"എടി മിനിയേ, എന്ന് പതുക്കെ പിറുപിറുക്കുന്നത് പോലെ ശബ്ദമുണ്ടാക്കി ശ്രദ്ധക്ഷണിച്ച് വാതിലിൽ മുട്ടാതെയും ബെല്ലടിക്കാതെയും പതുക്കെ വിരലുകൾ വെച്ച് ചുരണ്ടി ശബ്ദമുണ്ടാക്കികൊണ്ടാണ് അമ്മച്ചി എന്നെ വിളിക്കുക. വാതിൽ തുറന്ന ഉടൻ ചുറ്റും നോക്കിക്കൊണ്ട് വീടിനുള്ളിലേക്ക് കയറിവരുമ്പോഴേ അറിയാം എൻ്റെ സഹായത്തോടെ എന്തോ കുരുത്തക്കേട് ഒപ്പിക്കാനുണ്ടാവുമെന്ന്...
"നീ സിറ്റിസെൻ്ററിൽ ട്രീയിട്ടത് കണ്ടാരുന്നോ? ഇത്തവണ അവിടെ ഇട്ടത് പോലെ ഒരു മുട്ടൻ ട്രീ ഞാൻ ദുബായില് വന്നിട്ട് ആദ്യായിട്ടാ കാണുന്നത്. വാഫിയിലാണെങ്കിൽ പറയാനില്ല, എല്ലാ വർഷവും ക്രിസ്ത്മസ് ഡെക്കറേഷനിൽ വാഫിയെക്കഴിച്ചേ മറ്റൊരിടമുള്ളൂ.
ലാംസിപ്ലാസയിൽ ക്രിസ്തുമസ് പാപ്പ കൊച്ചുങ്ങൾക്ക് ഗിഫ്റ്റും കൊടുക്കുന്നുണ്ട്. നീ ഈ പിള്ളാരെയും കൊണ്ട് പോയി എല്ലാം കാണിച്ച് കൊടുക്ക്, വലുതായിക്കഴിഞ്ഞാൽ അവരുടെ ഓർമ്മയിൽ കൃസ്തുമസ് എന്ന് പറഞ്ഞാ ഇതൊക്കെയേ കാണത്തുള്ളു." എനിക്കിപ്പഴും നാട്ടിലെ പള്ളിയിലെ കരോളും ബാൻഡ് മേളവുമാണ് ക്രിസ്തുമസ് !
അകത്ത് കയറിക്കഴിഞ്ഞാൽ ചുറ്റും നോക്കി ഇത്തരം വിശേഷങ്ങളും നൊസ്റ്റാൾജിയയും കൂട്ടിയിണക്കി എന്നെ സന്തോഷിപ്പിക്കുന്നത് ലീന അറിയാതെയുള്ള എന്തോ കാര്യസാദ്ധ്യത്തിനാവും എന്നുമെനിക്കറിയാം. എന്നാലും ഒന്നും മനസ്സിലാവാത്തത് പോലെ ഞാനഭിനയിക്കും.
"ചായ വേണോ അമ്മച്ചീ" എന്ന ഉപചാരത്തിന് മറുപടി പറയാതെ അടുക്കളയിൽ കയറി ചായപ്പാത്രത്തിൽ പാലും വെള്ളവും സമാസമം ഒഴിച്ച് അടുപ്പിൽ വെച്ച് ചായപ്പണി തുടങ്ങും. അതിനിടയിൽ "നീ പോയി
ലാംസിപ്ലാസയിലെയിലെ മുകളിലെ ഹൈപ്പർ മാർക്കറ്റിൽ നല്ല ബേക്കിങ്ങ് ട്രേകൾ കിട്ടുമെന്നും, അതിൽ നീളമുള്ള ഒന്ന് വാങ്ങണമെന്നും, നാളെ ലീന ഓഫീസിൽ നിന്ന് വരുന്നതിന് മുന്നേ നമുക്കൊരു കൊച്ച് കേക്ക് ഉണ്ടാക്കണമെന്നും അതിനായി രണ്ട് 250 ഗ്രാം വീതം അൺസാൾട്ടഡ് ബട്ടർ വാങ്ങി പുറത്ത് വെച്ചേക്കണമെന്നും പറഞ്ഞ് കടുപ്പത്തിൽ പൊടിയിട്ട്
പാകത്തിന് മധുരവുമിട്ട് കിടുക്കനൊരു ചായ എനിക്ക് നേരെ നീട്ടും. അമ്മച്ചിക്ക് ചായ കുടിക്കാൻ വലിയ കോഫീമഗ് തന്നെ വേണം. കാൽക്കപ്പ് ചായയാണെങ്കിലും
ഇതിൽക്കുടിച്ചാലേ ഒരു ഗുമ്മുള്ളൂ എന്ന് പറഞ്ഞ് ചായക്കോപ്പയുമായി ഹാളിലെ സോഫയിൽ ചാരിയിരിക്കും.
കിട്ടിയത് ഒരു ഒന്നൊന്നര പണിയാണെന്ന് തിരിച്ചറിഞ്ഞാലും ഞാൻ കൂടെ നിൽക്കും. അമ്മച്ചിയുടെ ഏറ്റവും വലിയ വീക്നെസാണ് ക്രിസ്തുമസ് കാലത്തെ കേക്ക് ബേക്ക് ചെയ്യൽ. ദുബായിലുള്ള സകലമാന ബന്ധുക്കളുടെയും ലിസ്റ്റ് ഉണ്ടാക്കി മൂപ്പർ കേക്ക് ഉണ്ടാക്കി എത്തിക്കും. പള്ളിയിൽ വെച്ച് കണ്ടാൽ ഒന്ന് ചിരിക്കാൻ മടി കാണിക്കുന്നവർക്ക് പോലും മമ്മി എന്തിനാണ് കേക്ക് സമ്മാനിക്കുന്നതെന്ന ലീനയുടെ ന്യായമായ ചോദ്യത്തിന് ഉത്തരം പറയാതെ അമ്മച്ചി കണ്ണ് മിഴിച്ച് നിൽക്കുന്നത് കാണുമ്പോൾ വികൃതിക്കുഞ്ഞുങ്ങളെ ഓർമ്മവരും. അവൾ മാറിക്കഴിഞ്ഞാൽ " ദുബായിൽ വന്ന് പെട്ട കാലത്ത് ആ പിള്ളാരുടെ ഒക്കെ അപ്പനമ്മമാരും ഞങ്ങളും തമ്മിൽ എങ്ങിനെയായിരുന്നെന്ന് ലീനക്കറിയില്ലല്ലോ" എന്ന് എന്നോട് ന്യായീകരിക്കും.
കേക്ക് ഉണ്ടാക്കുമ്പോൾ അമ്മച്ചി യൗവനത്തിലെ ഓർമ്മകളിലേക്ക് തിരിച്ചു പോവുമെന്ന്
കണ്ടറിഞ്ഞതിനാൽ പുറത്ത് നിന്ന് വാങ്ങാനുള്ള സാധനങ്ങൾ ഞാൻ ഒപ്പിച്ച് കൊടുക്കും. ബ്രാണ്ടിയിലും റമ്മിലും മുക്കിവെച്ച ഉണക്കമുന്തിരിയും ട്രൂട്ടിഫ്രൂട്ടിയും അമ്മച്ചി കഴിഞ്ഞ ക്രിസ്തുമസിനേ ലീന കാണാത്തിടത്ത് പാത്തുവെച്ചിട്ടുണ്ടാവും. അടുക്കളയിലെ ഷെൽഫിൻ്റെ ഇരുണ്ട കോണിൽ നിന്ന് ആ കൊച്ച് സ്ഥടികഭരണി പൊക്കിക്കാട്ടി "എപ്പടി" എന്ന ഭാവത്തിൽ മുഖം ചുളുക്കി ചിരിച്ച് കാട്ടും.
ഉണക്കി വെച്ച ഓറഞ്ചിൻ്റെ തൊലി ചിരണ്ടലും , ഗ്രാമ്പൂ പൊടിക്കലും ആൾപർപ്പസ് ഫ്ലോർ ഇടഞ്ഞിട ലുമാണ് എൻ്റെ ജോലി. മുട്ടയുടെ മഞ്ഞക്കരു മാറ്റി വെക്കുക, ബട്ടർ ഉരുക്കുക മുതലായ ഉത്തരവാദിത്തമുള്ള പണികൾ അമ്മച്ചി ഏറ്റെടുക്കും. ഓറഞ്ച് ഫ്ലേവറുള്ള കേക്ക് മതി എനിക്കെന്ന് ഞാനദ്യമേ ചട്ടം കെട്ടും. സത്വയിലെ തോമസ് പാപ്പനും ഇതു തന്നെയാണ് ഇഷ്ടമെന്ന് പതിനായിരാമത്തെ തവണയും ആൻ്റി ആവർത്തിക്കും. വാനില ഫ്ലേവറിനാണ് ആവശ്യക്കാർ ഏറെ. പിന്നെ ഗ്രാമ്പൂ മണമുള്ളതിനും. അപ്പച്ചന് എന്തായാലും ഇഷ്ടമാണെന്ന് പ്രണയഭാവത്തിൽ പറഞ്ഞ് കൊണ്ട് കേക്കിൻ്റെ കൂട്ട് മിക്സ് ചെയ്യും.
അപ്പച്ചനോടുള്ള പ്രണയത്തിന് അമ്മച്ചി ഒരിക്കലും പരിധി വെക്കാറില്ല. തിരിച്ചിങ്ങോട്ടും അതുപോലെ തന്നെയാണ്. "ഈ അപ്പച്ചനാണ് അമ്മച്ചിയെ ഇത്രയും വഷളാക്കിയതെന്ന് ലീന കുറ്റപ്പെടുത്തുമ്പോൾ മൂപ്പർക്കൊരു അലിഞ്ഞ ചിരിയുണ്ട്. അതു കാണുമ്പോൾ എനിക്ക് എന്തോ സങ്കടം വരുമായിരുന്നു. അമ്മച്ചി ഒരിക്കലും അപ്പച്ചനെക്കൊണ്ട് പരാതി പറഞ്ഞ് കേട്ടിട്ടില്ല.
കേക്കിൻ്റെ കൂട്ട് ബോക്കിങ്ങ്
ട്രേകളിലൊഴിച്ച് ഒന്ന് തട്ടി "എയർ വിടുവിച്ച് " പ്രീഹീറ്റു ചെയ്ത അവനിലേക്ക് കയറ്റി വെക്കുമ്പോഴും കിച്ചൺ യുദ്ധക്കളമായിട്ടുണ്ടാവും. ഇനി നമുക്കൊരു കാപ്പി കുടിച്ചിട്ടാവാം ബാക്കി ക്ലീനിങ്ങെന്ന് പറഞ്ഞ് ഹാളിലേക്ക് വരുമ്പോൾ അപ്പച്ചനും പിള്ളാരും ടോയ്സ് നിറച്ച പാത്രം കാർപ്പറ്റിൽ മുട്ടിയിട്ട് അർമ്മാദിക്കുന്നുണ്ടാവും. ലീന വരുമ്പോഴേക്ക് വീടെങ്ങിനെ പഴയപടിയാക്കുമെന്ന് ഞാൻ ആധി പിടിക്കുമ്പോൾ അവരിരുവരും പഴയ ക്രിസ്തുമസ് ഓർമ്മകൾ എണ്ണിപ്പറഞ്ഞ് എന്നെ നോക്കി ചിരിക്കും. "നമുക്ക് ലീന ക്കൊപ്പം ഇതുക്കൂട്ട് ഒരു മോളും കൂടി വേണ്ടിയിരുന്നു എന്ന് അമ്മച്ചി എന്നെ സുഖിപ്പിക്കും." എൻ്റെ തനിസ്വഭാവം വിശ്വേട്ടനും അമ്മക്കും മാത്രമെ അറിയൂ എന്ന് മനസ്സിലോർത്ത് ഞാൻ അവരെ നോക്കി നിഷ്കളങ്കമായി ചിരിക്കും.
അപ്പോഴേക്ക് കേക്ക് വെന്തു വരുന്നതിൻ്റെ ഗന്ധം വീടാകെ പടരും. കേക്ക് നന്നായി പൊങ്ങി വരുന്നുണ്ടെന്ന് അമ്മച്ചി ആശ്വസിക്കും. അവരുടെ കസിൻസ് ബട്ടറിനൊപ്പം സൺഫ്ലവർ ഓയിലും ചേർക്കുമെന്നും, കൃസ്തുമസിൻ്റെ കേക്കിനോടെങ്കിലും പിശുക്ക് കാട്ടാതിരുന്നൂടെ എന്ന് പരിഹസിക്കും. പണ്ടേ അപ്പച്ചന് ഭക്ഷണകാര്യത്തിൽ പിശുക്കില്ലെന്ന് തൻ്റെ ഭാരിച്ച ശരീരം നോക്കി പൊട്ടിച്ചിരിക്കും...
അവൻ ഓഫാക്കി, അടുക്കള വൃത്തിയാക്കി കേക്കുകൾ വീതിച്ച് ലീന കാണാതെ അതിൽപ്പാതിയും ഒളിച്ച് വെച്ച് ഞങ്ങൾ നല്ല കുട്ടികളാവും. വീട്ടിൽ നിറഞ്ഞ് നിൽക്കുന്ന കേക്കിൻ്റെ ഗന്ധത്തെ ലീനയിൽ നിന്ന് ഒളിപ്പിക്കാനാവാത്തത് കൊണ്ട് കൊച്ചുങ്ങൾക്ക് കൊടുക്കാൻ ഒരു ചെറിയ കേക്ക് ബേക്ക് ചെയ്തെന്ന് കള്ളം പറയും. പോലീസ് മുഖത്തോടെ ലീന എന്നെ നോക്കുമ്പോൾ "വിശ്വേട്ടൻ ഓഫീസ് വിട്ട് വരാനായി" എന്ന് പറഞ്ഞ് ഞാൻ തിടുക്കത്തിൽ വീട്ടിലേക്ക് ഓടും !
എത്ര മനോഹരവും ,നിർമ്മലവും നിഷ്കളങ്കവുമായിരുന്നു ഞങ്ങളുടെ അക്കാലത്തെ ക്രിസ്തുമസ് . ട്രീയിടലും അതിൽ തോരണങ്ങളും ഗോളകങ്ങളും തൂക്കുന്നതും പുൽക്കൂടൊരുക്കലും ഉണ്ണിയേശുവിനെ അതിൽ വെക്കാനായി പന്ത്രണ്ട് മണിയാവാൻ കാത്തിരിക്കുന്നതും ട്രീക്ക് ചുറ്റും സമ്മാനപ്പൊതികൾ നിരത്തുന്നതും ഓർമ്മകളിൽ നിറയും! അതിനൊപ്പം എൻ്റെ കണ്ണും.
എൻ്റെ എല്ലാ കൃസ്തുമസുകളും അമ്മച്ചിയാൽ ചുറ്റിപ്പറ്റിയായിരുന്നല്ലോ!
ഞങ്ങൾ യേശു അപ്പച്ചൻ്റെ പിറന്നാളുകളായിരുന്നു ആഘോഷിച്ചിരുന്നത് ! ഉണ്ണിയേശുവിന് വയസ്സാവുമെന്നോർത്ത് സങ്കടപ്പെട്ടിരുന്ന നിഷ്കളങ്ക യൗവനകാലം !
എല്ലാ വായനക്കാർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ കൃസ്തുമസ് ആശംസകൾ! അമ്മച്ചി പറയുന്നത് പോലെ
നല്ലഓർമ്മകൾ സമ്പാദിക്കാനായി നമുക്ക് കൃസ്തുമസ് ആഘോഷിക്കാം !