ഇന്നലെ സന്ധ്യയ്ക്ക്
തൊടിയിലെ കാരസ്കരത്തിൽ
കുരുവിനു ബദലായി
ഒരു കടുക്കാച്ചി മാങ്ങയുണ്ടായി!
2
പേരിനു മുന്നെ
ഒരു ശ്വാസം മാത്രമുണ്ട്
അന്ത്യശ്വാസത്തിനു ശേഷമൊ
വേരില്ലാത്ത ഒരു പേരു മാത്രം
പേരും ശ്വാസവുമിരിക്കെ
മനസ്സിൽ അപ്സരസ്സുകൾ മാത്രം.
3
കള്ളിനു ലഹരിയുണ്ടെങ്കിൽ
നൃത്തം വെച്ചേനെ കുടവും
കവിതയ്ക്കു ലഹരിയുണ്ടെങ്കിൽ
നൃത്തം വെച്ചേനെ കവിയും
ജീവിതത്തിനു ലഹരിയുണ്ടെങ്കിൽ
ആരിറങ്ങും വന്ദേ ഭാരതിനു
തല വെക്കാൻ?
4
താഴോട്ട്
പോകാനൊരു വഴിയുണ്ട്
അതിലൂടെ തന്നെ കേറാം
മേലോട്ടും.
വാനരന്മാർക്കറിയാം
നരന്മാർക്കറിയില്ല.
5
കൃത്യാന്തരബാഹുല്യങ്ങൾക്കിടെ
സ്മരിച്ചില്ല കൃതാന്തത്തെ
ഒരഹങ്കാരിയുടെ മുഖം
ദൈവത്തിന്റെ കണ്ണാടിയിൽ
പതിയുന്ന പക്ഷം
അതൊരു മൂലോക
മഹാത്ഭുതമാകും.
6
മധുരനാരങ്ങയ്ക്ക്
ചന്ദ്രന്റെ മുഖം നൽകിയ ആൾ തന്നെയൊ
ആകാശത്തിനു ശംഖുപുഷ്പത്തിന്റെ
നീലിമ ചാർത്തിയത്?
7
ഒന്നും ഒന്നല്ല
വേറിട്ടുമല്ല
ഒന്നായതിനെ
മ്മ്ണി ബല്യ
രണ്ടായി കാണേണ്ട
കുണ്ടിൽ ചാടണ്ട
ഇല്ലാത്ത ഇണ്ടൽ
ബത മിണ്ടണ്ട
8
കൂട്ടുവാനറിയാതെ
കൂട്ടി നോക്കും
സന്ധിയും സമാസവും അറിയാതെ
എഴുതി നോക്കും
കടുംപൊട്ടനാണെങ്കിലും
ആൾ പൊട്ടയല്ല -
അക്ഷരപ്പരബ്രഹ്മം!
9
രാവിലെ കാള
ഉച്ചയ്ക്ക് കരടി
ആലിംഗനത്തിനും
കൊമ്പ് കോർക്കലിനുമിടെ
സന്ധ്യയ്ക്ക്
നുറുങ്ങിപ്പോവുന്നത്
പ്രണയത്തിന്റെ
ലാഭവിഹിതം.
10
പിരി ലൂസായ മനസ്സ്
പിരി ലൂസാവാത്ത
മനസ്സിനെഴുതിയ കത്ത്:
പൂട്ട് താക്കോലല്ല
താക്കോൽ പൂട്ടുമല്ല
പൂട്ടും താക്കോലും വേണം
വാതിൽ പൂട്ടി ഒന്ന്
പുറത്തേക്കിറങ്ങാൻ
എനിക്കൊരു കാര്യം പറയാനുണ്ട്
പക്ഷെ ഞാനതു പറയുന്നില്ല
ഒരു രോഗത്തിന്റെ ചികിത്സക്കായി
മറ്റൊരു രോഗത്തിനുള്ള മരുന്നു
വാങ്ങിയിട്ടെന്തു കാര്യം!
ഭ്രാന്ത് രോഗമല്ലല്ലോ
അസ്തിത്വത്തെക്കാളേറെ
ഒരു പരിസ്ഥിതി പ്രശ്നം
കേവലം ഒരവസ്ഥ
പൗർണ്ണമിയുടെ സംഭാവന!
11
കോണോടു കോണായും
തിരശ്ചീനമായും ലംബമായും
ഉള്ള ചതുരംഗലീലകൾ
മസ്തിഷ്ക്കത്തിനു മടുക്കുമ്പം
വട്ട് നല്ലതാ ഹൃദയത്തിനു
വട്ടത്തിലോടിക്കളിപ്പാൻ!