അങ്ങനെയൊരുവനുണ്ടോ ?
ഉണ്ടായിരിക്കാം..തേടുകയാണീ ജന്മത്തിലും
വാക്കുകളുടെ ചാട്ടവാറടികളാൽ
ഉഷ്ണമാപിനീ തപമേറ്റു തളർത്താതെ
ഗ്രീഷ്മങ്ങളുടെ താഴ് വാരങ്ങളിൽ പറന്നിറങ്ങി
മോഹതരുക്കളെ ഉണർത്തി വസന്തത്തെ
തലോടുവാൻ പഠിപ്പിക്കുന്നവൻ
വേരറ്റ് പിടയുന്ന നഷ്ടസ്വപ്നങ്ങളെ
സിരകളിലേക്ക് മടക്കി നൽകി
ഉച്ചവെയിലിൽ തളർന്നു വീഴുമ്പോഴും
സായന്തനത്തിന്റെ സുഖശീതളിമയിൽ നെഞ്ചോടടുക്കിപ്പിടിക്കുമവൻ
ആർദ്രമായ മൊഴികളാൽ നർമ്മസാഗരസ്വനം
മരവിച്ച് പോയ കാതുകളിലോതി
ഇന്ദ്രിയങ്ങളിൽ ഫണം താഴ്ത്തി പുഞ്ചിരി തൂകി
മുഗ്ദ പ്രണയത്തിൻ മധു പകരുന്നവൻ
അങ്ങനെയൊരുവനുണ്ടെങ്കിൽ
ഈ പർണ്ണശാലയിലേക്ക് സ്വാഗതം