രണ്ടാം വട്ടം അധികാരമേറ്റുകഴിഞ്ഞാല്‍ ട്രംപ് കൂടുതല്‍ ആക്രമണകാരിയായിരിക്കുമെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഈ ഭരണാധികാരിയുടെ ദൈനംദിന നീക്കങ്ങള്‍. ചരിത്രത്തിലെ ഏറ്റവുംവലിയ നാടുകടത്തലിന് തുടക്കമിട്ട ട്രംപ് അഭിനവ ഹിറ്റ്ലര്‍ ചമയുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനൊക്കില്ല. പുതിയൊരു ലോകക്രമം സൃഷ്ടിക്കാനൊരുങ്ങുന്ന ട്രംപ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച രീതി ഡിപ്ലോമാറ്റിക് മര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണ്. കൂച്ചുവിലങ്ങിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയവര്‍ പറഞ്ഞത് തങ്ങളുടെ യാത്ര നരക തുല്യമായിരുന്നുവെന്നാണ്.
കൊടും ക്രിമിനലുകളെപ്പോലെ ചങ്ങലയില്‍ ബന്ധിച്ച് സൈനിക വിമാനത്തില്‍ കൊണ്ടുവന്നിറക്കാന്‍ ഇന്ത്യക്കാര്‍ അത്രയ്ക്ക് മോശക്കാരാണോ..? അമേരിക്കയെന്ന കുടിയേറ്റ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സമസ്ത മേഖലയിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ പങ്ക് വിസ്മരിച്ചുകൊണ്ടുള്ള നന്ദികെട്ട നടപടിയാണ് ട്രംപിന്റേത്. മെച്ചപ്പെട്ട ജീവിതമാര്‍ഗം തേടിയാണ് ഇവര്‍ അമേരിക്കയിലെത്തിയത്. അല്ലാതെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കല്ല. തിരിച്ചയക്കപ്പെട്ടവര്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്തിലേര്‍പ്പെട്ട് നിയമ നടപടികള്‍ക്ക് വിധേയരായവരുമല്ല. ആനിലയ്ക്ക് സൈനിക വിമാനത്തിലല്ലാതെ കുറച്ചുകൂടി മാന്യമായ രീതിയില്‍ അവരെ മടക്കി അയയ്ക്കാമായിരുന്നു.
ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയക്കാനായെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ ബോര്‍ഡര്‍ പട്രോള്‍ ദ്യശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കൈവിലങ്ങും കാലില്‍ ചങ്ങലയുമായി നടന്നു പോകുന്നവരെ ഈ ദൃശ്യങ്ങളില്‍ കാണാം. ട്രംപ് ഉപയോഗിക്കുന്ന 'ഇന്ത്യന്‍ ഏലിയന്‍സ്' എന്ന വാക്കാണ് ബോര്‍ഡര്‍ പട്രോളും ഉപയോഗിച്ചത്. ഏറെ അപേക്ഷിച്ച ശേഷമാണ് ശുചിമുറിയില്‍ പോകാന്‍ അനുവാദം നല്‍കിയതെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ പോലും വിലങ്ങ് അഴിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവാദം നല്കിയില്ല.
മനുഷ്യാവകാശങ്ങള്‍ക്ക് നിരക്കാത്ത യു.എസ് ഗവണ്‍മെന്റിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യയില്‍ അലയടിക്കുന്നുണ്ട്. ഈ വിഷയം പാര്‍മെന്റില്‍ ഉന്നയിക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ഈ നാടുകത്തല്‍ എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് നയതന്ത്ര തലത്തില്‍ത്തന്നെ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കേണ്ടതുണ്ട്. തങ്ങളുടെ പൗരന്മാരെ ചങ്ങലയിട്ട്, സൈനിക വിമാനത്തില്‍ കയറ്റി അയക്കുന്നത്, അതാത് മാതൃരാജ്യങ്ങളെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികപ്രതികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു.
അതേസമയം, തിരിച്ചയയ്ക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കാന്‍സന്നദ്ധമാണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയെ അറിയിച്ചിട്ടും ട്രംപ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത് ബോധപൂര്‍വമാണ്. തനിക്ക് അഭിമതരായവരെ നിന്ന് വെറുതെയങ്ങ് പുറത്താക്കുക മാത്രമല്ല, കുടിയേറ്റക്കാരോട് അമേരിക്കന്‍ ഗവണ്‍മെന്റ് ഇനി എങ്ങനെയൊക്കെയാണ് പെരുമാരാന്‍ പോകുന്നതെന്ന് ലോകത്തെ അറിയിക്കാന്‍ കൂടിയാണ് ട്രംപിന്റെ ഈ നിന്ദ്യമായ നടപടി.
''നാടുകടത്തല്‍ വിമാനങ്ങള്‍ യാത്ര തുടങ്ങുകയാണ്. പ്രസിഡന്റ് ട്രംപ് ലോകത്തിന് ശക്തവും വ്യക്തവുമായ സന്ദേശം കൈമാറുകയാണ്. നിങ്ങള്‍ അനധികൃതമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ പ്രവേശിച്ചാല്‍, നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും...'' എന്ന് ജനുവരി 24-ന്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനമായ സി-17 ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയോടെയാണ് പഞ്ചാബിലെ അമൃത്സറിലുള്ള ശ്രീ ഗുരു രാംദാസ്ജി ഇന്റര്‍നാഷണള്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്.
പഞ്ചാബില്‍ നിന്ന് 30 പേര്‍, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 33 പേര്‍ വീതം, മഹാരാഷ്ട, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നപേര്‍ വീതം, ചണ്ഡീഗഢില്‍ നിന്ന രണ്ട് പേരുമാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. സാന്‍ അന്റോണിയോ, ടെക്സസ്, എന്നിവിടങ്ങളില്‍ നിന്നും പിടികൂടിയവരാണിവരത്രേ. ഇവരില്‍ 48 പേരും 25 വയസില്‍ താഴെ പ്രായമുള്ളവരാണ്. 25 സ്ത്രീകളും 12 കുട്ടികളും ഉണ്ടായിരുന്നു. നാലുവയസ് മാത്രം പ്രായമുള്ള കുഞ്ഞും സംഘത്തില്‍ ഉണ്ടായിരുന്നു. 104 ഇന്ത്യക്കാര്‍ക്ക് പുറമെ, 11 ക്രൂ അംഗങ്ങളും 45 യു.എസ്. ഉദ്യോഗസ്ഥരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഏറെ യാതനകള്‍ നിറഞ്ഞ 40 മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിലാണ് മതൃരാജ്യത്തെത്തിയതെന്നാണ് ഇവരുടെ പ്രതികരണങ്ങള്‍.
205 അനധികൃ കുടിയേറ്റക്കാരെ ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. തിരിച്ചെത്തിയവരില്‍ ചിലര്‍ അനധികൃതമായി അമേരിക്കയില്‍ എത്തിയവരും മറ്റ് ചിലര്‍ വിസ കാലാവധി അവസാനിച്ചിട്ടും യു.എസില്‍ കഴിഞ്ഞവരുമാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് നമ്മള്‍ അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും നമ്മുടെ തന്നെ സൈനിക വിമാനത്തില്‍ അവര്‍ വന്നിടത്തേക്ക് തന്നെ തിരിച്ചയയ്ക്കുകയും ചെയ്യുന്നതെന്നാണ് ട്രംപ് പറഞ്ഞത്.
അമേരിക്കയിലെത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതെന്ന് നാട്ടിലെത്തിയ ജസ്പാല്‍ പറഞ്ഞു. ''നിയമപരമായി യു.എസിലേക്ക് അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ട്രാവല്‍ ഏജന്റ് എന്നെ വഞ്ചിച്ചു. 30 ലക്ഷം രൂപ ഏജന്റിന് നല്‍കിയിരുന്നു, അദ്ദേഹം ബ്രസീലിലൂടെ അനധികൃതമായാണ് എന്നെ അമേരിക്കയിലേക്ക് അയച്ചത്. എന്നാല്‍ അതിര്‍ത്തിയില്‍ വച്ച് അമേരിക്കന്‍ പട്രോളിങ് സംഘം എന്നെ പിടികൂടി, ജയിലിലടച്ചു. ഇതിനുശേഷമാണ് ഇപ്പോള്‍ എന്നെ നാടുകടത്തിയത്...'' ജസ്പാല്‍ തന്റെ ദുരനുഭവം വിവരിച്ചു.
അനധികൃതമായാണ് അമേരിക്കയില്‍ താന്‍ എത്തിയതെന്നും ചിലര്‍ മുങ്ങി മരിക്കുന്നത് നേരില്‍ കണ്ടെന്നും ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. ''കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞാന്‍ യു.എസിലേക്ക് പോയി. ഖത്തര്‍, ബ്രസീല്‍, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വ, തുടര്‍ന്ന് മെക്‌സിക്കോ എന്നിവിടങ്ങളിലേക്ക് എന്നെ കൊണ്ടുപോയി. മെക്‌സിക്കോയില്‍ നിന്ന് യു.എസിലേക്ക് പോകാന്‍ മറ്റുചിലരും എന്റെ കൂടെ ഉണ്ടായിരുന്നു. മലകളും കുന്നുകളും കടന്നാണ് യാത്ര ചെയ്തത്. കടലിലൂടെ യാത്ര ചെയ്യുന്നതിനിടെ ബോട്ട് മറിയാന്‍ പോകുന്ന സാഹചര്യം വരെ ഉണ്ടായി. പക്ഷേ ഞങ്ങള്‍ അതിജീവിച്ചു, പനാമയിലെ ഒരു കാട്ടില്‍ വച്ച് ഒരാള്‍ മരിക്കുന്നതും മറ്റൊരാള്‍ കടലില്‍ മുങ്ങിമരിക്കുന്നതും ഞാന്‍ നേരിട്ടു കണ്ടു. യഥാര്‍ഥത്തില്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു...'' എന്ന് ഹര്‍വീന്ദര്‍ പറഞ്ഞു. ഏജന്റ് തന്നെ ചതിച്ചതാണെന്നും 42 ലക്ഷം രൂപയാണ് താന്‍ ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൃത്യമായ രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യക്കാരെ ഇനിയും നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്. 2022-ലെ കണക്കനുസരിച്ച് യു.എസില്‍ 7,25,000 അനധികൃത കുടിയേറ്റക്കാരുണ്ട്. 2020 ഒക്ടോബര്‍ മുതല്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏകദേശം 1,70,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരുടെ പട്ടിക യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ) തയ്യാറാക്കിയിട്ടുണ്ട്.