Image
Image

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 2 ജോണ്‍ ജെ. പുതുച്ചിറ)

Published on 05 March, 2025
പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 2 ജോണ്‍ ജെ. പുതുച്ചിറ)

രണ്ട്

മധു ഹോസ്റ്റലില്‍ എത്തുമ്പോള്‍ അല്പം വൈകിയിരുന്നു. വാര്‍ഡനച്ചന്‍ പിടികൂടുമോയെന്ന ഭയമുണ്ടായിരുന്നു. എങ്കിലും അങ്ങേരുടെ കണ്ണുവെട്ടിച്ച് അകത്തു കടക്കുകതന്നെ ചെയ്തു. അപ്പോഴാണ് സമാധാനമായത്.
''എവിടെപ്പോയിരുന്നു ഇത്രയും നേരം?'' ജോസ് ഫെര്‍ണാണ്ടസ് തിരക്കി. അവനാണ് റൂംമേറ്റ്.
''ങാ അല്പം വൈകി.'' ആശ്വാസത്തോടെ കിടക്കയില്‍ ഇരിക്കുന്നതിനിടയില്‍ പറഞ്ഞു: ''വാര്‍ഡന്റെ വായില്‍ ചാടാതെ രക്ഷപെട്ടു വരികയാണ്.'' 
''ചോദിച്ചതിനല്ല നീ ഉത്തരം പറയുന്നത്.'' ജോസിന് ഒരു ഗുരുനാഥന്റെ ഭാവം.
''എന്തായിരുന്നു നീ ചോദിച്ചത്?.... എവിടെ പോയിരുന്നുവെന്ന്-അല്ലേ? ഞാന്‍ ഷോപ്പിംഗിന്... അല്ല....'' 
''വേണ്ട, വിഷമിക്കേണ്ട. ഉത്തരവും ഞാന്‍ തന്നെ പറയാം. പാര്‍ക്കില്‍ പോയിരുന്നു. അതല്ലെങ്കില്‍ ബീച്ചില്‍. നീ തനിച്ചല്ല പോയത്. കൂടെ ആ പെണ്ണുമുണ്ടായിരുന്നു-ഊര്‍മ്മിള.'' 
''സത്യം-നിന്റെ ഊഹം ശരിയാണ്.'' 
''നീ അവളെ ചുംബിച്ചു-'' 
''ജോസ്, നീയതെങ്ങനറിഞ്ഞു?'' 
''നിങ്ങള്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു-'' 
''അത്രമാത്രമേ സംഭവിച്ചുള്ളൂ-സത്യം. ഇനി പറയൂ- നീ ഞങ്ങളുടെ പിന്നാലെ ഉണ്ടായിരുന്നോ? ഇതൊക്കെ എങ്ങനെ മനസ്സിലാക്കി?'' 
''ദിവ്യദൃഷ്ടി'' 
''കുന്തം!'' 
മധു മേശപ്പുറത്തിരുന്ന ഡയറിയെടുത്ത് അതിന്റെ താളുകള്‍ മറിച്ചു. അവളുടെ ഫോട്ടോ! ഊര്‍മ്മിളയുടെ ഫോട്ടോ! അവളുടെ ഹൃദയഹാരിയായ തൂമന്ദഹാസം നേരിട്ടനുഭവപ്പെടുന്നതു പോലെ അവനു തോന്നി.
അവന്‍ സ്‌നേഹിതന്‍ കാണാതെ ആ ഫോട്ടോയില്‍ തഴുകി. ഒരു ചുംബനം നല്‍കാനുള്ള അഭിനിവേശം ഉണ്ടായെങ്കിലും അവന്‍ അത് അടക്കി.
ഊ...ര്‍...മ്മി...ള...! ആ അക്ഷരങ്ങള്‍ക്കു തന്നെ എന്തൊരു മാധുര്യമാണ്. ആ നോട്ടം, ആ മന്ദഹാസം, ആ കളമൊഴികള്‍ എല്ലാമെല്ലാം അവന്റെ മനസ്സില്‍ തെളിഞ്ഞു വരികയാണ്-
തന്റെ പ്രിയപ്പെട്ട ഊര്‍മ്മിള.
ഇന്ന് അവള്‍ തന്റെ കാമുകിയാണ്. കൊച്ചുന്നാളില്‍ കളിത്തോഴിയും.
മധുരിക്കുന്ന ബാല്യകാലസ്മരണകള്‍-
ആ ഗ്രാമപ്രദേശത്തിനു തന്നെ എന്തൊരു പരിശുദ്ധിയാണ്.
തങ്ങളുടെ രണ്ടു വീടുകള്‍ തൊട്ടയല്‍വക്കങ്ങള്‍ ആയിരുന്നില്ല. എങ്കിലും ആ കുടുംബങ്ങള്‍ തമ്മിലും അവിടുത്തെ അംഗങ്ങള്‍ തമ്മിലും എന്തൊരടുപ്പമായിരുന്നു...!
ശേഖരപിള്ള അച്ഛന്റെ എല്ലാമെല്ലാമായിരുന്നു. ഒരാത്മാവും രണ്ടു ശരീരങ്ങളും. അവരെ പോലെ ഉറച്ച സൗഹൃദമുള്ള രണ്ടു ചങ്ങാതിമാരെ കണ്ടെത്തുക തന്നെ വിഷമം.
ആ സൗഹൃദത്തില്‍ നിന്നായിരുന്നു പങ്കു കച്ചവടത്തിന്റെ തുടക്കം. ആദ്യം ഒരു സ്റ്റേഷനറിക്കട. അതു നല്ല വിജയമായിരുന്നു. അതോടെ ഷെയര്‍ ബിസ്സിനസ് കുറെക്കൂടി വിസ്തൃമായ ഒരു മേഖലയിലേക്ക് കടന്നു. സ്ഥലത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറിയുടെ തുടക്കം അങ്ങനെ ആയിരുന്നു. അതും നല്ല നിലയില്‍ പ്രവൃത്തിച്ചു. ഒപ്പം അവരുടെ സൗഹൃദവും.
കൃഷ്ണപിള്ളയും ശേഖരപിള്ളയും- അവര്‍ തങ്ങളുടെ പിതാക്കന്മാര്‍ ആയിരുന്നു. മധുവും ഊര്‍മ്മിളയും അവര്‍ക്കിരുവര്‍ക്കും സ്വന്തം മക്കളെപ്പോലെ തന്നെ ആയിരുന്നു. തങ്ങളിരുവരും കുട്ടിക്കാലത്ത് പരസ്പരം വീടുകള്‍ മാറി അന്തിയുറങ്ങുകയും പതിവായിരുന്നു. മറ്റു ചിലപ്പോള്‍ രണ്ടും മൂന്നും ദിവസങ്ങള്‍ അതിഥിയായി താമസിച്ചിരുന്നു. ആ ബാല്യകാലത്ത് താനും ഊര്‍മ്മിളയും ഒരേ കിടക്കയിലാണ് ശയിച്ചിരുന്നതുപോലും!!
എന്നാല്‍ ഇന്നോ-അത്തരമൊരു സഹശയനം മനസ്സില്‍ കതിരിട്ടു നില്‍ക്കുന്ന മധുരസ്വപ്നമാണ്!
പ്ലസ്ടു പഠനം കഴിയുമ്പോള്‍ മനോഹരമായ ആ നാട്ടിന്‍പുറത്തോട് തങ്ങള്‍ക്കിരുവര്‍ക്കും യാത്ര പറയേണ്ടി വന്നു.
രണ്ടാളും കോളജ് വിദ്യാഭ്യാസത്തിന് എത്തിയതും ഒരേ പട്ടണപ്രദേശത്ത്. അടുത്തടുത്ത രണ്ടു കോളജുകളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠനവുമാരംഭിച്ചു.
അതിനുശേഷവും വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അതിനിടയ്ക്ക് എത്രയെത്ര അപ്രതീക്ഷിത സംഭവങ്ങള്‍. തങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും പിതാക്കന്മാര്‍ തമ്മിലും ഉള്ള ബന്ധത്തില്‍ത്തന്നെ എത്രമാത്രം ഉലച്ചിലുകള്‍.
എന്നിട്ടും തന്റെയും ഊര്‍മ്മിളയുടേയും പ്രണയ ബന്ധത്തില്‍ മാത്രം ഇന്നോളം ഒരപസ്വരവും ഉയര്‍ന്നിട്ടില്ലെന്ന സത്യം മധു ആനന്ദത്തോടെയും അഭിമാനത്തോടെയും ഓര്‍മ്മിച്ചു.
തങ്ങളുടെ പിതാക്കന്മാര്‍ തമ്മിലുള്ള ശണ്ഠകള്‍ മുറുകിയപ്പോള്‍ ഊര്‍മ്മിള പറഞ്ഞു.
''മധുവേട്ടാ, നമ്മുടെ വീട്ടുകാര്‍ തമ്മില്‍ ഇപ്പോള്‍ വലിയ വാശിയിലും വൈരാഗ്യത്തിലുമാണ്. പക്ഷെ എന്തൊക്കെ സംഭവിച്ചാലും എനിക്കു മധുവേട്ടനെ മറക്കാനാവില്ല.'' 
''എനിക്കതറിഞ്ഞു കൂടെ ഊര്‍മ്മിളെ. നാം ഇരുവരും കൊച്ചുന്നാള്‍ മുതല്‍ സ്‌നേഹിച്ചു വളര്‍ന്നവരാണ്. ആരൊക്കെ എതിര്‍ത്താലും നമ്മുടെ സ്‌നേഹബന്ധം നിര്‍വിഘ്‌നം തുടരും. നമുക്ക് ഒരിക്കലും വേര്‍പിരിയാനാവില്ല. അക്കാര്യത്തില്‍ നിനക്ക് ഒരു ഭയപ്പാടും വേണ്ട.'' 
അവളെ ആശ്വസിപ്പിച്ചു.
എങ്കിലും മനസ്സില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. ബിസ്സിനസ്സില്‍ വഴിപിരിഞ്ഞ കൃഷ്ണപിള്ളയും ശേഖരപിള്ളയും തമ്മിലുള്ള ഒരു സുപ്രധാനകേസ് ഇപ്പോള്‍ കോടതിയില്‍ നടന്നു വരികയാണ്. അതിന്റെ വിധി പ്രതികൂലമായാല്‍ താനും കുടുംബവും ആ നിമിഷം പാപ്പരാകും!
കോളജ് ഡേയുടേയും ഊര്‍മ്മിളയുമായുള്ള റൊമാന്‍സിന്റെയും ഇടയില്‍ മറന്നു കിടന്ന ആ യാഥാര്‍ത്ഥ്യം മധു ആ നിമിഷം ഒരു ഞെട്ടലോടെ തന്നെ ഓര്‍മ്മിച്ചു.
കേസിന്റെ വിധി ദിവസം ഇന്നാണ്!!
ഊര്‍മ്മിളയുമൊത്തുള്ള ശൃംഗാരവേളകളില്‍ എപ്പോഴോ ഓഫ് ചെയ്തു വച്ച മൊബൈല്‍ ഫോണ്‍ അവന്‍ തിടുക്കത്തില്‍ കയ്യിലെടുത്തു.
അത് ഓണ്‍ ചെയ്ത വേളയില്‍ത്തന്നെ നാട്ടില്‍ നിന്ന് വീട്ടിലെ കാര്യസ്ഥനെപ്പോലെ കഴിയുന്ന രാമന്‍നായരുടെ വിളി എത്തി.
''കുഞ്ഞേ എത്ര നേരമായി വിളിക്കുന്നു. അത് സ്വിച്ച് ഓഫ് ചെയ്തു വച്ചിരുന്നോ?'' 
''അബദ്ധം പറ്റിയതാണ്. രാമേട്ടാ കേസിന്റെ വിധി എന്തായി?'' 
''പോയി; എല്ലാം പോയി. വീടും പുരയിടവും എല്ലാം!'' 
നടുങ്ങി. പിന്നെ പതറിയ സ്വരത്തില്‍ ചോദിച്ചു:
''അച്ഛന്‍?'' 
''മരിച്ചു!!'' 
''എന്ത്!'' 
അടുത്ത നിമിഷം മധുവിന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ താഴെ വീണു ചിതറി. 
(തുടരും)

Read More: https://emalayalee.com/writer/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക