"അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം..
ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം".
ഓർമ്മവെച്ച കാലം മുതൽ കേൾക്കുന്ന നന്മയുള്ള രണ്ടു മനോഹരമായ വാക്കുകൾ .ഈ വാക്കുകൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട് .ക്രിസ്മസ് നക്ഷത്രങ്ങളും പുല്‍ക്കൂടും, അതില്‍ പുഞ്ചിരിതൂകിക്കൊണ്ടു കിടക്കുന്ന ഉണ്ണിയേശുവും ഒക്കെ നമുക്ക് സുപരിചിതമാണ്. തിന്മയുടെ ഇരുട്ടില്‍ ആണ്ടുപോയ ലോകത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ മനുഷ്യനായി അവതാരം ചെയ്ത ദൈവമായിരുന്നു ഉണ്ണിയേശു എന്ന് ബൈബിള്‍ ലോകത്തെ പഠിപ്പിക്കുന്നു.
അങ്ങനെ, ദൈവം ഒരു മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ക്രിസ്മസ്. ദൈവം സ്നേഹവാനാണ്. ദൈവത്തിനു നമ്മോട് സ്നേഹമുള്ളതുപോലെ നമ്മളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും അന്യോന്യം സഹായിക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. ധനവും, പ്രതാപവും, അഹങ്കാരവും ഉള്ളിടത്തല്ല, സ്നേഹം ഉള്ളതെവിടെയോ അവിടെയാണ് ദൈവം ഇരിക്കുന്നത്. അതാണ് ക്രിസ്മസിന്റെ സന്ദേശം.
ഓർമ്മ വെച്ച കാലം മുതൽ ഉള്ള ആഘോഷമാണ് ക്രിസ്തുമസ് ആഘോഷം. ഒരു ഗ്രാമപ്രദേശം ആയതിനാലാവണം ഞങ്ങളുടെ ക്രിസ്മസിന് ഒരു ഗ്രാമത്തിന്റെ വിശുദ്ധി ഉണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ട് താനും. കാരണം പല ക്രിസ്തുമസ് അവധികളും ഞങ്ങൾക്ക് ആഘോഷമായിരുന്നു. പല വിധങ്ങളായ ക്രിസ്മസ് രാവുകൾക്ക് പള്ളിയും വീടുമൊക്കെ സാക്ഷിയായിരുന്നു . അമേരിക്കയിൽ എത്തിയപ്പോഴും പള്ളിയും, പള്ളി സംഘടനാ പ്രവർത്തനങ്ങളും അതുപോലെ പറിച്ചു നടാൻ സാധിച്ചിരുന്നു. അമേരിക്കയിൽ എത്തിയ നാൾ മുതൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജാതിമത ചിന്താധാരകൾക്ക് അപ്പുറത്തേക്ക് ഒരു മതേതര മൂല്യത്തോടെ അവതരിപ്പിക്കുവാനും സാധിച്ചത് വലിയ നന്മയായി കരുതുന്നു.
ക്രിസ്തുവിന്റെ ജനനം തന്നെ ലോകത്തെ നല്ല വഴിയിലേക്ക് നയിക്കുവാൻ ആയിരുന്നല്ലോ .ലോകത്തിനു മാനവികതയുടെ,,സ്നേഹത്തിന്റെ സന്ദേശം നൽകിയ മറ്റൊരു യുഗ പുരുഷൻ ഉണ്ടോ എന്ന് സംശയം ആണ് .തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കയും ബഹുമാനിക്കയും വേണമെന്ന മഹത്തായ ആശയം തന്നെയാണ് ഓരോ ക്രിസ്തുമസും മുന്നോട്ട് വയ്ക്കുന്നത് .
ക്രിസ്തുവിന്റെ മാതൃക ജീവിതത്തിൽ പുലർത്താനാകുന്നത് സൗഭാഗ്യമാണ് .അത് തുടർന്നും നിലനിർത്തുവാൻ സാധിക്കണം . കരുണയും സ്നേഹവുമാണ് ക്രിസ്തു കാട്ടിയ വഴിയെന്ന് ഓരോ സമയത്തും തിരിച്ചറിയണം . എല്ലാവര്ക്കും ആരോഗ്യത്തോടെയുള്ള സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്കിയ ദൈവപുത്രന്റെ പിറവി നമുക്ക് നൽകുന്ന പാഠം ചെറുതല്ല .
ബെത്ലെഹെമിൽ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം.സന്തോഷകരമായ ക്രിസ്മസ്! ഈ ദിവസം ദൈവം നിങ്ങളുടെ ജീവിതത്തിന് അതിരുകളില്ലാത്ത അനുഗ്രഹങ്ങൾ നൽകട്ടെ. ചില മികച്ച ഓർമ്മകൾ സൃഷ്ടിക്കുകയും മികച്ച അനുഭവങ്ങൾ നേടുകയും ചെയ്യുക.
ആഘോഷത്തിനും ഒത്തുചേരലിനുമുള്ള മികച്ച അവസരം ആരംഭിക്കാൻ ലോകത്തെ സജ്ജമാക്കുവാൻ നമ്മുടെ പ്രവർത്തനങ്ങൾക്ക് കഴിയണം .മതത്തിന്റെയും ദൈവത്തിന്റെയും അദൃശ്യ രേഖകൾ ഈ ആഘോഷത്തിൽ ഉണ്ടെങ്കിലും ലോകത്താകമാനം വ്യത്യാസങ്ങൾ ഒന്നുമില്ലാതെ മനുഷ്യർ ക്രിസ്തുമസ് ആഘോഷിക്കുന്നു. കരോളും പാടി ക്രിസ്തുമസ് പപ്പയുടെ വേഷവും കെട്ടി കുട്ടികളും മറ്റു മുതിർന്നവരുമൊന്നിച്ചു വീടുവീടാന്തരം കയറി ഇറങ്ങുന്ന കാഴ്ച ഒരുപക്ഷെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയായി ഇപ്പോൾ മാറിയിട്ടുണ്ട്.
കേരളത്തിൽ ഓണം വിഷു റംസാൻ പോലെ എല്ലാവരും കൊണ്ടാടിയിരുന്ന ഒരാഘോഷം തന്നെയായിരുന്നു ക്രിസ്തുമസും. ഡിസംബർ മാസമായാൽ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും നക്ഷത്രങ്ങൾ മിന്നിത്തുടങ്ങും. അതൊരു ഭംഗിയുള്ള കാഴ്ചയാണ്. പുതുവർഷത്തിലേക്ക് വെളിച്ചവും കൊണ്ടാണ് നമ്മളൊക്കെ നടന്നു നീകാറുള്ളത്. ആ നീക്കമാണ് ക്രിസ്തുമസിലൂടെ പൂർണ്ണമാകുന്നത്. എല്ലാവരും ഒന്നാണെന്ന് തെളിയിക്കുന്ന ഇത്തരത്തിലുള്ള ആഘോഷങ്ങൾ കേരളത്തിൽ വേരൂന്നേണ്ടത് നമ്മുടെ പാരമ്പര്യത്തിന്റെ രക്ഷയ്ക്ക് അനിവാര്യമാണ്
ദുരിതങ്ങളും കഷ്ടപ്പാടുകളും ആക്രമണങ്ങളും നിറഞ്ഞ സമാധാനമില്ലാത്ത ഈ ലോകത്ത് സമാധാനത്തിന്റെ നക്ഷത്രങ്ങളാവുക എന്നതാവണം നമ്മുടെയെല്ലാം ദൗത്യം .പ്രകൃതിയും മനുഷ്യനും ഒത്തൊരുമിച്ചാൽ ലോകസമാധാനം നേടാമെന്ന് മനസ്സിലാക്കുക.അതിനായുള്ള പ്രവർത്തനങ്ങൾ ആകട്ടെ ഇനിയുള്ള വർഷങ്ങളിൽ .അമേരിക്കയിലെ മലയാളി സംഘടനകൾ ,പ്രവർത്തകർ എല്ലാവരും ഇനിയുള്ള ദിവസങ്ങളിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിൽ സജീവമാകും .എല്ലാവരുടെയും ലക്ഷ്യം ആഗോള നന്മയാകട്ടെ .പരസ്പരം സ്നേഹിക്കുവാനും ബഹുമാനിക്കുവാനും എല്ലാവർക്കും കഴിയട്ടെ . എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവൽസരാശംസകൾ