നാരങ്ങാ മിഠായിയും വാളൻ പുളിയും ഉപ്പും മുളകും ചേർത്ത് തിന്നുന്ന പുളിമാങ്ങയും, കയ്പ് നെല്ലിക്കയും ഒക്കെയായിരുന്നു നമ്മുടെ ബാല്യത്തിലെ ലഹരി. ഇന്ന് കാലം മാറി കഥ മാറി, ജീവിതം മാറി. വീട്ടിൽ നിന്നു സ്കൂൾ ബസ്സിലേക്കും അവിടെ നിന്നു ക്ലാസ്സ് മുറിയിലേക്കും, വീണ്ടും ട്യൂഷൻ സെന്ററിലേക്കും തിരികെ വീട്ടിലേക്കും ഒക്കെ നെട്ടോട്ടമോടുന്ന കുട്ടികളുടെ ജീവിതത്തിൽ അസഹിഷ്ണുത വളരെ യേറെയാണ്. മാതാപിതാക്കളും ജീവിതം രണ്ടറ്റവും കൂട്ടി മുട്ടിയ്ക്കാനുള്ള വ്യഗ്രതയിലാണ്. ഇതിനിടയിൽ കുട്ടികൾക്ക് നഷ്ടമാകുന്നത് ഇന്ന് അണുകുടുംബങ്ങളിൽ നിന്നില്ലാതായ മുത്തശ്ശിക്കഥകൾ പകരുമായിരുന്ന നന്മകളാണ്. പകരം നിത്യേന അവർ കാണുന്നത് ചുറ്റിനും ചോര ചിന്തുന്ന സിനിമകളാണ്. അതിൽ കാണുന്ന തല്ലുമാലകളാണ്... അടികൂടി ജയിക്കുന്ന ഹീറോയാണ് പലപ്പോഴും അവന്റെ മാതൃകയാകുന്നത്. അങ്ങനെ നിസ്സാര കാരണത്തിന് പോലും അവൻ തന്നെ എതിർക്കുന്നവരെ ആക്രമിക്കുന്നു..
അങ്ങനെ സഹജീവികളോടുള്ള സ്നേഹം പോലും ഇല്ലാതാകുന്നു. ചോര ചിന്തുന്ന സിനിമകൾ മാത്രമല്ല അവരെ വലയിൽ വീഴ്ത്താൻ ലഹരിക്കെണികളും ധാരാളമുണ്ട്. അവരിൽ അവബോധമുണ്ടാക്കേണ്ട അധ്യാപകരും രക്ഷിതാക്കളും പോലും ഇവിടെ നിസ്സഹായരാണിപ്പോൾ. കാരണം തൊട്ടടുത്ത നിമിഷത്തിൽ അവർ എങ്ങനെ പ്രതികരിക്കും എന്നാർക്കും പറയാൻ പറ്റില്ല. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്കൂളിൽ അവർക്കു നന്മയുടെ പാഠങ്ങൾ പകർന്നു കൊടുക്കണം. നല്ല സന്ദേശമുള്ള കഥകൾ പറയണം. വീട്ടിൽ വന്നാലും ഓരോരുത്തരും ഓരോ മുറികളിലെ ഏകാന്ത ദ്വീപുകളിലാകരുത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം കുറച്ചു നേരം മുറ്റത്തിരുന്നു നിലാവ് കാണണം. അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിയണം..പരസ്പരം എന്തും തുറന്ന് പറയുന്ന കൂട്ടുകാർ ആകണം. മൊബൈലിൽ എത്ര സമയം ചിലവഴിക്കാം എത്ര സമയം പഠിക്കാം എന്നൊക്കെ ഒരു ടൈം ടേബിൾ ഉണ്ടാക്കാം.. ഇടയ്ക്ക് അവരുടെ മുറിയും അലമാരയും സ്കൂൾ ബാഗും തുറന്ന് പരിശോധിക്കണം. പതിവില്ലാത്ത മാറ്റം എന്തെങ്കിലും അവരിൽ കണ്ടാൽ നന്നായി ശ്രദ്ധിക്കണം. അതിന്റെ കാരണം തിരക്കണം.. ഒരു കാലഘട്ടം വരെ മാത്രമേ അവർ നമ്മളോട് ഒട്ടി നില്ക്കു. പിന്നെ അവരുടെ ലോകം മാറുന്നു.. എങ്കിലും പഠനകാലം നമ്മുടെ ശ്രദ്ധയിൽ അവർ ഉണ്ടായിരിക്കണം.. ഇത്രയുമൊക്കെ വീട്ടിൽ നിന്നു ചെയ്യാവുന്നത്. കുറ്റകൃത്യങ്ങൾ കൂടുതൽ ഉള്ള സിനിമകൾ കുട്ടികളെ കാണാൻ അനുവദിക്കരുത്. സിനിമയിലെ ഫാഷൻ അവർ അനുകരിക്കുന്നുണ്ട് അതേ രീതിയിലുള്ള പാട്ടുകൾ പാടാറുണ്ട്. അപ്പോൾ തീർച്ചയായും അതിലെ ഹീറോയുടെ ചെയ്തികൾ അവരുടെ മനസ്സിൽ കയറിപ്പറ്റും. അതേ രീതിയിൽ ഒരു സഹജീവിയെ ആക്രമിക്കുന്നത് അവർ മാതൃകയാ ക്കാൻ സാധ്യതയേറെയാണ്. ഇനി അത്തരം ചിത്രങ്ങളില്ലാതെ സിനിമ ലോകത്തിനു നഷ്ടം വരുമെങ്കിൽ കുട്ടികളെ അവ കാണാൻ അനുവദിക്കാതെ പ്രദർശിപ്പിക്കുക. നന്മയുടെ സന്ദേശം ഉള്ള സിനിമകൾ കുട്ടികളെ കാണിക്കുക. ഇടയ്ക്ക് പഴയ പാട്ടുകൾ കേൾക്കാനുള്ള മനോഭാവം അവരിൽ വളർത്തുക. ലഹരിയുടെ ഉറവിടം എവിടെ നിന്നെന്നു തിരഞ്ഞു കണ്ടെത്തുക. ഏറ്റവും പ്രധാനം ആ പഴുതുകൾ ഇനി തുറക്കാതെ ചേർത്തടയ്ക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണം എന്നത് തന്നെയാണ്.
നമ്മുടെ കൈകളിലേക്ക് പിച്ച വെച്ചു നടന്ന കുട്ടികൾ നമ്മുടെതാണ്. പഠന ത്തിലെ മത്സര മനോഭാവം വെടിഞ്ഞു ആവുന്നത്ര സഹിഷ്ണുതയോടെ അവരെ നേർ വഴി നയിക്കുക. ചിറകു വിടർത്തി പറക്കാറായാൽ അവരെ അവരുടെ ജീവിതത്തിലേക്ക് സ്വതന്ത്രമായി വിടാനാകും. പിന്നെ അവരുടെ കുടുംബം ജീവിതം.അത് അവർക്കു വിട്ടു കൊടുക്കുക അത് വരെ നമ്മുടെ നോട്ടത്തിന്റെ പരിധിയിൽ തീർച്ചയായും അവർ ഉണ്ടാകണം. നമ്മൾ അവർക്കു ഏതു നൊമ്പരവും പങ്കു വെയ്ക്കാവുന്ന നല്ല സുഹൃത്തുക്കൾ തന്നെയായിരിക്കണം.