Image

ഉക്രൈനിൽ രണ്ടു വര്‍ഷത്തിനിടെ യുദ്ധത്തിന്റെ ഇരകളായത് രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളെന്ന് യുനിസെഫ്‌

Published on 10 January, 2025
ഉക്രൈനിൽ രണ്ടു വര്‍ഷത്തിനിടെ യുദ്ധത്തിന്റെ ഇരകളായത് രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളെന്ന് യുനിസെഫ്‌

കീവ്: അവസാനമില്ലാതെ തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൽ നാളിതുവരെ രണ്ടായിരത്തി അഞ്ഞൂറോളം ഉക്രൈൻ കുട്ടികൾ ഇരകളായെന്നും, ഇവരിൽ പലരും അതിക്രൂരമായ വിധത്തിലാണ് കൊല്ലപ്പെട്ടതെന്നും, ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജനുവരി ഏഴ് ചൊവ്വാഴ്ച, സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭീകരതയുടെ ഇത്തരമൊരു ചിത്രം ശിശുക്ഷേമനിധി റിപ്പോർട്ട് ചെയ്‌തത്‌.

യുദ്ധത്തിൽ ഉക്രൈനിലെ നിരവധി സ്‌കൂളുകൾക്ക് നേരെ ബോംബാക്രമണമുണ്ടായെന്നും, നിരവധി വീടുകൾ തകർക്കപ്പെട്ടുവെന്നും യൂണിസെഫ് അറിയിച്ചു. പല കുടുംബങ്ങളും വിവിധയിടങ്ങളിലായി മാറിത്താമസിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും യൂണിസെഫ് വ്യക്തമാക്കി.

കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളെ സാധാരണ സംഭവമായി നമുക്ക് അംഗീകരിക്കാനാകില്ലെന്നും, തങ്ങൾ ആരംഭിക്കാത്ത ഇത്തരമൊരു യുദ്ധത്തിന്റെ വിലകൊടുക്കേണ്ടിവരുന്നത് രാജ്യത്തെ കുട്ടികളാണെന്നും അപലപിച്ച യൂണിസെഫ്, കുട്ടികൾ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് ഓർമ്മിപ്പിച്ചു.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി നാളിതുവരെ 1548 വിദ്യാഭ്യാസസ്ഥാപനങ്ങളും 712 ആരോഗ്യപരിപാലനകേന്ദ്രങ്ങളും തകർക്കപ്പെട്ടതായി ജനുവരി ഒന്നാം തീയതി എഴുതിയ ഒരു സന്ദേശത്തിലൂടെ യൂണിസെഫ് അറിയിച്ചിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക