Image

പാഠശാല (രമാ പിഷാരടി)

Published on 08 January, 2025
പാഠശാല (രമാ പിഷാരടി)

വാക്കിലേക്കൊരു മഞ്ഞുനീർപ്പൂവിനെ-

കോർത്ത് കെട്ടിയിരിക്കുന്ന ഭൂമിയിൽ

പൂക്കളാതിരപ്പാതിരാക്കൂടയിൽ-

പാട്ടുപാടാനിരുന്ന കാലങ്ങളിൽ

ശ്വാസവേഗം നിലച്ച തീക്കാറ്റുകൾ-

നേർത്ത് പോകുന്ന മേഘവാനങ്ങളിൽ

വേട്ട തീർന്നുവോ? ചോദിച്ചൊരമ്പിനെ

പൂക്കളിൽ മൂടി വന്നവർ പിന്നിലായ്

ദർപ്പണങ്ങളിൽ  കണ്ട നിഴൽമുഖ-

പ്പക്ഷികളൊളിവച്ച   കുടീരങ്ങൾ

കഷ്ടകാലത്തിലിറ്റ് സ്നേഹത്തിനെ-

ഒറ്റിയിട്ട് മറഞ്ഞ നിലാത്തരി

പാട്ടിലെ ശ്രുതിതെറ്റുന്നതും കാത്ത്-

കോട്ട കെട്ടിയിരുന്ന കൂട്ടാളുകൾ

ഒക്കെയുമൊരു സ്വപ്നജാഗ്രത്തിൻ്റെ-

ചത്വരങ്ങൾ ഭ്രമം തീർത്ത് മാഞ്ഞത്

യുദ്ധലോകം, പലായനം പാട്ടുകൾ-

ക്കപ്പുറം കണ്ട കണ്ണുനീർഗാസകൾ

ചിത്രമെല്ലെമൊരൊറ്റനേർക്കാഴ്ചയിൽ

കത്തിൽനിൽക്കുന്ന വേരറ്റ യാത്രയിൽ

ശീതകാലം തണുപ്പിച്ചൊരുച്ചകൾ

തീയ് കായുന്ന പാതയോരങ്ങളിൽ

ആളൊരുക്കങ്ങളില്ലാതെയെങ്കിലും

ഭൂമി മന്ദസ്മിതം തൂകി നീങ്ങുന്നു

പാഠശാലക്കകത്തിരുന്നിന്നിൻ്റെ-

പാഠപുസ്തകം വായിച്ചിരിക്കവേ;

മണ്ണിലാഴ്ന്ന മരങ്ങൾ വിൺജാലക-

ച്ചില്ലിലെന്നും തെളിഞ്ഞ വിളക്കുകൾ..

പാതിനിർത്തിയെഴുതുവാനാകാതെ-

മൂടിവച്ച വിവർത്തനഗാനങ്ങൾ!

കോടമഞ്ഞിൻ്റെ ശൈത്യകാലത്തിലും-

പാഠശാലയ്ക്കകത്ത് മൺദീപങ്ങൾ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക