Image

കാലാന്തരങ്ങൾ (ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 12 December, 2024
കാലാന്തരങ്ങൾ (ചെറുകഥ: ദീപ ബിബീഷ് നായർ)

"കാലം മാറി അല്ലേ മാധവാ ''... ഉമ്മറത്തെ പടിയിൽ വെളിയിലേയ്ക്ക് കാലും നീട്ടി ഇരിക്കുകയായിരുന്ന നാണിയമ്മ മകനോടായി ചോദ്യരൂപേണ പറഞ്ഞു.
ചാരുകസേരയിൽ നെഞ്ചിലെ നരച്ച രോമങ്ങളെ തടവി ദൂരേയ്ക്ക് കണ്ണും നട്ടിരുന്ന പട്ടാളത്തിൽ നിന്നു വിരമിച്ച മകൻ അതേ എന്നു തലയാട്ടി. "നെനക്കോർമ്മയുണ്ടോടാ നെൻ്റ കുട്ടിക്കാലം. ഞാനും നെൻ്റച്ഛനും കൂടി തെങ്ങിന് തടമെടുക്കുമ്പോൾ ഓര് വെട്ടുന്നതിൽ ചകിരിച്ചോറ് നെറയ്ക്കുമാരുന്നു നീ, അന്ന് വള്ളിനിക്കറിടുന്ന പരുവം."
അത്രയും നേരം മൊബൈലിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന കൊച്ചുമകനായ പന്ത്രണ്ടു വയസുകാരൻ ആദിത്യൻ എന്ന ആദി ഒന്നു തലയുയർത്തി നോക്കി, "ചകിരിച്ചോറോ, അതെന്തോന്ന്" ?
" അതു തിന്നാനുള്ളതല്ല ചെക്കാ, തേങ്ങേട തൊണ്ട് കണ്ടിട്ടില്ലേ നീ, അതീന്ന് ചകിരി മാറ്റുമ്പോൾ കിട്ടുന്നതാണ്, അതൊക്കെ ഇട്ടാൽ പെയ്യണ മഴേട വെള്ളമൊക്കെ കാലാകാലം തെങ്ങിനും മറ്റും കിട്ടുവാരുന്നു. ഇന്നിപ്പോ എവിടാ തെങ്ങ്, ഒള്ളതിനൊന്നും മണ്ടേം ഇല്ല", മുത്തശ്ശി ഒന്നു നെടുവീർപ്പെട്ടു. ആദി വീണ്ടും ഫോണിൽ മുഴുകി.

"അന്നൊക്കെ എന്തോരം ചെറുപയറും, എള്ളും വൻപയറുമൊക്കെയാ പച്ചയ്ക്ക് തൊലിച്ച് തിന്നിരിക്കുന്നെ,  ഓരോ സമയത്ത് ഓരോ വെളവുകളായിരുന്നു". അച്ഛൻ വീണ്ടുമെന്തൊക്കെയോ ഓർത്തെടുക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നിപ്പിക്കും വിധം പറഞ്ഞു.
"പിന്നേ, നിൻ്റച്ഛനന്നതു കണ്ടുപിടിച്ചില്ലാരുന്നേൽ വിത്തിനു പോലും ഒന്നും കിട്ടുമായിരുന്നില്ല, ശിവ ശിവ...., അന്നേ നീയൊരു തല്ലുകൊള്ളിയായിരുന്നു". ആദി തല ചരിച്ച് അച്ഛനെ നോക്കി, ചുമ്മാതല്ല ഞാനിങ്ങനെ എന്നായിരുന്നു ആ നോട്ടത്തിൻ്റെ അർത്ഥം.
"അന്നൊക്കെ ഞാറ്റുവേലയ്ക്കനുസരിച്ചല്ലേ എല്ലാം ". " ഞാറ്റുവേലയോ? അതെന്താ മുത്തശ്ശി ?ആദി ചോദിച്ചു. "ആദ്യം നീ ആ കുന്ത്രാണ്ടം താഴെ വയ്യ്, എന്നിട്ടിവിടെ എൻ്റടുത്ത് വന്നിരിക്ക്.  മനസില്ലാമനസോടെയാണെങ്കിലും ആദി ഫോൺ തൂണിനരികെ വച്ചിട്ട് മുത്തശ്ശിയ്ക്കടുത്തായി വന്നിരുന്നു.

"പണ്ട്, ഞാനും നെൻ്റ മുത്തച്ഛനും ഇവിട താമസം തൊടങ്ങുമ്പം മൊത്തം കാടും മലേം ആയിരുന്നു. ഒക്കെ വെട്ടീം കെളച്ചും എന്തോരം ഒണ്ടാക്കിയെന്നറിയാമോ? അന്ന് പൊരയിടമൊക്കെ തട്ടുകളായി തിരിക്കും." "തട്ടുകളോ?", 
"എൻ്റെ കൊച്ചേ അന്നീ മണ്ണു മാന്തുന്ന സാധനോന്നും ഇല്ലാരുന്നു.അതു കൊണ്ട് തന്നെ  കുഴിയ്ക്കൊക്കെ ഒരു കണക്കുണ്ടാരുന്നു. ഇന്നിപ്പോ ആ മണ്ണുമാന്തി വന്ന്  പാതാളം വരെ കുഴിച്ച് കുഴിച്ച് കുടിക്കാൻ കെണറ്റിൽ വെള്ളോം ഇല്ലാത്ത അവസ്ഥയായി. "
"ഓ, ജെസിബി, അല്ലേ" ?
" ആ, എന്തോന്നായാലും അതു തന്നെ."

"മുത്തശ്ശീ നാടു വളരുകയാണ്, നമ്മൾ വികസനത്തിൻ്റെ പാതയിലാണ്. കണ്ടോ റോഡുകളൊക്കെ വലുതാക്കുന്നത്. "

"കണ്ടു, കണ്ടു, എന്തോരം വല്യ ആൽമരമാ ആ മൂന്നുമുക്കിലുണ്ടാരുന്നത്, സന്ധ്യയായാൽ ആ മരത്തിലിരുന്ന് കിളികൾ അലയ്ക്കുന്നത് ഇവിടം വരെ കേക്കാമാരുന്നു, മഴയും വെയിലും വന്നാൽ പത്താൾക്ക് ഒന്നിച്ചവിടെ നിക്കാരുന്നു, അതും വെട്ടിക്കളഞ്ഞില്ലേ....
ഇപ്പോ വണ്ടീലാനും വന്നിറങ്ങിയാൽ സ്ഥലമേതാന്ന് പോലും മറന്നു പോണു, "

എൻ്റെ മുത്തശ്ശീ... വികസനം വരുമ്പോൾ അങ്ങനൊക്കെ ഉണ്ടാകും, ഈ മുത്തശ്ശീടൊരു കാര്യം.... ഒരഞ്ചു വർഷം കഴിഞ്ഞോട്ടെ, ആറുവരിപ്പാതയാകും, മുത്തശ്ശിക്ക് ഇതൊക്കെ കാണാമല്ലോ,
അവൻ അഭിമാനത്തോടെ പറഞ്ഞു,

"നിക്കിതിലൊന്നും സന്തോഷം വരണില്ല കുട്ടീ... നെനക്ക് ടി വി കാണാൻ സമയമില്ലല്ലോ, നീ കണ്ടാ ഒരു ചെക്കൻ വണ്ടീം കൊണ്ട് പോയി മണ്ണിൻറടിയിലായത്, അതിപ്പോ മണ്ണിൻറടിയിലാണോ, വെള്ളത്തിൻ്റടിയിലാണോ എന്നറിയില്ല. ഇതു പോലെ കുന്നിടിച്ച് കെട്ടിയ റോഡാ അതും, ഇതിപ്പം വികസനം ന്നും പറഞ്ഞ് വശങ്ങളൊക്കെ ഇടിച്ചു നെരത്തണല്ലോ, നാളെ ഇതുപോലാനും വീഴില്ലന്ന് ആരു കണ്ടു?" മുത്തശ്ശി നെടുവീർപ്പെട്ടു.

അതൊക്കെ ഞാൻ കണ്ടതാ മുത്തശ്ശീ മൊബൈലിൽ, എല്ലാം അങ്ങനെ ചിന്തിക്കാതെ, വേണ്ടാത്തതേ  ഈ മുത്തശ്ശി ചിന്തിക്കൂ....അതൊക്കെ കളയ് മുത്തശ്ശി പഴയ കഥകൾ പറയ്. അതു കേൾക്കാനാ ഞാൻ ഗെയിം പോലും കളിക്കാതെ വിളിച്ചപ്പോ വന്നത്.

" ആ എന്തോന്നാ പറഞ്ഞു നിർത്തിയത്, മറന്നുവല്ലോ കുട്ടീ.... " മുത്തശ്ശി ആദിയെ നോക്കി. ഞാറ്റുവേലാന്നാ പറഞ്ഞത്.
"ആ... മാനം നോക്കി മഴയെ അറിഞ്ഞിരുന്നൊരു കാലമുണ്ടാരുന്നു മോനെ, അന്നൊക്കെ വേനൽമഴ കഴിഞ്ഞാൽ ആദ്യ ഞാറ്റുവേലയായി. എടയ്ക്കിടെ ചന്നം പിന്നം മഴ പെയ്യും, 'കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലൻ മുക്കും' ന്ന് എൻ്റമ്മ പറയുമാരുന്നു".
"എന്തോന്നെന്തോന്ന്" ആദി ഒന്നും മനസിലാകാതെ ചോദിച്ചു. മുത്തശ്ശി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു, " മേടം രാശില് വരുന്ന കാർത്തിക ഞാറ്റുവേലേടെ കാൽ പങ്ക് മഴ പെയ്താൽ മിഥുനം രാശീല മുക്കാൽപ്പങ്ക് മഴ കിട്ടുമെന്ന് ",
"എന്നാപ്പിന്നെ അങ്ങനങ്ങ് പറഞ്ഞാൽ പോരേ മുത്തശ്ശീ", ആദി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
'ഉം'.... മുത്തശ്ശി നീട്ടി മൂളി. "മകയിരത്തില് മദിച്ചു പെയ്യുമെങ്കിലും തിരുവാതിരയാ കേമൻ. എന്തു നട്ടാലും വളരും, കമ്പൊന്ന് കുത്തിയാ മതി, അന്നൊക്കെ നട്ട എളളിനും കുരുമുളകിനും ഒരു കണക്കുമില്ല, ഒക്കെ പറഞ്ഞാൽ ഇന്നത്തെ കുട്ടികള് വിശ്വസിക്കില്ല, തിരുവാതിര ഞാറ്റുവേലയില് ഒരു ദിവസം അമൃത് മഴ പെയ്യുംന്ന് അമ്മ പറയുമായിരുന്നു, അത് എന്നൊന്ന് മാത്രം അറിയില്ല അതോണ്ട് പതിനഞ്ചു ദെവസോം മഴവെള്ളം പിടിച്ചു വയ്ക്കുമാരുന്നു ന്നാ പറേന്നെ. ആ വെള്ളം കൊണ്ട് മരുന്നും ഒണ്ടാക്കുമാരുന്നു."എടവപ്പാതീട ഒരു വരവുണ്ട്, മേലീന്ന് മണ്ണൊലിച്ച് വന്ന് താഴെയടിയും, അതു തന്നാ ഏറ്റവും വല്യ വളം, പിന്നെ ചാണകോം, ചാമ്പലും.... 
വെളകള് പത്തായത്തില് നെറയ്ക്കുമായിരുന്നു, കട്ടിലോളം വല്യ പത്തായമായിരുന്നു, "
ഇത്രയും പറഞ്ഞു മുത്തശ്ശി വല്ലാതെ നെടുവീർപ്പെട്ടു.

അച്ഛനും പഴയ കാലത്തിലേക്ക് തിരിച്ചു പോയതായി ആദിക്ക് തോന്നി. മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ പലതും അവന് അവിശ്വസനീയമായിരുന്നു. " മുത്തശീ ഇന്നും ആളുകളൊക്കെ കൃഷി ചെയ്യുന്നുണ്ടല്ലോ, അതല്ലേ നമുക്ക് കഴിക്കാനിപ്പൊഴും ഭക്ഷണം കിട്ടുന്നത് ".
" ഉം... കിട്ടുന്നുണ്ട്, പക്ഷേ പഴയ രുചീം കൊണോം വല്ലതുമുണ്ടോ? മുറ്റത്തെ ആ ബാഗില് വളരുന്ന മൊട്ടക്കോസ് എടുത്താപ്പിന്നെ ആ മണ്ണ് എന്തിനു കൊള്ളാം, അതില് വേറെ വല്ലതും വളരോ?, ആ കലികാലംന്നല്ലാതെ എന്താ പറയ്ക", 
എന്തൊക്കെ പുതിയ കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും മുത്തശ്ശിയ്ക്കിഷ്ടം പഴയ കാലം തന്നെന്ന് ആദിക്ക് തോന്നി.

"എന്നെ ഒന്ന് പിടിക്ക് മോനെ, ഞാനൊന്ന് കെടക്കട്ടെ,നിൻ്റമ്മ ആങ്ങളേ കാണാൻ പോയിട്ട് തിരികെ വരാറായില്ലേ ? " ആ അമ്മ ഇറങ്ങാൻ നേരം വിളിക്കും, ഞാൻ പോയി കൊണ്ട് വരും അമ്മയെ ,മുത്തശ്ശി വാ". അവൻ മുത്തശ്ശിയെ എഴുന്നേല്പിച്ചു, കട്ടിലിൽ കൊണ്ടു പോയി കിടത്തി. ഒരു ഗൂഗിളിനും പറഞ്ഞു തരാനാകാത്ത ഒരു പാട് അറിവുകളുടെ നിലവറയാണ് മുത്തശ്ശിയെന്ന് ആദിക്ക് മനസിലായി. അവൻ തിരിഞ്ഞു നോക്കി, മുത്തശ്ശി നിദ്രയുടെ ലോകത്തിലേക്ക് പഴയ കാലത്തിൻ്റെ കല്പപടവുകളിലൂടെ നടന്നിറങ്ങുന്നതായി അവന് തോന്നി. അപ്പോഴും കസേരയിലിരുന്ന അച്ഛൻ്റെ മനസ് മറ്റേതോ ലോകത്ത് വിഹരിക്കുകയായിരുന്നു.

 

Join WhatsApp News
Sudhir Panikkaveetil 2024-12-13 17:07:44
മുത്തസ്സീടെ ഓർമ്മകളിലൂടെ പഴയകാല വർണ്ണന. നന്നായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക