കഥാന്ത്യത്താളിന്നപ്പുറ-
മെന്തുള്ളൂ ശൂന്യതയെന്യേ?
നാകം പൂകുവതെന്തിന്?
നരകം ഭീകരമാമോ?
അവയെന്താ,ണാർക്കറിയാം?
അപ്പുറമെമെന്നു വിളിക്ക.
അവിടം കാണണമെന്നും
പിന്നെ മടങ്ങണമെന്നും
ഒരു സ്വപ്നമെനിക്കുണ്ട്.
അവിടുത്തക്ഷയഖനി-
യിലെ സ്വർണ്ണം വാരിക്കൂട്ടി
കടം തീർക്കാൻ കൊണ്ടുവരാം;
ജീവൽശാപമകറ്റിടു-
മമൃതം വെട്ടിവെഴുങ്ങാം;
ശരിയുടെ കവിതകൾ,
കഥകളുമെല്ലാമായി
തിരിച്ചുവന്നവ ചൊല്ലി
തമസ്സകറ്റി ജയിക്കാം.
അവിടെ തങ്ങുവതതേ-
മതിയെന്നവർതാനാമോ?
മോചനമില്ലാതുഴറും
ഗതികിട്ടാത്തവരാമോ?
ദേവസ്തുതി പാടുകയോ
അവരുടെയൊരു യോഗം!
പരലോകത്തുണ്ടോ മണ്ണ്?
തൃഷ്ണയിൻ സുഖദുഃഖങ്ങൾ?
മാംസനിണനിറവുകൾ?
മിഴിനീരിന്റെ സാന്ത്വനം?
നമ്മുടിതേ വികാരങ്ങൾ
കിടപ്പുണ്ടാമുൾത്തീനീറി,
നിവർത്തനമില്ലാ,തൊന്നു
കരയാൻപോലുമാവാതെ.
മഹാദുഃഖങ്ങളെത്രയോ
നെഞ്ഞിലെ ശവപ്പറമ്പിൽ
കുഴിച്ചിട്ട നിസ്സഹായരാം
നമുക്കെന്തു കരണിയം
ആകെയുള്ളൊരീ ജന്മത്തിൽ,
ജീവിച്ചിരിക്കയല്ലാതെ!
കണക്കെല്ലാം തീരുവാനീ
ജീവിതമൊന്നു മതിയോ?
കാത്തുനില്‌പതെന്തിന്നായി--
കാലചക്രം നിലയ്ക്കുമോ?
കാലത്തെ വെൽകുവാൻ
കലാകൗതുകം മതിയാ ...
അതാ പോകുന്നൊരു കൂട്ടർ--
മതിലുചാടിപ്പോന്നവർ,
നിർഭയരായ് നിരായുധർ.
തടവറ പൊളിച്ചുകൊ-
ണ്ടായിരങ്ങളിറങ്ങട്ടെ; *
അവസാനം തോൽക്കുകിലോ,
“ഇവിടെ നില്പ്പൂ സ്പ്പാർട്ടക്കസ്,
അല്ല ഞാനാണു സ്പാർട്ടക്കസ്”
എന്നവരത്രയും ധീരം
ക്രൂശിലേറിയൊടുങ്ങട്ടെ!
* The Bastille Prison, Paris, 1789,