കാലചക്രം കറങ്ങുന്നു പിന്നെയും
വീണ്ടുമണയുന്നു രാപ്പകലുകൾ
ജനനമരണങ്ങൾ കൂടുന്നിവിടെ
മാറുന്നനുക്ഷണം ജീവനൊമ്പരങ്ങൾ
യാമങ്ങളിൽ പാടുന്നതേ രാപ്പാടികൾ
യാത്രതൻ കാൽപ്പാടുകളിരുളിൽ മറയുന്നു
കണ്ടകിനാവുകളവ്യക്തമാകുന്നു
കാത്തിരുന്നൊരാ കാലമേ, ജന്മമിവിടെ തീരുന്നു
തിരിച്ചറിയാനാകാതെ മാറുന്നു കോലങ്ങൾ
ദർപ്പണത്തിലൊരു പ്രതിബിംബം കാണവേ
ഭയചകിതരായ് പിന്നിലേയ്ക്കായുന്നു
തിരയുന്നെവിടെയോ പോയ കാലത്തെയും
നീരവനീലാകാശമിരുളുന്നിവിടെ
ശുഷ്കതാരകങ്ങളകന്നു മാറുന്നു
പിടഞ്ഞു വീഴുമൊരിയാം പാറ്റയായ് നാം
വെളിച്ചം തേടിയലയുന്നു ചുറ്റിലും
കുതിച്ചു പായുന്നൊരശ്വമായ് നമ്മൾ
അലറുന്നണ്ഡകടാഹം നടുങ്ങുമാറുച്ചത്തിൽ
ലക്ഷ്യമില്ലാതലയുന്നൊടുവിലായ്
തളർന്നുവീഴുന്നേതോ വഴിവക്കിലും
വേണ്ടിനിയൊരു തിക്കും തിരക്കും
നൈമിഷികമീ ജീവിതം മണ്ണിൽ
അന്തർമുഖരായുള്ളിലൊളിക്കാതെ
ഇന്നിവിടെ ജീവിക്കാം.... ജീവിച്ചു മരിക്കാം..