യുഎസിൽ അനധികൃതമായി കഴിഞ്ഞ നൂറിലേറെ ഇന്ത്യക്കാരെ അവിടന്നു നാട് കടത്തിയ രീതിയിൽ കോൺഗ്രസ് പാർട്ടി പാർലമെന്റിൽ ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യക്കാരെ കൈകാലുകളിൽ ചങ്ങലയിട്ടാണ് യുഎസ് സൈനിക വിമാനത്തിൽ കൊണ്ടു വന്നതെന്നു അവർ തന്നെ വെളിപ്പെടുത്തിയിരിക്കെ കോൺഗ്രസ് എം പി മാർ പലരും കൈകളിൽ വിലങ്ങിട്ടാണ് സഭയിൽ എത്തിയത്.
അതേ സമയം, ഇന്ത്യക്കാരോട് യുഎസ് അധികൃതർ മോശമായി പെരുമാറിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പാർലമെന്റിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ സുഹൃത്താണെന്ന് അവകാശപ്പെടുമ്പോൾ ഇതെങ്ങിനെ സംഭവിച്ചെന്നു പ്രിയങ്ക ഗാന്ധി ചോദിച്ചു. "മോദി എങ്ങിനെ ഇതനുവദിച്ചു?"
യുഎസ് നാടുകടത്തിയവരെ ഇന്ത്യ സ്വന്തം വിമാനത്തിൽ കൊണ്ടുവരേണ്ടതായിരുന്നു. "ഇങ്ങിനെയാണോ മനുഷ്യരോട് പെരുമാറുക? അവരെ കൈകാലുകളിൽ ചങ്ങലയിട്ടാണ് തിരിച്ചയച്ചത്."
അടിയന്തര ചർച്ച ആവശ്യപ്പെട്ടു കോൺഗ്രസ് ലോക് സഭയിൽ പ്രമേയം അവതരിപ്പിച്ചു. തിരിച്ചയക്കപ്പെട്ടവരോട് നീചമായി പെരുമാറിയതിൽ പാർട്ടി എം പിമാർ രോഷം പ്രകടിപ്പിച്ചു.
പഞ്ചാബിൽ നിന്നുള്ള എംപി ഗുർജീത് സിംഗിനൊപ്പം കെ സി വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മാണിക്കം ടാഗോർ എന്നിവരും കൈവിലങ്ങു ധരിച്ചാണ് ലോക് സഭയിൽ എത്തിയത്.
"അവർ മനുഷ്യരാണ്, തടവുകാരല്ല" എന്നെഴുതിയ പ്ലക്കാർഡുകൾ അവർ പിടിച്ചിരുന്നു. "അവരുടെ കൈകളിലും കാലുകളിലും ചങ്ങല ഇട്ടിരുന്നു," സിംഗ് വികാരഭരിതനായി പറഞ്ഞു.
Congress raises ill-treatment of immigrants