പുരാതന ജനപദമായ വൈശാലി മുതൽ മാജിക്കൽ ദേശമായ മങ്ങനാടിയും ഡിജിറ്റൽ തെരുവുകളും വരെ ഉൾക്കൊള്ളുന്ന വിഭിന്നങ്ങളായ കഥാദേശങ്ങളാണ്നെൽസൺ ജിയുടെ
'ബുദ്ധമയൂരം' എന്ന സമാഹാരത്തിലുള്ളത്.
ബുദ്ധനും അമ്രപാലിയും കാഫ്കയും റിൽക്കെയും കുന്ദേരയും മുതൽ ശാസ്ത്രിയും ഡാനിയേലും പാടത്താനും കഥയമ്മയായ നാരായണിയും പത്രോസുമെല്ലാം സുന്ദരമായ കഥാനിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ഈ കഥാസമാഹാരത്തിൽ വന്നുപോകുന്നു.
സെൻകഥകളുടെ സൗന്ദര്യവും നിഗൂഢതയുമുള്ള കഥനവഴികളാണ് നെൽസൺ ജിയുടേത്.
കഥാകാരൻ ഒരിക്കലും അമിതഭാഷിയാകുന്നില്ല. സെൻകഥകളെപ്പോലെ മിതമായ ഭാഷയിൽ ജീവിതത്തെ നിരീക്ഷിക്കുന്നു.
മൃതരും ജീവിച്ചിരിക്കുന്നവരും വേർതിരിവില്ലാതെ ഇക്കഥകളിൽ കടന്നുവരുന്നു. യക്ഷിസുന്ദരിമാർ സ്വഭാവികമായി പെരുമാറുന്നു, അരക്കിറുക്കൻമാർ തത്ത്വചിന്തകരെപ്പോലെ സംസാരിക്കുന്നു, വിശ്വസാഹിത്യത്തിലെ കഥാപാത്രങ്ങളായ റസ്ക്കോൽനിക്കോഫും ജോസഫ് കെയും കഥാതെരുവിൽ പ്രത്യക്ഷപ്പെടുന്നു.
നിശ്ശബ്ദതയും സംഗീതവും ദാർശനിക നിരീക്ഷണങ്ങളും ബുദ്ധമയൂരത്തിൻ്റെ മാറ്റ് കൂട്ടുന്നു.
ബുദ്ധമയൂരത്തിലെ പ്രധാന കഥാപാത്രങ്ങൾ ഏകാകികളാണ്. അവർ പ്രണയികളും ദുരൂഹവിഷാദികളുമാണ്. പലരും അസ്തിത്വ സന്ദേഹികളുമാണ്.
ആദ്യ കഥയിലെ ജൈവമനുഷ്യനായ ഡാനിയേൽ, നേത്രനിമീലനത്തിലെ അപ്പൻ, വീട്ടിൽ നിന്നും നാട്ടിൽ നിന്നും
ബഹിഷ്കൃതനായ പുറപ്പെട്ടുപോയവൻ,
ശകലിത വ്യക്തിയായ ബഹുരൂപി, ശ്രാവണയിലെ ദുഃഖിതൻ, കടലിലെ നിഗൂഢ നായിക, ശൂന്യതയുടെ ആവിഷ്കാരം പോലെയിരിക്കുന്ന ഉൾക്കടലിലെ സംവിധായകൻ,
ഭ്രാന്തെനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഓൾഡ് മങ്ക്, ലോകത്തേയും തന്നെയും അറിയാൻ ശ്രമിക്കുന്ന യാത്രികൻ..ഇവരെല്ലാം
ഒറ്റ മനുഷ്യരാണ്. ഈ കഥാസമാഹാരം ഒരൊറ്റ മനുഷ്യരുടെ ഏകാന്ത ശബ്ദതാരാവലിയാണ്.
ആഖ്യാനമികവുകൊണ്ടും കഥാപാത്രസൃഷ്ടികൊണ്ടും ശ്രദ്ധേയമായ രചനയാണ് ഡാനിയേൽ.
സർവചരാചരങ്ങളുടെയും ജീവിതമറിയാൻ
ശ്രമിച്ചുകൊണ്ട് ,കിഴക്കെക്കുടി എന്ന മോഹിപ്പിക്കുന്ന തുരുത്തിൽ ജീവിച്ച നിശ്ശബ്ദനായ ജൈവമനുഷ്യൻ ഡാനിയേലിൻ്റെ കഥയാണിത്. ഒരു ആവാസവ്യവസ്ഥയിൽ ജീവികൾ തമ്മിൽ ഉണ്ടാകേണ്ട സർഗാത്മക പാരസ്പര്യത്തെക്കുറിച്ചാണ് ഈ കഥ പറയുന്നത്.
ഒരു പാരിസ്ഥിതിക ദർശനം ഇക്കഥയിൽ ഉൾച്ചേർന്നിട്ടുണ്ട്.
പൂവിനെ നോവിക്കാതെ തേൻ നുകരുന്ന ശലഭത്തെപ്പോലെ ജീവിക്കാൻ ശ്രമിച്ച കിഴക്കെക്കുടിയിലെ ഡാനിയേൽ ഒരു ജൈവബുദ്ധനായിരുന്നു.
ഒരു ദാർശനികധ്യാനത്തിലേക്ക് ഉയരുന്ന കഥയാണ്
നേത്രനിമീലനം.
മനുഷ്യജീവിതത്തെ ഇക്കഥ നിർവചിക്കുന്നുണ്ട്. അറിവുകളെയും ഇന്ദ്രിയങ്ങളെയും നിഗ്രഹിച്ചും പരിത്യജിച്ചും അന്തർജ്ഞാനത്തിലേക്ക് കണ്ണുകൾ തുറക്കുകയാണ് ഇക്കഥയിലെ പിതാവ്. ഉൾക്കാഴ്ച്ചയ്ക്കുവേണ്ടി കണ്ണടയ്ക്കുന്ന ഈ കഥാപാത്രം സെൻഗുരു ആകുകയാണ്.
ഗ്രാമഭംഗികളിൽ നിന്നും മിത്തുകളിൽ നിന്നും നഗരത്തിൻ്റെ തുറസ്സുകളിലേക്കും ചരിത്രം തൊട്ടെടുക്കാവുന്ന തെരുവുകളിലേക്കും ഒരു വഴി വെട്ടുന്നുണ്ട് കഥാകൃത്ത് ഈ കഥകളിൽ. ഓരോ നിമിഷവും വ്യത്യസ്തമാകുന്ന നഗരജീവിതത്തിൻ്റെ വൈവിധ്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും നോക്കുകയാണ് കഥാകാരൻ. നഗര സഞ്ചാരത്തിനിടയിലും ഏകാന്തത പ്രധാനമാണെന്നും അത് ഉടഞ്ഞുപോകാൻ പാടില്ലെന്നും അയാൾക്ക് നിർബന്ധമുണ്ട്. ചില നഗര കഥാപാത്രങ്ങൾക്ക് കാഫ്കയുടെ കഥാപാത്രങ്ങളുടെ നിഴൽ വീണിട്ടുണ്ട്.
ബുദ്ധനെപ്പോലെ കാഫ്കയും ഈ കഥാസമാഹാരത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു കഥയിൽ കാഫ്ക ഒരു പ്രധാനകഥാപാത്രമാണ്.
വിരുന്നുകാർ, നീർമുത്തൻ, നീലി, ബാലവൈദ്യൻ, അമാവാസി, ഇടവം, കർക്കടകം എന്നീ കഥകളിൽ മരിച്ചവർ കഥപാത്രങ്ങളാണ്. പക്ഷേ, അവർ മൃതരാണെന്ന് കഥാകാരൻ പറയുന്നില്ല.
അതിയാഥാർഥ്യങ്ങളെയും സംഭവങ്ങളെയും സ്വഭാവികതയോടെ അവതരിപ്പിക്കുന്ന മാജിക്കൽ റിയലിസത്തിന്റെ ആഖ്യാന വഴികളാണ് കഥാകാരൻ ഉപയോഗപ്പെടുത്തുന്നത്.
ഇക്കഥകളിലെല്ലാം ജീവിതവും മരണവും തമ്മിലുള്ള വേർതിരിവ് കഥാകൃത്ത് ഇല്ലാതാക്കുന്നു. ജീവിതവും മരണവും ബ്ലെൻഡാകുന്ന അവസ്ഥ.
ശ്രാവണ എന്ന കഥയെ നോക്കുക. ശ്രാവണ കഥാനായകൻ്റെ മുൻ പ്രണയിനിയായിരിക്കാം, തോന്നലായിരിക്കാം. സങ്കല്പ നായികയായിരിക്കാം, മരിച്ചവളോ, ജീവിച്ചിരിക്കുന്നവളോ ആകാം. എല്ലാ തരത്തിലുള്ള വായനയും ഇക്കഥയിൽ സാധ്യമാണ്.
രാത്രിയുടെ നിഗൂഢ സൗന്ദര്യവും വശ്യതയും സങ്കടവും ചേർന്ന കഥയാണ് നീലി.
കഥപറച്ചിലിൻ്റെ ടെക്നിക്കിന് ഉദാഹരണമാണ് നീലി.
മരിച്ചുപോയ
അമ്മാമ്മമാർ സമ്മേളിക്കുന്ന 'വിരുന്നുകാർ' എന്ന രചനയിൽ ഒരു
രാത്രികഥയ്ക്കുവേണ്ട എല്ലാ മാന്ത്രികതയും ചേർന്നിരിക്കുന്നു. കൂട്ടുകാരികളായ ഈ അമ്മാമ്മമാരുടെ രാത്രി സംഗമത്തെക്കുറിച്ച് പറയുമ്പോൾ , ഇവരെല്ലാം മരിച്ചവരാണെന്ന് കഥാകാരൻ പറയുന്നില്ല. പക്ഷെ, വായനക്കാരന് അത് ബോധ്യമാകും.
നിലാരാത്രിയുടെ ലാവണ്യത്തിൽ അമ്മാമ്മമാർ ഇരുന്നു സംസാരിക്കുന്നു, മുറുക്കുന്നു, രസിക്കുന്നു, ചിരിക്കുന്നു.. ഒടുവിൽ അവർ യാത്രയാകുന്നു.
ഒരൊറ്റ ഫ്രെയ്മുള്ള
രാത്രിസിനിമ പോലെ വിരുന്നുകാർ ഹൃദ്യം.
'ചെസ് കളിക്കുന്ന കാഫ്കയും കുന്ദേരയും വേറിട്ടൊരു വായന ആവശ്യപ്പെടുന്ന രചനയാണ്. താത്വികമായ വിശകലനത്തിൽ
മനുഷ്യജീവിതം ചതുരംഗക്കളിപോലെ തന്നെയാണ്. ചെസ്ബോർഡിൻ്റെ ഇരുവശത്തുമായി ഇരിക്കുന്ന കാഫ്കയും കുന്ദേരയും അവരുടെ ജീവിത ദർശനം തന്നെയാണ് കരുക്കളുടെ നീക്കത്തിലൂടെയും വിന്യാസത്തിലൂടെയും അവതരിപ്പിക്കുന്നത്. ചെസ് ബോർഡ് അവർക്ക് അസ്തിത്വത്തിൻ്റെ തലമാണ്. കുന്ദേരയുടെ ചടുലനീക്കങ്ങളിൽ രാഷ്ട്രീയവും ഫലിതവും പ്രണയവുമെല്ലാം ഉണ്ട്. പക്ഷെ , കാഫ്ക ചെസ് ബോർഡിൽ രചിച്ചത് മനുഷ്യാവസ്ഥയുടെ ദൃഷ്ടാന്തകഥയാണ്. അദ്ദേഹത്തിൻ്റെ കാലാളുകൾ അസംബന്ധമനുഷ്യരെപ്പോലെ പെരുമാറി. ആധുനിക മാനവികതയുടെ അസ്തിത്വപരമായ ദുരവസ്ഥയെ ചിത്രീകരിച്ച കാഫ്ക സ്വഭാവികമായും ചെസ് കളിയിൽ പരാജയപ്പെടുന്നു. ചിന്താഗതികളിൽ പലതിലും സമാനതകളുള്ള രണ്ടു പ്രതിഭകളുടെ ജീവിത വീക്ഷണങ്ങൾ ഒരു ചെസ് ബോർഡിൽ തെളിയുകയാണ്.
അടയാളപ്പെടുത്തേണ്ട മറ്റൊരു കഥയാണ് യാത്രികൻ. ലോകത്തെയും തന്നെയും അറിയാൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം. ഏതാനും നിമിഷങ്ങളെ അയാൾ കഥയിൽ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും ഉജ്ജ്വലമായ കഥാ നിമിഷങ്ങൾ അയാൾ സമ്മാനിക്കുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത വാക്കുകളിലൂടെ അയാൾ ലോകത്തെ നോക്കുന്നു.
യഥാർത്ഥ ജ്ഞാനി സഞ്ചാരിയാണെന്ന് ഈ കഥ പറയുന്നു.
പ്രകൃതി അതിൻ്റെ സ്വഭാവിക ഭംഗിയിലും സമൃദ്ധിയിലും
ഈ സമാഹാരത്തിലെ കഥാഭൂപടത്തിൽ വേരോടി നിൽക്കുന്നു.
മകരം , മേടം, ഇടവം , കർക്കടകം എന്നീ പേരുള്ള കഥകളിൽ ഒരോ മാസത്തെയും സവിശേഷതകൾ ഇതിവൃത്തത്തിന് പശ്ചാത്തലമൊരുക്കുന്നു.
മകരം - കൊയ്ത്ത്
മേടം -മാമ്പഴക്കാലം
ഇടവം - മീൻപിടുത്തം
കർക്കടകം - വെള്ളപ്പൊക്കം.
മങ്ങനാടിയുടെ സൂക്ഷിപ്പുകാരനായ നീർമുത്തൻ എന്ന പാടത്താൻ, കഥയമ്മയായ നാരായണി , ഉറങ്ങുമ്പോഴും ബീഡി വലിക്കുന്ന പത്രോസ്, ജലയക്ഷിയെപോലെ തോന്നിക്കുന്ന
ത്രേസ്യമുത്തി,പണ്ഡിതനായ ശാസ്ത്രി, നിരീക്ഷകനായ ജോസഫ് മാസ്റ്റർ, തോട്ടകത്തെ ഗായകനായ വേലായുധൻ, ജലയാത്രികനായ കൊടുങ്ങിലി തുടങ്ങിയ സവിശേഷ കഥാപാത്രങ്ങൾ താളുകളിൽ വന്നുപോകുന്നു.
ജലാർദ്രമാണ് 'ബുദ്ധമയൂര' ത്തിൻ്റെ പ്രകൃതി.
അവതാരികയിൽ കവി ശ്രീകുമാർ കരിയാട് എഴുതിയതുപോലെ കഥകളുടെ തിണകളിൽ നിറഞ്ഞ ജലസാന്നിധ്യം. എഴുത്തിലും ഈ ഒഴുക്ക് സജീവമാകുന്നു.
പക്ഷികളും ജലജീവികളും മൽസ്യങ്ങളും തുമ്പികളും ശലഭങ്ങളുമെല്ലാം ചേർന്ന ജീവികളുടെ നിര തന്നെ ഇക്കഥകളിലുണ്ട്. സർവചരാചരങ്ങളോടുമുള്ള സ്നേഹം സന്നിഹിതമായ മൈത്രിദർശനം ഇക്കഥാ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു.
ഇക്കഥകളുടെ
ആത്മസൗന്ദര്യം ബുദ്ധകാരുണ്യമാണ് . മൈത്രിയുടെ സൗന്ദര്യം ഈ കഥകളിൽ പിലിവിടർത്തിയിരിക്കുന്നു.
സെൻദർശനത്തിൻ്റെ നിശ്ശബ്ദവഴികളിലൂടെയാണ് കഥാകാരൻ്റെ സഞ്ചാരം.
ബുദ്ധമയൂരം എന്ന കഥ ധ്യാനബുദ്ധനെയും മയുരത്തെയും ബന്ധിപ്പിക്കുന്നു. ധ്യാനവഴികളിൽ പ്രണയത്തെ സംയോജിപ്പിക്കുമ്പോൾ സെൻദർശനത്തിൻ്റെ സൗന്ദര്യവും സൗരഭ്യവും വിസ്തൃതമായി പടരുകയാണ്.
പ്രണയവും കവിതയും പുഷ്പിക്കുന്ന കഥാമനസ്സിൽ ബുദ്ധദർശനം കലാത്മകമാവുകയാണ്.
എല്ലാ കഥനവഴികളും പ്രണയബുദ്ധൻ എന്ന കഥയിൽ എത്തിച്ചേരുന്നു.
ശിലപോലും നെടുവീർപ്പിടുന്ന സൗന്ദര്യമെന്ന്
ചരിത്രകഥകൾ വിശേഷിപ്പിക്കുന്ന പുരാതനജനപദമായ വൈശാലിയിലെ നഗരവധു അമ്രപാലിയെ ബുദ്ധദർശനം മാറ്റിമറിക്കുന്നതാണ്
' പ്രണയബുദ്ധൻ ' എന്ന രചനയുടെ ഇതിവൃത്തം.
ഒരു പുരുഷനും അമ്രപാലിയെ അങ്ങനെ നോക്കിയിട്ടില്ല. കാമം കലങ്ങുന്ന പുരുഷനോട്ടങ്ങളെ അമ്രപാലികണ്ടിട്ടുള്ളു. ബുദ്ധൻ കരുണയുടെ കണ്ണുകൾകൊണ്ട് അവളുടെ മനസ്സിൽ സ്പർശിക്കുകയായിരുന്നു.
അമ്രപാലിയുടെ ഹൃദയവിശാലതയ്ക്ക് ലോകത്തെ മുഴുവൻ പ്രണയിക്കാൻ സാധിക്കട്ടെ എന്ന് ബുദ്ധൻ ആശംസിക്കുന്നു.
പ്രണയമാനവികതയിലേക്ക് ഉയരുന്ന അമ്രപാലിയെ അവസാന വരികളിൽ നാം കാണുന്നു.
ധ്യാനവും പ്രണയവും ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യമാണ് 'ബുദ്ധമയൂരം' എന്ന കഥാസമാഹാരത്തെ വ്യതിരിക്തമാക്കുന്നത്.
jasmin joy