Image

നിഗൂഢതയുടെ പുകമഞ്ഞ്-ഔസേപ്പിന്റെ ഒസ്യത്ത് -റിവ്യൂ

Published on 10 March, 2025
നിഗൂഢതയുടെ പുകമഞ്ഞ്-ഔസേപ്പിന്റെ ഒസ്യത്ത് -റിവ്യൂ

കുടുംബവും സഹോദര ബന്ധങ്ങളുമെല്ലാംഎത്ര തന്നെ ഉറച്ചതാണെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ അപ്രതീക്ഷിതമായി നേരിടേണ്ടി വരുമ്പോള്‍ മനുഷ്യര്‍ സ്വന്തം കാര്യത്തിന് മുന്‍തൂക്കം നല്കുകയും സ്വാര്‍ത്ഥതയുടെ തോടിലേക്ക് ഉള്‍വലിയുകയും ചെയ്യുമെന്നാണ് ശരത് ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്ത ഔസേപ്പിന്റെ ഒസ്യത്ത് കാട്ടിത്തരുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും സാമ്പത്തികവുമായി ബന്ധപ്പെട്ടതാണെങ്കില്‍ കുടുംബത്തിനുള്ളില്‍ ഉള്ളവര്‍ പോലും ക്രമേണ ഓരോ തുരുത്തുകളായി രൂപപ്പെട്ട് സ്വന്തം കാര്യം നോക്കി പോകാനും മതിയെന്നാണ് ചിത്രം പറയുന്നത്.

ഒരാള്‍ മരിക്കും മുമ്പ് തന്റെ സ്വത്തുക്കള്‍ ആര്‍ക്ക് നല്‍കണം എന്നെഴുതി വയ്ക്കുന്നതാണ് ഒസ്യത്ത്. ജീവിച്ചിരിക്കുമ്പോള്‍ രഹസ്യമായി എഴുതപ്പെടുന്ന വില്‍ എന്ന അവകാശപത്രം. ഈ കഥയില്‍ ഔസേപ്പ് തന്റെ ഒസ്യത്ത് എഴുതി വച്ചിട്ടുണ്ട്. ഔസേപ്പ് ജീവച്ചിരിക്കെ തന്നെ ചില പ്രത്യേക കാരണങ്ങളാല്‍ ആ ഒസ്യത്തിലേക്ക് എത്തിച്ചേരുന്ന മക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

മലയോരമേഖലയിലെ മുതിര്‍ന്ന കര്‍ഷകനാണ് ഔസേപ്പ്(വിജയരാഘവന്‍) മൂത്തമകന്‍ മൈക്കിള്‍(ദിലീഷ് പോത്തന്‍) തഹസീല്‍ദാരാണ്. രണ്ടാമത്തെ മകന്‍ ജോര്‍ജ്(കലാഭവന്‍ ഷാജോണ്‍) എസ്.ഐ ആണ്. ഇളയമകന്‍ റോയിയായി എത്തുന്നത് ഹേമന്ത് മേനോന്‍ ആണ്. റോയിക്ക് അത്യാവശ്യമായി കുറച്ച് പണത്തിന്റെ ആവശ്യം വരുന്നു. അയാള്‍ അത് തന്റെ അപ്പനായ ഔസേപ്പിനോട് ചോദിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് മൂത്തമകന്‍ മൈക്കിളും രണ്ടാമത്തെ മകന്‍ ജോര്‍ജ്ജും അവര്‍ക്കൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ഔസേപ്പിനെ സമീപിച്ച് പണം ചോദിക്കുന്നുണ്ടെങ്കിലും അവരെയും ഔസേപ്പ് വെറും കൈയ്യോടെ പറഞ്ഞയക്കുകയാണ്. ആവശ്യത്തിലേറെ കണിശക്കാരനും പിശുക്കനുമായ ഔസേപ്പ് മൂന്നു മക്കളെയും സഹായിക്കുന്നില്ല. എങ്കിലും മൈക്കിളും ജോര്‍ജ്ജും അപ്പന്‍ കനിയുമെന്ന പ്രതീക്ഷയില്‍ നാളുകള്‍ നീക്കുകയാണ്.

സ്‌നേഹത്തോടും വിശ്വാസത്തോടും മുമ്പോട്ടു പോയിരുന്ന ഔസേപ്പിന്റെയും മക്കളുടെയും കുടുംബജീവിതത്തെപ്രതിസന്ധിയിലാക്കി റോയിയെ കാണാതാകുന്നു. ഇതോടെ കുടുംബത്ത് പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. സഹോദരങ്ങള്‍ തമ്മില്‍ പരസ്പരം അകലുന്നതും ബന്ധങ്ങളുടെ അടിത്തറയിളകുന്നതും ഔസേപ്പിന് കാണേണ്ടി വരുന്നു. തുടര്‍ന്ന് അവരുടെ കുടുംബജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

കിഷ്‌ക്കിന്ധാ കാണ്ഡത്തിലൂടെ പ്രേക്ഷകനെ അതിശയിപ്പിച്ച പ്രകടനം കാഴ്ച വച്ച വിജയരാഘവനാണ് ചിത്രത്തില്‍ ഔസേപ്പായി എത്തുന്നത്. ദിലീഷ് പോത്തനും കലാഭവന്‍ ഷാജോണും ഹേമന്ത് മേനോനും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ഇവരെ കൂടാതെ ലെന, അഞ്ജലീ കൃഷ്ണ, സെറിന്‍ ഷിഹാബ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. കനി കുസൃതി അവതരിപ്പിച്ച പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷവും ഗംഭീരമായി.

മികച്ച കഥയും നവാഗതനായ ഫസല്‍ ഹസന്റെ തിരക്കഥയും കഥാപാത്രങ്ങളുടെ പ്രകടന മികവ് പുറത്തു കൊണ്ടുവരാന്‍ പര്യാപ്തമാണ്. ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന രീതിയിലാണ് കഥയുടെ സഞ്ചാരം. ഏലക്കാടുകളുടെ നിഗൂഢതയും ഹൈറേഞ്ചിന്റെ വന്യഭംഗിയും പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകുന്ന രീതിയില്‍ പകര്‍ത്താന്‍ അരവിന്ദ് കണ്ണാഭിരന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞു. സുമേഷ് പരമേശ്വറിന്റെ സംഗീതവും അക്ഷയ് മേനോന്റെ പശ്ചാത്ത സംഗീതവും കഥയുടെ മൊത്തത്തിലുള്ള മൂഡിന് ചേരുന്നതായി. ബി.അജിത് കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടായി.

കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് തിയേറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം ഇതിനകം തന്നെ പ്രേക്ഷക സ്വീകാര്യത നേടിയിട്ടുണ്ട്. ടിക്കറ്റ് ചാര്ജ്ജ് മുതലാകുന്ന ഒരു മികച്ച ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. സംശയം വേണ്ട.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക