Image

കടൽ വിളിച്ചപ്പോൾ ( കവിത : പി. സീമ )

Published on 16 December, 2024
കടൽ വിളിച്ചപ്പോൾ ( കവിത :  പി. സീമ )

കടൽ വിളിക്കുന്നുണ്ടായിരുന്നു 
മോഹിപ്പിക്കുന്ന ഒരു 
മായാജാലക്കാരിയെപ്പോലെ.
വാനം 
മേഘത്തിന്റെ 
ഉടയാടകൾ 
ഒന്നൊന്നായി നിവർത്തി 
കൊതിപ്പിക്കുന്നുണ്ടായിരുന്നു.

കടൽത്തീരത്ത് നിന്നും 
അവൾ പെറുക്കിക്കൂട്ടാൻ 
മോഹിച്ച അക്ഷരങ്ങൾ 
മെല്ലെ മെല്ലെ 
ചിത്രശലഭങ്ങളായി.

എന്നോ ഏറെ 
പ്രിയപ്പെട്ടൊരാൾ 
ആദ്യമായി 
കവിളിൽ തൊട്ട പോലെ.
അന്നത്തെ അന്തിവാനം 
ചോന്ന പോലെ 
അന്നത്തെ 
നിലാമഴ പെയ്ത പോലെ 
അവൾ ആ പ്രണയശലഭങ്ങളെ
തൊട്ടു.
അവ ഓർമ്മമഴ 
നനയുകയായിരുന്നു.

ഒടുവിൽ 
കടലിനു മീതെ 
ആരോ പറത്തി വിട്ട 
ചരടറ്റ പട്ടത്തെപ്പോലെ 
സ്വതന്ത്രയായും 
എന്നാൽ 
ജീവിതം കെട്ടിപ്പൊക്കിയ 
കോട്ടയ്ക്കുള്ളിലെ 
ഒറ്റജാലകത്തിനരികിൽ 
പഴുതറിയാതെയും 
അക്ഷരച്ചുഴികളിൽ മുങ്ങിയും 
പുസ്തകമലരികളിൽ 
പൊന്തിയും 
കടലായും കാറ്റായും 
തീരമായും തിരയായും 
അവന്റെയുള്ളിലെ മാത്രം 
പ്രണയമായും 
ഒരു ഉന്മാദിനിയെപ്പോലെ 
അവൾ സ്വയം 
തന്നെത്തന്നെ 
തിരിച്ചറിഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക