വേണമെങ്കിൽ അയാൾക്ക് അന്നപൂർണ്ണയെ കൂടി കൊണ്ട് പോകാമായിരുന്നു. എങ്കിലും പതിവ് പോലെ എങ്ങോട്ടാണ് പുറപ്പെടുന്നത് എന്നു പോലും വ്യക്തമാക്കാതെ കാറിന്റെ ചാവി എടുത്തു വിരലിൽ കോർത്ത് കറക്കി മൂളിപ്പാട്ടും പാടി ഉന്മേഷത്തോടെ അയാൾ മുറ്റത്തേക്ക് ഇറങ്ങി. ഏറെ നാളായി കാത്തിരുന്ന യാത്ര തരപ്പെട്ടിരിക്കുന്നു. ഗൾഫിൽ നിന്നും അനന്തൻ വരുന്ന വിവരം രാവിലെ പവിത്രയാണ് വിളിച്ചു പറഞ്ഞത്. അവൾക്കൊപ്പം എയർപോർട്ട് വരെ ചെല്ലണം. പവിത്രയുടെ കാർ വർക്ക് ഷോപ്പിൽ ആണത്രേ. കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല.
അനന്തന്റെ ഭാര്യയായ പവിത്രയിൽ ഒരു പെണ്ണിന് വേണ്ടതായി താൻ മോഹിച്ച എല്ലാ ഗുണങ്ങളും ഒത്തു ചേർന്നിട്ടുണ്ട് എന്ന് പലപ്പോഴും അയാൾക്ക് തോന്നിയിട്ടുണ്ട്. അവളെ പോലെ ഒരു പെണ്ണിനെ അല്ലേ താൻ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നത്. അവളുടെ ആകാരഭംഗി, മുഖത്തെ പ്രസാദാത്മകത, ചിരിയിലെ വെളിച്ചം, പെരുമാറ്റം ഇവയെല്ലാം ആരെയും ആകർഷിക്കാൻ പോന്നവയാണ്.
ഒന്ന് നന്നായി ചിരിയ്ക്കാനോ മറ്റുള്ളവരോട് ഭംഗിയായി പെരുമാറാനോ അറിയാത്ത അന്നപൂർണ്ണയോടോപ്പമുള്ള ജീവിതത്തെ അയാൾ ഈയിടെയായി വല്ലാതെ മടുത്തു തുടങ്ങിയിരുന്നു. എത്രയും പെട്ടെന്ന് പവിത്രയ്‌ക്കരികിൽ എത്താനുള്ള ആവേശത്തോടെ അയാൾ കാറോടിച്ചു. അകലെ നിന്നേ കാണാമായിരുന്നു മതിലിനു പുറത്തേക്ക് പടർന്നു കിടക്കുന്ന വെളുത്ത ബോഗൻവില്ല പൂക്കൾ.അവയ്ക്കിടയിൽ പവിത്ര കാത്തു നിൽക്കുന്നുണ്ട്. മറ്റൊരു വസന്തം വിടരും പോലെ അവൾ ചിരിച്ചു. അവളോടൊപ്പം കാറിനുള്ളിലേക്കു കടന്നു വന്ന ഹൃദ്യമായ സുഗന്ധം.
"എന്താ ജയാ അന്നപൂർണ്ണയെ കൂട്ടാഞ്ഞത്?" കാറിൽ കയറിയ ഉടനെ പവിത്ര ചോദിച്ചു. "
" ഓ...അവൾക്കു യാത്ര ഇഷ്ടമല്ലല്ലോ. പിന്നെ ചെറിയ ഒരു തലവേദനയും."
തെല്ലു കുറ്റബോധത്തോടെ ആണെങ്കിലും ചില നേരത്ത് കള്ളങ്ങൾ പറഞ്ഞെ പറ്റു. സ ത്യത്തിലേക്കുള്ള വഴിയടച്ചു കള്ളങ്ങൾ വേലി കെട്ടുന്നു.നിനച്ചിരിക്കാതെ അത് പൊ ളിഞ്ഞു വീണാൽ ഏറ്റവും പെട്ടെന്ന് ശിഥിലമാകുന്നത് ദാമ്പത്യം തന്നെയായിരിക്കും. അന്നപൂർണ്ണയുടെ മനസ്സ് എന്നും സ്ഫടികം പോലെ സുതാര്യമായിരുന്നു. അവളുടെ വഴികളെല്ലാം തന്നിലേക്ക് മാത്രം തുറക്കുന്നവയുമായിരുന്നു. എല്ലാം അറിഞ്ഞിട്ടും അവളിൽ നിന്നും കൃത്യമായ ഒരു അകലം കാത്തു സൂക്ഷിക്കുന്നത് എന്തിനാണ്.? പലപ്പോഴും തന്നോട് തന്നെ ചോദിച്ചിട്ടുള്ള ചോദ്യം.
അനന്തന്റെ വീട്ടിലേക്കുള്ള യാത്രകൾ എന്നും അവൾക്കു ഒരു ഹരം തന്നെയായിരുന്നു. കടലിലേക്ക് തുറക്കുന്ന ജനാലകളുള്ള ആ വീട് അവൾക്കു അത്രമേൽ പ്രിയങ്കരവുമായിരുന്നു. അത് പവിത്രയ്ക്കും നന്നായി അറിയാം. അയാൾ പവിത്രയെ നോക്കി. മേൽച്ചുണ്ടിനു മീതെയുള്ള നേർത്ത ഇളം നീലരോമങ്ങളിൽ വിയർപ്പു പൊടിയുന്നു. വണ്ടിയിൽ കയറി എയർ പോർട്ടിൽ എത്തും വരെ പവിത്ര സംസാരിച്ചത് അനന്തനെക്കുറിച്ച് മാത്രമായിരുന്നു. സുദീർഘമായ കാത്തിരിപ്പിനൊടുവിൽ എത്തുന്ന അനന്തനെ സ്വീകരിയ്ക്കാൻ തുടിക്കുന്നു അവളുടെ ഹൃദയം.
കൃത്യസമയത്തു തന്നെ എയർപോർട്ടിൽ എത്തിച്ചേർന്നു. ഫ്ലൈറ്റ് വരാൻ വൈകിയിരുന്നെങ്കിൽ കുറച്ചു നേരം കൂടി പവിത്രയോട് സംസാരിക്കണമെന്ന് അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അനന്തൻ കാത്തു നിൽക്കുകയായിരുന്നു. അയാൾ ഒന്ന് കൂടി വെളുത്തു തടിച്ചു സുമുഖനായിരിക്കുന്നു. അനന്തനെ കണ്ടപ്പോഴേ ഡോർ തുറന്നു പവിത്ര അയാൾക്കരികിലേക്ക് തിടുക്കത്തിൽ നടന്നു. നവദമ്പതികളെ പോലെ അവർ കൈകോർത്തു പിടിച്ചു വന്നു കാറിൽ കയറി. മുൻസീറ്റിൽ ഇരുന്ന അനന്തന്റെ കഴുത്തിലൂടെ കൈ ചുറ്റി പവിത്ര വാചാലയായി. വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ അയാൾ പറഞ്ഞു.
"നീ ഏല്പിച്ച നിധി ഇതാ തിരിച്ചേൽപ്പിക്കുന്നു."
"നീ ഒന്ന് കയറിയിട്ട് പോകു ജയാ എത്ര നാളായി കണ്ടിട്ട്." അനന്തൻ നിർബന്ധിച്ചപ്പോൾ മനസില്ലാ മനസോടെ അയാൾ വീട്ടിലേക്ക് കയറി. ഭാരമേറിയ ലഗേജ് താങ്ങി പവിത്ര പ്രസരിപ്പോടെ അകത്തേക്ക് നടന്നു . "
"നിനക്ക് അന്നപൂർണ്ണയെ കൂടെ കൊണ്ട് വരാമായിരുന്നില്ലേ.? ഇന്ന് പൗർണമിയല്ലേ കടലിൽ നിലാവുദി ക്കുന്നത് അവൾക്കു എത്ര കണ്ടാലും മതിയാകുമായിരുന്നില്ലല്ലോ". അനന്തൻ ചോദിച്ചു. . എത്ര സംസാരിച്ചാലും മതി വരാത്ത അവനിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുമ്പോഴാണ് പവിത്ര വന്നത്.
ഇളം മഞ്ഞ നിറമുള്ള നൈറ്റ് ഗൗൺ അവളെ ഒന്ന് കൂടി സുന്ദരിയാക്കിയിരിക്കുന്നു. സോഫയിൽ വന്നു അനന്തനോട് ചേർന്നിരുന്ന അവളുടെ കണ്ണുകൾ ഇടയ്ക്കിടെ പാതിയടയുന്നത് പോലെ.
"നീയെന്താ ഉറങ്ങാൻ പോകുവാണോ." അനന്തൻ കുസൃതിയോടെ തിരക്കി. ഇനി യാത്ര പറഞ്ഞേ പറ്റു അനന്തൻ നൽകിയ സമ്മാനപ്പൊതികളുമായി അയാൾ മുറി വിട്ടിറങ്ങി. മുറ്റത്തെത്തി യപ്പോഴാണ് കാറിന്റെ ചാവി എടുത്തില്ലലോ എന്നോർമ്മിച്ചത്. അയാൾ തിരികെ വന്നു കാളിംഗ് ബെല്ലിൽ വിരൽ അമർത്തി. ഭിത്തിയിൽ തമ്മിൽ പുണർന്നു നിന്ന നിഴലുകൾ പൊടുന്നനെ അകന്നു മാറുന്നു.
"നാശം ആരാ വന്നതെന്ന് നോക്കു ഒന്നിനെ ഒഴിവാക്കിയതേയുള്ളു. ആളൊരു വായിൽ നോക്കിയാണ്. എയർപോർട്ടിൽ വരാൻ വിളിച്ചെന്നെ ഉള്ളു. എത്ര നേരമാ അനന്തൻ അയാളെ പിടിച്ചിരുത്തിയത്. എനിക്ക് ദേഷ്യം വന്നു ട്ടൊ. അതാ ഉറക്കം നടിച്ചത്. ഒന്ന് പോയിക്കിട്ടണ്ടേ.."മുത്ത് കിലുങ്ങും പോലെ പവിത്ര ചിരിച്ചപ്പോൾ മനസ്സിൽ എന്തെല്ലാമോ തകർന്നു വീഴും പോലെ അയാൾക്ക് തോന്നി.
ആവശ്യമില്ലാത്തിടത്ത് അധികപ്പറ്റായി പ്പോയ നിമിഷങ്ങളെ പഴിച്ചു കൊണ്ട് അയാൾ നിന്നു. അനന്തൻ തുറന്ന വാതിലിലൂടെ അകത്തു കയറുമ്പോൾ അയാളോട് ചേർന്ന് നിന്ന പവിത്രയുടെ മുഖം വിളറിയിരുന്നു. കാറിന്റെ കീ എടുക്കുമ്പോൾ ആരോടെന്നില്ലാതെ അയാൾ പറഞ്ഞു "സോറി."
നഗരത്തിലെ മഞ്ഞ വെളിച്ചത്തിലൂടെ തനിയെ കാറോടിക്കുമ്പോൾ അയാൾക്ക് ഒന്നുറക്കെ കരയണം എന്ന് തോന്നി.
കടലിൽ നിലാവ് ചിതറി പരക്കുന്നു. ഈ നിലാവിൽ താൻ ഒറ്റയ്ക്കാക്കിയത് അന്നപൂർണ്ണയെ മാത്രമാണോ? ഉത്തരം ലഭിച്ച ചോദ്യം മനസ്സിനെ കുരുക്കി വലിച്ചപ്പോൾ അന്ന് ആദ്യമായി അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.