Image

പറയാതെ പോയത് (കഥ: ഭാഗം -2 സിസിൽ കുടിലിൽ)

Published on 25 December, 2024
പറയാതെ പോയത് (കഥ: ഭാഗം -2  സിസിൽ കുടിലിൽ)

പൂജയുടെ മനസ്സിൽ എന്തോ ഒന്നു പുകയുന്നുണ്ട്. അതു പറയാനായിരുന്നല്ലോ പുല്ലാനി കാവിലേക്ക് വരാൻ പറഞ്ഞത്. അന്നവൾക്ക് പറയാൻ കഴിഞ്ഞില്ല. രാത്രിയിൽ അവളെ പോയി കണ്ടിട്ടും കാര്യം എന്താണെന്ന് അറിഞ്ഞില്ല.

ഭയപ്പെടുത്തിയ കാഴ്ചകളും പൂജയെപ്പറ്റിയോർത്തും അസ്വസ്ഥനായിരുന്ന സിബിച്ചന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. ഏതായാലും നാളെ പ്രഭാതം പുലരട്ടെ. അതുവരെ കാത്തിരിക്കാം. പൊട്ടിയ പട്ടം പോലെ അയാളുടെ ചിന്തകൾ ദിശയില്ലാതെ എങ്ങോട്ടെയ്ക്കയോ സഞ്ചരിച്ചു. പുറത്തെ അന്ധകാരത്തിന്റെ നിശ്ബ്ദയ്ക്കു നടുവിൽ അസ്വസ്ഥമായ ചിന്തകളുണർത്തിയ രാത്രി പതിയെപ്പതിയെ അവസാനിച്ചു.

പ്രഭാതത്തിൽ നിർത്താതെ ലാൻഡ് ഫോൺ മുഴങ്ങുന്നതു കേട്ട് അടുക്കളയിൽ നിന്ന് വന്ന് സിബിച്ചന്റെ അമ്മയായിരുന്നു ഫോൺ എടുത്തത്. 
“എടാ ക്ലബിന്റെയടുത്തുള്ള ജെയ്സണാണ്. നീ എണീറ്റ് വാ...”
ഉറക്കച്ചുവയോട് സിബിച്ചൻ എഴുന്നേറ്റ് ചെന്നു... ഇന്നലെ വൈകുംനേരം കൂടി ജെയ്സണെ കണ്ടതാണല്ലോ ... പിന്നെന്നാ പറയാന്നാ... സിബിച്ചൻ ചിന്തിച്ചു.

” ഹലോ... “
“എന്നതാടാ ജെയ്സാ”

“സിബിച്ചാ മൈല്ലക്കാട്ടെ അമ്മാമ്മേടെ വീട്ടിൽ എന്തോ പ്രശ്നമുണ്ട്. ആളുകളൊക്കെ കൂടിയിട്ടുണ്ട്. പോലീസ് ജീപ്പ് ഇപ്പം അങ്ങോട്ടേക്ക് പോയി. ഞാനിപ്പം അങ്ങോട്ടേക്ക് പോകാൻ തുടങ്ങുകയാ... നീയും വാ...”
“എന്നാ കാര്യമെന്ന് നീ അറിഞ്ഞോ…”
“ഒന്നുമറിയില്ല, ഇപ്പം മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാ വീടിന്റെ മുൻപിൽ ആൾക്കൂട്ടം കണ്ടത്, അപ്പോഴെ നിന്നെ വിളിക്കുകയായിരുന്നു.”

“എന്നാ ഞാൻ അങ്ങോട്ടേക്ക് വരുവാ...”

സിബിച്ചൻ ഷർട്ടിട്ട് പോകാനായി തുടങ്ങിയപ്പോഴാണ് വീടിന്റെ അടുത്ത് താമസിക്കുന്ന ശരത് ഓടി വന്നത്. ആ വരവിൽ എന്തോ പന്തികേടുണ്ടെന്ന് സിബിച്ചന് തോന്നി.
“സിബിച്ചാ നീ അറിഞ്ഞോ...”
“എന്നതാടാ. “
“മൈല്ലക്കാട് അമ്മാമ്മയുടെ കൊച്ചുമകൾ പൂജ മരിച്ചു. ഇന്നലെ രാത്രി ആരോ കുത്തി കൊന്നെന്നാ കേൾക്കുന്നത്.” 
ശരത് പറഞ്ഞ വാക്കുകൾ കേട്ട് സിബിച്ചൻ നിമിഷങ്ങളോളം സത്ബ്ദനായി നിന്നു.
“സിബിച്ചാ... സിബിച്ചാ…” ശരത് തട്ടിവിളിച്ചു. ഒരു വാക്കു പോലും പറയനാകാതെ സിബിച്ചൻ നിന്നു വിറയ്ക്കുകായിരുന്നു.
“സിബിച്ചാ... സിബിച്ചാ.” ശരത് വീണ്ടും വിളിച്ചു.
“ങ്ഹേ... ശരത്തേ ഇന്നലെ രാത്രി കൂടി ഞാൻ പൂജയെ കണ്ടതാടാ... നാളെ നമ്മുക്ക് കാണണം. പറയനുള്ളതെല്ലാം നാളെ പറയാം എന്നൊക്കെ പറയുകയും ചെയ്തു. എനിക്ക് താങ്ങാൻ പറ്റുന്നില്ല ശരത്തേ... ഞാൻ അൽപനേരം ഒന്നിരുന്നോട്ട്.” 
സിബിച്ചൻ ഭിത്തിയിൽ പിടിച്ച് കസേരയിലേക്ക് ഇരുന്നു.

“എന്നാടാ... എന്തു പറ്റിയെടാ.”
അടുക്കളയിൽ നിന്ന് സിബിച്ചന്റെ അമ്മ ഓടിവന്നു ചോദിച്ചു.

“ആന്റി, മൈല്ലക്കാട്ടെ അമ്മാമ്മയുടെ കൊച്ചുമകൾ മരിച്ചു. ഇന്നലെ രാത്രിയിൽ ആരോ കുത്തി കൊന്നു.” 
“ങ്‌ഹേ ... ആ ഡൽഹീന്ന് വന്ന കുട്ടിയോ... കർത്താവേ എന്തൊക്കെയാണോ ഈ കേൾക്കുന്നത്. ആദ്യമായിട്ടാ ഈ നാട്ടിൽ ഇങ്ങനൊരു സംഭവം.  

ആ ദിവസത്തെ പ്രഭാതം നടുക്കുന്ന വാർത്ത കേട്ടുകൊണ്ടായിരുന്നു നാടു മുഴുവനും ഉണർന്നത്. കാട്ടുതീ പോലെ ആ വാർത്ത എല്ലാ വീടുകളിലുമെത്തി. കുറച്ചു നാളുകളുകളുടെ പരിചയമേ ഉണ്ടായിരുന്നെങ്കിലും എല്ലാവരും വളരെ സ്നേഹത്തോടെയാണ് പൂജയെ കണ്ടിരുന്നത്.

ശരത്തും സിബിച്ചനും മൈല്ലക്കാട്ടെ വീട്ടിലേക്ക് നടന്നു. നടക്കുമ്പോഴെല്ലാം പൂജയുമൊത്തുള്ള രമ്യ മുഹൂർത്തം സിബിച്ചന്റെ വിങ്ങിയ മനസ്സിൽ തെളിഞ്ഞു. തനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയത് പൂജയോടായിരുന്നു. ജീവിതത്തിൽ എന്നും ഒപ്പമുണ്ടാകുമെന്ന് കരുതി, വരും നാളുകളിൽ അമ്മാമ്മയോട് സംസാരിക്കാനിരിക്കുവായിരുന്നു. കല്യാണത്തിന് സമ്മതിക്കുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും ആശീർവാദത്തോടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ എല്ലാം മാറി മറിഞ്ഞിരിക്കുന്നു. കിനാവിൽ കണ്ടതെല്ലാം നീർ കുമിളകൾ പോലെ അവസാനിച്ചിരിക്കുന്നു.

“എടാ ഞാൻ വരുന്നില്ലടാ. ആ കാഴ്ച എനിക്ക് കാണണ്ടടാ.”
നടക്കുന്നതിനിടെ സിബിച്ചൻ പറയുന്നുണ്ടായിരുന്നു.

“സിബിച്ചാ നീ പിന്നെ രാത്രിയിൽ പോയ കാര്യം വെറെയാരോടും പറയരുത്. അറിഞ്ഞാൽ ആകെ പ്രശ്നമാകും.” നടക്കുന്നതിനിടെ ശരത്ത് പറഞ്ഞു.

‘എടാ അതു പിന്നെ കഴിഞ്ഞ രാത്രി ആ വഴി പോകുന്നത് ഒന്നുരണ്ടു പേർ കണ്ടായിരുന്നടാ.’

“എന്തായാലും നീയായിട്ട് ഒന്നും പറയാൻ നിക്കേണ്ട.”

മുറിയിൽ നിന്ന് ബോഡിയെടുത്ത് മോർച്ചറിയിലേക്ക് മാറ്റൻ തുടങ്ങിയപ്പോഴാണ് ഇരുവരും എത്തിയത്. പറമ്പിലും മതിലിന്റെ മുകളിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. “ശരത്തേ നമ്മുക്ക് അമ്മാമ്മയെ കാണാം.” 
കരഞ്ഞു തളർന്ന് അമ്മാമ്മ കട്ടിലിൽ കിടക്കുന്നു. ചുറ്റിനും അയൽപക്കത്തെ സ്ത്രീകൾ ഇരിക്കുന്നുണ്ടായിരുന്നു. തോമാച്ചായനോട് പോലീസുകാർ എന്തൊക്കെയോ ചോദിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ കൊലപാതകം നടന്ന വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. എന്നാലും ഈ കൊച്ചിനെ ആർക്കാ കൊല്ലാൻ തോന്നുന്നത്. ആരാണോ ഇതു ചെയ്തത് എന്നൊക്കെ ആബുലൻസിലേക്ക് കയറ്റുനതിനിടെ കൂടിനിന്നവർ പറയുന്നുണ്ടായി.

സംഭവം നടന്ന മുറി പോലീസ് സീൽ ചെയ്തു. പോലീസ് നായയെയും ഫിഗംർ പ്രിന്റ് വിദഗ്ധരെയും കാത്ത് പോലീസുകാർ നിൽക്കുന്നു. ഇന്നലെ വരെ ആഹ്ളാദത്തിമിർപ്പ് ഉയർന്ന വീടീപ്പോൾ മരണ വീടായി മാറി. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം മങ്ങിയപ്പോഴ് ഒരു മെഴുകുതിരി വെട്ടം പോലെയാണ് പൂജ വന്നത്. വാർദ്ധക്യകാലത്ത് അരികിൽ ഉണ്ടാകുമെന്ന് കരുതി. തങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാനിച്ചു. എതാനും മാസങ്ങൾ മാത്രമേ പൂജ കൂടെയുണ്ടായിരുന്നുള്ളു. വൃദ്ധ ദമ്പതികൾക്ക് അതൊരു സ്വർഗ്ഗീയ കാലമായിരുന്നു.

പോലീസ് നായ മുറിയിൽ നിന്ന് മണം പിടിച്ച് ആദ്യം ഓടിയത് റോഡിലേക്കായിരുന്നു. റോഡിൽ കുറെ നേരം നിന്ന് തിരികെ വന്നു. കൂടി നിന്നവരെല്ലാം അതിന്റെ പിറകെ നടക്കുന്നുണ്ടായിരുന്നു. മുറ്റത്തും മുറിയിലും ജനലരികിലും വീണ്ടും മണം പിടിച്ച് പോലീസ് നായ ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ നേരെ വന്നത് സിബിച്ചന്റെ അടുക്കലേക്കായിരുന്നു. കുരച്ചു കൊണ്ട് അവിടെ തന്നെ നിലയുറപ്പിച്ചു. ആ ഭാഗത്ത് മാത്രമായി ആളുകൾ തടിച്ചു കൂടി. ശരത്തും ബിബിനും ജെയ്സണുമെല്ലാം കൂടി ചേർന്ന് നിൽക്കുമ്പോഴാണ് സിബിച്ചന്റെ മുന്നിൽനിന്ന് പോലീസ് നായ കുരക്കുന്നത്. എല്ലാവരും ഭയന്നു പോയിരുന്നു. നായ അല്പ നേരം കുരച്ച ശേഷം നിലത്തു കിടന്നു. എല്ലാവരും അതിശയിച്ചു കൊണ്ട് നിൽക്കുമ്പോഴ് പോലീസുകാർ വന്ന് സിബിച്ചനെ കൊണ്ടു പോയി.

സിബിച്ചനെ പോലീസ് കൊണ്ടു പോയ ശേഷം നാല് പേര് കൂടുന്നിടത്തെല്ലാം ഇതു തന്നെയായിരുന്നു ചർച്ചാ വിഷയം. 
“എന്നാലും കാട്ടുകുന്നേൽ സിബിച്ചൻ ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും കരുതിയില്ല.” ഒരാൾ പറഞ്ഞു.
“അതെങ്ങനാ പ്രേമം തലയ്ക്കു പിടിച്ചാൽ പിന്നെ കാണിക്കുന്നതെന്തെന്ന് ആർക്കറിയാം.” കൂടെ നിന്ന മറ്റൊരാൾ പറഞ്ഞു.
എല്ലാ രാത്രിയിലും അവളെ കാണാൻ പോകാറുണ്ട്, അതുകൊണ്ടല്ലേ, ഇതു സംഭവിച്ചത്.
എങ്ങനെ സംഭവിക്കാതിരിക്കും, അവളുടെ അമ്മ ഷേർലി പഠിക്കാൻ പോയ കാലത്ത് ഒരു ഹിന്ദിക്കാരന്റെ കൂടെ ഒളിച്ചോടിയതല്ലേ... വിത്തു ഗുണം പത്തു ഗുണം. അങ്ങനെ കണ്ടാ മതി.

ഓരോ രാത്രികളിലും തോമാച്ചായൻ കവലയിൽ ആളുകൾ പറയുന്നതു കേട്ടാണ് വീട്ടിലേക്ക് വരാറ്...ഏതായാലും ഞങ്ങളുടെ മകൾ എന്നന്നേക്കുമായി വിട്ടുപോയി. ആളുകളുടെ വാ അടപ്പിക്കാൻ ആർക്കും കഴിയില്ല. പറയുന്നവർ പറയട്ടെ. തോമാച്ചൻ വിചാരിച്ചു.

അമ്മാമ്മയുടെ കാര്യമായിരുന്നു കഷ്ടം. കരഞ്ഞു കൊണ്ടല്ലാതെ ഒരു രാത്രി പോലും അമ്മാമ്മ ഉറങ്ങിയിട്ടില്ല. പണ്ടൊക്കെ ക്ലബിലേക്ക് പോകുമ്പോൾ അമ്മാമ്മയോട് എന്തെങ്കിലും കുശലം പറയാതെ ശരത്തും സിബിച്ചനു പോകാറില്ലായിരുന്നു. ഒരിക്കൽ ശരത്തും ബിബിനും ജെയ്സണും അമ്മാമ്മയെ കാണാൻ പോയി. മൂന്നു പേരോടും ഒരു പാട്നേരം സംസാരിച്ചു.

നിങ്ങളെ നാലു പേരെപ്പറ്റി എപ്പോഴും പൂജ പറയുമായിരുന്നു. പള്ളിയിൽ പോകുന്ന കാര്യവും കാവിന്റെ അടുത്തേക്ക് നടക്കാൻ പോകുന്ന കാര്യവുമൊക്കെ. സിബിച്ചനാ ഇതു ചെയ്തതെന്ന് ഞാൻ വിശ്വസിക്കില്ല മേനേ, ഒരു കുടുംബം പോലെയായിരുന്നല്ലോ നിങ്ങളോടെല്ലാം അവൾ പെരുമാറിയത്. പൂജയുടെ മുറിയിലെ ജനലഴികളിൽ പതിഞ്ഞ ഫിഗംർ പ്രിന്റ് സിബിച്ചന്റെയാണെന്ന് കണ്ടെത്തലാണ് പോലീസ് അറസ്റ്റിന് വഴിവെച്ചത്.

കുറെ ദിവസങ്ങൾക്ക് ശേഷം പോലീസുകാർ വിളിപ്പിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോയി തിരികെ വന്നതിന് ശേഷം തോമാച്ചായനെ വളരെ ദുഃഖിതനായി കാണപ്പെട്ടു. കൊലപാതകം നടന്ന മുറിയിൽ നിന്ന് കിട്ടിയ കത്തിയിൽ നിന്ന് ലഭിച്ച വിരലടയാളം മറ്റാരുടെയോ ആയിരുന്നു. അതിനെപ്പറ്റി ചോദിക്കാനായിരുന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അന്ന് രാത്രിയിൽ സിബിച്ചൻ പൂജയെ കാണാൻ വീട്ടിൽ വന്നിരുന്നു. അത് സിബിച്ചൻ സമ്മതിച്ചു. ജനലഴികളിൽ പിടിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തത്. പക്ഷെ മുറിയ്ക്കുള്ളിൽ കത്തിയിലും മറ്റും മറ്റൊരാളുടെ വിരൽ പാടുകളണല്ലോ പതിഞ്ഞത്.
അന്നു രാത്രി പന്ത്രണ്ട് മണിക്ക് ശേഷം മറ്റൊരാൾ ഇവിടെ വന്നിരിക്കണം. പൂജയെ വർഷങ്ങളോളം അറിയാവുന്ന ഒരാൾ. ഈ നാട്ടിൽ പൂജയുമായി അടുപ്പമുള്ളത് ക്ലബിലെ നാലു പേരായിട്ടായിരുന്നല്ലോ. പക്ഷെ ആ നാലുപേരെ കൂടാതെ ഈ നാട്ടുകാരനല്ലാത്ത ആരോ ആ രാത്രിയിൽ പൂജയുടെ മുറിയിൽ ഉണ്ടായിരുന്നു. അതാരായിരിക്കും. എന്തിനായിരിക്കും മുറിയിലേക്ക് കയറാൻ അവൾ അനുവദിച്ചത്. 
പൂജേട് മുറി ഒന്നും കൂടി ഒന്നു പരിശോധിക്കണം. നാളെയാകട്ടെ. ആ രാത്രി തോമാച്ചന് ഉറക്കം വന്നില്ല. പലവിധമായ ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു.


തെളിവുകളുടെ അപര്യാപ്തത മൂലം സിബിച്ചന് ജാമ്യം നൽകിയിരുന്നു. വീട്ടിലേക്ക് വന്ന സിബിച്ചൻ മൂകനായിരുന്നു. ഒരു നാടു മുഴുവനും കൊലപാതകിയായി മകനെ കാണുന്നതിൽ തകർന്ന മനസ്സുമായിട്ടായിരുന്നു സിബിച്ചന്റെ അമ്മ കഴിഞ്ഞിരുന്നത്. 
ഒരു ദിവസം ശരത് വന്നു പറഞ്ഞു. “എടാ നമ്മുക്കിന്ന് അമ്മാമ്മയെ കാണണം അന്നു നടന്ന കാര്യമെല്ലാം പറയണം.”
“വേണ്ടടാ ശരതേ... ഇപ്പോൾ ഞാൻ അവരുടെ കൊച്ചുമകളെ കൊല ചെയ്തയാളല്ലേ.”
“ഇല്ലടാ കാര്യങ്ങളെല്ലാം ഞങ്ങൾ പറഞ്ഞിരുന്നു. അമ്മാമ്മക്ക് മനസ്സിലായെടാ. എങ്കിലും ഇതാരാടാ ചെയ്തത്. നമ്മുടെ നിരപരാധിത്യം തെളിയിക്കപ്പെടമെങ്കിൽ അതറിയണം.” 
ജയിലിൽ നിന്നിറങ്ങിയ ശേഷം സിബിച്ചൻ ഒരു തവണ ക്ലബിലേക്ക് പോയി. പഴയ പോലെ ആവേശം ആർക്കും തന്നെ ഇല്ലായിരുന്നു. ജനാലക്കരികിലിരുന്ന് അകലെ മൈല്ലക്കാട്ടെ വീട്ടിലേക്ക് നോക്കി മൗനമായി കുറെ നേരം ഇരിക്കും. ലൈറ്റ് അണയുമ്പോൾ ക്ലബ് അടച്ച ശേഷം വീട്ടിലേക്ക് നടക്കും.

ശരത്തും സിബിച്ചനും അമ്മാമ്മടെ വീട്ടിലെത്തിയപ്പോൾ സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു. ഇരുവരെയും കണ്ടപ്പോൾതന്നെ അമ്മാമ്മ കരയാൻ തുടങ്ങി. 
“എനിക്കറിയാമായിരുന്നു നിനക്ക് അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന്, അകത്തെ മുറിയിൽ അച്ചായൻ പൂജാ മോളെഴുതിയ ഡയറി വായിച്ച ശേഷം ഒറ്റ ഇരുപ്പ് ഇരുന്നാതാ... വീടിന് വെളിയിൽ ഇന്നിറങ്ങിയിട്ടേയില്ല.”

“നിങ്ങളിത് വായിച്ചു നോക്ക് മോനെ... ശരത്തിനെയും സിബിച്ചനെയും കണ്ടപ്പോൾ വേദനയോടെ തോമാച്ചായൻ പറഞ്ഞു. ഇത്രയേറെ പ്രയാസങ്ങൾ ഉള്ളിലൊതുക്കിയാണ് പൂജമോള് ഇവിടെ കഴിഞ്ഞതെന്ന് ആരേലും അറിഞ്ഞോ. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ...” ഇടറുന്ന വാക്കുകൾ പാതിയിൽ നിർത്തി.

ഏറെ വ്യസനത്തോടെയായി സിബിച്ചൻ ആ ഡയറി വായിക്കാൻ തുടങ്ങിയത്. നീണ്ട യാത്രക്ക് ശേഷം ഞാൻ അമ്മയുടെ നാട്ടിലെത്തി. ഡൽഹിയിലെ ജീവിതം അത്രമേൽ മടുപ്പിച്ചിരുന്നു. യാത്രാക്ഷീണം നല്ലതു പോലെയുണ്ട്. ഇന്നിനീ കൂടുതലായൊന്നും എഴുതുന്നില്ല. 
അടുത്ത രണ്ട്മൂന്ന് പേജുകളിൽ ഒന്നും തന്നെ എഴുതിയിട്ടില്ലായിരുന്നു. ദിവസങ്ങൾക്ക് ശേഷം വീണ്ടും ഡയറിയിൽ എഴുതി.

ഇവിടെയിപ്പോൾ അമ്മാമ്മയുടെയും അപ്പച്ചന്റെയും സ്നേഹത്തിന് മുമ്പിൽ ഞാൻ തോറ്റുപോകുന്നു. അമ്മാമ്മ ഉണ്ടാക്കി തരുന്ന ചോറും കറികളും ഞാൻ ആസ്വദിച്ചു കഴിക്കുകയാണ് ഇനിയും ഈ നാട് മുഴുവനും ഒന്ന് കാണണം. ഞാനിനി എന്നും ഇവിടെ കാണുമല്ലോ… എല്ലാറ്റിനും സമയമുണ്ട്.

ഡയറിയുടെ താളുകൾ ഓരോന്നായി മറിയുമ്പോൾ ചിലതിൽ നിറം ചാലിച്ച സന്ധ്യയുടെ ചിത്രങ്ങൾ, ഇലകൾ കൊഴിഞ്ഞ ഇടനാഴികൾ, ആളൊഴിഞ്ഞ കൽപടവുകൾ, മൂകമായി അകലങ്ങളിലേക്ക് നോക്കുന്ന പെൺകുട്ടി. എല്ലാത്തിനും വിഷാദഛായ നിറഞ്ഞു നിൽക്കുന്നു. ആ ചിത്രങ്ങളിലേക്ക് തന്നെ നോക്കി സിബിച്ചൻ അടുത്ത താളുകൾ മറിച്ചു.

ഏറെ നാളുകളിലെ ഏകാന്തതയ്ക്ക് ശേഷം മനോഹരമായ ദിവസമായിരുന്നു ഇന്ന്. സുഗന്ധവാഹിനിയായ ഇളം തെന്നൽ എന്നെ തലോടി കടന്നു പോയ ദിനം. ഇന്ന് ഞാൻ നാലു പേരെ പരിചയപ്പെട്ടു. ഈ ഗ്രാമത്തിൽ വന്ന ശേഷം എനിക്ക് ലഭിച്ച നിഷ്കളങ്കരായ നാലു സുഹൃത്തുകൾ. ഇടവഴികളും, മാമ്പൂ മണക്കുന്ന രാവുകളും, ആളൊഴിഞ്ഞ മൈതാനങ്ങളും, നിലത്ത് കൊഴിഞ്ഞുവീണ വാകപ്പൂക്കളും, മഞ്ചാടിമരത്തണലും, പുല്ലാനിക്കാവിനടുത്തുള്ള തോട്ടുവക്കും, പള്ളിമുറ്റത്തേക്ക് നീണ്ടുകിടക്കുന്ന കൽപ്പടികളും, പ്രാവിന്റെ ചിറകടിയൊച്ചയുമൊക്കെ ഞാൻ ആസ്വദിക്കുകയായിരുന്നല്ലോ...!

ഇവിടെ വന്നതിന് ശേഷമുള്ള ആദ്യ ഞായർ. രാവിലെ കുർബാന കഴിഞ്ഞ്   കൽകുരിശിൽ മെഴുകുതിരി കത്തിച്ച് കണ്ണുകളടച്ച് പ്രാത്ഥിച്ചു. ഡൽഹിയിലെ ജീവിതത്തിൽ ഒരു പാട് തെറ്റുകൾ സംഭവിച്ചു.  ഈ മെഴുകുതിരി ഉരുകും പോലെ എന്റെ പാപങ്ങളെല്ലാം ഉരുകിക്കിളയേണമേ. 
യാഥാർശ്ചികമായായിരുന്നു അന്ന് സിബിച്ചനെ കണ്ടുമുട്ടിയത്. അവിടെ വെച്ചായിരുന്നു സിബിച്ചൻ പ്രണയം തുറന്ന് പറഞ്ഞത്. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഞങ്ങൾ കണ്ടുമുട്ടി. ഓരോ ദിവസങ്ങൾ കഴിയും തോറും സിബിച്ചൻ കൂടുതൽ എന്നിലേക്ക് അടുക്കുന്നതായി തോന്നൽ. പക്ഷെ ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞേക്കാവുന്ന സ്വപ്നങ്ങളാണന്ന് പ്രിയപ്പെട്ടവൻ അറിയുന്നില്ലല്ലോ. 
ഡൽഹിയിലെ എന്റെ ഓർമ്മകൾ, അനുഭവങ്ങൾ എല്ലാം ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. അല്ല; ഇവിടെയുള്ള സന്തോഷകരമായ നിമിഷങ്ങളിൽ പഴയതെല്ലാം ഞാൻ മറന്നിരുന്നു. എങ്കിലും ചില നേരങ്ങളിൽ മനസ്സിന്റെ കോണിൽ ഭയപ്പാടിന്റെ വിങ്ങലുകൾ അലയടിക്കുന്നുണ്ടായിരുന്നു.

അങ്ങനിരിക്കുമ്പോഴാണ് ഒരു ദിവസം ആ ഫോൺ കാൾ വന്നത്. അമ്മാമ്മയായിരുന്നു കാൾ എടുത്തത്. ഹിന്ദിയിലുള്ള സംസാരമായതിനാൽ വ്യക്തമായി ഒന്നും മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ കൂടി പൂജയെപറ്റിയാകാം എന്നതു കൊണ്ടാവാം അമ്മാമ്മ എന്നെ വിളിച്ചത്. ഞാൻ ഫോണെടുത്ത് ചെവിയിൽ വെയ്ക്കുകയും ആ ശബ്ദം കേട്ട ഞാൻ ഞെട്ടിതരിച്ച് നിന്നു പോയി. എന്റെ ശരീരത്തിലൂടെ ഭയം അരിച്ചിറങ്ങുകയായിരുന്നു. ഞാൻ ഇവിടെ നാട്ടിലുണ്ടെന്നും ഈ വീടും ഫോൺ നമ്പറും എല്ലാം അവൻ അറിഞ്ഞിരിക്കുന്നു. അസ്വസ്ഥമായ ചിന്തകൾ നീറപ്പുകഞ്ഞ് ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു. ഞാനീ ഡയറിക്കുറുപ്പുകൾ എഴുതുമ്പോൾ പുറത്ത് മഴ ചാറ്റലേറ്റ് നന്നഞ്ഞ ഭൂമിയിൽ ഈയാം പാറ്റകൾ നിറഞ്ഞിരുന്നു. ജനാലകൾക്കപ്പുറത്ത് റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ ഉത്സാഹതിമിർപ്പിൽ അവ പാറി പറക്കുന്നത് കാണാം. അല്പ നേരത്തെ സന്തോഷം, പിന്നെ ചിറകുകൾ കൊഴിഞ്ഞ് നനഞ്ഞ മണ്ണിലൂടെ ഇഴഞ്ഞ് നീങ്ങും. ഒരോന്ന് ആലോചിക്കുമ്പോൾ എന്റെ കണ്ണിൽ നനവ് പടർന്നു. 
ഫോൺ ബെല്ലടിക്കുമ്പോഴെക്കെ എന്റെ ഹൃദയമിടുപ്പുകളുടെ വേഗത അനുനിമിഷം വർദ്ധിച്ചു കൊണ്ടിരുന്നു. ഇന്നെനിക്ക് ഒന്നും എഴുതാൻ തോന്നുന്നില്ല.

ഓരോ പേജുകൾ മറിയുമ്പോഴും സിബിച്ചന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു. 
പിന്നീടുള്ള ദിവസങ്ങളിലൊന്നും ഭയപ്പെടുത്തിയ ഫോൺ കാളുകളൊന്നും വന്നില്ല. എന്റെ മനസ്സിൽ നല്ല ആശ്വാസം തോന്നി. പിന്നെ കുറെ ദിവസങ്ങൾ കഴിഞ്ഞു. അമ്മാമ്മയും അച്ചായനും ശവമടക്കത്തിന് പോയ ദിവസം ഒരു കാൾ വന്നു. ശരിക്കും ആ ദിവസം വളരെയധികം ഭയപ്പെട്ടിരുന്നു. നീ എത്രയും വേഗം ഡൽഹിയിൽ വരണമെന്നായിരുന്നു അവന്റെ ആവശ്യം. അവനിൽ നിന്ന് രക്ഷപെടാനായിരുന്നു ഞാനീ നാട്ടിലേക്ക് വന്നത്. പക്ഷെ ഇവിടെയും അവൻ...

എന്നിലെ സങ്കടങ്ങൾ സിബിച്ചനോട് തുറന്ന് പറയണമെന്ന് ഞാനാരാത്രി തീരുമാനിച്ചു. അതിനായിയായിരുന്നു സിബിച്ചനെ പുല്ലാനിക്കാവിലേക്ക് ക്ഷണിച്ചത്. പക്ഷെ എന്തു കൊണ്ടോ അവിടെ വെച്ച് എനിക്കത് പറയാൻ സാധിച്ചില്ല. ഒരു പക്ഷെ എനിക്ക് പറയാൻ കഴിഞ്ഞിലെങ്കിലോ എന്ന് ചില നേരങ്ങളിൽ ഓർക്കാറുണ്ട്. ഡയറിയിൽ എഴുതുന്നത് അതുകൊണ്ടാണ്.

തലസ്ഥാനനഗരത്തിലെ കോളജിലായിരുന്നു എന്റെ ഡിഗ്രി പഠനം. അകാലത്ത്കോളജിൽ രണ്ടു വർഷം സീനിയറായിരുന്നു കിഷോർ. പ്രണയത്തിന്റെ ആദ്യ നാളുകളിൽ കിഷോറിനെപ്പറ്റി തെറ്റായി ഒന്നും തോന്നിയില്ല. മുന്നിലേക്ക് നോക്കാതെയുള്ള എടുത്തു ചാട്ടം. ഏകദേശം ഒരു വർഷകാലം ഞങ്ങൾ തമ്മിൽ നല്ലൊരു പ്രണയബന്ധം ഉണ്ടായി. പരസ്പര ബന്ധമില്ലാതെ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് കിഷോറിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. പതിയെപ്പതിയെ കിഷോർ മയക്കുമരുന്നിനടിമപ്പെട്ടാതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പലപ്പോഴും വയലന്റായി എന്നോട് പെരുമാറി തുടങ്ങി ഒരിക്കലും ചേർന്ന് പോകില്ലന്ന് മനസ്സിലാക്കിയതു കൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. പിന്നീട് ദിവസങ്ങൾ കഴിയും തോറും കിഷോറിന് എന്നോടുള്ള പക വർദ്ധിക്കുകയായിരുന്നു. ഞാൻ മരണപ്പെടും എന്നൊരു ഘട്ടം വന്നപ്പോഴാണ് അമ്മയുടെ നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. ഇവിടെ ഞാൻ സുരക്ഷിതമാണെന്നുള്ള തോന്നൽ.
പക്ഷെ എന്റെ തോന്നലുകൾ അധികം ആയുസില്ലാത്തവയായിരുന്നു. ഞാൻ ഈ നാട്ടിലുണ്ടെന്ന് എങ്ങനെയാ കിഷോർ അറിഞ്ഞിരിക്കുന്നു. ഓരോ രാത്രിയിലും ഉറങ്ങാൻ കിടക്കുന്നത് ഭയപ്പാടോടെയായിരുന്നു. അവൻ ഇവിടെ ഏതു നിമിഷവും വരാം.
പിന്നീടുള്ള പേജുകളെല്ലാം ശൂന്യമായിരുന്നു.  മൗനത്തിന്റെ ഇടനാഴിയിലൂടെ അല്പനേരം സഞ്ചരിച്ചു. ഡയറിയുടെ താളുകൾ മടക്കി വെച്ച് ഒരു വാക്കു പോലും പറയാൻ കഴിയാതെ സിബിച്ചൻ മുറിവിട്ട് പുറത്തേക്കിറങ്ങി. വാതിൽക്കൽ ജീവിതത്തിൽ പ്രതീക്ഷകൾ മുഴുവനും അവസാനിച്ച് ഒരമ്മ ഇരിക്കുന്നുണ്ടായിരുന്നു.

ആ രാത്രിയിൽ പൂജയെ ജനലരികിൽ വെച്ച് കണ്ട് തിരികെ പോയ ശേഷം കിഷോർ അവിടെ വന്നിട്ടുണ്ടാകണം. ഭീഷണിപ്പെടുത്തിയതു കൊണ്ടാവണം പൂജ മുറിതുറന്നു കൊടുത്തത്. സിബിച്ചൻ തിരികെ നടക്കുമ്പോഴൊക്കെ ഈ ദൃശങ്ങളെല്ലാം തെളിഞ്ഞു വന്നു.

സിബിച്ചന്റെ നിരപരാധിത്യം തെളിഞ്ഞെങ്കിലും പൂജയുടെ ഓർമ്മകളുമായി ആ നാട്ടിൽ നിൽക്കാനേ തോന്നിയില്ല. എല്ലാം മറക്കണം എന്നു തോന്നിയതുകൊണ്ടാണ് ആലുവായിലെ വീട്ടിലേക്ക് പോയത്.

പിന്നെ എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആൽത്തറയക്ക് മുമ്പിൽ അവർ ഒത്തുകൂടിയപ്പോൾ ഓർമ്മകൾ എത്രയോ വർഷങ്ങൾ സഞ്ചരിച്ചു. അന്ന് പോയ ശേഷം സിബിച്ചൻ ഒരിക്കൽ പോലും മൈല്ലക്കാട്ടെ അമ്മാമ്മയെയോ അച്ചായനെയോ കണ്ടിട്ടില്ല. നാടിനെപ്പറ്റി ഒരിക്കൽ പോലും അറിയാൻ ശ്രമിച്ചിരുന്നില്ല.
“പൂജ മരിച്ച ശേഷം മൈല്ലക്കാട്ടെ അമ്മാമ്മടെ കാര്യം ആകെ കഷ്ടമായിരുന്നടാ...” ശരത്ത് പറഞ്ഞു. 
“ഒരിടത്തും പോകാതെ വീട്ടിൽ തന്നെയായിരുന്നു എപ്പോഴും, നിന്നെപ്പറ്റി എപ്പോഴും സംസാരിച്ചിരുന്നു. പിന്നെ കുറെ നാളു കഴിഞ്ഞപ്പോൾ വയ്യാതെ കിടപ്പിലായി.... ആ കിടപ്പ് അധികനാൾ നീണ്ട് നിന്നില്ല... അവസാന നാളുകളിൽ നിന്നെ കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു. അച്ചായനും അധികനാൾ ഇരുന്നില്ല.

രണ്ടു പേരും മരിച്ചപ്പോൾ ഷേർലിചേച്ചി വന്നായിരുന്നു. ഇപ്പോ അവരീ വീടെല്ലാം വിറ്റു എന്നാ കേൾക്കുന്നേ. അവിടെല്ലാം കാട് പിടിച്ച് കിടക്കുക ഇപ്പോൾ.”

ഏറെ നേരത്തെ കൂടിച്ചേരലിന് ശേഷം അവർ നടന്നു. ശരത്തിന്റെ വീട്ടിലായിരുന്നു ഉച്ചയ്ക്കുള്ള ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരും കാറിന്റെ അരികിലേക്ക് നടന്നു. കാടു പിടിച്ചു കിടക്കുന്ന മൈല്ലക്കാട്ടെ അമ്മാമ്മേടെ വീട്ടിലേക്ക്, പൂജ കിടന്ന മുറിയുടെ ജനാലയിലേക്ക് നോക്കി. നിറം മങ്ങിയ ജനൽ പാളികളിൽ കാട്ടുവള്ളികൾ നിറഞ്ഞിരുന്നു. ഒരു ദീർഘ നിശ്വാസത്തോടെ സിബിച്ചൻ നടന്നു.
"സിബിച്ചായാ..."
പൊടുന്നനെയായിരുന്നു ആ വിളി സിബിച്ചന്റെ കാതുകളിൽ പതിച്ചത്. സിബിച്ചൻ തിരിഞ്ഞു നോക്കിയപ്പോൾ ജനലരികിലെ മരച്ചുവട്ടിൽ മുഖത്തെ വിടന്ന പുഞ്ചിരിയുമായി പൂജ നിൽക്കുന്നു.
“ശരത്തേ .... ശരത്തേ അങ്ങോട്ടേയ്ക്ക് നോക്കിക്കേ… പൂജ അവിടെ നിൽക്കുന്നു, ഞാനിപ്പോൾ കണ്ടടാ…”
ശരത്തും സിബിച്ചനും ജെയ്സനു സിബിച്ചൻ പറഞ്ഞ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി… എവിടെ... ഞങ്ങളൊന്നും കാണുന്നില്ലല്ലോ.
“എടാ... ഞാനിപ്പോൾ പൂജയെ കണ്ടതാ...”
“നീ വാ നമ്മുക്ക് പോകാം. നിനക്ക് തോന്നിയതാകാം.”
സിബിച്ചന് അറിയാമായിരുന്നു, അത് പൂജ തന്നെയാണെന്ന്. അവർ നാല് പേരും തിരിഞ്ഞു നടന്നു. തന്റെ ഏറ്റവും പ്രയപ്പെട്ട സിബിച്ചനും സുഹൃത്തുക്കളും നടന്ന കലന്നുന്നതും നോക്കി ഈറനണിഞ്ഞ മിഴികൾ തുടച്ച് പൂജ അവിടെ തന്നെ നിന്നു.

അവസാനിച്ചു

 

Read Part_1: https://emalayalee.com/vartha/331033


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക