നരജന്മത്തിന്റെ
നീണ്ട വിരസതയ്ക്കും
മടുപ്പിനും ശേഷം
ആകസ്മികമായി
ഇയാൾ ഇന്നലെ പുലർച്ചെ
ഒരു കൂത്താടിയായി.
രൂപാന്തരത്തിന്റെ സാഫല്യത്തിൽ
നീന്തലറിയാത്ത ഇയാൾ
നീന്താൻ തുടങ്ങി
പറത്തമറിയാത്ത ഇയാൾ
മൂളിപ്പറക്കാൻ തുടങ്ങി
ചോര മണത്താൽ ഓക്കാനം
വന്നിരുന്ന ഇയാൾക്ക്
ചോര കിട്ടാഞ്ഞാൽ
അപസ്മാരമിളകുമെന്ന സ്ഥിതിയായി
വിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയായിരുന്ന
അയൽക്കാരിയുടെ മിനുസമുള്ള
നുണക്കുഴിക്കവിളിൽ
ഒരു സന്ധ്യക്ക് രുധിരധ്യാനം
അഭ്യസിക്കവെ,
അപ്രത്യാശിതമായി
ഇയാൾക്കത് സംഭവിച്ചു :
അപനിർവാണമൃത്യു!
ലൗകികശ്രേണിയിൽപെടുന്ന
ഒരു കച്ചറ സ്വപ്നമാകയാൽ
പഴയ ജീവിതത്തിന്റെ
തീവണ്ടി മുറിയിലേക്ക് തന്നെ
ഇയാൾ തിരിച്ചു കയറി
എവിടെക്കാണെന്നറിയാത്ത
എന്തിനാണെന്നറിയാത്ത
മുഷിപ്പിക്കുന്ന യാത്ര തുടർന്നു.
അറിയപ്പെടാത്ത ഒരു സ്റ്റേഷനിൽ
ആരൊ കാത്തിരിക്കുന്നുണ്ടെന്ന്
ടിക്കറ്റ് പരിശോധകൻ പറഞ്ഞത്
പാതിയുറക്കത്തിൽ ഇയാൾ മുഖവിലക്കെടുത്തിരുന്നില്ല
യാത്ര പുറപ്പെട്ട സമയം
തന്നെ മറന്നു പോയി
അതോർത്തിട്ട് ഒരു കാര്യവുമില്ല
കൂടെയുണ്ടായിരുന്നവർ
ഒന്നും പറയാതെ നിസ്സംഗമായി ഇരുട്ടിലേക്കിറങ്ങിപ്പോയിരുന്നു
അതിലൊന്നും ദുഃഖിക്കാൻ
ഇയാൾക്കറിയില്ലായിരുന്നു
ഇറങ്ങിപ്പോയവർ
യാത്രയുടെ ഏതെങ്കിലും ഘട്ടത്തിൽ
വീണ്ടും പ്രഛന്ന വേഷം കെട്ടി
വണ്ടിയിൽ കയറുമായിരിക്കുമെന്നു
ഇയാൾ വെറുതെ പ്രത്യാശിച്ചു.
ഒരു ചങ്ങലയ്ക്കും ഈ വണ്ടിയെ
വഴിയിൽ വലിച്ചു നിർത്താനുള്ള ശേഷിയില്ലെന്നറിയാം.
പിന്നോട്ട് ഓടി മറയുന്ന
മരങ്ങളിലെ പക്ഷിക്കൂടുകളിൽ
കാറ്റ് തിരയുന്നതെന്താണ് -
ഓടക്കുഴലൊ?
അകലുന്ന നീർച്ചാട്ടങ്ങളിൽ
മുഴങ്ങുന്ന പൊട്ടിച്ചിരി
ആരുടെതാണ് -
അദൃശ്യനായ ദൈവത്തിന്റെതൊ?
പെട്ടെന്നതാ തീവണ്ടി
പരിധിയറ്റ മടുപ്പോടെ
പാളങ്ങളുപേക്ഷിക്കുന്നു
വിശാലമായ തരിശുപാടവും മുറിച്ചു കടക്കുന്നു
പക്ഷികളെയും മൃഗങ്ങളെയും
മനുഷ്യരെയും തട്ടിത്തെറിപ്പിച്ചും
ഉരുക്കു ചക്രങ്ങളിൽ അരച്ചിഴച്ചും കൊണ്ട്
അത് മൃഗീയവും ആസുരീയവുമായ
ശക്തിയോടെ ഇടതടവില്ലാതെ
മുന്നോട്ട് കുതിക്കയാണ്
എവിടേക്ക്? എവിടേക്ക്?
എന്തിന്? എന്തിന്?
സ്ഥലകാലങ്ങളെ പൊതിഞ്ഞു
നിൽക്കുന്ന നിശ്ചലതയുടെ
ചെതുമ്പൽ പൊട്ടിച്ച്
ഒരപായത്തിന്റെ സൈറൺ
തുടരെത്തുടരെ മുഴങ്ങുന്നു
ഭൂമിയിലെ യുദ്ധക്കളങ്ങളിലെ
അശരണരുടെ കൂട്ടനിലവിളിയാണൊ
അത്?
ഇപ്പോൾ ഈ വണ്ടി ഇരുവശത്തേക്കും
തിരമാലകളെ വകഞ്ഞു മാറ്റിക്കൊണ്ട്
സ്റ്റേഷനുകളില്ലാത്ത നീലക്കടലിലൂടെ
ഇരമ്പിപ്പായുകയാണ്!
ഇല്ല ഇനി ഒരു ചങ്ങലയ്ക്കും ഈ വണ്ടിയെ വഴിയിൽ വലിച്ചു നിർത്താനുള്ള ശേഷിയില്ല
ഇതിലെ ഡ്രൈവർ ഉറങ്ങുകയാണ്
ടിക്കറ്റ് പരിശോധകൻ ഒരു സ്വപ്നാടനത്തിലെന്ന പോലെ
ഉറങ്ങുന്ന സ്ത്രീകളുടെ മാലകളിലും അരഞ്ഞാണങ്ങളിലും
തപ്പുകയാണ്.
കയ്യിൽ പച്ചക്കൊടിയും ചുവന്ന
കൊടിയുമുള്ള ഗാർഡിനെ
എവിടെയും കാണാനില്ല
അയാളും മറ്റു പലരെയും പോലെ
തീ പിടിച്ച ഈ വണ്ടിയിൽ നിന്നും ഇരുട്ടിലേക്ക് എടുത്തു
ചാടിയതാണൊ?
പരിക്കേറ്റ നിഷ്കളങ്കതയുമായി
ഇയാളുടെ യാത്ര ഇഷ്ടമില്ലാത്ത
അജ്ഞാതമായ ഒരിടത്തേക്ക്
നീണ്ടു പോവുകയാണ്.
അകൽച്ച അടുപ്പമാകയാണ്
അടുപ്പം അപരിചിതത്വത്തിന്റെ
താൽക്കാലികമായ മുദ്രകൾ
ക്രൂരതയോടെ ഹൃദയത്തിൽ പതിപ്പിക്കയാണ്
അപാരത അപാരതയെ
കൈവെടിയില്ലെന്ന
പ്രത്യാശയിൽ അപാരതയുടെ
മടിത്തട്ടിൽ ഇയാൾ
ഭവിതവ്യതയെക്കുറിച്ച്
ഒന്നുമോർക്കാതെ കണ്ണടച്ചു കിടന്നു.
മരിച്ചു പോയ അമ്മയുടെ മുലപ്പാൽ
ഒരിക്കലും കിട്ടാത്ത വെളിച്ചമായി
കിനാവിൽ പരന്നു.