Image

ഞാൻ സ്നേഹിച്ചിരുന്നിരിക്കണം ( കവിത : ഷലീർ അലി )

Published on 29 December, 2024
ഞാൻ സ്നേഹിച്ചിരുന്നിരിക്കണം ( കവിത : ഷലീർ അലി )

അകാരണമായി 
സ്നേഹിച്ചു പോവുന്നെന്ന 
തോന്നലിൽ തിരിഞ്ഞു നടന്നതാണ്

അനുവാദമില്ലാതെ 
ആഗ്രഹിക്കുകയെന്ന 
അനീതിയോട് സമരസപ്പെടാനുള്ള 
പാകക്കുറവ് കൊണ്ടാണ്

തീർച്ചയായും ഞാൻ 
നിങ്ങളെ സ്നേഹിച്ചിരുന്നിരിക്കണം

ഒന്നിനുമല്ലാതെ
മിണ്ടിയിരിക്കാൻ 
മാത്രമാശിച്ചപ്പോഴും
ഒന്നുമോർക്കാതെ
നിങ്ങളെ കേട്ടു 
കൊണ്ടേയിരുന്നപ്പൊഴും

കാണാതെയാവുന്ന 
കാത്തിരിപ്പിൽ 
ശ്വാസംമുട്ടാൻ തുടങ്ങുമ്പഴും
തീർച്ചയായും ഞാൻ 
നിങ്ങളെ സ്നേഹിച്ചിരുന്നിരിക്കണം..

പൊറുക്കുക..,
ശിഷ്ടകാലം തമ്മിൽ
വെറുക്കാതിരിക്കാനാണെങ്കിലും...
ഇഷ്ടമാണെന്ന 
വാക്കിന്റെ വക്കിൽ നിന്ന്
ആത്മഹത്യ ചെയ്തതിന്...!!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക