൊട്ടും .ഇതുവരെ എല്ലാം ഭദ്രമാണ് .
മടിയിൽ ഒന്ന് തലവെച്ചോട്ടെ ?
നെഞ്ചിൽ കൈ കോർത്തുവച്ചു അവൾ ശാന്തമായി ഉറങ്ങി .ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .ഞരക്കത്തിലേക്ക് പടരുന്ന വേദന ,ശരീരം ഇടക്ക് ഉലച്ചിരുന്നു . അതിനിടക്കാണ് കുട്ടി ഉണർന്നു കരഞ്ഞത് . തല ഉയർത്തി ബെഞ്ചിൽ വച്ചിട്ട് ,ഞാനതിനെ വാരിയെടുത്തു .അടുത്ത ഡെലിയിൽ നിന്ന് കുറച്ചു പാൽ ആറ്റി വാങ്ങി ,കുപ്പിയിലാക്കി കൊടുത്തു .കുട്ടി വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു . കറുപ്പിൻറെ പിടി പൂർണ്ണമായി വിട്ടിരുന്നില്ല .കുട്ടിയെ തോളിലിട്ട് ഞാനതിലെ നടക്കുന്നത് മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നു .
മനസ്സിൽ ഒരിളക്കം അനുഭവപ്പെട്ടു .ശരിക്കും ഒരു ഊരാക്കുടുക്കിൽ പെട്ട പ്രതീതി .അവൾ ഉണർന്ന പാടെ കുറച്ചു വെള്ളം ചോദിച്ചു .കൊണ്ടുപോയി കൊടുത്തപ്പോൾ ആർത്തിയോടെ കുടിച്ചു .മുഖമാകെ ചുവന്നു തുടുത്തിരുന്നു .
“ വേദനക്ക് കുറവുണ്ടോ ? “
എൻ്റെ ചോദ്യത്തിന് ഉത്തരമായിട്ടല്ല അവൾ പ്രതികരിച്ചത് .രണ്ടിറ്റു കണ്ണുനീർ
തിളങ്ങി നിന്നു .
“ വളരെ നാളുകളായി എന്നോടാരും ഒരു സുഖാന്വേഷണം നടത്തിയിട്ടില്ല .അതുകൊണ്ടു മാത്രം തുളുമ്പി പോയതാണ് .”
“ അബുദാബിയിൽ എത്തിയാൽ എന്താ പ്ലാൻ ? “
“ കുഞ്ഞിനെ അനിയത്തിയെ ഏൽപ്പിക്കണം .ഏതെങ്കിലും ഹോസ്പിറ്റലിൽ അഭയം തേടണം .”
“ എല്ലാം ശരിയാകും .അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം .”
ആദ്യമായി ചുണ്ടിന്റെ കോണിലൂടെ അവളൊന്നു ചിരിച്ചു .ഇത്രയും കരുണാർദ്രമായ ചിരി മുമ്പൊരിക്കലും കാണാൻ ഇടവന്നിട്ടില്ല .
വീണ്ടും അവളെൻറെ മടിയിൽ തന്നെ കിടന്നു .ഏതോ സുരക്ഷിത താവളം കിട്ടിയ പ്രതീതിയിൽ . സമയം ഇഴഞ്ഞു നീങ്ങി .അറിയാതെ മയങ്ങിപോയിരുന്നു .ആളുകളുടെ ബഹളം കേട്ടാണ് ഉണർന്നത് .പ്ലെയിൻ പുറപ്പെടുകയാണെന്ന് അറിയിച്ചു .
അവസാനമാണ് ,കുട്ടിയേയും തൂക്കി അകത്തുകയറിപറ്റാൻ കഴിഞ്ഞത് .
ഇരുന്നു ബെൽറ്റ് മുറുക്കിയപ്പോൾ ഒരു അനൗൺസ്മെൻറ് വന്നു .പ്ലേയ്‌നിൽ ഓക്സിജൻ കുറവാണ് ,തിരിച്ചിറങ്ങി ,ബോർഡിങ് ഇടങ്ങളിൽ ഇരിക്കുക .
നേരെ ബാറിലേക്ക് ഒരിക്കൽ കൂടി .ഓരോ ടെക്വിലകൂടി .
ഇപ്രാവശ്യം അവളും ഒരണ്ണം കഴിച്ചു .
‘ എങ്ങനെയെങ്കിലും വേദന ഒന്നടങ്ങിയാൽ മതി , “
തിരിച്ചു കയറുമ്പോൾ ,അവളെ താങ്ങി പിടിക്കേണ്ടി വന്നു . എയർഹോസ്റ്റസിൻറെ ഔദാര്യത്തിൽ ഫ്രണ്ടിലായി രണ്ടു സീറ്റ് തന്നു .മാത്രമല്ല കുട്ടിയെ കിടത്താൻ മുമ്പിൽ ബേബി കാരിയേജ് ഹുക് ചെയ്തു.പ്ലെയിൻ പൊങ്ങിയപ്പോൾ എയർ പ്രഷർ കൊണ്ട് കുട്ടി വാവിട്ടു കരയാൻ തുടങ്ങി .
കുട്ടിയെ തോളത്തിട്ട് ,എയർ ഹോസ്റ്റസിൻറെ കാരുണ്യത്തിൽ പാലും കൊടുത്തു് ഐലിലൂടെ കുറച്ചു നടന്നു .ജനം എന്നെ ദൈന്യമായി ശ്രദ്ധിക്കാൻ തുടങ്ങി .അവൾ തളർന്നു മയങ്ങുന്നു .
ദയയാണോ ,കാരുണ്യമാണോ ,സഹതാപമാണോ ,എന്തിലാണ് മനസ്സ് വീണുപോയിരിക്കുന്നതു ? ഏതാനും മണിക്കൂറു നേരത്തെ പരിചയം എന്നെ എവിടെയാണ് കൊണ്ടുപോയി എത്തിച്ചിരിക്കുന്നത് .എയർ ഹോസ്റ്റസ് കനിഞ്ഞു ,ഒരു ഡ്രിങ്ക് കിട്ടി .
നേരെ സീറ്റിൽ പോയിരുന്നു .അവൾ വേഗം എൻ്റെ മടിയിലേക്ക് ചാഞ്ഞു .പ്ലെയിനിൽ നിന്ന് തരുന്ന പുതപ്പുകൊണ്ട് അവളെന്നേയും ചേർത്ത് മൂടി .
“എൻ്റെ മുല വല്ലാതെ കഴക്കുന്നു . ഒന്ന് തിരുമ്മിത്തരമോ ? “
പറഞ്ഞു തീരാനും ,അവൾ ബ്ലൗസ് ഉയർത്തി ചേർന്നുകിടന്നു .
മനസ്സ് അനുഭൂതിയുടെ പത്മരാഗ പടവുകൾ നേർത്തകാലടികളോടെ കയറുന്നു.
പഞ്ഞികെട്ടുകൾ കണക്കെ മേഘകീറുകൾ പറന്നു നടക്കുന്നു .ഫണമുയർത്തിയ പാമ്പു കണക്കെ മുലഞെട്ടുകൾ തീർത്ഥമാടുന്നു .നിമിഷങ്ങൾ ഭൂപാള രാഗം പാടി ഇഴയുന്നു .അവൾ തല ഉയർത്തി എൻ്റെ ചുണ്ടുകളിൽ മെല്ലെ ചുംബിച്ചു ,
എന്നിട്ട് ചെവിയിൽ പറഞ്ഞു ;
“ ആ മുലയിലല്ല വേദനയും ,അസുഖവും !! “
വേഗം കൈവലിച്ചു .ഉള്ളിലെവിടെയോ വിഷാദം തളം കെട്ടുന്നു .അരുതാത്തതെന്തോ ! മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു !
അവൾ ഉറക്കത്തിലേക്ക് മെല്ലെ ഉതിർന്നു വീണു .എപ്പോഴാണ് ,ഉണർന്നത് എന്നറിയില്ല ,ഒരു വല്ലാത്ത ശബ്ദം കേട്ടിരുന്നു ,ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും പോലെ. ഉറങ്ങിയിരുന്ന എയർ ഹോസ്റ്റസിനെ വിളിച്ചുകൊണ്ടു വന്നു .
പൾസ് താന്നുപോയ പോലത്തെ പ്രതീതി .ദേഹം ആസകലം തണുത്തിരുന്നു !!
എയർ ഹോസ്റ്റസ് ക്യാപ്റ്റനോട് പറഞ്ഞു ഒരു “ അനൗൺസ്മെൻറ് “ നടത്തി .
“ഫ്‌ളൈറ്റിൽ ഡോക്‌ടേഴ്‌സ് ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കണം “
രണ്ടു സ്ത്രീകൾ വേഗമെത്തി . സ്റ്റെതസ്സ്കോപ് ഒക്കെ വച്ച് നോക്കുന്നുണ്ടായിരുന്നു .സീറ്റിന് ഇടയിലുള്ള നടവഴിയിൽ ഒരു പുതപ്പുവിരിച്ചു ,അവളെ കിടത്തി .ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും പോലെ . നെഞ്ചു വല്ലാതെ ഉയർന്നും , താണും നിന്നു .
നിലത്തിരുന്ന് ,ഞാനവളുടെ തല എൻ്റെ മടിയിലേക്ക് കയറ്റിവച്ചു .ഡോക്ടർമാർ ആവുന്നത്ര എന്തൊക്കെയോ ചെയ്തു .നെറ്റിയിൽ വിയർപ്പു പൊടിഞ്ഞത് ,ടവ്വലെടുത്തു തുടച്ചു .അവളുടെ ശരീരം കൂടുതൽ തണുത്തുകൊണ്ടിരുന്നു .
ഡോക്‌ടേഴ്‌സ് രണ്ടുപേരും ,ഒരേ സ്വരത്തിൽ പറഞ്ഞു : “ ഞങ്ങൾക്കിതിൽ ഇനി ഒന്നും ചെയ്യാനില്ല . അവൾ പോവുകയാണ് . നിങ്ങൾ ഭാര്യയുടെ ബന്ധുക്കളെ വിവരം അറിയിച്ചോളൂ “
“ അതിന് അവളെൻറെ ഭാര്യയല്ല .”
“അബുദാബി പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട് . നിങ്ങൾ അക്കാര്യം അവരോട് പറയുക .”
ഫ്ലൈറ്റ് അബുദാബി എയർ പോർട്ടിൽ എത്തുമ്പോൾ പോലീസും ,എയർപോർട്ട് അധികൃതരും അടക്കം ഒരു പട തന്നെ നിന്നിരുന്നു .
ഞാൻ കുട്ടിയേയും തോളിലിട്ട് നിൽക്കുകയായിരുന്നു .അവളുടെ ബാഗും ,എൻ്റെ ബാഗും ,എല്ലാംകൂടി ഒരു കെട്ടു ബാഗേജ് വേറെയും .
അനിയത്തിയേയും ,ഭർത്താവിനെയും ഞാനാ ആൾക്കൂട്ടത്തിൽ തിരഞ്ഞു .
അകലെ നിന്ന് ഒരറബിയും ,സ്ത്രിയും ഓടി വരുന്നത് കണ്ടു .
അറബി വന്ന പാടെ എൻ്റെ നെഞ്ചിൽ പിടിച്ചു തള്ളി ,എന്തൊക്കെയോ ശുദ്ധ അറബിയിൽ പറഞ്ഞു .ഒരക്ഷരം പിടികിട്ടിയില്ല .കൊച്ചിനെ അനിയത്തിയുടെ നേരെ നീട്ടാനും ,അറബി എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ട് ,അവളെ പിടിച്ചുവലിച്ചുകൊണ്ടു പോയി ..
ഞൊടിയിടകൊണ്ടു എല്ലാവരും പിരിഞ്ഞുപോയി . ശവം പോലീസ് ഏറ്റെടുത്തു .ആ ബാഗേജുകൾക്ക് നടുവിൽ കൊച്ചിനെയും തോളിലിട്ട് ,ഇനി എങ്ങോട്ട് എന്ന ചോദ്യവുമായി ഞാൻ നിന്നു .