
വെസ്റ്റ് പാം ബീച്ച്: പാംസ് വെസ്റ്റ് ഹോപിറ്റലിൽ മലയാളി നഴ്സ് ലീലാമ്മ ക്രൂരമായി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ചും സുരക്ഷാ നിയമങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടും നഴ്‌സുമാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും വമ്പിച്ച റാലി നടത്തി. ഹോസ്പിറ്റലിന് സമീപമുള്ള ജെറോം സെന്ററിന് മുന്നിൽ ഞായറാഴ്ച ഉച്ചക്ക് നടത്തിയ റാലിയിൽ എല്ലാ നാടുകളിൽ നിന്നുമുള്ള നഴ്‌സുമാരടക്കം നൂറു കണക്കിന് പേർ പങ്കെടുത്തു. 'കെയർ ഫോർ പീപ്പിൾ ഹു കെയർ' എന്നതായിരുന്നു റാലിയുടെ മുദ്രാവാക്യം.

ശനിയാഴ്ച ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ആഭിമുഖ്യത്തിൽ ഡേവിയിലെ ഗാന്ധിസ്‌കവയറിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രാർത്ഥനയും കാൻഡിൽ ലൈറ്റ് വിജിലും നടന്നു. ആശുപത്രിയിൽ ജീവിതത്തിനു വേണ്ടി മല്ലിട്ടു കൊണ്ടിരിക്കുന്ന ലീലാമ്മ ആരോഗ്യം വീണ്ടെടുക്കുന്നതിനും വിഷമസന്ധിയിലൂടെ കടന്നു പോകുന്ന കുടുംബത്തിനു പിന്തുണ പ്രഖാപിച്ചുകൊണ്ടുമാണ് പ്രാർത്ഥനയും കാൻഡിൽ ലൈറ്റ് വിജിലും സംഘടിപ്പിച്ചത്.

രണ്ടിടത്തും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് വത്സമ്മ എബ്രഹാം, മുൻ പ്രസിഡന്റ് ഡോ ബോബി വർഗീസ് എന്നിവർ സംസാരിച്ചു. ജെറോം സെന്ററിൽ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ് മാത്യുവും (രാജു) സംസാരിച്ചു.
ലീലാമ്മയുടെ പുത്രനും പുത്രി ഡോ. സിൻഡിയും ഭർത്താവും മക്കളും ലീലാമ്മയുടെ മൂത്ത സഹോദരിയും പങ്കെടുത്തു. ലീലാമ്മയുടെ സ്ഥിതി മെച്ചപ്പെടുന്നതായാണ് അവർ നൽകിയ സൂചന. ഒരു കണ്ണിന്റെ കാഴ്ച എങ്കിലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ലീലാമ്മയെ ആക്രമിച്ച മാനസിക രോഗി സ്റ്റീഫൻ സ്കാന്റിൽബറിക്ക്, 33, എതിരെ വധശ്രമത്തിനും വിദ്വേഷ കുറ്റത്തിനും കേസ് എടുത്തു. ആറ് അടിയിൽ പരം ഉയരമുള്ള അരോഗ ദൃഢഗാത്രനാണ് അയാൾ.

ഗാന്ധി സ്കവയറിലെ വിജിലിൽ പ്രതികാരമോ രോഷമോ അല്ല തങ്ങളെ നയിക്കുന്നതെന്നും ഗുരുതരാവസ്ഥയിൽ കഴിയുന്ന തങ്ങളുടെ സഹോദരിയുടെ സുഖപ്രാപ്തിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും സംഘാടകർ ചൂണ്ടിക്കാട്ടി. ഹീലിംഗ് സംബന്ധിച്ചു വിവിധ മതങ്ങളുടെ പ്രാർത്ഥനകളും എം.സി ആയിരുന്ന ഡോ. ബോബി വർഗീസ് ചൂണ്ടിക്കാട്ടി.

മൂന്ന് മക്കളുടെ അമ്മയായ ലീലാമ്മ നന്മ നിറഞ്ഞ വ്യക്തിയാണ്. അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രസിഡന്റ് വത്സമ്മ എബ്രഹാം പറഞ്ഞു. നഴ്സ് ആകാൻ എന്നും ആഗ്രഹിച്ച ലീലാമ്മ 23 വര്ഷമായി പാം വെസ്റ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. അർപ്പണബോധത്തോടെ രോഗിക്ക് ശുശ്രുഷ നൽകിയ വ്യക്തി ക്രൂരമായ ആക്രമണത്തിനിരയായി ജീവന് വേണ്ടി പോരാടുന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്നവർ പറഞ്ഞു. ഈ സ്ഥിതി മാറുകയും എല്ലാ ആരോഗ്യ സംരക്ഷകർക്കും സുരക്ഷിതത്വം ഉറപ്പാക്കുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ ദുഷ്‌കരമായ സമയത്ത് പിന്തുണയ്ക്കാനും പ്രാർത്ഥിക്കാനും ഒത്തുചേർന്ന മുഴുവൻ സൗത്ത് ഫ്ലോറിഡ സമൂഹത്തിനും ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നന്ദിയും അവർ അറിയിച്ചു.

സർവമത പ്രാര്ഥനയിൽ വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. മാർത്തോമ്മാ ചർച്ച് ഓഫ് സൗത്ത് ഫ്‌ലോറിഡയിൽ നിന്നുള്ള റവ. ഡോ. ജേക്കബ് ജോർജ്, സയൺ അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ പാസ്റ്റർ സാം പണിക്കർ, കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ പ്രതിനിധി രാജ്‌കുമാർ എന്നിവർ പ്രാർത്ഥനകൾ നയിച്ചു . ദിവ്യ, നവ്യ, വാണി സുധീഷ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

എല്ലാ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു. ഫോമാ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ്, ഫൊക്കാന മുൻ പ്രസിഡന്റ് ജോർജി വർഗീസ്, ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗം ഡോ. മാമ്മൻ സി. ജേക്കബ്, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് ബിജു ജോൺ, നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് ഏലിയാസ് പനങ്ങായി, നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് സൈമൺ പറത്താഴം, കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

ജെറോം സെന്ററിൽ ഇന്നലെ നടന്ന റാലിയിൽ പങ്കെടുത്ത ഡോ. സാന്ദ്ര റിസോൾഡി, ഡിഎൻപി, എ-എആർപിഎൻ, പറഞ്ഞു 'എത്രയും വേഗം നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഇത് നിയന്ത്രണാതീതമാണ്. അടുത്ത കാലത്ത് രാജ്യത്തുടനീളം ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എത്രയും വേഗം നമുക്ക് സംരക്ഷണം ആവശ്യമാണ്. സെനറ്റിൽ ധാരാളം ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ നമുക്ക് അവ പാസാക്കാൻ കഴിയുന്നില്ല.'

ഡോ. ബോബി വർഗീസ് നടത്തിയ പ്രസംഗത്തിൽ 'നമ്മൾ സഹപ്രവർത്തകരായിട്ടല്ല, മറിച്ച് പ്രിയപ്പെട്ട ലീലാമ്മയ്‌ക്കെതിരെ നടന്ന അചിന്തനീയമായ അക്രമത്തിൽ നടുങ്ങിയ കുടുംബമായിട്ടാണ് ഒത്തുകൂടുന്നതെന്ന്' ചൂണ്ടിക്കാട്ടി. 'രോഗിയെ പരിചരിക്കുന്നതിനിടയിലാണ് അവർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ, അവർ തന്റെ ജീവനുവേണ്ടി പോരാടുമ്പോൾ, പ്രാർത്ഥനയിലും പിന്തുണയിലും മാത്രമല്ല, പ്രവർത്തനത്തിലും നമ്മൾ ഒത്തുചേരണം.
'നഴ്‌സുമാർ ആരോഗ്യ സംരക്ഷണത്തിന്റെ നട്ടെല്ലാണ്. പരിചരണം, ആശ്വാസം, രോഗശാന്തി എന്നിവ നൽകുന്നതിന് പലപ്പോഴും കടുത്ത സമ്മർദ്ദമുള്ള അന്തരീക്ഷത്തിൽ നമ്മൾ അക്ഷീണം പ്രവർത്തിക്കുന്നു. എന്നിരുന്നാലും, നമ്മൾ ദുർബലരാണ്. ആക്രമണത്തിനും വാക്കു കൊണ്ടുള്ള അധിക്ഷേപത്തിനും മാത്രമല്ല, ഇപ്പോഴിതാ ക്രൂരമായ ശാരീരിക അക്രമത്തിനും വിധേയരാകുന്നു. ഇത് അംഗീകരിക്കാനാവില്ല.

'ആരും അവരുടെ ജോലി ചെയ്യുമ്പോൾ സ്വന്തം സുരക്ഷയെക്കുറിച്ച് ഭയപ്പെടരുത്. പ്രത്യേകിച്ച് ജീവൻ രക്ഷിക്കുക എന്ന ജോലി ചെയ്യുന്നവർ. വർദ്ധിച്ച സുരക്ഷ, ആക്രമണകാരികളായ രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള കർശനമായ പ്രോട്ടോക്കോളുകൾ, ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമത്തിന് കടുത്ത ശിക്ഷ നടപ്പിലാക്കുന്ന നിയമങ്ങൾ എന്നിവ ഉണ്ടാകണം.
'നമ്മുടെ ഭരണാധികാരികളോടും നയരൂപീകരണ വിദഗ്ധരോടും ഞാൻ പറയുന്നത് ഇതാണ്: മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കാൻ നമുക്ക് കഴിയില്ല. ഉടനടി നടപടി ആവശ്യമാണ്. - മെച്ചപ്പെട്ട ജീവനക്കാരെ നിയമിക്കൽ, കൂടുതൽ പരിശീലനം, ആശുപത്രികളിലും ക്ലിനിക്കുകളിലും അക്രമങ്ങളോട് സീറോ ടോളറൻസ് എന്നിവ ഉണ്ടാകണം.
'എന്റെ സഹ നഴ്‌സുമാരോട്, നാം ഒരുമിച്ച് നിൽക്കുക, അക്രമത്തെ "ജോലിയുടെ ഭാഗമായി" ഒരിക്കലും അംഗീകരിക്കരുത്. നമ്മുടെ സുരക്ഷ പ്രധാനമാണ്. നമ്മുടെ ജീവൻ പ്രധാനമാണ്.
ഇന്ന്, നമ്മുടെ സഹപ്രവർത്തക ലീലക്കായി നമ്മൾ പോരാടുന്നു. ഇത് ഒരിക്കലും ആവർത്തിക്കാതിരിക്കാൻ നമ്മൾ പോരാടുന്നു.'
see also
ആക്രമിക്കപ്പെട്ട നഴ്‌സിന് വേണ്ടി ഇന്ന് വൈകിട്ട് ഗാന്ധിപ്രതിമക്കു മുന്നിൽ വിജിൽ
ഫ്‌ലോറിഡയിൽ നഴ്‌സിനെ ആക്രമിച്ച പ്രതിക്കെതിരെ വിദ്വേഷ കുറ്റവും ചുമത്തി
മാനസികരോഗിയെ പാംസ് വെസ്റ്റ് ആശുപത്രിയിൽ എങ്ങനെ പ്രവേശിപ്പിച്ചുവെന്ന് പുത്രി
നഴ്‌സിനെ ആക്രമിച്ചതിനെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അപലപിച്ചു; സുരക്ഷിതത്വം ഉറപ്പാക്കണം
പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ നഴ്സിനു നേരെ ഉണ്ടായ ആക്രമണത്തെ ഫോമാ നഴ്സസ് ഫോറം ശക്തമായി അപലപിച്ചു