Image

വനിതാദിനം (കവിത: സദാശിവൻകുഞ്ഞി)

Published on 08 March, 2025
വനിതാദിനം (കവിത: സദാശിവൻകുഞ്ഞി)

ആലോലനീലവിലോചനത്താല്‍ നമ്മ-
ളായിരം സ്വപ്നങ്ങള്‍ തീര്‍ത്തു.
കാര്‍മുകില്‍ കാര്‍കൂന്തലെന്റെ മാറില്‍, നൂറു
വാര്‍മുകിലായിപ്പടര്‍ന്നു.
താരിളം ചുണ്ടുകളെന്‍ മോഹ വല്ലിയില്‍
തീയായ് പടര്‍ന്നുല്ലസിച്ചു.
കുഞ്ഞു നുണക്കുഴിക്കുള്ളിലെയോളത്തില്‍
കുഞ്ഞായി നീന്തിത്തുടിച്ചു.
പൂവണിമേനിയെച്ചുറ്റിവരിയുന്ന
ദാവണിയാവാന്‍ കൊതിച്ചു.
പാദങ്ങളില്‍ സ്വരമേളമുതിര്‍ക്കുന്ന
പാദസരങ്ങളായാലോ?
നേരം പ്രഭാതത്തില്‍ നീവന്ന നേരത്തു
നീരാളം നാം പങ്കുവച്ചു.
പ്രേമരസാമൃതമൂട്ടുവാനായി ഞാ-
നാമുഖമെന്നോടു ചേര്‍ക്കെ,
ആരോ പുതപ്പുമടര്‍ത്തിമാറ്റി- എന്റെ
ചാരത്തു വന്നു പുലമ്പി.
ഒന്നു ചിണുങ്ങി ഞാനെന്റെ സ്വപ്നങ്ങളില്‍
വന്ന പിശാചിനെ നോക്കി?
അന്നേരമയ്യോ പുലമ്പലിന്‍ തീജ്വാല
വന്നെന്റെ കര്‍ണ്ണം കരിച്ചു.
ഭാര്യയെ വന്ദിച്ചു ഞാനെന്‍ അടുക്കള
ക്കാര്യങ്ങള്‍ നോക്കുവാന്‍ പോയി
പാവമെന്‍ കാമുകിയെന്‍ മനവാടിയില്‍
പൂവായ് സുഗന്ധം പടര്‍ത്തി!!

Join WhatsApp News
Jayan varghese 2025-03-08 18:33:58
മുക്ത സ്വപ്നങ്ങളാം മുത്തണിച്ചില്ലയിൽ മുത്തങ്ങൾ ചാർത്തും കവിത. ഛന്ദ സൗന്ദര്യം നിറഞ്ഞ കവിതയിൽ ഒരു ചിന്ന വീട് പ്രേരണ അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. എങ്കിലും നല്ല കവിത. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക