Image

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം1 ജോണ്‍ ജെ. പുതുച്ചിറ)

Published on 26 February, 2025
പ്രണയമനോഹരതീരം (നോവല്‍ : ഭാഗം1 ജോണ്‍ ജെ. പുതുച്ചിറ)

കോളജ് ഡേ.
ഓഡിറ്റോറിയത്തിന്റെ ഉള്‍ഭാഗമത്രയും വര്‍ണ്ണശബളമായിരുന്നു. വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികളാല്‍ നിബിഡമായിരുന്നു.
ആവശ്യത്തിനും അനാവശ്യത്തിനും അവര്‍ ആരവം ഉയര്‍ത്തിക്കൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്ക് പൂച്ചകരച്ചിലും കൂക്കുവിളിയും.
കലാപരിപാടികളുടെ ഉദ്ഘാടകനായ ജയദേവന്റെ പ്രസംഗവേളയിലാണ് അത് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയത്.
പക്ഷെ താനും അടുത്തകാലം വരെ നിങ്ങളെപ്പോലെ ഒരു വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ഇത്തരം അഭ്യാസങ്ങള്‍ ഒത്തിരി നടത്തിയിട്ടുണ്ടെന്നും പറഞ്ഞ് ജയദേവന്‍ കൂസലില്ലാതെ പ്രസംഗിച്ചു.
വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം കൂകിത്തിമിര്‍ത്തു.
പ്രസംഗം അവസാനിപ്പിച്ചപ്പോഴും ഒരു വിഭാഗം കയ്യടിച്ചു. മറുപക്ഷം ചൂളമടിച്ചു.
ജയദേവന്‍ രണ്ടും ഒരേ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടെ ഉള്‍ക്കൊണ്ടു.
വീണ്ടും ചില കലാപരിപാടികള്‍.
അതിനിടയില്‍ യൂണിയന്‍ ചെയര്‍മാന്റെ അനൗണ്‍സ്‌മെന്റ്-
''നമ്മുടെ വിശിഷ്ടാതിഥിയായി എത്തിയ പ്രശസ്ത സിനിമാതാരം ജയദേവന് കോളജ് യൂണിയന്റെ സ്‌നേഹോപഹാരം വിദ്യാര്‍ത്ഥി പ്രതിനിധിയായ മധു നല്‍കുന്നു.''
അപ്പോഴും ആര്‍പ്പുവിളി; കൂക്കുവിളി.
അതിനിടയില്‍ മധു ആ മനോഹരമായ ഗിഫ്റ്റ് പായ്ക്കറ്റ് നടന്‍ ജയദേവന് കൈമാറി.
മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയതാരം നിറഞ്ഞ സന്തോഷത്തോടെ അത് ഏറ്റുവാങ്ങി.
പിന്നെ അധികം വൈകിയില്ല, ജയദേവന്‍ പ്രിന്‍സിപ്പലിനോടും യൂണിയന്‍ ഭാരവാഹികളോടും യാത്ര പറഞ്ഞ് തന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് യാത്രയായി.
ഒട്ടും സമയമുണ്ടായിട്ടു വന്നതല്ല ഈ പ്രോഗ്രാമിന്. ശരിക്കൊന്ന് ഉറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഷൂട്ടിംഗിന്റെ തിരക്കുമുണ്ട്.
- എങ്കിലും കഴിയുന്നിടത്തോളം കോളജ് യൂണിയന്‍ പരിപാടികളില്‍ പങ്കെടുക്കുന്നു. അപ്പോള്‍ തന്റെ അപൂര്‍ണ്ണമായ കാമ്പസ് ജീവിതകാലം തിരിച്ചു കിട്ടിയതുപോലെ ഒരു തോന്നല്‍.
പുതുതായി വാങ്ങിയ ഹോണ്ടാസിറ്റി കാറില്‍ അതിവേഗം സ്വയം ഡ്രൈവു ചെയ്തായിരുന്നു ജയദേവന്റെ യാത്ര. ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ലൊക്കേഷനിലേക്ക്.
സിനിമയിലെ സുന്ദരിയായ നായികയെ മനസ്സിലോര്‍ത്ത് ജയദേവന്‍ ഒരു മൂളിപ്പാട്ടു പാടാന്‍ തുനിയുകയായിരുന്നു.
പെട്ടെന്നാണ് ഒരപശബ്ദം കേട്ടത്-
'ടര്‍ര്‍.......''
ഒരു നിമിഷം ജയദേവന്റെ ശ്രദ്ധപാളി. എന്താണ്? അവന്‍ ചെവിയോര്‍ത്തു.
ഒന്നുമില്ല. തന്റെ തോന്നലാണ്. അല്ലാതെ പുതുതായി വാങ്ങിയ ഈ കാറിനുള്ളില്‍ എന്ത് അപശബ്ദം കേള്‍ക്കാനാണ്.
ജയദേവന്റെ മനസ്സില്‍ വീണ്ടും സുന്ദരിയായ നായികയുടെ രൂപം തെളിഞ്ഞുവന്നു. ചുണ്ടില്‍ ഒരു മൂളിപ്പാട്ടിന്റെ ആദ്യത്തെ ഈരടികളും.
''ടര്‍ര്‍ര്‍........'' പെട്ടെന്ന് വീണ്ടും ആ ശബ്ദം.
ജയദേവന്‍ പെട്ടെന്ന് കാറിന്റെ സ്പീഡു കുറച്ചു.
കാറിന്റെ എന്തെങ്കിലും തകരാറാണോ? പക്ഷെ ഈ പുത്തന്‍കാറിന് ഇത്ര പെട്ടെന്ന് എന്തു തകരാറു സംഭവിക്കാനാണ്!
''ടര്‍ര്‍ര്‍......''
വീണ്ടും എന്തോ പാര്‍ട്ട്‌സുകള്‍ തമ്മില്‍ ഉരസിയതുമാതിരിയുള്ള ശബ്ദം....
ഇക്കുറി ജയദേവന്‍ കാറു നിറുത്തുക തന്നെ ചെയ്തു. കാരണം ശബ്ദം കേട്ടത് കാറിനുള്ളില്‍ തൊട്ടടുത്തു നിന്നു തന്നെയാണെന്ന് അവനു തോന്നി.
സന്ദേഹത്തോടെ ചുറ്റുപാടും കണ്ണുകളാല്‍ പരതുമ്പോള്‍, വീണ്ടും-
''ടര്‍ര്‍ര്‍.....''
കാര്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ ഇക്കുറി ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം ജയദേവന് പിടികിട്ടി-
കോളജ് യൂണിയന്‍ ഭാരവാഹികള്‍ തനിക്കു നല്‍കിയ ഗിഫ്റ്റ് പായ്ക്കറ്റിനുള്ളില്‍ നിന്നാണ് ആ അപശബ്ദം-!
ജയദേവന്റെ ചുണ്ടില്‍ ഒരു മന്ദഹാസം വിടര്‍ന്നു-
വിദ്യാര്‍ത്ഥികള്‍ തന്നെ ഫൂളാക്കുന്നതിനു വേണ്ടി എന്തോ വികൃതിത്തരം ഒപ്പിച്ചു വച്ചിരിക്കുകയാണ് ആ ഗിഫ്റ്റ് പാക്കറ്റിലെന്ന് അവനു മനസ്സിലായി.
പഠിക്കുന്ന കാലത്ത് ഇതുപോലെ ഒത്തിരി വികൃതിത്തരങ്ങള്‍ ഈ ജയദേവനും കാട്ടിയിട്ടുള്ളതാണ്.
ഒരു മന്ദഹാസത്തോടെ അവന്‍ ആ പായ്ക്കറ്റിനെ ആവരണം ചെയ്തിരുന്ന പേപ്പര്‍ അഴിച്ചുമാറ്റി.
പിന്നീട് കൗതുകപൂര്‍വ്വം അവന്‍ ആ പാഴ്‌സല്‍ മെല്ലെ തുറന്നു.....
അതിനുള്ളില്‍ നിന്ന് ഫണമുയര്‍ത്തുന്ന കരിമൂര്‍ഖന്‍....!!
''എന്റമ്മോ!'' ഒരു നിലവിളിയോടെ ജയദേവന്‍ പായ്ക്കറ്റ് ദൂരേക്കെറിഞ്ഞതും കാറിനു പുറത്തേക്കു ചാടിയതും ഒരുമിച്ചു കഴിഞ്ഞു.
ആ കരിമൂര്‍ഖന്‍ കാറിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇഴഞ്ഞ് സമീപത്തെ കാട്ടുപൊന്തയില്‍ കയറി ഒളിച്ചു....
എന്നിട്ടും ജയദേവന്റെ നടുക്കവും വിറയലും വിട്ടുമാറിയിരുന്നില്ല.
ഇതിനു പറയേണ്ടത് കുസൃതിയെന്നല്ല; തെമ്മാടിത്തരമെന്നാണ്.
അവന്‍ അമര്‍ഷത്തോടെ കോളജ് പ്രിന്‍സിപ്പലിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.
അത് സ്വിച്ച്ഡ് ഓഫ് ചെയ്തിരിക്കുന്നു-
കോളജ് ഓഡിറ്റോറിയത്തിലെ പരിപാടികള്‍ അവസാനിച്ചിരുന്നില്ല. പ്രിന്‍സിപ്പലച്ചന്‍ അപ്പോഴും സ്റ്റേജില്‍ത്തന്നെ ഉണ്ടായിരുന്നു.
ഇപ്പോള്‍ സമാപന സമ്മേളനമാണ് നടക്കുന്നത്. അതില്‍ പ്രസംഗിക്കാന്‍ കോളജിന്റെ മാനേജര്‍ കൂടിയായ ബിഷപ്പു തിരുമേനിയും എത്തിയിരിക്കുന്നു.
വൃദ്ധനായ ബിഷപ്പ് തന്റെ സമൃദ്ധമായ താടിയും തടവി ഒരു നേര്‍ത്ത മന്ദഹാസത്തോടെ സ്റ്റേജില്‍ ഉപവിഷ്ടനായിരിക്കുന്നു.
മധുവും കൂട്ടരും ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിന്‍നിരയില്‍ സംഘം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു.
അവന്റെ കൂടെ റ്റോണിയുണ്ട്, റഞ്ചുവുണ്ട്, സജിത്തുണ്ട് - കൂടാതെ കോളജിലെ പ്രധാന ഉഴപ്പന്‍ സെറ്റ് എല്ലാം ഉണ്ടായിരുന്നു.
ഒപ്പം അല്പം മുമ്പു കഴിച്ച ബിയറിന്റെ ലഹരിയും-
ആരോ ഒരുത്തന്‍ പറഞ്ഞു:
''നോക്കടാ, നമ്മുടെ ബിഷപ്പു തിരുമേനിയുടെ സ്റ്റൈലന്‍ ചിരി കണ്ടോ!''
''കണ്ടിട്ട് ഒരു ഉമ്മ കൊടുക്കാന്‍ തോന്നുന്നു.'' രണ്ടാമന്റെ വിഹിതം.
''ബിഷപ്പു തിരുമേനിക്ക് സ്റ്റേജില്‍ കയറി ഉമ്മ കൊടുക്കുന്നയാള്‍ക്ക് എന്റെ വക പൈന്റും ബിരിയാണിയും!'' ജോര്‍ജി പ്രഖ്യാപിച്ചു.
''ഉറപ്പാ?'' മധു ചോദിച്ചു.
''നൂറു ശതമാനം'' ജോര്‍ജിയും പറഞ്ഞു.
സ്റ്റേജും ഓഡിറ്റോറിയവും ശാന്തമായിരുന്നു.
സഹപാഠികള്‍ക്കിടയിലൂടെ മധു വളരെ കൂളായി മുന്നോട്ടു നടന്നു.
സ്റ്റേജിലേക്ക്.
അവിടെ തൂമന്ദഹാസവുമായി ഇരിക്കുന്ന ബിഷപ്പു തിരുമേനിയെ കെട്ടിപ്പിടിച്ചൊരുമ്മ!!
തികച്ചും അപ്രതീക്ഷിതം-
ബിഷവും സദസ്സും ഒരു നിമിഷം അമ്പരന്നു നിന്നു.
അടുത്ത നിമിഷത്തില്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറുച്ചത്തില്‍ വിദ്യാര്‍ത്ഥികളുടെ ആര്‍പ്പുവിളിയും കൂക്കുവിളിയും....
അതിനിടയില്‍ മധു മുങ്ങാംകുഴിയിട്ടു.

(തുടരും....)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക