ന്യൂഡല്‍ഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. രാജ്യത്തെ കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുന്നത്, അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്കും പൊതുസുരക്ഷയ്‌ക്കും വളരെ പ്രധാനമാണെന്ന് യുഎസ് എംബസി അറിയിച്ചു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്ന ആളുകള്‍ക്കെതിരെ ഇമിഗ്രേഷൻ നിയമങ്ങള്‍ നടപ്പിലാക്കുക എന്നത് അമേരിക്കയുടെ നയമാണെന്നും എംബസി വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തിനെതിരെ നടത്തിയ നടപടിയുടെ ഭാഗമായാണ് ഇന്ത്യക്കാരെ പിടികൂടി നാടുകടത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 104 പേരാണ് നാടുകടത്തപ്പെട്ടത്. ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും 33 പേർ, പഞ്ചാബില്‍ നിന്നും 30 പേർ, മഹാരാഷ്‌ട്രയില്‍ നിന്ന് മൂന്ന്, ഛണ്ഡിഗഢില്‍ നിന്ന് രണ്ട്, നാല് വയസുള്ള ഒരു ആണ്‍കുട്ടി, അഞ്ചും ഏഴും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 19 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 13 പേരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ പുരുഷന്മാരുടെ കൈകളില്‍ മാത്രമാണ് വിലങ്ങിട്ടതെന്ന് എംബസി വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങള്‍ക്ക് 'നാടുകടന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതല്‍ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്താറുണ്ടെന്നും' വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മറുപടി നല്‍കി