Image
Image

വ്യാധി (കഥ ഭാഗം- 1: അനില്‍ ഉത്തമന്തില്‍)

Published on 07 February, 2025
വ്യാധി (കഥ ഭാഗം- 1: അനില്‍ ഉത്തമന്തില്‍)

രാത്രി താഴ്ന്നിറങ്ങിക്കൊണ്ടേയിരുന്നു. കാറ്റിന്റെ നേരിയ മുഴക്കമുണ്ട്. 
    വേട്ടയാടിയ കാലങ്ങളിലൂടെ വസുധ ദയനീയമായി സഞ്ചരിച്ചു. ഇലകളെല്ലാമറ്റ, ശോഷിച്ച മരങ്ങള്‍ അവള്‍ക്കുനേരേ ചാഞ്ഞുവരുന്നത് നിസ്സഹായതയോടെ കണ്ടു. അവയിലൊന്നിനെയും ഒരിക്കലും പൂവിട്ടുകണ്ടിരുന്നില്ലല്ലോ എന്നു സങ്കടത്തോടെ ഓര്‍ത്തു. അത്തരം എണ്ണമില്ലാത്ത മരങ്ങളുടെ അവശിഷ്ടങ്ങള്‍ അവള്‍ക്കുമേല്‍ പതിച്ചുകൊണ്ടിരിക്കുകയാണെന്നു തോന്നി. 
    വസുധയുടെ കണ്ണുകളിലെ വിഷാദവും നിരാശതയും അവിടെയെല്ലാം പടര്‍ന്നു. അവളുടെ ശ്വാസഗതി, നിലാത്തണുപ്പില്‍ക്കുരുങ്ങി മെല്ലെയായി. അവളെ നയിച്ച സ്വപ്നങ്ങള്‍പോലെ അവളും തകര്‍ന്നടിഞ്ഞു!
    'അര്‍ഹതയില്ലാത്തവയാണോ അരവിന്ദ്, ഞാനാഗ്രഹിച്ചത്? നടക്കാനിടയില്ലാത്ത മോഹങ്ങളെയാണോ ഞാന്‍ കൂടെക്കൂട്ടിയത്? ഞാന്‍ തളര്‍ന്നു. പുഴുവിനെപ്പോലെ ചുരുങ്ങിപ്പോയി. നീ വിജയിച്ചു! പക്ഷേ, എപ്പോഴുമോര്‍ക്കണം, ഞാനിവിടെയുണ്ടായിരുന്നു. ഈ മണ്ണിന്റെ ഓരോ അടരിലും എന്റെ യാതനയുടെ അടയാളങ്ങളുണ്ട്. ഇവിടെ ഞാനില്ലെങ്കിലും എന്റെ വേദന... സ്‌നേഹം... എല്ലാം ഈ മണ്ണില്‍ നിറഞ്ഞിരിക്കും. നിന്റെ വിജയം വെറും കെട്ടുകഥയാവും...'
    വസുധയുടെ മനസ്സു മുറിഞ്ഞ്, ഓര്‍മകള്‍ വെള്ളത്തിലിറ്റുവീണു നേര്‍ത്ത കറകളായി. 
    ചെറുപ്പത്തില്‍ വിട്ടുപോയ അമ്മ, അവളെ അവളാക്കിമാറ്റിയ അച്ഛന്‍, പ്രിയസുഹൃത്തായ മീന- എല്ലാവരും ഒരുമിച്ച് അവളുടെ മനസ്സില്‍ നിറഞ്ഞു. കണ്ണുനീര്‍ മണ്ണിലേക്കു വീണു. പൂര്‍ണമായും വരണ്ട മണ്ണ്, സ്വത്വം തിരിച്ചുകിട്ടിയതുപോലെ ആ തുള്ളികളിലേക്കു ലയിച്ചു. ആ കണ്ണുനീരിന്റെ ചൂട്, മൗനനിലവിളികളില്‍ ഉറച്ചിരുന്ന മണ്ണിനെയുരുക്കി. വസുധയുടെ, മങ്ങുന്ന സ്മൃതിപഥത്തില്‍ മീന ശ്വാസംകിട്ടാതെ പിടഞ്ഞു!
    'മീന, നിന്നെ രക്ഷിക്കാനാവില്ലെന്ന് എനിക്കറിയാം. ഒടുവില്‍ നിന്നെ വിട്ടുപോകേണ്ടിവരുമെന്ന സത്യം എന്നെയാകെ കീറിമുറിക്കുന്നു. നിന്റെ വേദന എനിക്കറിയാം. പക്ഷേ, അതിനുമേല്‍ എനിക്കൊന്നും ചെയ്യാനായില്ല. ഞാന്‍ അത്രയ്ക്കു തളര്‍ന്നുപോയി... നീ വീണ്ടും തളിര്‍ക്കണമെന്നാഗ്രഹിക്കാനല്ലേ എനിക്കാവൂ! നീയീവിടെ, ഈ ഭൂമിയില്‍, നിന്റെ പച്ചയില്‍ത്തന്നെ നിറയണം. എപ്പോഴും നീ നീയായിരിക്കണം... ഇനിയും തളിര്‍ക്കണം, എപ്പോഴും...'
    വസുധയുടെ ശബ്ദം മെല്ലെ അസ്തമിച്ചുതുടങ്ങി. 
    കാറ്റ് അലസമായി മരങ്ങളിലേക്കു നീങ്ങി. മൂടല്‍മഞ്ഞ് അവയെപ്പൊതിഞ്ഞു. വസുധയുടെ കണ്ണുകള്‍ അവിടെയെങ്ങും അമ്മയെത്തിരഞ്ഞു. 
    ക്രമേണ, കാറ്റു നിശ്ചലമായി. കനത്ത മഞ്ഞു താഴേക്കിറങ്ങി. ജീവന്‍ അടര്‍ന്നുപോകുമ്പോഴും അവള്‍ പറഞ്ഞുകൊണ്ടിരുന്നു: 
    'നീ തളിര്‍ക്കണം...'
    അവളുടെ അവസാനത്തെ വാക്കുകള്‍ ആ തണുത്ത മണ്ണില്‍പ്പതിച്ചു. മഞ്ഞ് അവളെ മൂടി. അമ്മയവളെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു.

    നേരത്തേ, വിജനമായ ചക്രവാളത്തിനടുത്ത് വസുധ ഒരു നിശ്ശബ്ദസ്മാരകംപോലെ നില്‍ക്കുകയായിരുന്നു. സ്വന്തം നിറം നഷ്ടപ്പെട്ട ആകാശത്തിലേക്കലിയാന്‍ സൂര്യന്‍ തിരക്കുകൂട്ടി. ഒരു ക്യാന്‍വാസ് അതിലെ ചിത്രവര്‍ണങ്ങള്‍ സ്വയം ഇല്ലാതാക്കിയാലെന്നതുപോലെ, അവള്‍ നില്‍ക്കുന്നിടം മാഞ്ഞുപോവുകയും ജീവശ്വാസത്തിനായി കേഴുകയും ചെയ്തു. 
    വസുധയുടെ കണ്ണുകള്‍ അവിടത്തെ അവശിഷ്ടങ്ങള്‍ തേടുകയായിരുന്നു. ഒരിക്കല്‍ ജീവിതം തഴച്ചുവളര്‍ന്ന ഈ വിസ്തൃതകേദാരങ്ങള്‍ വെറും മരുഭൂമിയായിമാറിയ കാഴ്ച അവളെ തകര്‍ത്തു. 
    ആ ശൂന്യതയില്‍ ഒരു കാറ്റടിച്ചു. അതിന്റെ പിടച്ചിലില്‍ അവളുടെ ദുഃഖം അവിടെയെങ്ങും പ്രസരിച്ചു. കഴുത്തിലെ ഷാള്‍ വലിച്ച്, തലയ്ക്കുമീതെ മൂടാന്‍ നോക്കി. അല്‍പ്പമെങ്കിലും ആശ്വാസം നേടാനുള്ള പാഴ്ശ്രമം! ചെറിയ കാറ്റിന്റെ ശീതളിമയ്ക്കുമുമ്പില്‍പ്പോലും പിടിച്ചുനില്‍ക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടായിരുന്നു. ലോകം മുഴുവന്‍ സ്വന്തം ചുമലില്‍ തങ്ങിയിരിക്കുന്നതുപോലെയുള്ള ഒരു ഭാരം വസുധയെ വേദനിപ്പിച്ചു. 
    ഒരു നിഴലില്‍നിന്നുയര്‍ന്നു മുന്നിലേക്കു വരുന്ന രൂപം മീനയാണെന്നു തിരിച്ചറിയാന്‍ ആദ്യം വസുധയ്ക്കു കഴിഞ്ഞില്ല. അവളിലെ പ്രകാശം പാടെ മങ്ങിയിരുന്നു. മാഞ്ഞുപോയ സ്വപ്നങ്ങളുടെയും വേദനയുടെയും കടുത്ത അടയാളങ്ങള്‍ മാത്രമാണ് മുഖത്ത് അവശേഷിച്ചിരുന്നത്. അതിരുകളില്ലാത്ത അഭിലാഷങ്ങളുടെ ലോകത്ത്, ഹരിതാഭമായ സ്വപ്നങ്ങള്‍ പങ്കുവച്ച് ഒപ്പം നടന്ന മീന, ഇപ്പോള്‍ മെലിഞ്ഞുണങ്ങിയ വെറുമൊരു ശരീരം മാത്രമായി മുന്നില്‍! കണ്ണുകളിലെ തീ മങ്ങി, അരവിന്ദിന്റെ നിര്‍ബ്ബന്ധബുദ്ധികളുടെ ലോകത്തേക്ക് അവള്‍ ചുരുങ്ങിയിരുന്നു. അയാളേല്‍പ്പിച്ച മര്‍ദ്ദനങ്ങളുടെ ഭാരം അവളെ തളര്‍ത്തിയിരുന്നു. ആഴമാര്‍ന്നൊരു ക്ഷീണം പൂര്‍ണമായി വിഴുങ്ങിയിരുന്നു. ചിറകുകള്‍ ഛേദിക്കപ്പെട്ട്, രക്ഷപ്പെടാന്‍ കഴിയാത്ത, അതിനൊരിക്കലും ശ്രമിക്കാത്ത, കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെയായിരുന്നു മീന. 
    പരിസരത്തെ വേട്ടയാടുന്നൊരു പ്രേതസാന്നിധ്യമായിത്തീര്‍ന്ന അവളില്‍നിന്ന്, നേര്‍ത്തൊരു വെളിച്ചം ചുറ്റുപാടും പടര്‍ന്നു. ആ വെളിച്ചത്തില്‍ പ്രതീക്ഷയോടെ നോക്കുന്ന മീനയെ വസുധ കണ്ടു. ആ കാഴ്ച, ഒരു കൊടുങ്കാറ്റുപോലെ അവളെയിളക്കി. മീനയുടെ മൂകമായ സഹായാപേക്ഷകള്‍ വായുവില്‍ തൂങ്ങിയാടി. അങ്ങോട്ടു നോക്കാന്‍പോലുമുള്ള ധൈര്യം വസുധയ്ക്കുണ്ടായില്ല. കാലങ്ങളായി തുടരുന്ന ജീവിതവ്യഥകളാല്‍ അവള്‍ അത്രയേറെ ക്ഷീണിതയായിരുന്നു. വിശുദ്ധമെന്നു കരുതിയ പലതും സംരക്ഷിക്കാന്‍ നടത്തിയ സംഘട്ടനങ്ങള്‍ മീനയുടെ ആത്മാവിനെ എത്രത്തോളം തളര്‍ത്തിയിരിക്കുന്നു എന്നവള്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. 
    ആ നിമിഷങ്ങളുടെ നിശ്ശബ്ദത മുഴുവന്‍, പെട്ടെന്നുയര്‍ന്നൊരു കാര്‍ഹോണ്‍ ഇല്ലാതാക്കി. മൂര്‍ച്ചയുള്ളതും അസ്വസ്ഥതയുളവാക്കുന്നതുമായ ആ ഒച്ച ഒരു കൂര്‍ത്ത ആയുധംപോലെ അവിടമാകെ കീറിമുറിച്ചു. ആ വാഹനത്തില്‍ ആരാണെന്നു തിരിച്ചറിഞ്ഞപ്പോള്‍, വസുധ അവിടെ നിശ്ചലം നിന്നുപോയി! 
    അരവിന്ദിന്റെ കാറിന്റെ മുഴക്കം, നാശത്തിന്റെ പ്രവചനംപോലെ, കുറുകി താഴ്ന്നുവന്നു. തകര്‍ന്നുപോയ ഭൂമിയുടെ അടിയില്‍നിന്ന് മിനുസമുള്ള, തിളക്കമുള്ള ഒരന്യഗ്രഹവാഹനം ഉയര്‍ന്നുവരുന്നതുപോലെയാണ് അവള്‍ക്കു തോന്നിയത്. അവശിഷ്ടങ്ങള്‍ മാത്രമുണ്ടായിരുന്ന അവിടെ, അതു ക്രൂരമായൊരു കാഴ്ചയായി, വൈരുധ്യമായി എഴുന്നുനിന്നു. 
    അരവിന്ദ് പുറത്തിറങ്ങി. അയാളുടെ കടുത്ത നിറത്തിലുള്ള സ്യൂട്ട് ആ അന്തരീക്ഷത്തിനു യോജിക്കാതെ വേറിട്ടുനിന്നു. അയാളുടെ ചലനങ്ങളോരോന്നും മൂര്‍ച്ചയുള്ളതായിരുന്നു. മനഃപൂര്‍വം ഒരു വേദിയിലേക്ക് ഇടിച്ചുകയറുന്നതുപോലെയായിരുന്നു ഓരോ ചുവടും. 
    വളരെ തണുത്തൊരു കാറ്റടിച്ചു. ചുറ്റുപാടുകള്‍ മരവിച്ചു. അസ്വസ്ഥതയുളവാക്കുന്ന അധികാരത്തിന്റെ വല്ലാത്ത ഭാരം അന്തരീക്ഷത്തെയാകെ മൂടി. അയാളുടെ നോട്ടത്തില്‍ ഊഷ്മളതയില്ല. അയാളുടെ കണ്ണുകളില്‍, ചില്ലുകഷണങ്ങളിലെന്നതുപോലെ അഹങ്കാരം ജ്വലിച്ചു. 
    മുഖത്തൊരു കൃത്രിമച്ചിരി നിറച്ച് അരവിന്ദ് അവരെ രണ്ടാളെയും നോക്കി. 
    'ചേച്ചി, ഇനിയും ഇവിടെത്തന്നെ? എന്റെ വഴിയില്‍ നിങ്ങളായിരുന്നു എപ്പോഴും തടസ്സം. ഒടുവില്‍ നിങ്ങളെ പിന്നിലാക്കാതെ എനിക്കു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു നിങ്ങള്‍ക്കു മനസ്സിലാകുമെന്നു ഞാന്‍ കരുതി.'
    അരവിന്ദിന്റെ ധാര്‍ഷ്ട്യമുള്ള വാക്കുകള്‍, ആഴമുള്ള കിണറ്റിലേക്കു വീഴുന്ന കല്ലുകള്‍പോലെ അവരുടെ മനസ്സുകളിലേക്കു പതിച്ചുകൊണ്ടിരുന്നു. കനത്ത നിശ്ശബ്ദതയില്‍ അയാള്‍ സൃഷ്ടിച്ച താന്‍പോരിമയുടെ തരംഗങ്ങള്‍ പ്രകമ്പനം സൃഷ്ടിച്ചു. ചുറ്റുമുള്ള ലോകത്തിനെ ഖേദത്തോടെയല്ല, മറിച്ചു സംതൃപ്തിയോടെയാണ് അരവിന്ദ് കണ്ടത്. കത്തുന്ന മണ്ണും ഉണങ്ങുന്ന മരങ്ങളുമെല്ലാം കാലമാവശ്യപ്പെടുന്ന ത്യാഗങ്ങള്‍ മാത്രമാണെന്ന മട്ടില്‍ അയാള്‍ അവരിരുവരെയും നോക്കി.      വസുധയുടെ കണ്ണുകള്‍ അപ്പോള്‍ കത്തുകയായിരുന്നു. അവള്‍ അയാളുടെയടുത്തേക്കു നീങ്ങി. അവളുടെ ശബ്ദം തളര്‍ന്നവയായിരുന്നെങ്കിലും ഓരോ വാക്കും ഹൃദയദുഃഖത്താല്‍ തിളക്കമാര്‍ന്നവയായിരുന്നു:
    'ഇതിനെയെല്ലാം വിജയമെന്നു കരുതുന്നുണ്ടോ? ഈ സ്ഥലം, ഒരിക്കല്‍ നിലനിന്നിരുന്ന ജീവിതത്തിന്റെ അവശിഷ്ടം മാത്രമാണ്. ചുറ്റുമൊന്നു നോക്ക്... നിന്റെ പ്രവൃത്തികളുടെ ദുഷ്പ്രഭാവങ്ങളാണ് ഈ കാണുന്നത്. അരവിന്ദ്, നീ ഒന്നും സൃഷ്ടിച്ചിട്ടില്ല. നിനക്കു മനസ്സിലാകാത്തതെല്ലാം, നിനക്കു സ്വന്തമായതുപോലും, നശിപ്പിച്ചവനാണു നീ!'
    വസുധയുടെ വാക്കുകള്‍ അവിടെയെങ്ങും മുഴങ്ങി. ആ ശാപവാക്കുകളെ അരവിന്ദ് അവജ്ഞയോടെ നിരാകരിച്ചു. ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: 
    'ഞാനും പൂര്‍ണമായും എന്നെ മനസ്സിലാക്കുന്നു. അതാണെന്റെ വിജയവും. നിങ്ങളെല്ലാം വിഡ്ഢികളായ വികാരജീവികള്‍ മാത്രം! എല്ലാം മറന്ന് ഈ ലോകത്തെ പുനര്‍നിര്‍മിക്കാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ ലോകം വഴങ്ങൂ. നിങ്ങള്‍ ഭൂതകാലത്തില്‍, ഭാവിയില്‍ ഒരു സ്ഥാനവുമില്ലാത്ത ആശയങ്ങളില്‍, അള്ളിപ്പിടിച്ചുനില്‍ക്കുന്ന ഒരു പല്ലി മാത്രം! അവളെ നോക്കൂ...'
    അയാള്‍ മീനയുടെ നേരേ വിരല്‍ ചൂണ്ടി: 
    'അവള്‍ സത്യമെന്താണെന്നു മനസ്സിലാക്കി.... അല്ലെങ്കില്‍ അതു മനസ്സിലാക്കാനുള്ള പരിശ്രമം നടത്തുകയെങ്കിലും ചെയ്തു...'
    വസുധയുടെ ഒരുചുവടു പിന്നില്‍ നിന്ന മീന ഇതുകേട്ടു വിറച്ച്, അവളുടെ നോട്ടം താഴ്ത്തി. അരവിന്ദിന്റെ വാക്കുകള്‍ കുരുക്കുകളായി വരിഞ്ഞ് അവളെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാന്‍ കഴിയാത്ത വിധത്തില്‍ അവനടിമപ്പെട്ട്, ആധിപത്യം നേടാനുള്ള അവന്റെ സമ്മര്‍ദ്ദമേറ്റ് മീന ആകെ തകര്‍ന്നിരുന്നു. വസുധ മീനയ്ക്കടുത്തേക്കു തിരിഞ്ഞ്, താഴേക്കു വീഴുമെന്ന അവസ്ഥയിലായിരുന്ന അവളെ മെല്ലെ തലോടി ശബ്ദമുയര്‍ത്തി: 
    'അരവിന്ദ്, മീന സത്യം കണ്ടില്ല. കാണാന്‍ ശ്രമിച്ചില്ല. നിന്നോടുള്ള ഭ്രമം നിമിത്തം ഇവളൊരു ഭ്രാന്തിയായി മാറിയിരുന്നു. നീ അവളില്‍നിന്ന് എല്ലാമെടുത്തു. അവളുടെ സ്വാതന്ത്ര്യമെടുത്തു. സ്വകാര്യ ഇഷ്ടങ്ങള്‍പോലും നിയന്ത്രിച്ചു. നിന്റെ ആവശ്യങ്ങള്‍ക്കായി ഒരു കച്ചവടച്ചരക്കാക്കി. സത്യം മനസ്സിലാക്കി പോലും! അടിമത്തം പേറേണ്ടിവന്നു എന്നു പറ...'
    അരവിന്ദ് ഒരാംഗ്യംകൊണ്ടു വസുധയെ തടഞ്ഞു. അടുത്തേക്കു ചുവടുവച്ചു. കണ്ണുകള്‍ ചുരുങ്ങി. അയാള്‍ വളരെ മെല്ലെ പറഞ്ഞു: 
    'അവള്‍ തിരഞ്ഞെടുത്തു ചേച്ചീ... അതിജീവനത്തിനു ത്യാഗങ്ങളാവശ്യമാണെന്നു മീന മനസ്സിലാക്കി. അതുകൊണ്ട് അവള്‍ എനിക്കോരംചേര്‍ന്നു നടക്കുന്നു...'
    വസുധയുടെ ശബ്ദമുയര്‍ന്നു. അവള്‍ വളരെക്കാലമായി കുഴിച്ചിട്ടിരുന്ന നിരാശതയും ദേഷ്യവുംകൊണ്ട് അവിടമാകെ പ്രകമ്പനം കൊണ്ടു: 
    'ത്യാഗമോ?! അവള്‍ ഒരിക്കലുമാഗ്രഹിക്കാത്തൊരു ജീവിതത്തിലേക്കു നീയവളെ വലിച്ചിഴച്ചു. എല്ലാം അനീതിയായിരുന്നു. പിന്തുടരുകയല്ലാതെ അവളെന്തുചെയ്യും? അവള്‍ക്കു മറ്റു മാര്‍ഗമില്ലായിരുന്നു. അവളുടെയിഷ്ടങ്ങള്‍ക്കു നീ ആമംവച്ചു. നിന്റെ ചെയ്തികളില്‍ അഭിമാനിച്ചോളൂ അരവിന്ദ്... പക്ഷേ, നീ ഒന്നും നേടിയിട്ടില്ലെന്നറിയുക... വെറും ചാരം മാത്രമാണ് ഇതിന്റെയെല്ലാം ബാക്കിയെന്നറിയുക... മറ്റൊന്നുമില്ല!'
    നീരസത്താല്‍ അരവിന്ദിന്റെ ഭാവമിരുണ്ടു. ഒരു നിമിഷം അവന്റെ കണ്ണുകളില്‍ എന്തോ മിന്നിത്തിളങ്ങിയോ? സംശയം, അല്ലെങ്കില്‍ ഖേദം. പക്ഷേ, അതയാളുടെ പതിവഹങ്കാരത്താല്‍ പെട്ടെന്നു മറച്ചുപിടിക്കാന്‍ കഴിഞ്ഞു. 
    'നിങ്ങള്‍ക്കു തെറ്റുപറ്റി ചേച്ചീ... ഞാന്‍ എന്തുണ്ടാക്കിയോ അതു നിലനില്‍ക്കും. നിങ്ങള്‍ എന്താണു സംരക്ഷിച്ചത്? അതു തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളായിരുന്നു. പക്ഷേ മീന...'
    അരവിന്ദിന്റെ നിയന്ത്രണത്തിലായിരുന്നു അവിടത്തെ നിമിഷങ്ങള്‍പോലും ചലിച്ചുകൊണ്ടിരുന്നതെന്നു തോന്നിച്ചു. അവ വസുധയുടെ ഹൃദയം ഭേദിച്ചു മുമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു. അവള്‍ തലതാഴ്ത്തി മന്ത്രിച്ചു: 
    'അതിവളുടെ ബലഹീനതയല്ല, അരവിന്ദ്... അതു പ്രണയമായിരുന്നു. ആര്‍ക്കും ആരോടും ഒരു നിമിഷത്തില്‍ വിരിയാവുന്നത്. അതാണു നീ മറന്നുപോയത്... മുതലെടുത്തത്.... നിന്റെ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള സ്വാര്‍ത്ഥതയായിരുന്നു പ്രേമനാടകമെന്നും അവളൊരു കച്ചവടവസ്തുവാണെന്നും മനസ്സിലാകുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ട്, ഒരു തിരിച്ചുവരവില്ലാത്തവിധം അടിമയായിത്തീര്‍ന്നിരുന്നു...'
    മീന തലതാഴ്ത്തി നിന്നതേയുള്ളു. തുടര്‍ന്നുള്ള നിശ്ശബ്ദതയുടെ പിരിമുറുക്കത്താലെന്നതുപോലെ അവിടമെങ്ങും കൂടുതലിരുണ്ടു. സൂര്യന്‍, ഭൂമിയെ നിഴലിലാക്കി താഴേക്കു മറഞ്ഞുകൊണ്ടിരുന്നു. ഒരിക്കല്‍ ഊഷ്മളവും ഊര്‍ജ്ജസ്വലവുമായിരുന്ന പ്രകൃതി, അരവിന്ദുമായുള്ള സ്വന്തം ബന്ധംപോലെ തണുത്തതും നിര്‍ജ്ജീവമായതുമായിത്തോന്നി, വസുധയ്ക്ക്. 
    അരവിന്ദ് പോകാന്‍ തിരിഞ്ഞപ്പോള്‍ ഒരു കാറ്റ് അവര്‍ക്കുചുറ്റും പൊടിപടലങ്ങള്‍ നിറച്ചു. സാന്ധ്യവെളിച്ചത്തെ അതു കൂടുതല്‍ ചുവപ്പിച്ചു. അരവിന്ദ് സൃഷ്ടിച്ച ലോകത്തിലെ നിശ്ശബ്ദത്തടവുകാരിയായ മീന, തണുത്തുറഞ്ഞ നിലയില്‍ നിന്നു. വസുധ അവളുടെ കൈയില്‍ അമര്‍ത്തിയൊന്നു പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതു കൈക്കുള്ളില്‍ നില്‍ക്കാതെ, തീരെ ഭാരംകുറഞ്ഞ ഒരു മുത്തുപോലെ ഊര്‍ന്നുപോയി! 
    ഹൃദയഭാരത്തോടെ, വസുധ അവരെ രണ്ടുപേരെയും നോക്കി. അവരെ നഷ്ടപ്പെട്ടിരിക്കുന്നു. ഒന്ന് അവളുടെ സുഹൃത്ത്. മറ്റേതു സഹോദരന്‍. എല്ലാമൊതുക്കാനുള്ള അരവിന്ദിന്റെ തീരാവിശപ്പു കാരണം അവള്‍ പോരാടി നേടിയതെല്ലാം ഇല്ലാതായിരിക്കുന്നു. അയാള്‍ക്കൊപ്പം ഇഷ്ടമില്ലാതെ നടന്നുനീങ്ങുന്ന ഒരു യന്ത്രംപോലെ തോന്നി, മീനയെ. ദയനീയമായ ആ മുഖത്തേക്കു നോക്കാനുള്ള ശക്തി വസുധയ്ക്കുണ്ടായില്ല. 
    അരവിന്ദ് നടന്നുപോകുമ്പോള്‍ അവനു പിന്നിലുള്ള ഭൂമി കുറച്ചുകൂടി തകര്‍ന്നുവീഴുന്നതായിത്തോന്നി. ആകാശമെങ്ങും പുകയും പൊടിയും ശക്തമായി ഉയര്‍ന്നു. സ്വന്തം കാലിനടിയിലെ മണ്ണു വഴുതിപ്പോകുന്നതായിത്തോന്നിയ വസുധ അതിനെ പ്രതിരോധിക്കാനായി നിശ്ചലയായി, ശക്തമായി ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ചു. അവള്‍ മീനയോട് അവസാനയാത്ര പറഞ്ഞു: 
    'ഇനിയൊന്നുമില്ല സുഹൃത്തേ, വിട!' 
    ഒടുവിലായി അരവിന്ദിനോട് ഇത്രയും പറയണമെന്ന് അവളാഗ്രഹിച്ചു: 
    'മാപ്പു പറയാന്‍ ഇനിയും വൈകിയിട്ടില്ല, അരവിന്ദ്. നീ തീര്‍ത്ത നരകത്തില്‍ അവള്‍ വേദനിക്കുന്നു; ഞാനും... നമ്മളുമായി ബന്ധപ്പെട്ട എല്ലാവരും...!'

(തുടരും......)
 

Join WhatsApp News
Vijayakumar 2025-02-07 08:29:14
അതി മനോഹരം. മുഴുവനും ഒരുമിച്ചു വായിക്കാൻ ആവേശം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക