Image

പഴയ കാലത്തെ ഒരു കള്ള്ഷാപ്പ് : പൗലോസ് ഐ.ജെ , ഐക്കരക്കുടി

Published on 10 March, 2025
പഴയ കാലത്തെ ഒരു കള്ള്ഷാപ്പ് : പൗലോസ് ഐ.ജെ , ഐക്കരക്കുടി

തെങ്ങിന്റെ ഗർഭാവസ്ഥയിലുള്ള ഭ്രൂണത്തെ അൽപ്പാൽപ്പമായി നിത്യേന അരിഞ്ഞു വീഴ്ത്തുമ്പോൾ ലഭിക്കുന്ന പരിശുദ്ധിയുടെ പര്യായമായ വെളുത്ത ദിവ്യഔഷധം,.! ചെത്തുകാരൻ മുകളിലേക്ക് കയറി താഴേക്കിറക്കിക്കൊണ്ടുവരുന്ന അമൃതിനെ നോക്കി, കന്നുകാലി വെട്ട് നടക്കുന്നിടത്ത് ആർത്തിയോടെ നോക്കിയിരിക്കുന്ന ശുനകന്മാരെ പോലെ പലരും വന്നു നിൽക്കും. ഇവർക്ക് കൊടുത്താൽ ഷാപ്പിൽ അളക്കാനുണ്ടാവില്ല എന്ന തിരിച്ചറിവു മൂലം കണ്ടാലും കാണാത്ത ഭാവത്തിൽ ചെത്തുകാരൻ ഒരു വളവും കൊടുക്കാതെ തന്റെ മുഖത്ത്സ്വയം ഉണ്ടായ കൊമ്പൻ മീശയുമായി നടന്നു പോകും..!
തരുന്നെങ്കിൽ തരട്ടെ കൂടുതൽ ചോദിക്കാൻ നിൽക്കണ്ട. മിശ കണ്ടിട്ടല്ല, പിറകിൽ തൂക്കിയ വിശറിക്കത്തി കാണുമ്പോൾ ചോദിക്കാൻ വന്നത് തൊണ്ടയിൽ തങ്ങും.  തിരിച്ചു പോകുന്നതാണ് നല്ലതെന്ന തിരിച്ചറിവോടെ എല്ലാവരും സ്ഥലം കാലിയാക്കും,

താമസിയാതെ ചെത്തുകാരൻ സ്വന്തം ഷെഡിൽ പോയി 20 ലിറ്റർ കള്ള് 30 ലിറ്ററാക്കി തന്റെ കള്ളിരട്ടിപ്പിക്കൽ ജോലി തകൃതിയായി നടത്തും. ഒരു കൈയ്യിൽ തൂക്കിപ്പോയ കന്നാസ് രണ്ട് കൈ കൊണ്ട് ബുദ്ധിമുട്ടി വണ്ടിയിൽ കയറ്റും. അതിന്റെ ഗുട്ടൻസ് സ്വന്തം ഭാര്യയോടു പോലും പറയാറില്ല. അവളെങ്ങാനുമറിഞ്ഞാൽ അവളുടെ കൂട്ടുകാരികളുടെ ഭർത്താക്കന്മാരെ ഷാപ്പിലേക്ക് വരാതാക്കും,.

എങ്ങിനെയെങ്കിലും നാല് പുതിയ കുടിയന്മാർ ഉണ്ടാവണേ എന്ന് പറഞ്ഞ് നേർച്ച കാഴ്ചയിടുന്ന ഷാപ്പ് മൊതലാളിമാരെയും നമ്മൾ ഓർക്കേണ്ടതല്ലെ? എന്റെ ഭാര്യ എന്റെ കള്ളു കുടി നിൽക്കണെ എന്നും പറഞ്ഞ് നേർച്ചയിടുന്നതും ആ നേർച്ചപ്പെട്ടിയിലാണ് . ഭണ്ഡാരത്തിലേക്ക് നോക്കിയിരിക്കുന്ന മുകളിലുള്ളോൻ ഏത് പ്രാത്ഥന കേൾക്കുമോ ആവോ? വലിയ നോട്ടു കാണുമ്പോൾ ഏതുപുണ്യാളന്റെയും മനസ്സ് നിറയാതിരിക്കുമോ?!

പുണ്യാളൻ നോക്കുമ്പോൾ ഒരാൾ തന്റെ പണം എ ടി എമ്മിൽ നിന്നും എടുക്കുന്ന ലാഘവത്തോടെ വാരിയെടുത്ത ശേഷം എടുക്കാത്ത നോട്ടോ, പഴയ അക്ഷരം തേഞ്ഞ ചില്ലറയോ തനിക്കായി നിക്ഷേപിച്ചിട്ട് പോകുന്ന കാണാം..! ഇത്രയും കാലം നോക്കിയിരുന്നതു വെറുതെ . ആ തുക എങ്ങോട്ട് പോകുന്നെന്നോ എത്രയുണ്ടെന്നൊ ഞാൻ തിരക്കാറില്ല. എനിക്കുള്ളത് ഇനിയും ആരെങ്കിലും നിക്ഷേപിക്കുമല്ലൊ ഞാൻ വീണ്ടും നേർച്ചപ്പെട്ടിക്ക് കാവലിരിക്കും.

ഷാപ്പിലെത്തിയാൽ ഒരുറേഡിയോയിൽ നിന്നും കേൾക്കുന്ന പോലെ ഒരുഭാഗത്ത് ഗാനമേളയും. ചിലർ സദ് വർത്തമാനവും, ചിലർ നിഘണ്ടുവിലൊന്നും ഇല്ലാത്ത മറു ഭാഷയിൽ അട്ടഹസിക്കുന്നതും പുതുമയുള്ള കാര്യമല്ല. ഷാപ്പുകാരൻ ഇവരോട് കയർത്താൽ കള്ളിന്റെ കാശും കിട്ടില്ല അതുവരെ പോരടിച്ചവർ ഒന്നായി ഷാപ്പുകാരനോട് ഇടയുകയും ചെയ്യും. വെറുതെയെന്തിനാണ് വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത് തോളത്തിടണം. ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്ന ഭാവത്തിൽ കസേരയിൽകുത്തിയിരിക്കുന്നതല്ലെ അതിന്റെ ഭംഗി.

ചെത്തുകാരൻ കൊണ്ടുവരുന്ന കള്ള് ഒരു മാന്ത്രികവീപ്പയിലേക്കൊഴിച്ച് മറ്റൊരു പരുവമാക്കിത്തരാൻ ഷാപ്പുടമ അൽപസ്വൽപ്പം വേലത്തരമൊക്കെ പഠിപ്പിച്ചു വിട്ട ഒരു തൊഴിലാളി ഉണ്ടാകും. ചെത്തുകാരനെക്കാൾ കാഞ്ഞ ബുദ്ധിമാനാണല്ലോ ഷാപ്പ് മുതലാളി.

ഇനി  ഷാപ്പിലേക്ക് ഒന്ന് കണ്ണോടിക്കാം . ഒരാൾ ഒരുമൊന്തക്കള്ള് കാലിയാക്കിയശേഷം അടുത്ത കുടത്തിൽ പിടുത്തമിട്ടശേഷം പരട്ടത്താളത്തിൽ ഇങ്ങിനെ പാടും.

"കള്ളോളം നല്ലൊരു വസ്തു ഈ ഭൂലോകത്തൊന്നും ഇല്ലെടി പെണ്ണേ..
എള്ളോളം ഉള്ളിൽ ചെന്നാൽ ഭുലോകം തരികിട തിത്തെയ്.. "

മറ്റൊരാളാകട്ടെ വല്ലാതെ പൂസായി തലയും കുമ്പിട്ട് , അമ്മമാർ കുഞ്ഞുങ്ങൾക്ക് ചോറ് വാരിക്കൊടുക്കുമ്പോൾ അറിയാതെ വായ തുറക്കുന്ന പോലെ ഇടയ്ക്കിടെ തുറന്ന് ഗ്യാസ് പുറംതള്ളും. ഒരുവൻ തന്റെ കിറിയിൽ കൂട്ടാൻ ചാറ് പറ്റിപ്പിടിച്ചതറിയാതെ അടുത്തിരിക്കുന്നവന്റെ കിറിയിലെ ചാറ് തന്റെ  കൈപ്പത്തി കൊണ്ട് സ്നേഹത്തോടെ തുടച്ചു കൊടുക്കും. അതോടെ അപരിചിതരായ അവർ ആത്മാർത്ഥ സുഹൃത്തുക്കളാകും. നാളെയും വരണേ എന്ന് അവർ ഒതുക്കത്തിൽ പറയും. ചിലരാകട്ടെ മഴക്കാലത്ത് തെന്നി തെന്നിപ്പോകുന്ന പോലെ ഒരു പോക്കുണ്ട്. അയാൾ വീഴുന്നതു കണ്ട് ചിരിക്കാൻ നോക്കിയിരിക്കുന്നവരെ ഇളിഭ്യരാക്കിക്കൊണ്ട് ഇതിയാൻ സ്ഥലം കാലിയാക്കും.

അപൂർവം ചിലർ വീട്ടിൽ ചെന്നാൽ സ്വൈര്യം കിട്ടില്ല എന്ന ഭാവത്തിൽ റോഡ് വക്കിൽ തന്നെ കമിഴ്ന്ന് കിടക്കും. അടുത്തു കൂടി പോകുന്നവരിൽ ചിലർ ഒരു സൽക്കർമ്മം ചെയ്യാനുള്ള അവസരം പാഴാക്കാതെ അയാളുടെ മാറിക്കിടക്കുന്ന മുണ്ട് യഥാസ്ഥാനത്തേക്ക് വലിച്ചിട്ട് പോകും. നാളെ എനിക്കും ഈ ഗതി വന്നെങ്കിലൊ എന്ന് പിറുപിറുക്കുന്നവരും കുറവല്ല.  പ്രാത്ഥനാ ഹാളിനു മുമ്പിൽ സാഷ്ടാംഗപ്രണാമണം നടത്തുന്ന ഭക്തനാണെന്ന് കരുതിയാവാം ഇവരുടെ കിറിനക്കി വെടിപ്പാക്കാൻ നല്ല പ്രാഗൽഭ്യമുള്ള ശുനകന്മാർ ഇതിലേ വരാറുണ്ട്. തന്റെ വാലാട്ടി സ്നേഹം പ്രകടിപ്പിച്ച് ഭംഗിയായി തന്റെ ദൗത്യം പൂർത്തിയാക്കി ആ സാധു അടുത്ത ഉപകാരിയെ അന്വേഷിട്ട് പോകും. പോകുന്ന പോക്കിൽ ഒന്നുകൂടി തിരിഞ്ഞു നോക്കി വാലാട്ടിക്കൊണ്ട് നാളെയും വരണേ എന്ന അർത്ഥത്തിൽ ഒന്നു നോക്കാതിരിക്കില്ല.!

ഷാപ്പിലെ കള്ളിൽ വല്ല ഈച്ചയോ, വണ്ടോ, പാറ്റയോ ചത്തു കിടന്നില്ലെങ്കിൽ അത് നല്ല കള്ളല്ല എന്നാണ് കുടിയന്മാരുടെ ഭാഷ്യം. തന്റെ കപ്പടാ മീശയിൽ ഈ വക ക്ഷുദ്രജീവികൾ കുടുങ്ങിയാൽ, മഴക്കാലത്ത് ഊത്ത കയറുമ്പോൾ കൂടിൽ നിന്നും കിട്ടുന്ന ചെറു മീനുകളെ എടുക്കുമ്പോഴുള്ള സന്തോഷത്തോടെ ഈ ഭീകര ജീവികളെയെല്ലാം മേശമേൽ നിരത്തും. അന്ന് കള്ളിന്റെ കാശ് കൊടുക്കുമ്പോൾ ബാക്കി ചില്ലറ വല്ലതുമുണ്ടെങ്കിൽ വാങ്ങാൻ ശ്രമിക്കാറില്ല. കാരണം ഇന്നത്തെ ഷാപ്പിലെ കള്ളാണ് കള്ള് എന്നാണ് ഇവരുടെ വിചാരം..!

ഇതിയാൻ നാലു കാലിൽ വീട്ടിലെത്തി കാപ്പി കുടിക്കുമ്പോൾ പഞ്ചസാരയിലെങ്ങാൻ കിടന്ന ഒരു കുഞ്ഞുറുമ്പ് കാപ്പിയിൽ കിടക്കുന്നതുകണ്ടാൽ പിന്നീട് കാപ്പിഗ്ലാസിനൊപ്പം വീട്ടിലെ കണ്ണിൽക്കണ്ട പാത്രങ്ങളെല്ലാം പറമ്പിൽ അവിടെയിവിടെനിന്നും പെറുക്കി അടുക്കളയിലെത്തിക്കേണ്ട ജോലി വീട്ടുകാരിക്കാണ്..! കാരണം ഇതെല്ലാം വല്ലപ്പോഴുമൊക്കെ നടക്കുന്ന പ്രക്രിയയാണല്ലോ ഇതിലെന്ത് അൽഭുതം. എന്ന മട്ടിൽ..!
നല്ല കള്ളാണെങ്കിൽ കുറച്ച് എനിക്കു കൂടി കുറച്ച് മേടിക്കാൻ മേലാരുന്നോ ചേട്ടാ എന്ന് ചോദിക്കുന്ന സഹധർമ്മിണിമാരും കൂടിക്കൂടിക്കൊണ്ടിരിക്കുകയാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്.  

ചിലർ ഷാപ്പിലേക്ക് വരുമ്പോൾ തന്റെ കാലൻ കുടയും മടക്ക് പിച്ചാത്തിയും മേശയുടെ ഒരു മൂലയിൽവെച്ച് ഒരിരിപ്പാണ്. ഇങ്ങേർക്കൊക്കെ ചോദിക്കാതെ തന്നെ എത്ര തിരക്കുണ്ടെങ്കിലും കള്ളെടുത്ത് കൊടുക്കാൻ വിൽപ്പനക്കാരൻ പ്രതിജ്ഞാബദ്ധനാണ്. തന്റെ അരപ്പട്ടയിൽ നിന്നും കാശും തന്ന് മേപ്പടിയാൻ പോയിക്കഴിഞ്ഞാൽ വിൽപ്പനക്കാരന്റെ ഉള്ളിൽ നിന്നും ഒരു ദീർഘനിശ്വാസം വരും. അത് കള്ളിന്റെ ഗ്യാസാണെന്നോമറ്റോ കുടിയന്മാർ കരുതിക്കൊള്ളുമല്ലൊ എന്ന സമാധാനത്താൽ തന്റെ അടുത്ത കർത്തവ്യത്തിലേക്ക് പോകുന്ന ജീവനക്കാരും കുറവല്ല..

കള്ള് കുടിച്ചിട്ട് കാശ് തരാൻ കൂട്ടാക്കാതെ മർക്കടമുഷ്ടി കാണിക്കുന്നവരോട് കാശ് തന്നിട്ടു പോ ചേട്ടാ എന്ന് ദയനീയസ്വരത്തിൽ പറഞ്ഞ് അവരുടെ മനസ്സ് അലിയിച്ച് കാശ് വാങ്ങാൻ പ്രാപ്തരായ ജീവനക്കാരുമുണ്ട്. ദൈവത്തോട് നാം പല കാര്യത്തിനും യാചിക്കുന്നില്ലേ .പിന്നെ മനുഷ്യനോട് യാചിക്കുന്നതിനു നാണിക്കുന്നതെന്തിനാണെന്നാണ് ഇവരുടെ നിഗമനം..

ഷാപ്പുടമയെക്കാളും, ചെത്തുകാരെക്കാളും കള്ളിനെപ്പറ്റി അറിയാവുന്നവർ പറയും, തെങ്ങിൽ നിന്നും കട്ട് കുടിക്കുന്ന കള്ളിനോളും വരില്ല ഏത് മുന്തിയ ഷാപ്പിലെ കള്ളും എന്ന്.. വിവിധ തരം ചൂണ്ടകൾ മത്സ്യം പിടിക്കാൻ മാത്രമല്ല അനധികൃതമായി തന്റെ തെങ്ങിൽ കയറുന്നവർക്കും ഫലപ്രദമാണെന്ന് പല ചെത്തുകാർക്കുമറിയാം. തന്നെയുമല്ല മാനഹാനിക്ക് വലിയ വില കൽപ്പിക്കുന്ന ആ കാലത്ത് അതിനാരും മുതിരാറില്ല എന്നു മാത്രം. 
നെയ്യപ്പത്തിൽ ശുദ്ധമായ നെയ്യുണ്ടോ എന്ന് ചോദിക്കും പോലെ കള്ളുകുപ്പിയിൽ ശുദ്ധമായ കള്ളുണ്ടോ എന്ന് തിരക്കുന്നവരും കുറവല്ല..!

ഒരു കുപ്പി കഴിച്ചിട്ട് മദ്യവർജ്ജനസമ്മേളനത്തിൽ ഉജ്ജ്വല പ്രസംഗം കാഴ്ചവെയ്ക്കുന്നവരും കുറവല്ല എന്നാണ് പിന്നാമ്പുറ സംസാരം..! തീരെ മദ്യം കഴിക്കുകയില്ല എന്ന് വീമ്പടിക്കുന്നവരുടെ വീടിന്റെ പിറകിൽ നിന്നാണ് കാലിയായ മദ്യകുപ്പികൾ ലഭിക്കുന്നതെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത പഴയ പാത്രം പെറുക്കികൾ വല്ലാതെ പൂസാവുമ്പോൾ പറയാറുമുണ്ട്...

കാലം കള്ളുകുപ്പിപോലെ എത്രവേഗമാണ് വറ്റുന്നത് ..!
എട്ടോളം കള്ളുഷാപ്പിൽ മാനേജരായി ഇരുന്നും ,തന്റെ ദിവസക്കൂലിയായ പതിനഞ്ച് രൂപ എടുത്തശേഷം കള്ളിന്റെ ബാക്കി അളവും, ലിറ്ററിന് ആറ് രൂപ പ്രകാരമുള്ള വില കണക്കാക്കിയതും മുതലാളിക്ക് നൽകി സത്യസന്ധമായി പ്രവർത്തിചെയ്ത ആ പഴയകാലഘട്ടത്തിലെ എന്റെ അനുഭവങ്ങളുടെ വെളിച്ചമാണ് ഈ എഴുത്തിനാധാരം എന്നുകൂടി സവിനയം ചേർക്കുന്നു.!

പൗലോസ് ഐ.ജെ 
ഐക്കരക്കുടി
(ലൈബ്രേറിയൻ. അക്ഷരജ്യോതി ഗ്രന്ഥാലയം, കാവനക്കുന്ന്)
 

Join WhatsApp News
Sunil 2025-03-11 14:21:28
Very good. Please write again.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക