ഏറെ പ്രിയപ്പെട്ടവനായിട്ടും
എന്റെ ശൂന്യതയിലെ
വസന്തമായ്
പൂത്തിട്ടും
നിന്നെ ഞാൻ
പിന്നെയും പിന്നെയും
നിസ്സഹായനാക്കുന്നു.
നീ തെളിയ്ക്കുന്ന
പ്രണയ വഴികളിൽ
എന്റെ നിഴൽ
പോലുമില്ലാതെ
ഞാൻ എന്നിലേക്ക്
ചുരുങ്ങുന്നു.
ചിറകുണ്ടെങ്കിലും
നിനക്കൊപ്പം
പറന്നെത്താൻ
ആകാശമില്ലാതെ
ഞാൻ എന്റെ
ഒറ്റമരത്തിൽ
ചേക്കേറുന്നു.
നീ ഒഴുകുന്ന
വഴികളിൽ
ഒരു ജലകണം
പോലുമില്ലാത്ത
മണ്ണായ് ഞാൻ
വരണ്ടു പോകുന്നു.
എങ്കിലും പ്രിയനെ
നീ എന്റെ താഴ് വരകളിൽ
കാടായ് പൂക്കുന്നു.
മേഘമായലഞ്ഞും
മരമായുലഞ്ഞും
മഞ്ഞായ് പുതഞ്ഞും
മനമാകെ
നിറയുന്നു.
പ്രാണന്റെ പാതിയിലെ
മറ്റാർക്കും
പകുത്തെടുക്കാനാകാത്ത
പ്രണയവും
ജീവനും
ജീവിതവുമാകുന്നു.