കറുകറുത്തൊരാന , ആ ആനയുടെ പുറത്തു വെളുവെളുത്ത ഒരു ഉണ്യമ്പൂരി. നല്ല പവൻ നുറുക്കുപോലെ, പുളിയില ക്കര യൻ മുണ്ടിൽ പൊതിഞ്ഞ പൂവൻ പഴത്തിന്റെ നിറമുള്ള ഉണ്ണി . കുടവയർ കാട്ടി , വയറിനു മുകളിലൂടെ അലസമായി കിടന്നു തേങ്ങുന്ന വെളുത്ത പൂണൂലും ഇട്ടു, പല നിറത്തിലുള്ള മന്ത്ര ചരടുകളിൽ കോർത്ത ഏലസും കൈയിൽ കെട്ടി, ഭക്തിയിൽ പാതി കൂമ്പുന്ന കണ്ണുകളോടെ ഭഗവതിയുടെ തിടമ്പും പിടിച്ചു , കളഭ ചലന താളത്തിൽ തുള്ളി തുളുംബുമാറ് ഇളകുന്ന ചെറു കുംഭ യോടെ ഇരിക്കുന്ന നമ്മുടെ നല്ല പവൻ നുറുക്ക് പോലത്തെ കൊച്ചു തിരുമേനി ! ചന്ദന നിറമുള്ള മുഖത്തെ ചിരിക്കാണോ അതോ ആ ചന്ദനക്കുറിക്കാണോ ഏറെ ചന്തം എന്ന് ആരും ഒരു നിമിഷം സന്ദേഹിക്കുന്നെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല !ഞങ്ങളുടെ പുതിയ കാവിലെ ഉത്സവ ദിവസങ്ങളിൽ സാധാരണ ശീവേലിക്കും പറക്കെഴുന്നെള്ളത്തിനു മാണ് ഈ കാഴ്ച്ച ഉണ്ടാവുക . അഞ്ചു ദിവസം ഉത്സവം ഉണ്ട് . സ്കൂളിന്റെ അടുത്ത് തന്നെയാണ് . ഈ കാവ് . ഉത്സവത്തിന് ആന വരുന്ന ദിവസം മുതൽ ഞങ്ങൾ കുട്ടികൾക്കും ഉത്സവമാണ് . ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതും പനം പട്ട എടുക്കാൻ മേനോൻ സാറിന്റെ വീട്ടിൽ പോകുന്നതും എല്ലാം ഞങ്ങളും കൂടിയാണ് ! ഞങ്ങളുടെ ഹീറോ ആനക്കാരൻ എന്ന് ഞങ്ങൾ വിളിക്കുന്ന പാപ്പാൻ "സാറന്മാർ " ആണ് . ഒന്നാം പാപ്പാൻ സാധാരണ ചില്ലറ കാര്യങ്ങൾക്കൊന്നും ആനയുടെ കൂടെ പോകാറില്ല അതെല്ലാം ജൂനിയേഴ്സിനെ കൊണ്ട് ചെയ്യിക്കും . ആനയുടെ നീരാട്ട് ഒരു സംഭവം തന്നെയാണ് , കൊമ്പന് നീരാടാൻ ഇഷ്ടം പോലെ വെള്ളം ഉള്ള ഭാഗത്തു പടവുകൾ കെട്ടിയിറക്കിയ കടവുണ്ട് . അവിടെ ചെല്ലുമ്പോൾ ജൂനിയർ പാപ്പാൻ ആനയുടെ " എറങ്ങാനി " എന്ന് ഓർഡർ കൊടുക്കും . വലിയ ചെവിയാൽ മറക്കപ്പെട്ട വലിയ ശരീരം കാണാൻ ഭാഗ്യം സാധിക്കാത്ത പാവം ആന , സ്ഥൂല ശരീരസ്ഥനായ തന്റെ യജമാനന്റെ ഉച്ചസ്ഥായി യിലുള്ള ആ ആജ്ഞ നമ്ര ശിരസ്കനായി അനുസരിക്കും! ആന പടവുകൾ ഇറങ്ങുന്നത് കാണാൻ ഞങ്ങൾക്ക് നല്ല രസം ആണെങ്കിലും ആനക്ക് അതത്ര സുഖമുള്ള തായി തോന്നിയില്ല ! പുറം തേക്കാൻ തൊണ്ട് ഞങ്ങൾ ചിലപ്പോൾ കൊണ്ട് കൊടുക്കും അതുവഴി പാപ്പന്റെ പ്രീതി കിട്ടിയാൽ മറ്റുള്ളവരുടെ മുമ്പിൽ അതൊരു ക്രെഡിറ്റ് അല്ലെ . അതൊക്കെ പോകട്ടെ , ഇവിടെ ആനയല്ല വിഷയം ആനയുടെ പുറത്തു കണ്ട നമ്മുടെ ഉണ്യമ്പൂരി യാണല്ലോ.
പ്രൈമറി സ്കൂൾ കഴിഞ്ഞു ടൗണിനടുത്തുള്ള ഹൈസ്കൂളിൽ ചേർന്നപ്പോൾ പല സ്കൂളുകളിൽ നിന്നും വന്ന കുട്ടികൾ എട്ടാം തരത്തിൽ പഠിക്കാൻ ഉണ്ടായിരുന്നു . അക്കൂട്ടത്തിൽ ഞാൻ ആനപ്പുറത്തു മാത്രം കണ്ടിട്ടുള്ള സുന്ദരക്കുട്ടൻ തിരുമേനി , ഹരി നാരായണൻ നമ്പൂതിരി , താഴെ ഭൂമിയിൽ , എന്റെ ക്ലാസ്സിൽ ഏറ്റവും മുമ്പിലത്തെ ബെഞ്ചിൽ ഇരിക്കുന്നു . എനിക്ക് വലിയ അത്ഭുതം തോന്നി , ഞാൻ വിചാരിച്ചിരുന്നത് അവരൊക്കെ വേറെ ഏതോ ലോകത്ത് ജീവിക്കുന്ന , മനുഷ്യർക്ക് അപ്രാപ്യമായ , ഈശ്വരന്റെ പ്രെത്യേക താല്പര്യ പ്രകാരം സൃഷ്ടിച്ച “Special Edition” ഗന്ധർവനോ ആയിരുന്നു എന്നാണ് എന്റെ കൊച്ചു മനസിലെ വിചാരം . പക്ഷെ എനിക്ക് തെറ്റി ! എന്റെ സന്തോഷം പറഞ്ഞു അറിയിക്കുവാൻ പറ്റാത്ത അത്രയും ആയിരുന്നു. ക്‌ളാസിൽ കേട്ടെഴുത്തിനു എല്ലാ ഉത്തരവും ശരിയായി പറഞ്ഞ രണ്ടു മൂന്നു പേരിൽ ഞാനും വന്നത് ഹരിയുടെ അടുത്ത് മുൻ ബെഞ്ചിൽ ഇരിക്കാൻ കാരണം ആയി ! ഭാഗ്യം . ഹരി എന്നും അലക്കി തേച്ച നല്ല ഭംഗിയുള്ള ഷർട്ടും നിക്കറും ഇട്ടു കുളിച്ചു കുട്ടപ്പനായി ചന്ദനക്കുറിയും ഇട്ടു ആണ് സ്കൂളിൽ വരുന്നത് . എന്തോ ഒരു ദൈവീക സുഗന്ധം ആ സുന്ദരക്കുട്ടന് ഉണ്ടായിരുന്നു . ഒന്ന് രണ്ടു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ കൂട്ടുകാരായി . ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന മൂന്നോ നാലോ പേരുടെ ലിസ്റ്റിൽ ഒന്നാമതോ രണ്ടാമതോ ഒക്കെ യാണ് ഹരിയുടെ സ്ഥാനം . ക്ലാസ് നടക്കുമ്പോൾ ഹരിയുമായി വർത്തമാനം പറഞ്ഞതിന് എനിക്ക് പല വട്ടം വഴക്കും അടിയും കിട്ടിയിട്ടുണ്ട് . ഇന്റെർവെല്ലിന് സ്കൂളിന്റെ അടുത്തുള്ള ഹരിയുടെ ഇല്ലത്തു വെള്ളം കുടിക്കാൻ പോവും . അവിടെ , മാവും പ്ലാവും , ഞാലി പൂവൻ വാഴകളും , സർപ്പക്കാവും, തുളസി തറകളും , വലിയ രണ്ടു കുളങ്ങളും ഒക്കെ ഉള്ള വിശാലമായ പറമ്പിന്റെ നടുവിൽ പ്രൗഢ ഗംഭീര മായി തലയെടുപ്പോടെ ഉള്ള നാലുകെട്ട് ! വടക്കിനിയും തെക്കിനിയും നടുമുറ്റവും , അടുക്കളയിൽ നിന്നും പുറത്തിറങ്ങാതെ അന്തർജങ്ങൾക്കു വെള്ളം കോരിയെടുക്കാൻ പരുവത്തിലുള്ള ആഴമുള്ള കിണറും എന്ന് വേണ്ട ഇത്തരം ഒരു വീട് , കൊട്ടാരം എന്റെ സ്വപ്നങ്ങളിൽ പോലും ഞാൻ കണ്ടിട്ടില്ല ! വലിയ ഒരു കൂട്ടുകുടുംബമായിരുന്നു ഹരിയുടേത് . മുത്തച്ഛൻ , അഛൻ , കൊച്ചപ്പൻ അതായത് അച്ചന്റെ അനിയൻ , 'അമ്മ , നാലു സഹോദരിമാർ. ഹരി, ഒരേ ഒരാൺ തരി ആണ് ! അങ്ങനെ ഒരു ജാഥക്കുള്ള ജനം ആ നാലു കെട്ടിനുള്ളിൽ ഉണ്ടായിരുന്നു . മുത്തച്ഛൻ തിരുമനസ്സ് ,മഹാരാജാവിൽ നിന്നും പട്ടും വളയും വാങ്ങിയിട്ടുള്ള ഒരു കഥകളി സംഗീത കാരൻ ആയിരുന്നു . ഇപ്പോൾ തീരെ വയ്യ . ആയ കാലത്തു രുഗ്മിണി സ്വയം വരവും , നളചരിതവും , കല്യാണ സൗഗന്ധികവും ഒക്കെ ആ തൊണ്ടയിൽ നിന്നും അനർഗ്ഗളമായി പ്രവഹിച്ചിരുന്ന ഗാന നിർഝരി ആയി ആസ്വാദകരെ പുളകിതരാക്കിയിട്ടുണ്ട് ! പഴയ കാലത്തെ കഥകളി സൂപ്പർ സ്റ്റാറുകൾക്ക് അവരുടെ മുഴുവൻ കഴിവും പുറത്തിറക്കാൻ മുത്തച്ഛൻ തിരുമേനിയുടെ പാട്ടു നിര്ബന്ധ ഘടക മായിരുന്നു . കണ്ണെത്താ ദൂരത്തിലുള്ള വലിയ തെങ്ങിൻ തോപ്പും , നെൽകൃഷി പാട ശേഖരങ്ങളും ഒക്കെ അക്കാലത്തു ഇല്ലം വകയായി ഉണ്ടായിരുന്നു . അഛൻ അല്പം ആയുർവേദ ചികിത്സയും , അതിലേറെ ചതുരംഗ മത്സരങ്ങളും ഒക്കെയായി ലേശം ആരോഗ്യ പ്രശ്നങ്ങളുമായി കഴിയുന്നു . അച്ഛന്റെ അനിയൻ കൊച്ചപ്പൻ അന്താക്ഷരിയും , പാട്ടുകച്ചേരിയും ഒക്കെയായി ജീവിതം നന്നേ ആസ്വദിച്ചു കഴിയുന്നു . അവിവാഹിതൻ ആണ് കക്ഷി . തെങ്ങിൻ തോപ്പും കൃഷിയിടങ്ങളും എല്ലാം ഇല്ലത്തിന്റെ ദൈനം ദിന പരിപാലന ചെലവിനായി ഓരോന്നായി വിറ്റു തുലച്ചു . ഇപ്പോൾ ഇല്ലം ഇരിക്കുന്ന വലിയ പറമ്പു മാത്രമാണ് സ്വന്തമായിട്ടുള്ളത് . തലമുറകളായി കൈ മാറിക്കിട്ടിയ കാവിലെ പൂജാ താന്ത്രിക ചുമതല ആദ്യമൊക്കെ ഒരു വഴിപാട് ആയിട്ട് ചെയ്‌തെങ്കിലും ഇപ്പോൾ അതിലുപരി ഒരു ചെറിയ വരുമാനം , ഒരേ ഒരു വരുമാനം ആയി വന്നിരിക്കുകയാണ് . കാലം ശോഷിപ്പിച്ച സാമ്പത്തിക ശ്രോതസ്സുകൾ ഇല്ലത്തെ മൊത്തം തളത്തി എന്ന് പറയാം . കാവിലെ ഉത്സവത്തിന് തിടമ്പ് പിടിക്കാൻ ആനപ്പുറത്തു അഛൻ തിരുമേനിയാണ് കയറി കൊണ്ടിരുന്നത് , പക്ഷെ അനാരോഗ്യo , രക്ത സമ്മർദവും , ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കാരണം ഡോക്ടർ പറഞ്ഞിട്ടാണ് ചില കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വന്നതും ഹരിയെ അതെല്ലാം കൊച്ചുപ്രായത്തിലെ അതേറ്റെടുക്കുവാൻ നിര്ബന്ധിതനാക്കുകയും ചെയ്തത് .
ഹൈസ്‌കൂൾ പഠനകാലത്തെ മൂന്നു വർഷവും ഞങ്ങളുടെ സ്നേഹ ബന്ധം അനുസ്യുതം തുടർന്നു . ഒന്നാം ക്ലാസ്സോടെ ഹരി പത്താം ക്ലാസ് പാസ്സായി . എനിക്ക് ക്ലാസ് ഒന്നും കിട്ടിയില്ലെങ്കിലും ഞാനും പാസ് ആയി . പട്ടണത്തിലെ പേരുകേട്ട കോളേജിൽ സയൻസ് ഗ്രൂപ്പ് എടുത്ത് ഹരി പഠനം തുടങ്ങി . അഛൻ തിരുമേനി മകനെ ഒരു ഡോക്ടർ ആയി കാണാൻ കൊതിച്ചിരുന്നു . തന്റെ ചെറിയ ആയുർവേദ ചികിത്സ പാരമ്പര്യം കുറച്ചു കൂടി ഉന്നത മായി മകൻ ആധുനിക ചികിത്സ രീതിയിലൂടെ തുടരുന്നത് ആ വയോധികൻ സ്വപ്നം കണ്ടു ! ഞാൻ മറ്റൊരു കോളേജിൽ കോമേഴ്‌സ് ഗ്രൂപ്പ് എടുത്ത് എന്റെ കോളേജ് ജീവിതവും ആരംഭിച്ചു . ഹരിയും ഞാനുമായുള്ള ബന്ധം ബസ് യാത്രക്കിടയിലുള്ള അര മണിക്കൂർ സൗഹ്രദ സംഭാഷണത്തിലേക്കു ചുരുങ്ങി . കോളേജ് ഇലെക്ഷനിൽ ഹരി ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിയില്ല പക്ഷെ അയാൾ ഇടതു പക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സ്ഥാനാർഥി ആണെന്ന് കേട്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി . ബ്രഹ്മജ്ഞാനം ലഭിച്ചവൻ, ബ്രഹ്മത്തെ അറിഞ്ഞവൻ, ദൈവം മിഥ്യയാണെന്നും , മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും ഉരുവിട്ട് അണികളെ ബോധവാന്മാർ ആക്കുന്ന ഒരു പ്രസ്ഥാനത്തിൽ എങ്ങനെ ചെന്ന് പെട്ടു എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല !
എലെക്ഷനിൽ ഹരി ജയിച്ചു ! പട്ടണം ചുറ്റിയുള്ള വിജയാഘോഷ ജാഥയിൽ ചുവന്ന മാലയിട്ട ഹരിയേയും മറ്റു വിദ്യാർത്ഥി നേതാക്കളെയും കണ്ടു . വിദ്യാർഥി പ്രസ്ഥാനത്തിൽ ഹരി കൂടുതൽ വളരാൻ തുടങ്ങി , അടുത്ത വര്ഷം യൂണിവേഴ്സിറ്റി കൗൺസിലർ ആയി . ഹരി വിദ്യാർഥി പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മറ്റി യിൽ അംഗമായി . പാർട്ടി ഓഫീസും , സ്റ്റഡി ക്ലാസ്സുകളും ഒക്കെയായി എന്നെപോലുള്ളവരിൽ നിന്നും ഒത്തിരി ഉയരത്തിലേക്ക് വളർന്നു . ഞങ്ങൾ സാധാരണ പോകുന്ന ബസ്സിൽ ഹരിയെ കാണാതായി . പട്ടണത്തിലെ ജാഥകളിലോ , സമര പന്തലുകളിലോ ഒക്കെ സ്ഥിര സാന്നിധ്യമായി മാറി എന്റെ കൂട്ടുകാരൻ . പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രി പഠനം തുടങ്ങിയപ്പോൾ ഞങ്ങൾ തീരെ കാണാതായി . ഹരി ലോ കോളേജിൽ ചേർന്നു . ലോ കോളേജും ഞങ്ങളുടെ കോളേജും തമ്മിലുള്ള അകലം പോലെ ഞങ്ങളുടെ സുഹൃത് ബന്ധത്തിലും ഒരു അകൽച്ച എനിക്ക് അനുഭവപ്പെട്ടു .പിന്നെ ഞാൻ ഹരിയെ ഒരിക്കൽ ബസ്റ്റോപ്പിൽ വച്ച് കണ്ടു . ആളാകെ മാറിയിരിക്കുന്നു . പഴയ പ്രസരിപ്പില്ല . മുഖത്തു വളർന്നു നിൽക്കുന്ന , ഇടതൂര്ന്നല്ലാത്ത താടി മീശ . ഷർട്ടിന്റെ ഒന്നോ രണ്ടോ ബട്ടൻസ് മാത്രം ഇട്ടിട്ടുണ്ട് . അലസമായ വേഷം . പൂണൂൽ അപ്രത്യക്ഷമായിരിക്കുന്നു . ആകെ ഒരു വിപ്ലവകാരിയുടെ പരിവേഷം . ഈ മാറ്റം ഹരിയുടെ കുടുംബം , പ്രത്യേകിച്ച് അച്ഛൻ തിരുമേനി എങ്ങനെ കൈകാര്യം ചെയ്യും എന്ന് എനിക്ക് ഊഹിക്കാൻ പോലും പറ്റിയില്ല .
എല്ലാ കൊല്ലത്തെയും പോലെ ആ കൊല്ലവും കാവിലെ ഉത്സവം തുടങ്ങാറായി . പതിവു പോലെ ക്ഷേത്രം വെള്ളയും കാവിയും പൂശി മനോഹരമാക്കി സാധാരണ ക്ഷേത്ര ത്തിന് ചുറ്റും കുരുത്തോല കൊണ്ട് അലങ്കരിക്കുന്ന തും കുത്തു വിളക്കുകൾ വൃത്തിയാക്കി എണ്ണ ഒഴിച്ച് തിരിയിടുന്നതും ഒക്കെ ഹരിയും കുടുംബവും ഒന്നിച്ചാണ് . പക്ഷെ ആ വര്ഷം ഹരിയെ അതിനൊന്നും കണ്ടില്ല . ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും അച്ഛൻ തിരുമേനി മനസ് ചെല്ലുന്നിടത്തു ശരീരം കൊണ്ടു ചെല്ലാൻ ബദ്ധപ്പെടുന്നുണ്ട് . നാടും നാട്ടുകാരും ഉത്സവത്തിന് ഒരുങ്ങി അങ്ങനെ ഉത്സവ തലേന്ന് ആന എത്തി . തലയെടുപ്പുള്ള , നീണ്ട കൊമ്പും തുമ്പിക്കൈ യുമുള്ള കരി വീരൻ . മാടക്കടയിലും ചായക്കടയിലും ഒക്കെ ആന പ്രേമികൾ ചർച്ച ആരംഭിച്ചു , ഈ വര്ഷം നല്ല "സ്വയമ്പൻ" ആന തന്നെ ! പഴയതു പോലെ ആനയുടെ പുറകെ നടക്കാൻ പ്രായം അനുവദിക്കാത്തതു കൊണ്ട് ദൂരെ നിന്നും ആനയെയും , മനസ്സിൽ പോയ കാലത്തിന്റെ , നിറമാർന്ന ബാല്യത്തിന്റെ അയവിറക്കലും ഒക്കെയായി ഗത കാല സ്മരണയിൽ എത്ര നേരം നിന്ന് സമയം പോയതറിഞ്ഞില്ല .
ശീവേലിക്ക് സമയമായി . അണിയിച്ചൊരുക്കിയ ആനയെത്തി . ഇനി ഹരി വരും .പഴയ ഉണ്യമ്പൂരിയുടെ സ്ഥാനത്തു രൂപ വ്യത്യാസം വന്ന ഉണ്ണിയെ കാണാൻ കണ്ണുകൾ ആകാംഷയോടെ നോക്കി നിൽക്കുകയാണ് . എന്റെ പ്രതീക്ഷക്കു ഭംഗം വരുത്തിക്കൊണ്ട് , ഹരിയുടെ അച്ഛൻ നമ്പൂതിരി ശരീരം മുഴുവൻ ഭസ്മവും പൂശി , ചന്ദന കുറിയണിഞ്ഞു ആനയുടെ അടുത്തേക്ക് വന്നു , ആന മുൻ കാൽ മടക്കി കൊടുത്തു . തിരുമേനി അതിൽ ചവുട്ടി ആനപ്പുറത്തേക്കു കയറി . താഴെ നിന്ന സഹായി ദേവിയുടെ തിടമ്പ് എടുത്തു മുകളിലേക്ക് കൊടുത്തു . ചെണ്ട മേളം തുടങ്ങി . ആന മുന്നോട്ടു ഒരു ചോട് വച്ചു . ആനപ്പുറത്തിരുന്ന തിരുമേനിയുടെ കൈയിൽ നിന്നും ദേവിയുടെ തിടമ്പ് താഴേക്ക് വീണു , പുറകെ തിരുമേനിയും . പാവം തിരുമേനി ഒരു വാടിയ തൊട്ടാവാടി ചെടി പോലെ ആനയുടെ താഴെ പാതി അടഞ്ഞ കണ്ണുകളോടെ കിടന്നു . ആരോ വിളിച്ചു പറഞ്ഞു " ആമ്പുലൻസ് വിളിക്കു " ആ സമയം പാർട്ടി ഓഫീസിൽ ജന്മിമാരുടെ ഭൂമി ഭൂരഹിതർക്ക് കൊടുക്കാൻ വേണ്ടി തുടങ്ങുന്ന സമരത്തിന്റെ ആലോചനയുടെ ചൂടുള്ള ചർച്ചയിലായിരുന്നു ഹരി . ജന്മി ബൂർഷാ , ജാതി മത ചിന്ത കളാകുന്ന ചിതലുകളുകളെ കുറിച്ച് ,സങ്കീര്‍ണവും സര്‍ഗാത്മകവുമായ ചിന്താപ്രപഞ്ചത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമായ മനുഷ്യസമൂഹങ്ങള്‍ക്ക് ദുസ്സഹഭാരമായിത്തീര്‍ന്നിരിക്കുന്ന വർഗ്ഗാധിപത്യവും കൊളോണലിയിസ്റ്റ് ചിന്താ സരണികളും, താത്‌വികമായ അവലോകനവും നടത്തി അണികളെ ബോധവാന്മാർ ആക്കുകയായിരുന്നു .സ്വന്തം അച്ഛൻ മതം എന്ന മയക്കു മരുന്നിന്റെ അടിമയായി തന്റെ ജീവന് വേണ്ടി മല്ലടിക്കുന്നു എന്നറിയാതെ !