ഈ പോസ്റ്റ് എഴുതാൻ ഇതിനേക്കാൾ നല്ലൊരു ദിവസം ഇല്ലാത്തതുകൊണ്ട് ഈ വാർത്ത അറിഞ്ഞതിന്റെ ട്രോമയിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കാഞ്ഞിട്ടും നെഞ്ചിലെ ചോരയിൽ വിരൽ മുക്കി എഴുതുന്നു...!
വാർത്ത കണ്ടിട്ട് ദിവസം കുറച്ചായി. മനുഷ്യരുടെ സങ്കടം കാണുമ്പോൾ, കേൾക്കുമ്പോൾ മനസിന് തീരേ കട്ടിയില്ലാതെ ആയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അത്തരം വാർത്തകൾ കാണുമ്പോൾ പെട്ടന്ന് പലതും ട്രിഗ്ഗർ ചെയ്യുന്ന അവസ്ഥയുണ്ട്. പിന്നെ അതിൽ നിന്ന് രക്ഷപെടാനുള്ള പിടപ്പാണ്. എന്ത് ചെയ്ത് കൂട്ടിയാലും മനസുറയ്ക്കാതെ ചിന്തകൾ പനിച്ചു നിൽക്കും.
സ്നേഹിച്ച മനുഷ്യർക്കെല്ലാം മുൻപിൽ സ്നേഹത്തിന് വേണ്ടി, പരിഗണനയ്ക്ക് വേണ്ടി യാചിച്ചു നിന്ന്, തോറ്റു പോയി എന്ന് തിരിച്ചറിയുമ്പോൾ ജീവിക്കാൻ വേണ്ടി രണ്ടും കല്പിച്ചിറങ്ങി എല്ലാ വാതിലുകളിലും മുട്ടി അവിടെയും പരിഹസിക്കപ്പെട്ടു രണ്ട് പെണ്മക്കളെയും കൊണ്ട് ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി.
ട്രെയിനിന്റെ അപായമണി ഉറക്കെ മുഴങ്ങിയിട്ടും പാളത്തിൽ നിന്നും അനങ്ങാതെ അമ്മയെ കെട്ടിപ്പിടിച്ചു ഇരുന്ന കുഞ്ഞുങ്ങൾ... ചങ്ക് പറിയുന്നു അവർ കടന്ന് പോയ മാനസിക വ്യഥകളെ ഓർത്ത്.
എനിക്ക് ഷൈനിയെ മനസിലാവും. ആ കുഞ്ഞുങ്ങൾ കടന്ന് പോയ ബാല്യം എനിക്ക് മനസിലാവും. ഷൈനി കടന്ന് പോയ കുടുംബ ജീവിതം മനസിലാവും. അതെല്ലാം ഞാനും കൂടിയാണ്. ഷൈനിയിലും ആ കുഞ്ഞുങ്ങളിലും ഞാനുണ്ട്. എന്നെ പോലെ ഉള്ളവർക്ക് അതിന്റെ ആഴവും പരപ്പും മനസിലാവും ബാക്കി എല്ലാം മരണ ശേഷമുള്ള ആർപ്പ് വിളികൾ മാത്രമാണ്. മരണങ്ങൾ ആഘോഷിക്കപ്പെടുന്നതാണ്.
ഒന്ന് ഉറക്കെ കരഞ്ഞിരുന്നു എങ്കിൽ ജോലി കൊടുത്തേനെ എന്ന് നുണകൾ എഴുതുന്ന എത്രമാത്രം പ്രൊഫൈലുകൾ കണ്ടു ഈ ദിവസങ്ങളിൽ. ഒറ്റയ്ക്ക് ഒരു സ്ത്രീ പൊരുതാൻ ഉറച്ചാൽ അവളെ അങ്ങേയറ്റം പുലഭ്യം പറയുന്ന, ഒരു സ്ത്രീ വൾനറബിൾ ആണ് എന്ന് തിരിച്ചറിഞ്ഞാൽ എങ്ങിനെ ആ സാഹചര്യത്തെ ചൂഷണം ചെയ്യാം എന്ന് ചിന്തിക്കുന്ന മേജൊറിറ്റി മനുഷ്യർക്കിടയിൽ ഈ ലോകവും മനുഷ്യരും എന്തെന്ന് തിരിച്ചറിഞ്ഞു തന്നെ നടന്ന മരണം.
ഒരാൾ ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ചാൽ അയാൾ കടന്ന് പോകുന്ന മാനസികാവസ്ഥയോളം ഭീകരമായി മറ്റെന്തെങ്കിലും ഒരവസ്ഥ ഈ ഭൂമിയിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. രണ്ടു പെൺകുഞ്ഞുങ്ങളെ കൂടി മരണത്തിലേക്ക് കൊണ്ട് പോകണമെങ്കിൽ നമുക്കിടയിലെ പ്രാപ്പിടിയന്മാരെ അവരെത്രമാത്രം ഭയന്നിരിക്കണം?
ആ സ്ത്രീയും കുഞ്ഞുങ്ങളും കടന്ന് പോയ തലേ രാത്രിയേ കുറിച്ച് ചിന്തിക്കാൻ ഉള്ള കെൽപ്പ് കൂടി ഇല്ലാത്തതിനാലാണ് ഈ കുറിപ്പ് എഴുതാൻ തന്നെ നീണ്ടു പോയത്.
പണം കൊണ്ടും പദവി കൊണ്ടും ഷൈനിക്ക് കിട്ടിയ തൊഴിൽ അവസരങ്ങൾ റദ്ദു ചെയ്യിപ്പിച്ച ഭർത്താവിന്റെ ബന്ധുവായ പുരോഹിതൻ. അയാൾ എന്തിനാണ് ആ വെളുത്ത വസ്ത്രം ഇട്ടിരിക്കുന്നത്?
കുരിശു യുദ്ധത്തിൽ തടങ്കലിൽ ആയ രണ്ടാം ക്രിസ്തുവിനെ സുൽത്താൻ മാലിക്കുൽ കമൽ തന്റെ കൂടാരത്തിലേക്കു വിളിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ കാൽവരിയിൽ കുരിശടയാളം പതിച്ച മൂന്ന് പരവതാനികൾ വിരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം നടന്നു സുൽത്താന്റെ സമീപം എത്തിയത് കാൽവരിയിലെ മൂന്ന് കുരിശുകളിൽ ഇടതു വശത്തുള്ള പശ്ചാത്തപിച്ചു മടങ്ങാത്ത കള്ളനെ തറച്ച കുരിശിനെ ചവിട്ടിയാണ്. ഇത്തരം കുരിശുകൾ ഇതുപോലെ നന്മ അറ്റു പോയവർ ഇപ്പോഴും ഏന്തി നടക്കുന്നു. ലോക സമാധാനത്തിന് എന്ന് ഒച്ചയിടുന്നു. എന്ത് പ്രഹസനമാണ്?
ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ മക്കളെയും കൊണ്ട് രാത്രി റോഡിൽ കുത്തിയിരിക്കുന്നത് കണ്ട് വീട്ടുകാരെ അറിയിച്ചിട്ടു അവർ വന്നു കൂട്ടിക്കൊണ്ട് പോയി എന്ന് വായിച്ചു. ശേഷം സ്വന്തം വീട്ടുകാർ ആ മകളെ, കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചോ?
ഭർത്താവിന്റെ പീഡനങ്ങൾക്ക് എതിരെ കേസ് ഷൈനി കൊടുത്തതിനാൽ അയാൾ അറസ്റ്റിൽ ആവാൻ ഉള്ള സാധ്യത കണ്ട് വിദേശത്തേക്ക് കൊണ്ട് പോയ അയാളുടെ പെങ്ങളുമാർ. ഒരു സ്ത്രീയുടെയും പെൺകുഞ്ഞുങ്ങളുടെയും ജീവിതത്തെ ഇത്ര കണ്ട് പുറം പോക്കിലേക്ക് ഇടാൻ സഹായിച്ചിട്ടുണ്ടു എങ്കിൽ സ്ത്രീകളേ നിങ്ങൾ ?
ക്യാൻസർ രോഗി ആയതിനാൽ തീട്ടവും മൂത്രവും കോരിയ അതേ സ്ത്രീയേ, മകന്റെ ഭാര്യയെ മകൻ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ ഉള്ള അമ്മായി അപ്പന്റെ നിലപാട് എന്തായിരുന്നു?
എല്ലാവർക്കും പറ്റിയ പണിയല്ല സന്യാസം, അത് തീവ്രമായ സഹനത്തിന്റെ വഴിയാണ്, അതിന് സാധിക്കുന്നവർക്ക് മാത്രം ഉള്ളതാണ് പൗരോഹിത്യം അതിന് സാധിക്കാത്തവർ ആ പണിക്ക് പോകേണ്ടതില്ല അവർക്കുള്ളതാണ് ലൗകിക ജീവിതം എന്ന് പറഞ്ഞ, ഒരപ്പം കൊണ്ട് ആയിരം പേരെ ഊട്ടിയ ക്രിസ്തുവിന്റെ അനുയായികൾ നടത്തുന്ന സഭയ്ക്ക് എന്താണ് അവർക്ക് ജോലി നിഷേധിച്ച വിഷയത്തിൽ മൊഴിയാനുള്ളത്? മേൽപ്പറഞ്ഞ പുരോഹിതന് എതിരെയുള്ള നിങ്ങളുടെ നിലപാട് എന്താണ്?
ഇറങ്ങി വന്ന അതേ ഭർതൃഗൃഹത്തിലേക്ക്, പള്ളിയിലേക്ക്, സെമിത്തെരിയിലേക്ക് പ്ലാസ്റ്റിക് കവറുകളിൽ പെറുക്കി കൂട്ടിയ ആ മൂന്ന് മനുഷ്യരുടെ മാംസ കഷ്ണങ്ങൾ എടുത്ത് കൊണ്ട് പോയപ്പോൾ നോക്കി നിന്ന നാട്ടുകാർ. നിങ്ങൾ ആചാരങ്ങളെയാണോ നീതിയെ ആണോ കൂട്ട് പിടിച്ചത്?
എങ്ങിനെയാണ് നിങ്ങൾക്കൊക്കെ സമാധാനത്തോടെ ആ മരണ രാത്രി കഴിച്ചു കൂട്ടാൻ സാധിച്ചത്?
ഞങ്ങൾ സഹായിച്ചേനെ എന്ന് ഇപ്പോൾ നിലവിളി ശബ്ദം ഇടുന്ന മനുഷ്യർ. നിങ്ങൾ തോറ്റു പോയ എത്ര മനുഷ്യരെ അവർ ജീവിച്ചിരിക്കുമ്പോൾ ചേർത്തു പിടിച്ചിട്ടുണ്ട്? ഒരു ദിവസമെങ്കിലും കൂടെ നിർത്തിയിട്ടുണ്ട്? അവരെ പുലഭ്യം പറയാതെ ജീവിക്കാൻ അനുവദിച്ചിട്ടുണ്ട്? പ്രത്യേകിച്ചും സ്ത്രീകളെ?
നോക്കൂ... ഇതിനുള്ള ഉത്തരങ്ങളിൽ ഉണ്ട് അവരെന്തു കൊണ്ട് ആത്മഹത്യ ചെയ്തു എന്നുള്ളതിന്റെ കാരണങ്ങൾ.
എല്ലാ ആത്മഹത്യകളും കൊലപാതകങ്ങൾ ആണ്. സ്റ്റേറ്റിനു പോലും അതിൽ പങ്കുണ്ട്. കാരണം മേൽപ്പറഞ്ഞ പല വിഷയത്തിലും സ്റ്റേറ്റ് എന്ത് നിലപാടു എടുക്കുന്നു എന്നത് കൂടി ഇത്തരം മരണങ്ങൾക്കുള്ള തടയിടൽ ആണ്.
ആയുസ്സെത്താതെയുള്ള മരണങ്ങൾ ഉറക്കം കെടുത്തുന്ന വേദനയാണ്...! പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ മരണങ്ങൾ....
ഇന്ന് വനിതാ ദിനം.
ജീവിതത്തോട് പൊരുതാൻ, ജീവിച്ചിരിക്കാൻ ഒറ്റയ്ക്ക് ഇറങ്ങിയ അൺപ്രിവില്ലേജ്ഡ് ആയ സ്ത്രീകളോട് ചോദിക്കണം അവർ ചാടി കടക്കേണ്ടി വന്ന തീയെ കുറിച്ച്. നിങ്ങളുടെ ചിന്തയ്ക്കും ഭാവനയ്ക്കും അപ്പുറം നിന്നിട്ടാവും അവർ വെന്ത കാലത്തിന്റെ മുറിവുകൾ നിങ്ങളുടെ മുൻപിലേക്ക് തുറന്നു വെയ്ക്കുക... ഒന്നൂതിയാൽ തുറക്കുന്ന ആ പഴുത്ത മുറിവുകളിൽ നിന്ന് ഇപ്പോഴും ചോര പൊടിയുന്നുണ്ടാകും.
നിങ്ങൾ ഭക്ഷണം ഫ്രീ കൊടുത്താലോ, കിടക്കാൻ ഇടം കൊടുത്താലോ മാത്രം ആത്മാഭിമാനം ഉള്ള മനുഷ്യർക്ക് സന്തോഷം വരില്ല. ഒരു വാക്കാൽ പോലും അവരെ ഭയം ഇല്ലാതെ ജീവിക്കാൻ ഉള്ള സാധ്യതകൾ ഒരുക്കി കൊടുക്കാത്ത ഒരാളിലും മനുഷ്യനില്ല. ദൈവവുമില്ല.
ഇതൊന്നും പരിഹരിക്കപ്പെടാത്ത കാലത്തോളം ഒരു വനിതാ ദിനവും ആഘോഷത്തിന്റേതുമല്ല...!