പലകുറി നിശ്വാസമേറ്റ മങ്ങിയ കണ്ണാടിയിൽ
വിരലുകൾ തെറ്റിച്ചപ്പോൾ തെളിഞ്ഞ
ഞാനെന്ന രണ്ടക്ഷരം,
മാറ്റത്തിന്റെ മാറ്റൊലിക്കായ്
കാതൊന്ന് കൂർപ്പിച്ചപ്പോൾ
എലിയെ പിടിക്കാൻ പതുങ്ങിയ പൂച്ചയുടെ കാലൊച്ചയും,
എലിയുടെ ഉള്ളിലെ
ശിങ്കാരിമേളവും കേട്ടു.
പൂച്ചയും എലിയും ഞാനെന്ന വാക്കിൽ കൊമ്പ് കോർത്തപ്പോൾ,
മീനിന്റെ മണം പിടിച്ചു
വായിലാക്കാനടുത്തതും
വടിവൊത്തരപ്പൂപ്പൻ വടിയുമായെത്തി.
ഭയന്നോടിയ പൂച്ചയ്ക്ക്
എലിയുമില്ല മീനുമില്ല.
വിശന്നവൻ അടുക്കളവാതിൽ കടന്നു.
ചുമന്ന കുപ്പിയിലെ
പാലിന്റെ രുചിയെത്തും മുന്പേ,
നാവ് പൊള്ളി അവശനായ്,
പാലിന്റെ ചുമപ്പ് നിറവും ദു:സ്വപ്നമായ് .
കൂർത്ത ചോദ്യമുനകളെ
തടുത്ത ഞാൻ എന്ന പരിചയെ
ഞാനാക്കി മാറ്റാൻ ഞാണിന്മേൽ കളി പലതും കളിച്ചു.
മായാത്ത മഷിയിൽ മനസ്സിൽ കുറിച്ചു
'നിങ്ങളെക്കാൾ മുന്നേ ഞാനെത്തും.'
ട്രാഫിക് ലൈറ്റിൽ
ചുമന്ന വെളിച്ചം മിന്നിയപ്പോൾ
പൂച്ചയ്ക്ക് വല്ലാത്ത വെപ്രാളം .
ഞാണിന്മേൽ കളികൾ
ഓറഞ്ച് ലൈറ്റ് തുപ്പി തെറിപ്പിച്ചു.
പക്ഷേ പൂച്ചയ്ക്ക് നിറം ചോപ്പ് തന്നെ.
ഞാൻ എന്ന ഇരുചക്രം
ട്രാഫിക്കിൽ കുരുങ്ങിനിന്നു.
നിങ്ങളെന്ന മൂന്ന് ചക്രങ്ങളെല്ലാം
ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു നീങ്ങി.
ഞാനിനെ നിങ്ങളാക്കാൻ
കാൽനടക്കാർ വിളിച്ചു കൂവി.
വണ്ടിക്ക് ചക്രങ്ങൾ കൂട്ടാൻ സഹയാത്രികർ സന്ദേശം നൽകി.
ചെവിയിലെ
ശിങ്കാരിമേളം അവയെ
ചന്ദ്രനിലെന്നപോലെ
വായുവിൽ വിഹരിച്ചവശരാക്കി .
മുറിവേറ്റ കാലുകൾ
മുന്നോട്ടെടുക്കാനാകാതെ
കുതിക്കുന്ന നിങ്ങളെ നോക്കി
പല്ലും ബെല്ലും അമർത്തി
പൂച്ചയുമെലിയും ഇരുചക്രത്തിൽ
ഇരിപ്പുറപ്പിച്ചു നാളുകളായി.