Image

ഫോമാ ചിക്കാഗോ റീജിയന്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ വീല്‍ ചെയറുകള്‍ നല്‍കി

Published on 17 January, 2025
ഫോമാ ചിക്കാഗോ റീജിയന്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ വീല്‍ ചെയറുകള്‍ നല്‍കി

കാസര്‍കോട്: അമേരിക്കയില്‍ ജീവിക്കുമ്പോഴും പിറന്ന നാടുമായുള്ള സ്‌നേഹത്തിന്റെ പാലം തീര്‍ക്കുന്ന ഫോമാ ചിക്കാഗോ റീജിയന്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും വീല്‍ചെയറുകള്‍ വിതരണം ചെയ്തു. ദയബായ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കാസര്‍കോട് ജില്ലയിലെ ഉദുമ കോട്ടിക്കുളം എക്‌സ് സര്‍വീസ് മെന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞാമ്പു ആണ് 33 വീല്‍ ചെയറുകള്‍ നല്‍കിയത്.

''കാസര്‍കോഡ് പോലെ കേരളത്തിന്റെ വടക്കേ മൂലയില്‍ യാതൊരു വിധത്തിലുമുള്ള സഹായവും ലഭിക്കാതെ ജീവിക്കുന്നവരാണ് എന്‍ഡോസല്‍ഫാന്റെ ഇരകളായ നിരവധി കുടുംബങ്ങള്‍. സഹായങ്ങള്‍ക്ക് അര്‍ഹരായിട്ടും അവര്‍ക്കത് ലഭിക്കാതെ വരുന്നു. ഈ ദുരവസ്ഥയിലാണ് ഫോമാ ചിക്കാഗോ റീജിയന്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ എന്നിവയെ ചേര്‍ത്തുകൊണ്ട് പീറ്റര്‍ കുളങ്ങര എന്ന മനുഷ്യ സ്‌നേഹി ഇവിടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മറ്റും കൈത്താങ്ങായത്. ആ സന്‍മനസിന് ഉദുമയിലെ ജനങ്ങളുടെ നന്ദി അറിയിക്കുന്നു...'' സി.എച്ച് കുഞ്ഞാമ്പു പറഞ്ഞു.

മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയായ ദയാബായി എന്ന മേഴ്‌സി മാത്യു ആണ് 25 വര്‍ഷത്തലേറെയായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ദയാബായി ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സംസാരിച്ച ദയബായ്, ചിക്കാഗോ സോഷ്യല്‍ ക്ലബ്, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ ഫോമ ചിക്കാഗോ റീജിയണ്‍, ജീവകാരുണ്യ പ്രവര്‍ത്തകനും ഫോമായുടെ സ്ഥാപക നേതാവും മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമായുടെ 2026-ലെ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ പീറ്റര്‍ കുളങ്ങര, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പോള്‍സണ്‍ കുളങ്ങര, ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, ഫോമായുടെ മുന്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവര്‍ക്ക് നന്ദി തേഖപ്പെടുത്തി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വികലാംഗരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം 2024 ജനുവരിയില്‍ കോട്ടയത്ത് നടത്തിയിരുന്നു. അന്ന് കോട്ടയം താഴത്തങ്ങാടി ക്‌നാനായ ഇടക്കാട്ടു പള്ളി അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ 100 പേര്‍ക്ക്  ഇലക്ട്രിക് വീല്‍ ചെയറുകളും മുച്ചക്ര സ്‌കൂട്ടറുകളും സഹകരണ വകുപ്പു മന്ത്രി വി.എന്‍ വാസവനാണ് നല്‍കിയത്. കാസര്‍കോട്ടെ രണ്ടാം ഘട്ട സഹായ വിതരണത്തില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, വാര്‍ഡ് മെമ്പര്‍ കെ  സുധാകരന്‍, റിട്ട. ഡി.വൈ.എസ്.പി മാത്യു എം. എ, ദയാബായി ഫൗണ്ടേഷന്റെ അരുണ, ജോസ് വട്ടത്തില്‍, ജോസി ഏലൂര്‍, ജിമ്മി പുല്ലാനപ്പള്ളില്‍, പി.ടി ഊരാളില്‍, ധന്‍ രാജ്  എന്നിവരും പങ്കെടുത്തു.
 


 

ഫോമാ ചിക്കാഗോ റീജിയന്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ വീല്‍ ചെയറുകള്‍ നല്‍കി
ഫോമാ ചിക്കാഗോ റീജിയന്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ വീല്‍ ചെയറുകള്‍ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക