Image
Image

ശിശുസൗഹൃദ പ്രഹസനങ്ങളുടെ മൂന്ന് പതിറ്റാണ്ടുകൾ : പ്രകാശൻകരിവെള്ളൂർ

Published on 31 January, 2025
ശിശുസൗഹൃദ പ്രഹസനങ്ങളുടെ മൂന്ന് പതിറ്റാണ്ടുകൾ : പ്രകാശൻകരിവെള്ളൂർ

സമകാലീനമായ സകല അന്താരാഷ്ട്ര ജീർണ്ണതകളും കേരളത്തിലെ ഏത് കുഗ്രാമത്തിലും വ്യാപിക്കും വിധം സാർവ്വത്രികമാണിന്ന് ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള വിനോദവിജ്ഞാന പ്രചാരണങ്ങൾ  .

വിദ്യാലയങ്ങൾ വഴി ഔപചാരികവും പ്രായാനുസൃതവുമായ ശിക്ഷണങ്ങൾ നൽകി വിദ്യാർത്ഥിസമൂഹത്തിന് ദേശപരവും സാംസ്കാരികവും മാനവികവുമായ ഉന്നതമായ അവബോധം നൽകാൻ പരിശ്രമിക്കുക എന്നതാണ് ഇവിടെ ജാഗ്രതയോടെ നിർവഹിക്കപ്പെടേണ്ട അനിവാര്യമായ വിദ്യാഭ്യാസപ്രവർത്തനം . 
എന്നാൽ ആഗോള മാർക്കറ്റിന് പാകത്തിൽ ചിന്താശേഷി കുറഞ്ഞ ആൾക്കൂട്ട മനോഭാവങ്ങൾ രൂപപ്പെടുത്തിയെടുക്കുക എന്ന ഹിഡൺ അജണ്ടയുമായി മൂലധനശക്തികൾ പുത്തൻ പാഠ്യപദ്ധതിയും അത് നടപ്പിലാക്കാനുള്ള, തലതിരിഞ്ഞ പ്രയോഗങ്ങളും ഈ പുനർവിന്യാസത്തിനാവശ്യമായ ഫണ്ടുകളുമായെത്തി ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസപരമായി മുന്നേറിയ നമ്മുടെ സംസ്ഥാനത്തെ സർവ്വത്ര താറുമാറാക്കിയ മൂന്നു പതിറ്റാണ്ടുകളിലൂടെയാണ് ഒടുവിലായി നമുക്ക് കടന്നു പോകേണ്ടി വന്നത് .

പൊതുവിദ്യാഭാസം സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നിരിക്കെ അതിൻ്റെ നടത്തിപ്പിന് കേന്ദ്രത്തിൽ നിന്നും വിദേശ ഏജൻസികളിൽ നിന്നും പണം വേണം എന്ന സാഹചര്യം കേരളീയ വിദ്യാഭ്യാസം അര നൂറ്റാണ്ടു കൊണ്ട് സൃഷ്ടിച്ചെടുത്ത ജനകീയമായ നന്മകളും മേന്മകളും തകർത്തു കളഞ്ഞു . വർഷങ്ങളായി ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യവഹാരവാദാധിഷ്ഠിതമായ ക്ളാസിക്കൽ കരിക്കുലത്തിന് കാലക്രമേണ പല പ്രയോഗപ്പിഴവുകളും സംഭവിച്ചിരുന്നു എന്നത് യാഥാർത്ഥ്യമാണ് . ആ തെറ്റുകൾ തിരുത്തി അതിനെ കാലോചിതവും കൂടുതൽ ഫലപ്രദവുമാക്കുക എന്നതായിരുന്നു വിദ്യാഭ്യാസ മേഖലയിൽ ശരിക്ക് നടക്കേണ്ടിയിരുന്ന അഴിച്ചു പണി . എന്നാൽ പോരായ്മകളുന്നയിച്ച് അത് പാടേ തുടച്ച് മാറ്റി ജ്ഞാനനിർമ്മിതി വാദം അടിച്ചേൽപ്പിക്കുകയാണ് കേരളത്തിലെ മാറി മാറി വന്ന ഭരണകൂടങ്ങളും ഭരണമേതായാലും നിർവാഹകരായ അധ്യാപകസംഘടനയും സന്നദ്ധസംഘടനയും ചെയ്തത് .

അറിവുകൾ നേടി ബുദ്ധിയും മനോനിലയും സാമാന്യബോധവും മാനവികതയും വികസിക്കണം എന്ന വ്യവസ്ഥാപിത കാഴ്ച്ചപ്പാട് അട്ടിമറിച്ച് , ആവശ്യമായ അറിവുകൾ കുട്ടി സ്വയം നിർമ്മിക്കണം എന്ന തത്വം നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് മേൽ കെട്ടി വെക്കുകയാണുണ്ടായത് . അധ്യാപകർ വിദ്യാർത്ഥികളെ ശാസിക്കരുത് , ശിക്ഷിക്കരുത് , ചോദ്യം ചെയ്യരുത് , ഗുണദോഷിക്കരുത് . അവർക്ക് ഹിതകരമായി മാത്രം അവരോട് സൗഹാർദ്ദമായി പെരുമാറുക - ഇതായിരുന്നു ആപ്തവാക്യം . എത്ര അയഞ്ഞ ജനാധിപത്യ സംവിധാനത്തിൽ പോലും അത് നിലനിൽക്കാൻ അനിവാര്യമായ ചില നിയന്ത്രണ ക്രമീകരണങ്ങളും അതിന് ചുമതലപ്പെട്ടവരും കൂടിയേ തീരൂ എന്ന സ്വാഭാവികയാഥാർത്ഥ്യം ബോധ്യപ്പെടാത്തവരല്ല , ക്ളാസ് മുറിയിൽ മാത്രം നടപ്പാക്കേണ്ട ഈ സ്വർഗീയ ജനാധിപത്യത്തിൻ്റെ പ്രായോജകർ . അവർ ആസൂത്രിതമായി തന്നെയാണ് സാമൂഹികവും സാംസ്കാരികവുമായി പെരുമാറാൻ കഴിയാത്ത വിധമുള്ള , എന്നാൽ മാർക്കറ്റിനും മാധ്യമത്തിനും എളുപ്പത്തിൽ വഴിപ്പെടുന്ന ഈ ഇളം തലമുറയെ ഇത്രയും അപായകരമായ ഉദാരതയുടെ ഇരകളാക്കിത്തീർത്തത് . നേഴ്സറി പ്രായം തൊട്ട് ഡിഗ്രി വരെയുള്ള വിദ്യാർത്ഥികളെ ശിശുക്കൾ എന്നു വിളിച്ച് അശുവാക്കിത്തീർത്ത ഈ വികല സമീപനത്തിനെതിരെ കോടതിയിൽ പോവാൻ ബാലാവകാശകമ്മീഷന് ബാധ്യതയുണ്ട് . 18 വയസ്സുവരെയുള്ളവരെ നിയമപരമായ ഒരു തരം യാന്ത്രിക സമീപനത്തിലാണ് ശിശുക്കളായി കണക്കാക്കുന്നത് . അത് നൂറ് ശതമാനം തെറ്റാണ് .

ഒരു കുട്ടി ഏത് പ്രായം വരെയാണ് ശിശു ? ലിംഗഭേദം പോലും ബാധകമല്ലാത്ത ഒരു പദമാണത് . ഒന്നാം ക്ളാസിൽ ചേരുന്ന അഞ്ചാം വയസ്സിൽ അവർ ബാല്യത്തിലെത്തി . അവിടെ ബാലൻ , ബാലിക എന്നിങ്ങനെ ലിംഗവ്യക്തിത്വം അംഗീകരിക്കപ്പെട്ടു .ഏഴാം ക്ളാസുവരെ അവർ ബാല്യത്തിലാണ് . പതിമൂന്ന് തൊട്ട് പത്തൊമ്പതു വരെ കൗമാരപ്രായത്തിലെ കുമാരികുമാരന്മാർ. ഇവരെ മുഴുവൻ ശിശുക്കളായി സമീപിക്കുന്നത് ശരീരശാസ്ത്രപരമായും മന: ശാസ്ത്രപരമായും തെറ്റാണ്. എന്നാൽ മറുഭാഗത്തെ യാഥാർത്ഥ്യമോ , കൃത്രിമഭക്ഷണം വഴി സംഭവിക്കാവുന്ന ഹോർമോൺ വ്യതിയാനവും, ദൃശ്യമാധ്യമങ്ങളിലെ മുതിർന്നവരുടെ ലോകവുമായുള്ള നിരന്തരപരിചയവും ശൈശവത്തെതന്നെ ബാല്യത്തിലേക്കും ബാല്യത്തെ തന്നെ കൗമാരത്തിലേക്കും കൗമാരത്തെ തന്നെ യുവത്വത്തിലേക്കും വലിച്ചുയർത്തുകയാണ് . അനൗപചാരികമായ മാധ്യമ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് പ്രായത്തിൽ കവിഞ്ഞ ലൈംഗികവും വിനോദ പരവുമായ മനോനിലകൾ സമ്മാനിക്കുമ്പോഴാണ് ഔപചാരിക വിദ്യാഭ്യാസം നിയമത്തിൻ്റെ ചുവടു പിടിച്ച് അവരെ 18 വയസ്സുവരെ ശിശുക്കളാക്കുന്നത് ! ഏത് താത്വികതയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ ഇവിടെ പ്രമാണമാക്കിയത് ?

ശൈശവം , ബാല്യം , കൗമാരം എന്നീ പ്രായ ഘട്ടങ്ങൾക്കനുസൃതമായി കുട്ടികൾക്ക് ലഭിക്കേണ്ട അറിവും അനുഭൂതിയും പടിപടിയായി വികസിക്കാനുള്ളതാണ് . അതിൽ പലതും അവർ അനൗപചാരികമായി ആർജ്ജിച്ച്  കൊള്ളും . എന്നാൽ ഔപചാരികമായി കുറേ കാര്യങ്ങൾ അവരെ പരിശീലിപ്പിക്കുക തന്നെ വേണം . അങ്ങനെ കുട്ടിക്കാലത്ത് കിട്ടിയ ഒരു അടിസ്ഥാനമുണ്ടെങ്കിൽ മുതിർന്നാൽ അഭിരുചിക്കനുസൃതമായി കൂടുതൽ കൂടുതൽ സ്വാംശീകരിക്കാൻ അവർക്ക് സാധിക്കുകയും ചെയ്യും . ഇതൊക്കെ സാർവത്രികവും സാമാന്യവുമായി പ്രയോഗിച്ച് തെളിയിച്ച വസ്തുതകളാണ് . ഉള്ളടക്കത്തിൻ്റെ ആവശ്യവും ഔചിത്യവും , വിനിമയത്തിൻ്റെ ഫലപ്രാപ്തി എന്നിവയിലൂന്നിയുള്ള അധ്യാപനമാണ് ഏത് കാലത്തും ഔപചാരിക വിദ്യാഭ്യാസ രംഗത്ത് സ്വീകരിക്കാവുന്ന സാധാരണമാർഗം .

അതിനെ പാടേ തള്ളി , കുട്ടികളെ പഠിപ്പിക്കരുത് - അവർ പഠിച്ചോളും - വായിച്ചും എഴുതിയും പഠിക്കലിനല്ല , ചെയ്തു പഠിക്കലിനാണ് പ്രാധാന്യം - ഭാഷ പഠിപ്പിക്കേണ്ട ,ആർജ്ജിച്ചോളും , പരീക്ഷണങ്ങൾ മതി , പരീക്ഷകൾ പ്രസക്തമല്ല , പരീക്ഷയെന്നാൽ ഓർമ്മപരിശോധനയല്ല! ( മാത്രമല്ല എന്ന് പറഞ്ഞാൽ സമ്മതിക്കാമായിരുന്നു ) , എല്ലാം കളിരീതിയിലാണ് പഠിക്കേണ്ടത് എന്നിങ്ങനെ കുറേ ഉട്ടേപ്പിയൻ സിദ്ധാന്തങ്ങൾ കെട്ടിയെഴുന്നള്ളിച്ചു ഈ ശിശുസൗഹൃദ പ്രക്രീയാധിഷ്ഠിത വിക്രീയകൾ . ഭാഷാ പഠനത്തെ വികസിപ്പിക്കാനുള്ള അടിസ്ഥാനപ്രക്രീയകളാണ് ശ്രദ്ധാപൂർവമായ കേൾവി എന്ന സുതാര്യ വസ്തുത പോലും മറന്ന് ക്ളാസിൽ അധ്യാപകർ നന്നായി സംസാരിക്കുന്നത് കേൾക്കാനുള്ള അവസരം ഇല്ലാതാക്കിയത് ഈ പ്രക്രീയാധിഷ്ഠിതമാണ് . ഇപ്പോൾ പല കുട്ടികളുടെയും ഔപചാരിക സംസാരം ചാനൽ വാർത്താ അവതാരകരെപ്പോലെയാണ് . മറ്റു മാതൃകകൾ അവർക്കു മുന്നിൽ ഇല്ലല്ലോ . ഉള്ളത് ഇല്ലാതാക്കിയല്ലോ . ഫലമോ , ഒന്നും കേട്ട് മനസ്സിലാക്കാനുള്ള ശേഷി കുട്ടികളിൽ ഏറെക്കുറേ നാമാവശേഷമായി .

പരിശീലനത്തിലൂടെ പഠിച്ചെടുത്ത കാര്യങ്ങൾ പ്രയോഗത്തിലൂടെ ഉറപ്പിക്കണമെങ്കിൽ , പരിശീലനം പഠിപ്പിക്കലും ലക്ഷ്യം പഠിച്ചെടുക്കലുമാകണ്ടേ ?

നാമ്പിട്ട് തുടങ്ങിയ ആ മുളയിൽ തന്നെ നുള്ളി ഡീ പി ഈ പി . ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലെ ശോചനീയമായ പൊതുവിദ്യാഭ്യാസ മണ്ഡലത്തിലേക്ക് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ ആവിഷ്കരിച്ച പഠിപ്പിക്കണ്ട -  പരീക്ഷയിൽ ഊന്നേണ്ട - തെറ്റുകൾ തിരുത്തേണ്ട തിയറി തുടക്കത്തിൽ കേരളത്തിലെ ഏതാനും ജില്ലകളിൽ മാത്രമായിരുന്നെങ്കിൽ മുൻനിരയിലുള്ള ജില്ലക്കാരെയും പിന്നിലെത്തിക്കാൻ സംസ്ഥാനം മുഴുവൻ ഡീ പി ഈ പി ആക്കി . എന്നാൽ കേന്ദ്രം നിയന്ത്രിക്കുന്ന സീ ബീ എസ് ഈയിൽ ഈ അലങ്കോലങ്ങളെ പ്രവേശിപ്പിച്ചില്ല . ആ ഘട്ടത്തിലാണ് നാട്ടിലെ സർക്കാർ സ്കൂളുകളിൽ മക്കളെ അയക്കുന്ന രക്ഷിതാക്കൾക്ക് പൊതു വിദ്യാഭ്യാസത്തിൽ ന്യായമായും ആശങ്കയുണ്ടായത് . സാഹചര്യം മുതലെടുക്കാൻ നാടിൻ്റെ മുക്കിലും മൂലയിലും അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പൊട്ടി മുളച്ചു . അധികം താമസിയാതെ സർക്കാരിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തേണ്ടി വന്നു കുത്തിയൊഴുക്ക് തടയാൻ .

( തുടരും )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക