ബുദ്ധന്റെ ചിരി
നിങ്ങൾക്കും ചിരിക്കാം
അത് നിങ്ങളുടെ ജന്മാവകാശമാണ്.
ബുദ്ധന്റെ കണ്ണീർ
നിങ്ങൾക്കും തൂകാം
അത് നിങ്ങളുടെ കർമ്മാവകാശമാണ്.
ബുദ്ധന്റെ സാധന
നിങ്ങൾക്കും അനുഷ്ഠിക്കാം
അത് സത്യം കണ്ടെത്താനുള്ള
നിങ്ങളുടെ ആദ്യത്തെ ചവിട്ടുപടിയാണ്.
ബുദ്ധൻ പറഞ്ഞ ജാതക കഥകൾ
നിങ്ങൾക്കും വിസ്തരിക്കാം
അത് നിങ്ങളുടെ അനന്തമായ
യാത്രയിലെ ഒരു മൈൽക്കുറ്റിയാണ്.
ബുദ്ധൻ കൊട്ടാരം വിട്ട്
കാട്ടിൽ അസ്തിത്വത്തിന്റെ
പൊരുൾ തേടി അലഞ്ഞതു പോലെ
നിങ്ങൾക്കും വീട് വിട്ട്
യാഥാർത്ഥ്യം തേടുന്ന ഒരു വനചാരിയാകാം.
ബുദ്ധൻ യശോധരയെ
ഉപേക്ഷിച്ചില്ലേ, അതു മാതിരി
നിങ്ങൾക്കും നിങ്ങളുടെ
യശോധരയെ ഉപേക്ഷിക്കാം.
അന്വേഷണങ്ങൾക്കൊടുവിലെ
അസംതൃപ്തിയുടെ ശിഖരത്തിൽ
ബുദ്ധനെപ്പോലെ നിങ്ങൾക്കും
ഒരു മരച്ചുവടിൽ സമാധിയിലിരിക്കാം.
ഇരുത്തക്കാരനില്ലാത്ത ഇരുത്തം
കേവലം ഇരുത്തം
ഇരുത്തം വന്ന ഇരുത്തം!
സ്ഥലകാലങ്ങളിൽ ഒരു നിക്ഷേപവുമില്ലാത്ത
ഒരു പിച്ചക്കാരനായ
ചക്രവർത്തിയുടെ ഇരുത്തം!!
ഒരു മതത്തിനു പിറകെയും
അവൻ നടന്നില്ല.
മനുഷനിർമ്മിതമായ
ഒരു ദൈവത്തെയും
അവൻ ആരാധിച്ചില്ല.
വല്ല മതവും കീറിയ ചാലിലൂടെ നടന്നുകൊണ്ട്, ഏതെങ്കിലും ഒരു സങ്കല്പദൈവത്തെ
ആരാധിച്ചു കൊണ്ട്
നിങ്ങൾക്കെന്നെങ്കിലും
ഒരു ബുദ്ധനായി ഉണരുവാൻ കഴിയുമൊ?
ഒരു കബീറാകാൻ കഴിയുമൊ?
അപാരതയെ ഹൃദയത്തിൽ
ആവാഹിക്കാൻ കഴിയുമൊ?
ഒന്നോർത്തു നോക്കൂ!
സിദ്ധാർത്ഥൻ ബുദ്ധനായി
കൊട്ടാരത്തിൽ തിരിച്ചെത്തിയപ്പോൾ
യശോധര ചോദിച്ച ആ ചോദ്യമൊക്കെ
നിങ്ങൾക്കും ചോദിക്കാം:
"സത്യം കാട്ടിൽ മാത്രമാണൊ
ഉപലബ്ധമാവുക? ഈ കൊട്ടാരം
സത്യത്തിനു അപ്രാപ്തമാണൊ?
ആണെങ്കിൽ എന്നെയും
ചോരക്കുഞ്ഞിനെയും ഉപേക്ഷിച്ച്
അങ്ങുന്ന് ഒരു പാതിരയ്ക്ക്
കൊട്ടാരം വിട്ടിറങ്ങിയതെന്തിനായിരുന്നു?
ഭർത്താവ് ജീവിച്ചിരിക്കെ ഒരു വിധവയുടെ കണ്ണീരിൽ എന്നെ........."
ബുദ്ധന്റെ ഉത്തരം ഒരു ചിരിയിൽ
ഒതുങ്ങി. ആ ചിരിയിൽ ധർമ്മ പഥത്തിന്റെ സത്ത പുഷ്പിച്ചു! ആ ചിരിയുടെ ഊർജ്ജ സ്പന്ദനങ്ങൾ
മഹത്തായ ഒരു മാനസാന്തരത്തിനു യശോധരയെ പ്രേരിപ്പിച്ചില്ലയോ!
ബുദ്ധന്റെ ആ ചിരി
നിങ്ങൾക്കും ചിരിക്കാം.
അത് മുഖത്ത് തുന്നിചേർത്ത
വെറും ഒരു ചിരിയാകരുതേ!
ബുദ്ധന്റെ സിംഹഗർജ്ജനം
നിങ്ങൾക്കും മുഴക്കാം.
അത് ഒരു കോവർകഴുതയുടെ
വെറും അമറലാകരുതേ!