Image

അതിർത്തി കടക്കുന്ന അനധികൃതരുടെ എണ്ണം ട്രംപ് വന്ന ശേഷം 90% കുറഞ്ഞെന്നു ബോർഡർ പട്രോൾ (പിപിഎം)

Published on 07 February, 2025
അതിർത്തി കടക്കുന്ന അനധികൃതരുടെ എണ്ണം ട്രംപ് വന്ന ശേഷം 90% കുറഞ്ഞെന്നു ബോർഡർ പട്രോൾ (പിപിഎം)

ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരമേറ്റതിൻറെ പിറ്റേന്നു ജനുവരി 21 മുതൽ അതിർത്തി കടന്നു വരുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 90% കുറഞ്ഞെന്നു യുഎസ് ബോർഡർ പട്രോൾ മേധാവി മൈക്കൽ ബാങ്ക്സ് അറിയിച്ചു.

ഏജൻസി പ്രോസിക്യൂട്ട് ചെയ്ത കുടിയേറ്റക്കാരിലെ ക്രിമിനലുകളുടെ എണ്ണം 52% വർധിച്ചെന്നും അദ്ദേഹം ഫോക്സ് ന്യൂസിൽ പറഞ്ഞു.

"എങ്ങിനെയാണ് ഈ ജോലി ചെയ്യേണ്ടതെന്നു യുഎസ് ബോർഡർ പട്രോളിനു അറിയാം," ഏജൻസിയിൽ പ്രവർത്തന പരിചയമുള്ള അദ്ദേഹം കൂട്ടിച്ചേർത്തു. "എങ്ങിനെയാണ് അതിർത്തി സുരക്ഷിതമാക്കേണ്ടതെന്നു അറിയാം. അതിനു ഞങ്ങൾക്ക് അധികാരം നൽകുന്ന പ്രസിഡന്റിനെ ആയിരുന്നു ഞങ്ങൾക്ക് ആവശ്യം. ട്രംപിനെ പോലെ ശക്തനായ നേതാവ്. ക്രിസ്റ്റി നോയെമിനെ പോലെ ചെയ്യേണ്ടത് എന്താന്നെന്നു കൃത്യമായി അറിയാവുന്ന ഒരു സെക്രട്ടറിയേയും."

ബാങ്ക്സ് കൃത്യമായ കണക്കുകൾ നൽകിയില്ല. ഏതു കാലഘട്ടവുമായാണ് താരതമ്യം എന്നതും വ്യക്തമായിരുന്നില്ല.

എന്നാൽ ടെക്സസിലേക്കുള്ള അനധികൃതരുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞെന്നു ടെക്സസ് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വ്യാഴാഴ്ച്ച പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. തെക്കു പടിഞ്ഞാറൻ അതിർത്തി വഴി ഫെബ്രുവരി 5നു വന്നത് 396 അനധികൃത കുടിയേറ്റക്കാർ മാത്രമാണ്.

ഇതിൽ ഡെൽ റയോ ഭാഗത്തു മാത്രം ബൈഡൻ ഭരണകാലത്തു ദിവസേന ആയിരങ്ങളാണ് കടന്നു വന്നിരുന്നത്. 2021 സെപ്റ്റംബറിൽ ദിവസങ്ങൾക്കുള്ളിൽ 14,000 പേർ ഹെയ്തിയിൽ നിന്നെത്തി.

അഭയ നഗരങ്ങളിൽ ട്രംപ് ഊർജിതമായി റെയ്ഡുകൾ ആരംഭിച്ചിട്ടുമുണ്ട്. ഒൻപതു ദിവസം കൊണ്ട് രാജ്യമൊട്ടാകെ 7,200ലധികം അനധികൃതരെ പിടികൂടി.

ന്യൂ യോർക്കില അഭയകേന്ദ്രങ്ങളിൽ കഴിഞ്ഞ ആഴ്ച 200 പേർ എത്തി. തിരഞ്ഞെടുപ്പിനു മുൻപ് ശരാശരി 600 പേർ എത്തിയിരുന്നു.

രാജ്യത്തു നിയമം ലംഘിച്ചു കടന്ന ക്രിമിനലുകളെയാണ് ലക്‌ഷ്യം വയ്ക്കുന്നതെന്നു ബാങ്ക്സ് വ്യക്തമാക്കി.

Illegal crossings plunge after Trump takeover 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക